കേരളത്തിലെ പാലക്കാട് ജില്ലാ തലസ്ഥാനത്തുനിന്ന് 60 കിലോമീറ്റർ അകലെയായി ഉള്ള ഒരു പ്രശസ്തമായ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് നെല്ലിയാമ്പതി. ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, കാവേരി നദി എന്നിവയുടെ പ്രധാനപ്പെട്ട വൃഷ്ടിപ്രദേശമാണ് നെല്ലിയാമ്പതി. തേയില, കാപ്പി തോട്ടങ്ങൾക്കും ശീതളമായ കാലാവസ്ഥയ്ക്കും പ്രശസ്തമാണ് നെല്ലിയാമ്പതി. പാവപ്പെട്ടവരുടെ ഊട്ടി എന്ന അപരനാമത്തിലും നെല്ലിയാമ്പതി അറിയപ്പെടുന്നു. നിത്യഹരിതവനമേഖലയായ നെല്ലിയാമ്പതിയുടെ വിസ്തൃതി 82 ചതുരശ്ര കിലോമീറ്ററാണ്. ധാരാളം ചോലക്കാടുകളും പുൽമേടുകളുമുണ്ട്. ഏറ്റവും ഉയരമേറിയ പാടഗിരി സമുദ്രനിരപ്പിൽനിന്ന് 1585.08 മീറ്റർ ഉയരത്തിലാണ്. ജനുവരി മുതൽ മെയ് വരെ പകൽ തണുപ്പുകുറഞ്ഞ കാലാവസ്ഥയും ജൂൺ മുതൽ ഡിസംബർ വരെ തണുപ്പുകൂടിയ കാലാവസ്ഥയുമാണ്