അക്കാര്യം ആദ്യമേ തോംസൺ ഞങ്ങളോട് പറഞ്ഞിരുന്നു. കുട്ടികളെ മുഷിയാതെ എങ്ങനെ നടത്തിക്കും എന്നൊരു ചെറിയ ആശങ്ക എല്ലാവർക്കും ഉണ്ടായിരുന്നു. രാവിലെ 8.30 നു തന്നെ കൊളോസിയം പരിസരത്തു എത്തിയാൽ പാർക്കിംഗ് കിട്ടാൻ എളുപ്പമായിരിക്കും, നേരത്തെ ഇറങ്ങാം എന്ന് തലേന്ന് രാത്രി തോംസൺ ഓർമ്മിപ്പിച്ചിരുന്നു. എന്നാൽ പ്രതീക്ഷിച്ച പോലെ ഞങ്ങൾ ഇറങ്ങിയത് ഏതാണ്ട് 9.30 നാണ്.
റോം നഗരത്തെക്കുറിച്ച് പറയാനാണേൽ നിർത്താതെ പറയാനുണ്ട്.. ചുരുക്കി പറഞ്ഞാൽ 3000 വർഷത്തെ ചരിത്രം ആധുനിക ജീവിതവുമായി വിളക്കി ചേർത്തു നിർത്തിയിരിക്കുന്ന ഒരു തുറന്ന മ്യൂസിയമാണ് റോം. ദുബായ് പോലുള്ള നഗരങ്ങൾ പഴമയുടെ ലാഞ്ചന പോലും പുറത്തു കാണാത്തെ തുടച്ചു നീക്കി ആധുനികവൽക്കരണം നടത്തുമ്പോൾ പഴയതിന് പരമാവധി സംരക്ഷണം കൊടുത്തും പുതുക്കി പണിതും സംരക്ഷിച്ചിരിക്കുകയാണ് റോം. റോമിന്റെ ആധുനിക രൂപത്തിലുള്ള വികസനത്തിന് അതൊരു തടസ്സമാണെങ്കിലും ആ പഴമയാണ് റോമിന്റെ ഭംഗിയും മുഖമുദ്രയും. പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാതെ നിലനിർത്തുന്നതിനാൽ റോഡും തെരുവിലെ വഴികളും വീതി കുറവാണ്. അതനുസരിച്ചു ട്രാഫിക്കും ഞെങ്ങി ഞെരുങ്ങിയാണ് നീങ്ങുന്നത്. ഹോട്ടലിൽ നിന്നിറങ്ങി കുറച്ചു ദൂരം ചെന്നപ്പോഴേക്കും AD 270 കളിൽ ബാർബേറിയൻ അധിനിവേശത്തിൽ നിന്നും റോമിനെ സംരക്ഷിക്കാൻ നിർമ്മിച്ച 19 കിലോമീറ്റർ ചുറ്റളവിൽ നിർമ്മിച്ച Aurelian wall എന്ന കൂറ്റൻ മതിലിന്റെ ഭാഗങ്ങൾ കാണാൻ കഴിഞ്ഞു. 10 മീറ്റർ ഉയരത്തിലും 3.5 മീറ്റർ കനത്തിലുമാണ് ഈ മതിൽ നിർമ്മിച്ചിരിക്കുന്നത്. അങ്ങിങ്ങായി പലയിടത്തും പൊളിഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും പ്രൗഡിക്ക് ഒരു കുറവുമില്ലാതെ ഈ മതിൽ റോം നഗരത്തിൽ തലയുയർത്തി നിൽക്കുന്നത് കാണാം...
പള്ളികളുടെയും water fountains ന്റെയും നഗരമാണ് റോം. 900 ത്തിലേറെ ചർച്ചുകളും 280 ലേറെ fountains ഉം റോം നഗരത്തിലുണ്ടെന്നാണ് കണക്ക്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ഇക്കാര്യം നരേന്ദ്ര മോഡിക്ക് വിശദീകരിച്ചു കൊടുക്കുന്നതിന്റെ വീഡിയോ ഈയിടെ പലരും കണ്ടിരിക്കും...
പൂച്ചകൾക്ക് പ്രത്യേക അവകാശം ഉള്ള നഗരം കൂടിയാണ് റോം. അലഞ്ഞു തിരിഞ്ഞു നടക്കുന്ന അവയെ ആരും. ഉപദ്രവിക്കാൻ പാടില്ല.
പൂർണ്ണ അധികാരമുള്ള മറ്റൊരു രാജ്യം കൂടി ഉൾക്കൊള്ളുന്ന നഗരം എന്ന പെരുമ കൂടിയുണ്ട് റോമിന്. വത്തിക്കാൻ സിറ്റി എന്ന ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം റോമിലാണ് സ്ഥിതി ചെയ്യുന്നത്.
ഈജിപ്റ്റിൽ ഇന്ന് നിലവിലുള്ളതിനേക്കാൾ ഈജിപ്ഷ്യൻ പുരാതന വസ്തുക്കൾ റോമിൽ ഉണ്ടെന്നാണ് കണക്കുകൾ. അധികാരവും കൈക്കരുത്തും ഉപയോഗിച്ചു പുരാതന കാലത്ത് കടത്തി കൊണ്ടുവന്നവ. അവയിൽ പലതും വത്തിക്കാൻ മ്യൂസിയത്തിൽ ഇപ്പോഴും കാണാൻ കഴിയും.
റോമിലെ തെരുവുകളുടെ മറ്റൊരു പ്രത്യേകതയാണ് ലാവ കല്ലുകൾ പാകിയ ചെറിയ റോഡുകളും ഈടു വഴികളും... ഉരുകിയൊലിക്കുന്ന ലാവയിൽ നിന്നും രൂപം കൊണ്ട കറുത്ത കല്ലുകൾ കൊണ്ടുള്ള വഴികൾ കാണാൻ നല്ല ഭംഗിയാണ്. 1500 കളിൽ പാകിയ ലാവ കല്ലുകളാണ് ഇന്നും റോമിലെ തെരുവിൽ നാം കാണുന്നത്. ബലമേറിയ ലാവ കല്ലുകൾക്കിടയിലെ വിടവിലൂടെ വെള്ളം ഊർന്നു പോകുന്നതിനാൽ ഒരു കേടും കൂടാതെ ഇവ നൂറ്റാണ്ടുകളോളം നിലനിൽക്കും. റോമിലെ കല്ലുകൾ പോലും നൂറ്റാണ്ടുകളുടെ കഥ പറയുമെന്ന് ചുരുക്കം.. കോടിക്കണക്കിന് കാൽ പാദങ്ങൾ പതിഞ്ഞ അതേ വഴികളിലൂടെയാണ് നമ്മളും നടക്കുന്നതെന്നതാണ് അതിന്റെ പ്രത്യേകത.