കേരളത്തിലെ ആദ്യത്തെ ജലക്രീഡാഉദ്യാനമായ ഫാന്റസി പാർക്ക് മലമ്പുഴ അണക്കെട്ടിന്റെ അടുത്തുള്ള ഒരു പ്രധാന ആകർഷണമാണ്. "കേരളത്തിന്റെ വൃന്ദാവനം" എന്നാണ് മലമ്പുഴ ഉദ്യാനം അറിയപ്പെടുന്നത്. നിബിഡവനങ്ങൾ നിറഞ്ഞ മലകളും, മലമ്പുഴ അണക്കെട്ടിലേക്കു വന്നുചേരുന്നനദികളും നിറഞ്ഞപശ്ചാത്തലത്തിൽ, പച്ചപ്പുനിറഞ്ഞ പുൽത്തകിടികളും, എണ്ണമറ്റ വൈവിധ്യമേറിയ പുഷ്പങ്ങളാൽ നിറഞ്ഞ പൂന്തോട്ടങ്ങളും, ചെറിയകുളങ്ങളും, ഫൗണ്ടനുകളും, അതിനോടനുബന്ധിച്ചുള്ള ഇരിപ്പിടങ്ങളും, വിശ്രമസങ്കേതങ്ങളും എല്ലാം കാഴ്ചക്കാരന്റെ മനസ്സിന് മറക്കാനാവാത്ത അനുഭൂതി പകർന്നു കൊടുക്കുന്നു. പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച "യക്ഷി" എന്ന ശില്പം കാണികളെ ആകർഷിക്കുന്നു.