സമകാലികം

ഒപിയില്‍ സ്ഥിരമായി വരാറുള്ള ഒരു സ്ത്രീ..എന്നും തലവേദനയും കൂടിയ ബിപി യും ഉറക്കമില്ലായ്മയും ആയിരുന്നു അവരുടെ പ്രശ്നങ്ങള്‍...നിങ്ങള്ക്ക് കടുത്ത മാനസിക സമ്മര്‍ദം ഉണ്ട് എന്ന് ഞാന്‍ പറയുമ്പോള്‍ അവര്‍ താഴേക്ക്‌ നോക്കി നേര്‍ത്ത ചിരി ചിരിക്കും..എന്താണെന്നു അറിയാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല..

ഇത്തവണ അവര്‍ കൂടുതല്‍ സന്തോഷവതിയാണ്.. വേഷത്തിലും രൂപത്തിലും ആകെ ഒരു മാറ്റം..പതിവിനു വിപരീതമായി ഇന്നു ഭര്‍ത്താവ് കൂടെ ഉണ്ട്.. അയളെ കാണിക്കാന്‍ ആണ് ഇത്തവണ വന്നിരിക്കുന്നത്.. അദ്ദേഹം ഒരു പ്രമേഹ രോഗി ആണ്.. സൌദിയില്‍ ജോലി ചെയ്യുന്നു. ഇപ്പോള്‍ ലീവ്നു വന്നിരിക്കുകയാണ്. അയാള്‍ക്കും ഭാര്യക്കുള്ള പ്രശ്നങ്ങള്‍ തന്നെ..ക്ഷീണം, തളര്‍ച്ച, ഉറക്കമില്ലായ്മ...
പരിശോധനക്കിടയില്‍ അയാള്‍ പതുകെ പറഞ്ഞു..ഞാന്‍ തളര്‍ന്നു ഡോക്ടര്‍.. ശാരീരികമായും മാനസികമായും.. ലൈംഗിക ശേഷി തീരെ നഷ്ടപ്പെട്ടു..ആകെ നിരാശനാണ്..
 

അയാളുടെ ഷുഗര്‍ ഒക്കെ വലിയ കുഴപ്പമില്ലാത്ത നിലയില്‍ ആണ്.. ഷുഗര്‍ തുടങ്ങിയിട്ട് അധിക കാലം ആയില്ല. ഷുഗര്‍ എന്ന അസുഖതെക്കാള്‍ മാനസിക പിരിമുറുക്കം ആണ് അയാളുടെ പ്രശ്നം എന്ന് തോന്നി..
ഇത്ര നിരാശപ്പെടെണ്ടതില്ല.. പരിഹാരം കാണാവുന്ന പ്രശ്നങ്ങളെ ഉള്ളു.. നിങ്ങള്‍ ആദ്യം ഒന്ന് റിലാക്സ് ചെയ്യു.. എന്തിനാണ് ഇങ്ങനെ സമ്മര്‍ദം അനുഭവിക്കുന്നത്?


ഒന്നും അല്ല ഡോക്ടര്‍..എന്‍റെ കുട്ടികളുടെ കാര്യങ്ങള്‍ എനിക്ക് ശരിക്ക് നോക്കാന്‍ കഴിഞ്ഞിട്ടില്ല..എന്‍റെ സാനിധ്യം വേണ്ട കാലത്ത് അവര്‍ക്ക് അത് കിട്ടിയിട്ടില്ല..അയാള്‍ ചെറുതായി ഒന്ന് വിതുമ്പി..

അതെന്താ..എല്ലാ ഗല്‍ഫുകാരുടെം സ്ഥിതി ഇതൊക്കെ അല്ലെ?
അല്ല ഡോക്ടര്‍..അത് വരെ മിണ്ടാതിരുന്ന ഭാര്യ പറഞ്ഞു..ഞങ്ങള്‍ ഇത്രകാലം പിരിഞ്ഞിരിക്കായിരുന്നു.. ഈയിടെ വീണ്ടും ഒന്നിച്ചതാ..

അത് കേട്ട് ഞാന്‍ ഒന്ന് പകച്ചു..അതെന്താ ?? അറിയാതെ പെട്ടന്ന് ചോദിച്ചു പോയി..


അതൊക്കെ വല്യ കഥ ആണ് ഡോക്ടര്‍..ഞങ്ങള്‍ കഴിഞ്ഞ 20 വര്‍ഷമായി പിരിഞ്ഞിട്ടു..അതിനു ശേഷം ഇപ്പോള്‍ ആണ് ഒന്നിക്കുന്നത്..അപ്പോഴേക്കും ഇവര്‍ ആകെ തളര്‍ന്നു പോയി..ഇനി ഗള്‍ഫിലേക്ക് വിടുന്നില്ല..ഇനി വിട്ടാലും ഞാന്‍ കൂടെ പോവും.. ഞങ്ങള്‍ക്ക് ഒന്ന് ശരിക്ക് ജീവിക്കണം..

"ഇനിയിപ്പോ വന്നിട്ട് എന്ത് കാര്യം"...അയാള്‍ നിരാശയോടെ പറഞ്ഞു...
നഷ്ടപ്പെട്ടു പോയ ലൈഗിഗ ശേഷി ആണ് അയാളെ ഇങ്ങനെ പറയിച്ചത് എന്ന് ഞാന്‍ ഊഹിച്ചു..
സാരമില്ല...അത് മാത്രം അല്ലല്ലോ ജീവിതം..ഞാന്‍ അയാളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു..
അതെ അതെ അതൊന്നും ഒരു പ്രശ്നമല്ല...ഭാര്യ പെട്ടന്ന് പറഞ്ഞു.. അപ്പോള്‍ അയാളും അതിനെ ശരി വച്ചു..


അയാളുടെ ജീവിതത്തിലേക്ക് അല്‍പ്പം കൂടെ ഞാന്‍ ഇറങ്ങി ചെന്നപ്പോള്‍ കേട്ട കഥ ശരിക്കും എന്നെ ഞെട്ടിച്ചു കളഞ്ഞു...ജീവിതത്തില്‍ ചെയ്ത മഹത്തായ ഒരു പുണ്യത്തിനു അയാള്‍ക്ക്‌ പകരം കൊടുക്കേണ്ടി വന്നത് സ്വന്തം ജീവിതം തന്നെ ആയിരുന്നു..


ഭര്‍ത്താവ് അപകടത്തില്‍ മരിച്ചപ്പോള്‍ സൌദിയില്‍ ഒറ്റപ്പെട്ടു പോയ ഒരു ശ്രീലങ്കന്‍ യുവതി ദാരിദ്ര്യം കാരണം സ്വന്തം കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം നടത്തുന്നത് ഒരു സുഹൃത്ത്‌ വഴി അറിഞ്ഞ അയാളുടെ മനസ് അസ്വസ്ഥമായി..പിന്നെ കൂടുതല്‍ ഒന്നും ആലോചിക്കാതെ അയാള്‍ ആ കുട്ടിയെ സന്തം താമസ സ്ഥലത്തേക്ക് കൊണ്ട് വന്നു...കുട്ടിക്ക് വേണ്ട എല്ലാ രേഖകളും അറബികളുടെ കാലു പിടിച്ചും ഓഫീസുകള്‍ കേറി നിരങ്ങിയും ഒരു വിധം ഒപ്പിച്ചെടുത്തു.

എന്നാല്‍ സ്വന്തം വീട്ടില്‍ നിന്നും അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിച്ച അയാള്‍ക്ക്‌ പിഴച്ചു ..ഗള്‍ഫില്‍ പോയി അയാള്‍ വേറൊരു കല്യാണം കഴിച്ചു എന്നും അതില്‍ ഉണ്ടായ കുട്ടി ആണെന്നും ഭാര്യയും മക്കളും നാട്ടുകാരും ഉറച്ചു വിശ്വസിച്ചു..അങ്ങനെ അല്ല എന്ന് വിശ്വസിപ്പിക്കാന്‍ അയാള്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാം പാഴായി. കുടുംബം തകര്‍ന്നു..ഗള്‍ഫിലെ സുഹൃത്തുക്കള്‍ പോലും ആവശ്യമില്ലാത്ത പണിക്കു പോയിട്ടല്ലേ എന്ന് പറഞ്ഞു കുറ്റപ്പെടുത്തി..വര്‍ഷങ്ങളോളം ചോര നീരാക്കി അയാള്‍ നാട്ടില്‍ നിര്‍മ്മിച്ച വീട്ടിലേക്കു കയറിപ്പോവരുതെന്നു സ്വന്തം മക്കള്‍ തന്നെ പറഞ്ഞപ്പോള്‍ അയാള്‍ തകര്‍ന്നു...പിന്നീട് സ്വന്തം ദത്തുപുത്രന് വേണ്ടി അയാള്‍ ജീവിച്ചു.. ഒരു വനവാസം പോലത്തെ ജീവിതം..


ഇതിനിടെ ഭര്‍ത്താവ് ചതിചെങ്കിലും നിശ്ചയ ധാര്‍ദ്യത്തോടെ തന്റെ കുഞ്ഞുങ്ങളെ വളര്‍ത്തി വലുതാക്കും എന്ന് ഭാര്യ പ്രതിക്ഞ്ഞ ചെയ്തു..വളരെ കഷ്ടപ്പെട്ട് കുട്ടികളെ വളര്‍ത്തി ...2 പെണ്മക്കളെ കല്യാണം ചെയ്തു അയച്ചു..അതോടെ ജീവിതത്തിലെ ഒറ്റപ്പെടല്‍ അവര്‍ അനുഭവിച്ചു തുടങ്ങി...
ഭര്‍ത്താവിന്റെ സാമീപ്യം തനിക്കു അത്യാവശ്യമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു...


പിന്നീട് ഭര്‍ത്താവിനെ കുറിച്ച് അന്വേഷണം തുടങ്ങി..അങ്ങനെ സൗദി യില്‍ എത്തി...ശ്രീലങ്കന്‍ കുട്ടിയുടെ കാര്യം അയാള്‍ക്ക്‌ പറഞ്ഞുകൊടുത്ത സുഹൃത്തിനെ അവിടെ വച്ചു അവര്‍ കണ്ടുമുട്ടി...സംഭവങ്ങളുടെ സത്യാവസ്ഥ ബോധ്യപ്പെട്ട അവര്‍ കുറ്റബോധത്തിന്റെ പടുകുഴിയില്‍ ചെന്ന് വീണു. നഷ്ടപ്പെടുത്തിയ ജീവിതത്തെ കുറിച്ചോര്‍ത്തു സങ്കടപ്പെട്ടു.. തളര്‍ന്നു അവശനായ ഭര്‍ത്താവിനെ കണ്ടു പിടിച്ചു...ദത്തു പുത്രനെ സ്വന്തം മകനായി അംഗീകരിച്ചു...ശിഷ്ട ജീവിതം ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കുമെന്ന് ഉറച്ച തീരുമാനം എടുത്തു...


"ഇത്ര കടുത്ത പ്രതിസന്ധികളിലും തളരാതെ താന്‍ എടുത്ത നല്ല തീരുമാനത്തില്‍ ഉറച്ചു നിന്ന നിങ്ങള്‍ തീര്‍ച്ചയായും പ്രശംസ അര്‍ഹിക്കുന്നു.." ഞാന്‍ അയാളുടെ തോളില്‍ തട്ടിക്കൊണ്ടു പറഞ്ഞു...നഷ്ടപ്പെട്ടു പോയ ജീവിതത്തെ കുറിച്ചുള്ള ഓര്‍മകളില്‍ മങ്ങിപോയ ആ മുഖത്ത് ചെറിയൊരു പുഞ്ചിരിയുടെ തിളക്കം..." ചെയ്തത് തെറ്റായി പോയെങ്കിലും സ്വയം സൃഷ്‌ടിച്ച പ്രതിസന്ധിയില്‍ അടി പതറാതെ രണ്ടു പെണ്‍കുട്ടികളെ വളര്‍ത്തി നല്ലരൂപത്തില്‍ കല്യാണം കഴിച്ചു സ്വന്തം ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിറവേറ്റിയ നിങ്ങളും ഒരു തരത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്...അയാളുടെ ഭാര്യയുടെ മുഖത്തും ആ വാക്കുകള്‍ ഒരു അഭിമാനത്തിന്‍റെ മിന്നലാട്ടം ഉണ്ടാക്കി...


മനുഷ്യത്വം ഇപ്പോഴും അന്യം നിന്ന് പോയിട്ടില്ല എന്ന ചാരിതാര്ത്യത്തോടെ ഞാന്‍ അവരെ യാത്രയാക്കി...

Read More