രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും….
ഇത്തവണ തുർക്കിയിലും ദുബായിലുമായി road tales എന്ന ട്രാവൽ കമ്പനി നടത്തുന്ന അസീറിനെയാണ് ആദ്യം ഓർത്തത്. ഞങ്ങൾ തുർക്കി സന്ദർശിച്ചത് road tales ഗ്രൂപ്പ് വഴിയായിരുന്നു. അന്ന് തൊട്ടുള്ള പരിചയമാണ്. ഇറ്റലിയിലോ ഖസാക്കിസ്ഥാനിലോ ഒന്ന് കറങ്ങി വന്നാലോ എന്ന് ഒരിക്കൽ അസീറിനോട് ചോദിച്ചു. ഖസാകിസ്ഥാനിൽ സ്വന്തം ട്രാവൽ ബിസിനസ് സാധ്യതകൾ പഠിക്കാൻ ഒന്ന് പോയാൽ കൊള്ളാം എന്ന് അസീർ ആലോചിക്കുന്ന സമയത്താണ് എന്റെ വിളി വരുന്നത്. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ഖസാക്കിസ്ഥാൻ! പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഒന്ന് രണ്ടു ദിവസത്തിനുള്ളിൽ തന്നെ യാത്രയുടെ സമയം തീരുമാനമാക്കി. യാത്രയ്ക്ക് 2 ദിവസം, കറങ്ങാൻ 10 ദിവസം..അങ്ങനെ മൊത്തം 12 ദിവസം ട്രിപ്പിനായി മാറ്റി വെച്ചു.
ആസൂത്രണം മുഖ്യം..
പാക്കേജ് ഇല്ലാതെ മറ്റൊരു രാജ്യത്ത് പോകുമ്പോൾ ഏറ്റവും പ്രധാന ഘടകമാണ് കൃത്യമായ ആസൂത്രണം. വിവരങ്ങൾ വിരൽത്തുമ്പിൽ കിട്ടുന്ന ഈ കാലത്ത് അതത്ര പ്രയാസകരമല്ലെങ്കിലും കുറേ സമയം മാറ്റി വെക്കണം. ഏതാണ്ട് ഒരു മാസത്തോളം ഈ ആസൂത്രണത്തിന് വേണ്ടി ഞാൻ മിനക്കെട്ടു. ശരീരം ഒമാനിലായിരുന്നെങ്കിലും മനസ്സുകൊണ്ട് ഒരു മാസത്തിലേറെ ഞാൻ ഖസാക്കിസ്ഥാനിലായിരുന്നു.
ഗൂഗിളാണ് താരം.
ഖസാക്കിസ്ഥാനിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഏതൊക്കെയാണെന്നു കണ്ടുപിടിക്കലായിരുന്നു ആദ്യ ഘട്ടം. അത്തരം വിവരങ്ങൾ ഗൂഗിളിൽ നിന്നും എളുപ്പം സംഘടിപ്പിക്കാം. നേരത്തെ പോയിട്ടുള്ള സഞ്ചാരികൾ എഴുതിയ ബ്ലോഗുകളിൽ നിന്നാണ് എനിക്ക് ഏറ്റവും കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞത്. അവയിൽ ഞങ്ങളുടെ അഭിരുചിക്ക് അനുസരിച്ചുള്ള സ്ഥലങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി. അടുത്തതായി ഈ സ്ഥലങ്ങളെല്ലാം ഖസാക്കിസ്ഥാനിൽ എവിടെ സ്ഥിതി ചെയ്യുന്നു എന്ന് മനസ്സിലാക്കലാണ്. കാണേണ്ട സ്ഥലങ്ങളെല്ലാം രാജ്യത്തിന്റെ നാല് അതിർത്തികളിലായി ചിതറി കിടക്കുന്നവയാണെങ്കിൽ എല്ലാം കൂടി ഓടിയെത്താൻ കഴിയില്ല. ചിലവും വളരെ കൂടും. ഖസാകിസ്ഥാൻ മാപ്പ് വിശദമായി പരിശോധിച്ചപ്പോൾ എന്റെ ലിസ്റ്റിൽ ഉണ്ടായിരുന്ന 90% സ്ഥലങ്ങളും ഖസാകിസ്ഥാന്റെ മദ്യഭാഗത്തും വടക്ക് കിഴക്കുമായാണ് സ്ഥിതി ചെയ്യുന്നതെന്ന് മനസ്സിലായി. അവ 10 ദിവസം കൊണ്ടു ചെന്നെത്താവുന്നതേയുള്ളൂ.
മറ്റാരും നടന്നിട്ടില്ലാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെ പോലെ സഞ്ചരിക്കുക.
പൊതുവെ ഖസാക്കിസ്ഥാൻ സന്ദർശിക്കുന്ന സഞ്ചാരികൾ പഴയ തലസ്ഥാനമായ അൽമാത്തിയും പരിസരവും കറങ്ങി തിരിച്ചു പോരാറാണ് പതിവ്. എന്നാൽ അവരുടെ പുതിയ തലസ്ഥാനമായ അസ്താന എന്ന മനോഹരമായ നഗരവും പരിസര പ്രദേശങ്ങളും സഞ്ചാരികളുടെ ശ്രദ്ധ ആകർഷിക്കപ്പെടാതെ കിടക്കുകയാണെന്ന് പറയാം. അസ്താനയിൽ വന്ന ചില പ്രമുഖ വ്ലോഗർമാർ അസ്താന മനോഹരമാണെന്നും പക്ഷേ സഞ്ചാരികൾ ആരുമില്ലെന്നും പറയുന്നത് കണ്ടിരുന്നു. അൽമാത്തിയും പരിസരവും മാത്രം പോരാ, അസ്താന കൂടി കാണണം എന്ന് അങ്ങനെയാണ് ഞങ്ങൾ തീരുമാനമെടുക്കുന്നത്. എന്തായാലും അസ്താന കാണാമെന്ന ഞങ്ങളുടെ തീരുമാനം അസ്ഥാനത്തായിരുന്നില്ല എന്ന് പിന്നീട് ബോധ്യമായി.
എങ്ങനെ യാത്ര ചെയ്യണം?
ഖസാക്കിലെ യാത്രകൾ എങ്ങനെയായിരിക്കണം എന്നതായിരുന്നു അടുത്ത ചോദ്യം. കുറേ ആലോചനകൾക്ക് ശേഷം വാഹനം വാടകയ്‌ക്കെടുത്ത് സ്വന്തമായി യാത്ര ചെയ്യാം എന്ന തീരുമാനത്തിലെത്തി. എന്നാൽ വാഹനം വാടകയ്ക്ക് എടുക്കുക എന്നത് അത്ര എളുപ്പമല്ല താനും. അൽമാത്തി പരിസരത്തുള്ള തടാകങ്ങളും മലനിരകളും കാണാൻ 4 വീൽ ഡ്രൈവ് വാഹനം അത്യാവശ്യമാണ്. 4 വീൽ ഡ്രൈവ് വാഹനങ്ങൾ സാമാന്യം ചിലവേറിയവയുമാണ്. അന്താരാഷ്ട്ര റെന്റൽ കമ്പനികളായ ആവിസ്, യൂറോപ് കാർ, ഹെർട്ട്സ് തുടങ്ങിയ കമ്പനികളും തദ്ദേശിയ ഖസാക്കിസ്ഥാൻ കമ്പനികളും വാഹനം വാടകക്ക് നൽകുന്നുണ്ട്. തദ്ദേശിയ കമ്പനികളുടെ വാടക അൽപ്പം കുറവാണ്. എന്നാൽ കുറഞ്ഞ റേറ്റ് നോക്കി വാഹനം എടുക്കുന്ന പലരും അതിന്റെ ഇൻഷുറൻസ് നിബന്ധനകൾ ശ്രദ്ധിക്കാറില്ല. ഇവയ്‌ക്കെല്ലാം 3 ർഡ് പാർട്ടി കവറേജ് മാത്രമാണുള്ളത്. അന്യരാജ്യത്ത് പോയി അത്തരം ഒരു റിസ്ക് എടുക്കുന്നത് ആത്മഹത്യാപരമാണ്. ഓടിക്കുന്ന വാഹനത്തിനുണ്ടാകുന്ന എല്ലാ കേടുപാടുകളും നമ്മൾ തന്നെ പരിഹരിച്ചു കൊടുക്കണം. വലിയ അപകടമോ മറ്റോ ഉണ്ടായാൽ കാര്യങ്ങൾ കൈവിട്ട് പോകും. അന്താരാഷ്ട്ര കമ്പനികൾ ഫുൾ കവർ ഇൻഷുറൻസ് നൽകുന്നുണ്ട്. നിരക്ക് അൽപ്പം കൂടുതലായാലും അതാണ് സുരക്ഷിതം. ആവിസ് കമ്പനിയിൽ നിന്നാണ് ഞങ്ങൾ കാർ എടുത്തത്. അസ്താന പരിസരത്ത് ഓഫ് റോഡ് യാത്രകൾ ഇല്ലാത്തതിനാൽ ഏറ്റവും കുറഞ്ഞ നിരക്കിൽ കിട്ടിയ ഒരു വോക്സ് വാഗൻ പോളോ സെഡാനാണ് ഞങ്ങൾ എടുത്തത്. എന്നാൽ അൽമാത്തിയിൽ അങ്ങനെയല്ല കാര്യങ്ങൾ. ഓഫ് റോഡ് യാത്രകൾ ഇല്ലെങ്കിൽ പിന്നെ അൽമാത്തിയില്ല. അതിനാൽ ഓഫ് റോഡ് ഓട്ടത്തിന് പറ്റിയ വാഹനങ്ങൾ നോക്കി. താരതമ്യേന കുറഞ്ഞ റേറ്റിൽ കിട്ടിയ, സാമാന്യം നല്ല ഓഫ് റോഡ് മികവുള്ള മിത്സുബിഷി L 200 പിക്കപ്പാണ് ഞങ്ങൾ ബുക്ക് ചെയ്തത്. യാത്രയ്ക്ക് മുമ്പ് ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസെൻസ് സംഘടിപ്പിച്ചു. ഒമാൻ ഡ്രൈവിംഗ് ലൈസെൻസ് ഇന്റർനാഷണൽ ആക്കി മാറ്റാൻ വളരെ എളുപ്പമാണ്. വാഹനം വാടകയ്ക്ക് തരുമ്പോൾ ഒരു ദിവസം ഇത്ര കിലോമീറ്റർ എന്നൊരു കണക്ക് ഇവർ വെക്കുന്നുണ്ട്. അത് അറിഞ്ഞിരിക്കണം. അതിന് മുകളിൽ ഓടിയാൽ അധികം വരുന്ന ദൂരത്തിനനുസരിച്ചു നിരക്ക് കൂടും. അൽമാത്തി മുതൽ അസ്താന വരെ 1250 km ഡ്രൈവ് ചെയ്തു പോകാനായിരുന്നു ആദ്യം ഞങ്ങൾ ആലോചിച്ചത്. എന്നാൽ നിശ്ചിത കിലോമീറ്റർ ലിമിറ്റ് ഇല്ലാത്ത ഒരു വാഹനവും കിട്ടാത്തത് കാരണം ആ തീരുമാനത്തിൽ നിന്നും പിന്മാറേണ്ടി വന്നു. മാത്രമല്ല, സെപ്റ്റംമ്പറിൽ തന്നെ ഖസാക്കിസ്ഥാനിൽ മഞ്ഞു കാലം ആരംഭിച്ചെന്നും മോശം കാലാവസ്ഥയിൽ വിജനമായ ഖസാക് റോഡുകളിലൂടെ ദീർഘ യാത്ര ബുദ്ധിപരമായ തീരുമാനമല്ലെന്നും അടുത്തിടെ അവിടം സന്ദർശിച്ച ഒരാളിൽ നിന്നും അറിയാൻ കഴിഞ്ഞു. അതോടെ അസ്താനയിലേക്ക് ട്രെയിൻ അല്ലെങ്കിൽ വിമാന മാർഗ്ഗം പോകാമെന്നു തീരുമാനിച്ചു. അൽമാത്തിയിൽ നിന്നും അസ്താനയിലേക്ക് 15-16 മണിക്കൂറിൽ എത്തുന്ന സ്പീഡ് ട്രെയിനുകളും 22-24 മണിക്കൂർ എടുക്കുന്ന സാധാരണ ട്രെയിനുകളുമുണ്ട്. യാത്ര ചെയ്യുന്ന സമയം പരമാവധി കുറച്ച്, അത് സ്ഥലങ്ങൾ കാണാൻ ഉപയോഗപ്പെടുത്താൻ വേണ്ടി ഞങ്ങൾ യാത്ര വിമാനത്തിലാക്കാൻ തീരുമാനിച്ചു. അൽമാത്തിയിൽ നിന്നും അസ്താനയിലേക്ക് രാവിലെ മുതൽ രാത്രി വരെ ചെറിയ നിരക്കിൽ എയർ അസ്താന, ഫ്ലൈ അരിസ്റ്റാൻ, SCAT എയർലൈൻസ് എന്നീ കമ്പനികളുടെ നിരവധി സർവീസുകളുണ്ട്.
എങ്ങനെ ഖസാക്കിസ്ഥാനിലേക്ക് പറക്കാം?
സലാം എയർ അടുത്തിടെ ചെറിയ നിരക്കിൽ അൽമാത്തിയിലേക്ക് സർവീസ് ആരംഭിച്ചിട്ടുണ്ട്. ഭാവിയിൽ അസ്താനയ്ക്ക് സർവീസ് നീട്ടും എന്ന് പറയുന്നു. അൽമാത്തിയിലേക്ക് ഞാൻ യാത്ര ചെയ്ത സലാം എയർ വിമാനത്തിൽ അവരുടെ തന്നെ കണക്ഷൻ ഫ്ലൈറ്റിൽ മസ്‌ക്കറ്റിൽ വന്നു അൽമാത്തിയിലേക്ക് യാത്ര ചെയ്യുന്ന മലയാളികൾ ഉണ്ടായിരുന്നു. ലോകം മാറുകയാണ്. നേരത്തെ gcc രാജ്യങ്ങളിൽ ജോലി ചെയ്തിരുന്നവർ മാത്രം സന്ദർശിച്ചിരുന്ന പല രാജ്യങ്ങളും ഇന്ന് നാട്ടിൽ നിന്നും ആളുകൾ സന്ദർശിക്കുന്നുണ്ട്. ഇന്ത്യക്കാർക്ക് ഖസാക്കിസ്ഥാനിലേക്ക് വിസ ആവശ്യമില്ല. പൊതുവെ ചെറിയ ബഡ്ജറ്റിൽ പോയി വരാവുന്ന ഒരു രാജ്യമായതിനാൽ ഖസാക്കിസ്ഥാനിലേക്ക് ഭാവിയിൽ കൂടുതൽ ഇന്ത്യക്കാരുടെ ഒഴുക്കുണ്ടാവാൻ സാധ്യതയുണ്ട്. കേരളത്തിൽ നിന്നും എയർ അസ്താനയുമായി സഹകരിച്ചു ഡൽഹി വഴി ഇൻഡിഗോ അൽമാത്തിയിലേക്ക് സർവീസ് നടത്തുന്നുണ്ട്. ഏകദേശം ഒരു ദിവസത്തോളമെടുക്കും അൽമാത്തിയിലെത്താൻ. ഫ്ലൈ അരിസ്റ്റാൻ വിമാനത്തിൽ ഡൽഹിയിൽ നിന്നും വളരെ ചുരുങ്ങിയ നിരക്കിൽ പോയി വന്ന ഒരു മലയാളിയുടെ വ്ലോഗ് കണ്ടിരുന്നു. പക്ഷേ ഫ്ലൈ അരിസ്റ്റാൻ വെബ്സൈറ്റിൽ ഇപ്പോൾ അങ്ങനെയൊരു സർവീസ് കാണുന്നില്ല. മലയാളികൾക്ക് ഖസാക്കിസ്ഥാൻ സന്ദർശിക്കാൻ നിലവിൽ ഒമാൻ വഴി സലാം എയറിൽ യാത്ര ചെയ്യുന്നതാണ് ഏറ്റവും സൗകര്യപ്രദവും ചിലവ് കുറവും.
കാലാവസ്ഥ പ്രധാനം.
യാത്രയ്ക്ക് തിരഞ്ഞെടുക്കുന്ന സമയം വളരെ പ്രധാനമാണ്. സെപ്റ്റംബർ പകുതി തൊട്ടേ ഖസാക്കിസ്ഥാനിൽ തണുപ്പ് കാലം തുടങ്ങും. നവംബർ തൊട്ടു ശക്തമായ മഞ്ഞു വീഴ്ചയും കൊടും തണുപ്പുള്ള കാറ്റുമുണ്ടാകും. ഉദ്ദേശിച്ച പല സ്ഥലങ്ങളും ഒരു പക്ഷേ മോശം കാലാവസ്ഥ കാരണം കാണാൻ പറ്റാതെ വരാം. ഗൂഗിളിൽ സെർച്ച് ചെയ്‌താൽ കാണുന്ന മനോഹരമായ ഫോട്ടോകൾ പോലെയാവില്ല തണുപ്പുകാലത്തെ കാഴ്ചകൾ.