കന്യാകുമാരി

ഇന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ഒരു പട്ടണമാണ് കന്യാകുമാരി. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തെ മുനമ്പാണു കന്യാകുമാരി‌. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ കേപ്‌ കൊമറിൻ എന്നറിയപ്പെട്ടിരുന്നു. വിനോദ സഞ്ചാരത്തിന് അതീവ പ്രാധാന്യം ഉള്ള ഈ പട്ടണത്തിൽ മനോഹരമായ കടൽത്തീരവും, പ്രസിദ്ധമായ കന്യാകുമാരി ബാലാംബിക ക്ഷേത്രവും, വിവേകാനന്ദ പാറയും സ്ഥിതി ചെയ്യുന്നു. ഏറ്റവും അടുത്തുള്ള പ്രധാന നഗരം കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരമാണ്‌.

ജഗദീശ്വരിയായ ആദിപരാശക്തിയുടെ (ശ്രീ പാർവ്വതി) അവതാരമായ കന്യാകുമാരി എന്ന ഭഗവതി ‌ ബാലാംബിക എന്നറിയപ്പെടുന്നു. പുരാതന കേരളത്തിന്റെ രക്ഷക്കായി പ്രതിഷ്ഠിക്കപ്പെട്ട നാല് അംബികമാരിൽ ഒരാൾ കൂടിയാണ് കന്യാകുമാരി. കൊല്ലൂർ മൂകാംബിക, കൊടുങ്ങല്ലൂർ ലോകാംബിക, പാലക്കാട്‌ ഹേമാംബിക തുടങ്ങിയവർ ആണ് മറ്റ് മൂന്ന് പേർ. കന്യാകുമാരിയുടെ പരമശിവനുമായുള്ള വിവാഹം തടസ്സപ്പെട്ടെന്നും വിവാഹത്തിനായ്‌ തയ്യാറാക്കിയ അരിയും മറ്റു ധാന്യങ്ങളും പാചകം ചെയ്യാനാകാതെ പോയെന്നുമാണ്‌ ഐതിഹ്യം. ഇന്നും സന്ദർശകർക്ക്‌ നടക്കാതെ പോയ ഈ വിവാഹത്തിന്റെ സ്മരണാർത്ഥം അരിയുടെ രൂപത്തിലുള്ള കല്ലുമണികൾ ഇവിടെ നിന്നും വാങ്ങാം. അവിവാഹിതയായി‌ തന്നെ തുടരുന്ന കന്യാകുമാരി ദേവി സന്ദർശകരെ അനുഗ്രഹിക്കുന്നുണ്ട് എന്നാണ് വിശ്വാസം. ഇവിടെ ദർശനം നടത്തിയാൽ അവിഹാഹിതർക്ക് പെട്ടെന്ന് വിവാഹം നടക്കുമെന്നും ഉത്തമ ദാമ്പത്യം ലഭിക്കുമെന്നും സങ്കൽപ്പമുണ്ട്

Read More