ചൈനയിലെ ഒരു പ്രത്യേക ഭരണമേഖലയാണ് ഹോങ്കോങ്ങ് (ചൈനീസ്: 香港). പേൾ നദിയുടെ ഡെൽറ്റയിൽ ചൈനയുടെ തെക്കു കിഴക്കൻ തീരത്ത് തെക്കൻ ചൈനക്കടലിന് അഭിമുഖമായി കിടക്കുന്ന പ്രദേശമാണ് ഹോങ്കോങ്ങ്[4]. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക, വ്യാപാര പ്രദേശങ്ങളിലൊന്നാണ് ഹോങ്ങ് കോങ്ങ്. 1842 മുതൽ ബ്രിട്ടീഷ് കോളനി ആയിരുന്ന ഹോങ്ങ്കോങ്ങ് 1997-ൽ ചൈനയ്ക്ക് തിരികെ കിട്ടി. ഹോങ്ങ് കോങ്ങ് ബേസിക്ക് നിയമത്തിനു കീഴിൽ പ്രവർത്തിക്കുന്ന പ്രത്യേക ഭരണമേഖലയായിട്ടാണ് ഹോങ്ങ് കോങ്ങ് നിലനിൽക്കുന്നത്. ചൈനയും ബ്രിട്ടനും സംയുക്തമായി നടപ്പാക്കിയ പ്രഖ്യാപനമനുസരിച്ച് 2047 വരെ ഹോങ്ങ് കോങ്ങിന് സ്വയം ഭരണാവകാശം ഉണ്ടാകും. "ഒറ്റരാജ്യം - രണ്ട് വ്യവസ്ഥ" സമ്പ്രദായമനുസരിച്ച് ഹോങ്ങ് കോങ്ങ് സ്വന്തം നിയമവ്യവസ്ഥ, നാണയം, കസ്റ്റംസ് നയം, സാംസ്കാരിക സംഘം, കായിക സംഘം, കുടിയേറ്റ നിയമം എന്നിവ നിലനിർത്തുന്നു.