ഇന്ത്യയിലെ പശ്ചിമബംഗാൾ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് കൊൽക്കത്ത. ഹൂഗ്ലി നദിയുടെ കിഴക്കേ തീരത്താണ് കൊൽക്കത്ത ജില്ലയും നഗരവും സ്ഥിതി ചെയ്യുന്നതെങ്കിലും കൊൽക്കത്ത എന്ന മഹാനഗരമായി അറിയപ്പെടുന്നത് കൊൽക്കത്ത, ഹൌറ എന്നീ കോർപ്പറേഷനും, 37 മുനിസിപ്പാലിറ്റികളും മറ്റു പട്ടണങ്ങളും ചേർന്നതാണ്. ഈ മഹാനഗരം കൊൽക്കത്ത ജില്ലയെ മുഴുവനായും ഉൾക്കൊള്ളുന്നതു കൂടാതെ ഹൌറ, ഹുഗ്ലി, ഉത്തര 24 പറ്ഗാനാസ്, ദക്ഷിണ 24 പറ്ഗാനാസ്, നാദിയ എന്നീ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു. 2000-മാണ്ടു വരെ ഇതിന്റെ ഔദ്യോഗികനാമം കൽക്കട്ട (Calcutta) എന്നായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയുടെ തലസ്ഥാനമായിരുന്നു കൊൽക്കത്ത. 1911-ൽ മാത്രമാണ് തലസ്ഥാനം ദില്ലിയിലേക്ക് മാറ്റിയത്. കൊൽക്കത്തയുടെ ചരിത്രം ഇന്ത്യയുടെ ഇതരഭാഗങ്ങളിൽ നിന്നും ശ്രദ്ധേയമായ രീതിയിൽ വേറിട്ടു നിൽക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനം, ഇടതുപക്ഷ പ്രസ്ഥാനം, തൊഴിലാളി യൂണിയൻ പ്രസ്ഥാനം എന്നിവയുടെ ഈറ്റില്ലമാണ് കൊൽക്കത്ത.