മരുന്ന് കുറിപ്പടിയുടെ പിന്നാമ്പുറങ്ങള്‍

ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നുകളുടെ ബ്രാന്‍ഡ്‌, വില, എന്തുകൊണ്ട് ജെനെറിക് മരുന്നുകള്‍ എഴുതുന്നില്ല, കമ്മീഷന്‍ വാങ്ങാനല്ലേ തുടങ്ങിയ നിരവധി സംശയങ്ങളും ചര്‍ച്ചകളും ഈയിടെയായി കാണാന്‍ കഴിഞ്ഞു. പത്രങ്ങള്‍ സ്വന്തം ഭാവനാ വിലാസം കൊണ്ട് നിറം പിടിപ്പിച്ച കഥകള്‍ എഴുതി. അടിസ്ഥാനപരമായ ചില വസ്തുതകള്‍ മനസിലാക്കിയാല്‍ ഇതിനെകുറിച്ചുള്ള തെറ്റിധാരണകള്‍ മാറ്റാം.

 

 

ഒരു രോഗിയെ പരിശോധിച്ച് മരുന്ന് എഴുതുമ്പോള്‍ എല്ലാ ഡോക്ടര്‍മാരും ആലോചിക്കുന്ന കാര്യങ്ങള്‍ എന്തായിരിക്കും? ഏറ്റവും പ്രധാനപ്പെട്ടത് രോഗിയുടെ അസുഖം എത്രയും പെട്ടന്ന് മാറുകയോ നിയന്ത്രിക്കുകയോ ചെയ്യുക എന്നതാണ്. സ്വാഭാവികമായും മരുന്നുകളുടെ ഗുണനിലവാരം വളരെ പ്രധാനമാണ്. ഒരു ഡോക്ടറും തന്‍റെ രോഗി കൂടുതല്‍ ദിവസം അസുഖവുമായി മല്ലിടാന്‍ ഇഷ്ടപ്പെടില്ല. പലരും സങ്കല്‍പ്പിച്ചു ഉണ്ടാക്കുന്ന കമ്മീഷനില്‍ നിന്നുള്ള ലാഭം അല്ല ഡോക്ടര്‍ക്ക്‌ പ്രധാനം. ഒരു രോഗി തന്നെ കുറിച്ച് മറ്റുള്ളവരോട് പറയുന്ന അഭിപ്രായം ആണ് ഡോക്ടറുടെ ഏറ്റവും വലിയ പരസ്യം. അത് കളഞ്ഞു കുളിക്കാന്‍ സ്വബോധം ഉള്ളവരാരും തയ്യാറാവില്ല.


ഇനി മരുന്നുകളുടെ ഗുണനിലവാരം എങ്ങനെ വിലയിരുത്തും എന്നതാണ് അടുത്ത പ്രശ്നം. ഡോക്ടര്‍മാര്‍ക്ക് സ്വന്തം ലാബുകളില്‍ ഗുണനിലവാരം ടെസ്റ്റ് ചെയ്തു നോക്കാന്‍ സൗകര്യം ഇല്ലാത്തിടത്തോളം കാലം വര്‍ഷങ്ങളായി വിപണിയില്‍ നില നില്‍ക്കുന്ന, പേരെടുത്ത കമ്പനികളുടെ മരുന്ന് എഴുതുക എന്നതാണ് ഏക മാര്‍ഗം. മരുന്നിന്‍റെ ഗുണനിലവാരം ഉറപ്പു വരുത്താന്‍ നല്ല കമ്പനികള്‍ എല്ലാ മുന്കരുതലും എടുക്കും. കാരണം അവരുടെ നിലനില്‍പ്പ്‌ ഈ മരുന്ന് ഉപയോഗിക്കുന്ന ഡോക്ടര്‍മാര്‍ക്ക് അതിലുള്ള വിശ്വാസത്തിനനുസരിച്ചാണ്. പല കമ്പനികളും അവരുടെ manufacturing plant സന്ദര്‍ശിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് അവസരം കൊടുക്കാറുണ്ട്. കമ്പനികളുടെ നിലവാരം അളന്നു certify ചെയ്യാന്‍ വിവധ agency കളും ഉണ്ട്. നിര്‍മാണത്തിന് ഉപയോഗിക്കുന്ന raw material ന്‍റെ നിലവാരവും എത്ര ഘട്ടങ്ങള്‍ ആയി അവ ശുദ്ധീകരിക്കുന്നു എന്നതും മരുന്ന് പായ്ക്ക് ചെയ്യുന്നതിന്‍റെ നിലവാരവും സൂക്ഷിച്ചു വെക്കുന്ന സ്ഥലത്തെ താപ നിയന്ത്രണവുമെല്ലാം മരുന്നിന്‍റെ ഗുണനിലവാരം നിയന്ത്രിക്കുന്ന ഘടകങ്ങളാണ്. സ്വാഭാവികമായും ഇത്തരം മരുന്നുകളുടെ വില അല്‍പ്പം കൂടുതലും ആയിരിക്കും. ഈ പറഞ്ഞ കാര്യങ്ങളില്‍ compromise ചെയ്തു മരുന്ന് നിര്‍മ്മിച്ചാല്‍ വില അല്‍പ്പം കുറവാണെങ്കിലും ഗുണനിലവാരവും ഒരു പക്ഷെ കുറവായിരിക്കും. ഒരു സ്റ്റാന്‍ഡേര്‍ഡ് കമ്പനിക്ക് വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ ഒരു ഡോക്ടര്‍ക്കും കമ്മീഷന്‍ കൊടുക്കേണ്ട കാര്യമില്ല, അവരുടെ സല്‍പേര് തന്നെയാണ് അവരുടെ വിപണിക്ക് മൂല്യം ഉണ്ടാക്കുന്നത്. ആശുപത്രികളിലും മറ്റും മരുന്നുകള്‍ വിതരണം ചെയ്യുമ്പോള്‍ MRP യെക്കാള്‍ കുറച്ചു വില കുറച്ചാണ് കൊടുക്കുന്നത്. അതാണ്‌ മരുന്ന് വില്‍ക്കുമ്പോള്‍ ഉള്ള ലാഭം. 10 ബോക്സ്‌ മരുന്ന് എടുക്കുമ്പോള്‍ ചിലപ്പോള്‍ ഒരു ബോക്സ്‌ ഫ്രീ ആയി കൊടുത്തേക്കാം. എന്നാല്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് കമ്പനി ഇങ്ങനെ കൊടുക്കുന്ന മാര്‍ജിന്‍ വളരെ കുറവായിരിക്കും. ഫ്രീ ബോക്സ്‌ പോലെയുള്ള ഓഫറുകളും കുറവായിരിക്കും. മരുന്ന് ഗുണനിലവാരം കുറവാണെങ്കില്‍ പിന്നെ മാര്‍ജിന്‍ കൂട്ടി കൊടുത്തും ഫ്രീ കൊടുത്തും സ്വാധീനിക്കേണ്ടി വരുന്നു.

ഇവിടെയാണ്‌ ഡോക്ടര്‍മാര്‍ ജെനെറിക് മരുന്ന് എഴുതാതെ ബ്രാന്‍ഡ് എടുത്തു എഴുതുന്നതിന്‍റെ പ്രസക്തി. പനിക്ക് ഉപയോഗിക്കുന്ന പരസെടമോള്‍ ഗുളികയുടെ കാര്യം തന്നെ എടുക്കാം. ആയിരക്കണക്കിന് കമ്പനികള്‍ പല പേരുകളില്‍ പരസെടമോള്‍ വിപണിയില്‍ ഇറക്കുന്നുണ്ട്. സാധാരണക്കാര്‍ക്ക് പരിചയമുള്ള Dolo, Panadol, Adol,Calpol, Vamol തുടങ്ങിയവ എല്ലാം വിവിധ കമ്പനികളുടെ പരസെടമോള്‍ ആണ്. ഇത്തരം പേരുകള്‍ എഴുതിയാല്‍ ആ ബ്രാന്‍ഡ് തന്നെ കൊടുക്കാന്‍ മെഡിക്കല്‍ ഷോപ്പുകാരന്‍ ബാധ്യസ്ഥനാണ്. ഏതെങ്കിലും കാരണവശാല്‍ കമ്പനി മാറിയാണ് കൊടുക്കുന്നതെങ്കില്‍ രോഗിയോട് തുറന്നു പറയുകയും ഡോക്ടറുടെ അനുവാദം വാങ്ങിക്കുകയും ചെയ്യേണ്ടതുണ്ട്. മറിച്ചു പരസെടമോള്‍ എന്നാണ് ഡോക്ടര്‍ എഴുതുന്നതെങ്കില്‍ ഏതു ബ്രാന്‍ഡ് കൊടുക്കണം എന്ന് തീരുമാനിക്കുന്നത് മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനാണ്. ഒരു പക്ഷെ അവര്‍ക്ക് കൂടുതല്‍ മാര്‍ജിനും ഓഫറും കൊടുക്കുന്ന മരുന്നുകള്‍ ആവാം അവര്‍ കൊടുക്കുന്നത്. അതിന്‍റെ ഗുണനിലവാരം എങ്ങനെ ഉറപ്പു പറയാന്‍ കഴിയും ? ജെനെറിക് മരുന്നുകള്‍ എഴുതണം എന്ന ആവശ്യം ഡോക്ടര്‍മാര്‍ എതിര്‍ക്കാന്‍ കാരണം ഇത് മാത്രമാണ്. നിര്‍ഭാഗ്യവശാല്‍ കമ്മിഷന്‍ പഴി കേള്‍ക്കാനാണ്‌ ഡോക്ടര്‍മാരുടെ യോഗം !




ഇനി സ്റ്റാന്‍ഡേര്‍ഡ് കമ്പനികള്‍ ഈടാക്കുന്ന വില കൂടുതല്‍ ആണോ എന്നതാണ് പ്രസക്തമായ ഒരു ചോദ്യം..ഇക്കാര്യത്തില്‍ ഡോക്ടര്‍മാര്‍ നിസ്സഹായരാണ്.മരുന്നു നിര്‍മാണത്തിന് കമ്പനിക്ക് ഉണ്ടാവുന്ന ചെലവ് എത്രയെന്നും അവര്‍ എടുക്കുന്ന ലാഭം എത്രയെന്നും തിട്ടപ്പെടുത്താനും നിയന്ത്രിക്കാനും ഒരു സംവിധാനം നിലവില്‍ വരേണ്ടത് അത്യാവശ്യമാണ്.അതിനെ എല്ലാ ഡോക്ടര്‍മാരും പിന്തുണക്കും. കാരണം തന്‍റെ രോഗി മരുന്ന് വാങ്ങിച്ചു ബില്‍ കണ്ടു ഞെട്ടുകയും തളരുകയും ചെയ്യുന്നത് കാണാന്‍ ആഗ്രഹിക്കുന്നവരല്ല ഡോക്ടര്‍മാര്‍.


പേരും പ്രശസ്തിയും ഇല്ലാത്ത കമ്പനികളുടെ മരുന്നുകള്‍ക്ക് നിലവാരം കുറവായിരിക്കുമോ? അങ്ങനെ തീര്‍ത്തു പറയുന്നത് ശരിയല്ല. നിലവാരം ഉള്ളതും ഇല്ലാത്തതും ഉണ്ടാവാം. നമ്മൾ ഒരു ടിവി വാങ്ങാൻ പോവുന്നു എന്ന് വിചാരിക്കൂ. ഇഷ്ടപ്പെട്ട ഒരു കമ്പനിയുടെ ടിവി ഷോറൂമിൽ ചെന്ന് നമ്മൾ വാങ്ങിക്കുന്നു. എന്നാൽ അതേ ടിവി തന്നെ അതെ വിലക്കോ കുറഞ്ഞ വിലക്കോ അപ്പുറത്തെ ഫൂട്ട്പാത്തിൽ വിൽക്കുന്നുണ്ടെങ്കിൽ അവിടെ നിന്ന് ടിവി വാങ്ങാൻ നമ്മൾ തയാറാവുമോ? അത് ഒറിജിനൽ ആണെങ്കിൽ പോലും വാങ്ങിക്കാൻ മടിക്കും. ഇതേ മനശാസ്ത്രം തന്നെയാണ് സ്റ്റാൻഡേർഡ് കമ്പനികളുടെ മരുന്ന് എഴുതുമ്പോളും നടപ്പിലാവുന്നത്.

ഏതാനും ദിവസത്തെ ചികിത്സകൊണ്ടു മാറുന്ന അസുഖം ആണെങ്കിൽ മരുന്നിന്റെ നിലവാരം മാത്രമാണ് ഡോക്ടർമാർ പ്രധാനമായും പരിഗണിക്കുന്നത്. എന്നാൽ തുടർച്ചയായി കഴിക്കേണ്ട മരുന്നുകളുടെ കാര്യത്തിൽ ചില വിട്ടുവീഴ്ചകൾക്കു മുതിരേണ്ടി വരാറുണ്ട് പലപ്പോഴും. മരുന്നിന്റെ വില ഒരു നിർണായക ഘടകം ആവുന്നത് അപ്പോളാണ്. ഒരു വലിയ കോർപ്പറേറ്റ് ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു ഡോക്ടർക്കു ചിലപ്പോൾ വില ഒരു തടസം ആയിരിക്കില്ല. കാരണം അത്തരം ആശുപത്രികളിൽ ചികിത്സക്ക് പോകുന്നവർ സാമ്പത്തികമായി ഉയർന്ന നിലയിലാരിക്കും. മരുന്ന് വില അവർക്കു വലിയ പ്രശ്നം ആവാൻ വഴിയില്ല. എന്നാൽ പാവപ്പെട്ട രോഗികൾ കൂടുതൽ വരുന്ന ആശുപത്രികളിൽ വില മിക്കപ്പോഴും ഒരു പ്രശ്നം തന്നെ. രണ്ടു കമ്പനികളുടെ മരുന്നുകൾ തമ്മിൽ 2-3 രൂപയുടെ വ്യത്യാസം ഉണ്ടെങ്കിൽ അതിൽ വില കുറഞ്ഞ മരുന്ന് എഴുതാൻ പലപ്പോഴും ഡോക്ടർ നിർബന്ധിതനാവും. കുറെ നാളുകൾ കഴിക്കേണ്ടി വരുമ്പോൾ ഒരു ടാബ്‌ലറ്റിന് മേൽ ഉള്ള 3 രൂപ വ്യത്യാസം തന്നെ വലിയ തുകയായി മാറുന്നു. ചിലപ്പോൾ രണ്ടു കമ്പനിയുടെ മരുന്ന് വിലകൾ തമ്മിലുള്ള അന്തരം വളരെ കൂടുതലും ആവാം. വില കുറഞ്ഞ മരുന്നുകൾ എഴുതുമ്പോൾ വരെ മരുന്ന് വില കൂടുതലാണ്, കുറഞ്ഞത് ഉണ്ടോ എന്നാണ് പലപ്പോഴും കേൾക്കേണ്ടി വരാറ്‌. മരുന്നിന്റെ വില താങ്ങാൻ കഴിയാതെ രോഗി മരുന്ന് നിർത്തുന്നതിലും നല്ലതു ഗുണം അൽപ്പം കുറഞ്ഞതാണെങ്കിൽ പോലും മുടങ്ങാതെ കഴിക്കലാണ് എന്ന് ചിന്തിക്കേണ്ടി വരുന്നു പലപ്പോഴും .

എന്തുകൊണ്ട് ചില കമ്പനികളുടെ മരുന്നുകൾ അസാധാരണമാം വിധം വില കൂടുന്നു? പുതുതായി വിപണിയിൽ ഇറങ്ങുന്ന മരുന്നുകൾ പലതും വർഷങ്ങളോളം കോടിക്കണക്കിനു രൂപ ചിലവാക്കിയുള്ള ഗവേഷണങ്ങൾക്കു ശേഷമാണ് വരുന്നത്. ഈ ചെലവാക്കിയ പണം മരുന്ന് മാർക്കറ്റിൽ ഇറങ്ങിയാൽ കമ്പനി തിരിച്ചു പിടിക്കാൻ ശ്രമിക്കും. ഏതു കമ്പനിയാണോ പുതിയ ഒരു മരുന്ന് പുറത്തിറക്കുന്നത് എങ്കിൽ അവർക്കു ഒരു നിശ്ചിത കാലയളവിൽ ആ മരുന്നിന് പാറ്റൻസി കൊടുക്കുന്നു. ഈ കാലഘട്ടത്തിൽ മറ്റു കമ്പനികൾക്ക് ആ മരുന്ന് ഇറക്കാൻ കഴിയില്ല. സ്വാഭാവികമായും കൂടിയ വിലയിൽ ആയിരിക്കും ഈ സമയത്തു കമ്പനി മരുന്ന് വിൽക്കുന്നത്. പിന്നീട് പാറ്റൻസി കാലഘട്ടം കഴിയുമ്പോൾ കൂടുതൽ കമ്പനികൾ മരുന്ന് നിർമ്മിക്കുകയും പരസ്പരം ഉള്ള മത്സര ഫലമായി ക്രമേണ മരുന്നിന്റെ വില കുറയുകയും ചെയ്യും. പ്രമേഹ രോഗത്തിന് ഉള്ള sitagliptin എന്ന മരുന്നിന്റെ പാറ്റൻസിയുടെ പേരിൽ മെർക്, ഗ്ലെൻമാർക് എന്നീ രണ്ടു ഭീമൻ കമ്പനികൾ പരസ്പരം കോടതിയിൽ ഏറ്റുമുട്ടിയത് ഈയിടെ വലിയ വാർത്തയായിരുന്നു. മെർക് കൊണ്ടുവന്ന ഈ മരുന്ന് അവരെക്കാൾ 10 രൂപയോളം കുറച്ചാണ് ഗ്ലെൻമാർക് പുറത്തിറക്കിയത്. എന്നാൽ മെർക് അവർക്കെതിരെ കോടതി വിധി സമ്പാദിക്കുകയും ഗ്ലെൻമാർക് അവരുടെ മരുന്ന് വിപണിയിൽ നിന്നു പിൻവലിക്കുകയും ചെയ്തു .

Read More