കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നഗരത്തിന് 14 കിലോമീറ്റർ അകലെയായി അറബിക്കടലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു തീരദേശ പട്ടണമാണ് കോവളം. കോവളത്തിലും ചുറ്റുമായി ധാരാളം കടൽപ്പുറങ്ങളും വിശ്രമ സങ്കേതങ്ങളും ഉണ്ട്. വിഴിഞ്ഞം തുറമുഖം 3 കിലോമീറ്റർ അകലെയാണ്. വിഴിഞ്ഞം കണ്ടെയ്നർ പദ്ധതി സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്ന സ്ഥലവും കോവളത്തിന് അടുത്താണ്. കോവളത്തിന് ചുറ്റുമുള്ള ബീച്ചുകൾ ആഭ്യന്തര, അന്തർദേശീയ യാത്രികർക്ക് പ്രിയപ്പെട്ട അവധിക്കാല സങ്കേതങ്ങളാണ്.