സിംഗപ്പൂർ യാത്രക്ക് ഒരുങ്ങാം ( Part 1)

സഞ്ചാരികൾക്കു കാഴ്ചയുടെ വൈവിധ്യമാർന്ന ഒരു വലിയ ലോകം ഒരുക്കി വച്ചിരിക്കുന്ന ഒരു കൊച്ചു രാജ്യമാണ് സിംഗപ്പൂർ. ഏതു പാതി രാത്രിക്കും സുരക്ഷിതമായി ഒരു ശല്യവും ഇല്ലാതെ യാത്ര ചെയ്യാവുന്ന, വൃത്തിയും വെടിപ്പും എന്താണെന്നു ഉദാഹരണമായി ചൂണ്ടി കാണിച്ചു കൊടുക്കാവുന്ന മനോഹരമായ രാജ്യം. ഒരു സിംഗപ്പൂർ ഡോളർ 50 രൂപയ്ക്കു തുല്യം ആണ്. ഇന്ത്യൻ സഞ്ചാരികൾക്കു താരതമ്യേനെ ചെലവ് കൂടിയ രാജ്യം. ഒരു രാജ്യത്തു ചിലവാക്കുന്ന പണം നമ്മുടെ രൂപയുമായി താരതമ്യം ചെയ്യാൻ പാടില്ല എന്നതാണ് പൊതു തത്വം. അങ്ങനെ നോക്കിയാൽ സിംഗപ്പൂരിൽ 500ml വെള്ളകുപ്പി വാങ്ങാൻ 150 രൂപ ചിലവാക്കണം 😊

യാത്രക്ക് എന്തെല്ലാം ആവശ്യമാണ് ??

തായ്‌ലൻഡ് പോലെയുള്ള രാജ്യങ്ങളിൽ നമുക്ക് ലഭ്യമായ visa on arrival സൗകര്യം സിംഗപ്പൂരിൽ ഇല്ല. വിസ നേരത്തെ എടുക്കണം. കേരളത്തിൽ സിംഗപ്പൂർ വിസ കോൺസുലേറ്റ് ഇല്ല. നമുക്ക് അടുത്തുള്ളത് ചെന്നൈ ആണ്. വിസ കിട്ടാൻ ഒറിജിനൽ പാസ്പോർട്ട് വിസക്കുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കണം. കേരളത്തിൽ താമസിക്കുന്നവർക്ക് വിസ എടുക്കാൻ ഏതെങ്കിലും ട്രാവൽ ഏജൻസിയെ ഏല്പിക്കുന്നതാണ് സൗകര്യം. വിസക്ക് അപേക്ഷിക്കാൻ എടുക്കുന്ന ഫോട്ടോക്ക് ചില നിബന്ധനകൾ ഉണ്ട്. വെളുത്ത ബാക് ഗ്രൗണ്ട് ഉള്ള, ഫോട്ടോയുടെ 80% വും മുഖം ആയിരിക്കത്തക്ക ഫോട്ടോ ആണ് വേണ്ടത്. മാറ്റ് ഫിനിഷിങ് തന്നെ വേണം താനും. സാധാരണ പാസ്പോർട്ട് ഫോട്ടോപോലെ മിനുസം ഉണ്ടാവില്ല മാറ്റ് ഫിനിഷ് ഫോട്ടോയ്ക്ക്.

 

5 working ഡേയ്സ് ആണ് വിസ പ്രോസസ് ചെയ്യാൻ വേണ്ട സമയം. ശനിയും ഞായറും കോൺസുലേറ്റ് അവധിയാണ്. ഒരു 15 ദിവസം മുന്നെയെങ്കിലും അപേക്ഷിക്കുന്നതാണ് നല്ലതു. വിമാന ടിക്കറ്റ് എടുത്ത ദിവസത്തേക്ക് വിസ കിട്ടില്ലേ എന്ന് ടെന്ഷനിടിക്കേണ്ടി വരില്ല.

 

കാലാവസ്ഥ:-

അനുയോജ്യമായ കാലവസ്ഥയാണോ നമ്മൾ പോവുന്ന സമയം എന്ന് ഉറപ്പു വരുത്തണം. ഗൂഗിളിൽ കാണുന്നത് കണ്ണടച്ച് വിശ്വസിക്കാൻ കഴിയില്ല എന്ന് അനുഭവം തെളിയിച്ചു. Wettest month ആയി നെറ്റിൽ കണ്ടത് നവംബർ ആണ്. ഓഗസ്റ്റ്, സെപ്തംബർ എല്ലാം മഴ സാധ്യത 80% ആണ് പല സൈറ്റുകളിൽ കണ്ടത്. ട്രിപ്പ് ക്യാൻസൽ ചെയ്താലോ എന്ന് വരെ ആലോചിച്ചു. എന്നാൽ വീണ്ടും വിശദമായി ഗവേഷണം നടത്തിയപ്പോൾ ഈ മാസങ്ങളിലെ മഴ അത്ര പ്രശ്നക്കാരാൻ അല്ല എന്ന് മനസ്സിലായി. മഴ ഉണ്ടെങ്കിൽ തന്നെ ചെറിയ ചെറിയ എപിസോഡുകൾ ആണ്. ഓരോ മഴയ്ക്ക് ഇടയിലും തെളിഞ്ഞ കാലാവസ്ഥ ഉണ്ടാവും. ഇടക്കുള്ള മഴ ചൂട് കുറയാനും സഹായിക്കും. ഇക്കാര്യം കണ്ടപ്പോൾ ട്രിപ്പ് പ്ലാൻ വീണ്ടും ജീവൻ വച്ചു. കനത്ത മഴയാണെങ്കിൽ സിംഗപ്പൂർ നൈറ്റ് സഫാരി പോലെയുള്ള ഇനങ്ങൾ ക്യാൻസൽ ചെയ്യാറുണ്ടത്രെ. എന്നാൽ ഇവിടെ വന്നപ്പോൾ പ്രവചിക്കപ്പെട്ട കാലവസ്ഥയുമായി ഒരു ബന്ധവും ഉണ്ടായില്ല. കനത്ത വെയിലും ചൂടും ആയിരുന്നു. ജൂറോങ് bird പാർക്കിലും നൈറ്റ് സഫാരിക്കും പോവുന്ന വഴിക്കു മാത്രമാണ് തീരെ ചെറിയ തോതിൽ മഴ പെയ്തത്.

 

എങ്ങനെ പോവണം??

എയർ ഏഷ്യ ഓപ്പറേറ്റ് ചെയ്യുന്ന സ്ഥലമാണ് സിംഗപ്പൂർ. യാത്ര ചെലവ് പരമാവധി കുറയ്ക്കാൻ ഉദ്ദേശ്യം ഉണ്ടെങ്കിൽ എയർ ഏഷ്യ ആണ് നല്ലതു. മലേഷ്യ യിലെ kuala lumpur രിൽ ഒരു സ്റ്റോപ്പ് ഉണ്ട്. 1_2 മണിക്കൂർ കഴിഞ്ഞായിരിക്കും സിംഗപ്പൂർ connection flight. അത് വരെ kuala lumpur എയർപോർട്ടിന്റെ ഭംഗി ആസ്വദിക്കാം. പല connection flights ഉണ്ട്. 12 മണിക്കൂർ കഴിഞ്ഞുള്ള ഒരു ഫ്ലൈറ്റ് ആണ് നമ്മൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ ആ സമയം കൊണ്ട് വേണമെങ്കിൽ ഒരു kuala lumpur സിറ്റി ടൂർ നടത്താം. മലേഷ്യൻ വിസ കൂടി നേരത്തെ എടുത്തു വെക്കണം എന്ന് മാത്രം.

 

6000_7000 inr റേഞ്ച് ആണ് എയർ ഏഷ്യ ടിക്കറ്റ്. സീസൺ അനുസരിച്ചു മാറ്റം ഉണ്ടാവാം. സമയത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നവർക്കു കൊച്ചിയിൽ നിന്നും നേരിട്ടുള്ള സിംഗപ്പൂർ ഫ്ലൈറ്റ് പിടിക്കാം. ടൈഗർ എയർ ആണ് ഈ കൂട്ടത്തിൽ ഏറ്റവും ചെലവ് കുറവ്. സിംഗപ്പൂർ എയർലൈൻ, സിൽക്ക് എയർ എല്ലാം ചിലവേറിയവയാണ്. ടൈഗർ എയർ അർദ്ധ രാത്രിയാണ് പുറപ്പെടുന്നത്. രാവിലെ 8 മണിയോടെ സിംഗപ്പൂർ വരും. ഹോട്ടലിൽ എത്തുന്നത് മിക്കവാറും ഉച്ചയോടെ ആയിരിക്കും. തലേ ദിവസത്തെ ഉറക്കം ഇല്ലായ്മയും ക്ഷീണവും എല്ലാം കണക്കിൽ എടുത്താൽ അന്നത്തെ ദിവസം പിന്നെ കാര്യമായി ഒന്നിനും വിനിയോഗിക്കാൻ കഴിയില്ല. അതിനാൽ രാത്രി സിംഗപ്പൂർ ചെന്നെത്തുന്ന ഫ്ലൈറ്റ് എടുക്കുന്നതാണ് നല്ലതു. ഉറക്കത്തിനു ശേഷം രാവിലെ ഉണർവ്വോടെ ടൂർ തുടങ്ങാം. 8am ന് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന എയർ ഏഷ്യ ആണ് ഞങ്ങൾ തിരഞ്ഞെടുത്തത്. വൈകുന്നേരം 6.30pm ന് സിംഗപ്പൂർ എത്തും.

 

എത്ര ദിവസം, ഏതൊക്കെ സ്ഥലങ്ങൾ ?

ഇക്കാര്യം പ്രധാനമായും നമ്മുടെ ബഡ്ജറ്റ് അനുസരിച്ചാണ്. 5 ദിവസം ഉണ്ടെങ്കിൽ പ്രധാന സ്ഥലങ്ങൾ എല്ലാം കാണാൻ കഴിയും. ട്രാവൽ ഏജൻസി വഴി പോവുന്നവർ അവരുടെ schedule ഇൽ പെടാത്ത ഒരു ദിവസം മാറ്റി വെക്കാൻ ശ്രദ്ധിക്കുക. നമ്മുടെ സ്വന്തമായുള്ള കറക്കതിന് വേണ്ടി. ട്രാവൽ ഏജൻസി ട്രിപ്പ് അധികവും ഗ്രൂപ് ടൂർ ആണ്. ഓരോ സ്ഥലത്തും കൃത്യമായ സമയം വച്ചുള്ള ട്രിപ്പ്. മതി മറന്നു ആസ്വദിക്കാൻ കഴിയില്ല. സിംഗപ്പൂർ സിറ്റി ടൂർ എന്നത് ഇവിടെ വെറും 3 മണിക്കൂർ കറക്കം ആണ്. സിറ്റി യുടെ ഒരു തുമ്പു പോലും 3 മണിക്കൂർ കൊണ്ട് കാണാൻ കഴിയില്ല. ഇത്തരം വിടവുകൾ നികത്താൻ ആണ് ഒരു ഫ്രീ ഡേ വേണം എന്ന് പറഞ്ഞത്.

 

കാണേണ്ട സ്ഥലങ്ങൾ ഓരോരുത്തരുടെയും അഭിരുചിക്കാനുസരിച്ചു തിരഞ്ഞെടുക്കാം. ഇതിനു ഗൂഗിളിന്റെ സഹായം തേടാം. സിംഗപ്പൂരിലെ ടൂറിസ്റ്റ് attractions എല്ലാം വിശദമായി ഇന്റർനെറ്റിൽ നിന്നും മനസിലാക്കാം. ചിത്രങ്ങൾ സഹിതം. അവയിൽ നമുക്ക് യോജിച്ചവ എന്ന് തോന്നുന്ന സ്ഥലങ്ങൾ തിരഞ്ഞെടുക്കാം. കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ആസ്വദിക്കാവുന്ന സ്ഥലങ്ങൾ സിംഗപ്പൂരിൽ ഉണ്ട്. ട്രാവൽ ഏജൻസി വഴി പോവാൻ ഉദ്ദേശിക്കുന്നവർക്ക് കാണേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് കൊടുത്തു അതിന് അനുസരിച്ചു പ്ലാൻ ഉണ്ടാക്കാൻ പറയാം.

 

എന്നാൽ സിംഗപ്പൂർ പോലെ ശക്തമായ public transport facility ഉള്ള രാജ്യങ്ങളിൽ പോവാൻ ഒരു ട്രാവൽ ഏജൻസിയുടെ ആവശ്യം ഇല്ല. നമ്മൾ സ്വയം പ്ലാൻ ചെയ്തു പോവുന്നതാണ് യാത്ര ആസ്വദിക്കാനും ചെലവ് ചുരുക്കാനും നല്ലതു. പോവേണ്ട സ്ഥലങ്ങളെ കുറിച്ച് ഒരു ഗൃഹപാഠം ചെയ്യേണ്ടി വരും എന്ന് മാത്രം. ഓപ്പൺ ആയ സമയം, ടിക്കറ്റ് നിരക്ക്, ചില rules and regulations ഒക്കെ അറിഞ്ഞിരിക്കണം. ഉദാഹരണത്തിന് ചില സ്ഥലങ്ങളിൽ കാമറ ഇപയോഗിക്കാമെങ്കിലും tripod ഉപയോഗിക്കാൻ കഴിയില്ല. ഫ്ലാഷ് ഫോട്ടോ ചില സ്ഥലങ്ങളിൽ അനുവദിക്കില്ല. ഇത്തരം നിയമങ്ങൾ നേരത്തെ അറിഞ്ഞിരിക്കുന്നത് പിന്നീടുള്ള പ്രയാസങ്ങൾ ഒഴിവാക്കാൻ നല്ലതാണ്. Public transport കൂടുതൽ ആശ്രയിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഒരു EZ link card എടുക്കാം. അതൊരു പ്രീപെയ്ഡ് കാർഡ് ആണ്. മെട്രോയിലും ബസിലും എല്ലാം payment ന് ഉപയോഗിക്കാം. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് അങ്ങനെയും പണം അടക്കാം. മെട്രോയിലും ബസ്സിലും ഒക്കെ കൊടുക്കാൻ ചില്ലറ തപ്പി അലയേണ്ടതില്ല ഈ കാർഡ് കൈയിൽ ഉണ്ടെങ്കിൽ .

 

Public transport നെ കുറിച്ച് എടുത്തു പറയാതിരിക്കാൻ വയ്യ. സിംഗപ്പൂരിലെ ഒട്ടു മിക്ക സ്ഥലങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന വിപുലമായ മെട്രോ ആണ് ഇവിടത്തേത്. MRT (Mass rapid transit) എന്നാണ് മെട്രോ അറിയപ്പെടുന്നത്. ഓരോ 2-3 മിനിട്ടിലും മെട്രോ ട്രെയിൻ ഉണ്ട്. കാത്തിരുന്നു മുഷിയേണ്ടതില്ല എന്ന് ചുരുക്കം. North south line, east west line, North east line, down town line, circle line എന്നിങ്ങനെ പല ലൈൻ ആക്കി തിരിച്ചിട്ടുണ്ട് മെട്രോ. നമ്മൾ താമസിക്കുന്ന ലോഡ്ജ് ന് ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷൻ ഏതാണെന്നു അറിഞ്ഞു വെക്കുക. പോവേണ്ട സ്ഥലത്തെ മെട്രോ സ്റ്റേഷനും.. തൊട്ടടുത്ത മെട്രോയിൽ ചെന്നാൽ വളരെ വിശദവും ലളിതവുമായ മെട്രോ മാപ് കാണാം. പോവേണ്ട സ്ഥലം ഏതു ലൈൻ ആണെന്ന് എളുപ്പം മനസിലാക്കാം. നമ്മുടെ ലൈൻ അല്ല പോവേണ്ട സ്ഥലം എങ്കിൽ ഏതു സ്റ്റേഷനിൽ നിന്നാണ് മാറി കയറേണ്ടത് എന്നും മാപ്പിൽ നിന്ന് മനസിലാക്കാം. പോരാത്തതിന് ട്രെയിനിന് അകത്തു announcement ഉം ഉണ്ടാവും. മെട്രോ കവർ ചെയ്യാത്ത സ്ഥലങ്ങളിലേക്ക് ബസ്സ് സർവീസ് ധാരാളം..

 

താമസിക്കാൻ തിരഞ്ഞെടുക്കാവുന്ന ഹോട്ടലുകളുടെ വലിയൊരു നിര തന്നെ വിവിധ സൈറ്റുകളിൽ ലഭ്യമാണ്. ഡൌൺ ടൌൺ, ഓർച്ചാഡ് പോലെയുള്ള സിംഗപ്പൂരിന്റെ കോർ ഏരിയ യിൽ എല്ലാം 5 സ്റ്റാർ മുതൽക്കു മുകളിലേക്കുള്ള ഹോട്ടലുകൾ ആണ്. ഒരു ദിവസത്തിന് 10000 രൂപയ്ക്കു താഴെ റൂം കിട്ടാൻ ബുദ്ധിമുട്ടാണ്. 25000, 40000 വരെ വാടകയുള്ള ഹോട്ടലുകളും ഉണ്ട്. ഹോട്ടലുകളിൽ വലിയ ആർഭാടം വേണ്ട എന്ന് വെക്കാമെങ്കിൽ മെട്രോ ഉള്ള ,താരതമ്യേനെ ചെലവ്തെ കുറഞ്ഞ സ്ഥലത്തു ഏതെങ്കിലും സ്ഥലം തിരഞ്ഞെടുക്കുന്നതാണ് നല്ലതു. മൊത്തം ബഡ്ജറ്റിൽ ഒത്തിരി മാറ്റം വരും. ഇന്ത്യക്കാർ തിങ്ങി പാർക്കുന്ന little india എന്ന സ്ഥലത്തെ ഒരു ഹോട്ടൽ ആണ് ഞങ്ങൾ താമസിക്കാൻ എടുത്തത്. Farrer park metro station ന് തൊട്ടടുത്ത്. ട്രാവൽ ഏജൻസി schedulil പെടാത്ത ഞങ്ങളുടെ എല്ലാ യാത്രയും മെട്രോ വളരെ എളുപ്പമാക്കി. സിംഗപ്പൂരിലെ പ്രശസ്തമായ മുസ്തഫ സ്റ്റോർ ന്റെ തൊട്ടടുത്ത്. തമിഴ്നാട്ടുകാരുടെ ഉപ്പ് തൊട്ടു കർപ്പൂരം വരെ കിട്ടുന്ന ഒരു സ്റ്റോർ ആണ് മുസ്തഫ സെന്റർ. ജോലിക്കാർ അധികവും തമിഴ്‍നാട്ടുകാർ ആണ്. 5 വർഷം മുൻപ് സിംഗപ്പൂരിൽ വന്നപ്പോളും മുസ്തഫയിൽ വന്നു ഷോപ്പിംഗ് നടത്തിയിരുന്നു. മുസ്തഫ സ്റ്റോർ ന്റെ ചെറിയൊരു ഭാഗമാണ് താഴെ കാണുന്നത്. ടൌൺ ന്റെ വൃത്തി കാണിക്കാൻ വേണ്ടി എടുത്ത ഫോട്ടോ ആണ്. തെരുവിൽ ആളുകൾ ചവച്ചു തുപ്പുമോ എന്ന് ഭയന്നിട്ടാണോ ആവോ സിംഗപ്പൂരിൽ ച്യൂയിൻഗം വിൽപ്പന ഇല്ല

 

സിംഗപൂരിലെ റോഡുകൾ ആരെയും മനം കുളിർപ്പിക്കും. പ്രത്യേകിച്ച് ഇന്ത്യക്കാരെ. വീതിയേറിയ വൃത്തിയുള്ള റോഡ്. വൺ വേ.. 6 മുതൽ 8 വരി വരെയുള്ള റോഡുകൾ ആണ്. കുണ്ടും കുഴിയും ഇല്ലാത്ത മികച്ച ഗ്രിപ് നൽകുന്ന റോഡുകൾ. ഹോൺ മുഴക്കൽ ഇല്ലേ ഇല്ല. കാൽ നട യാത്രക്കാരും അങ്ങേയറ്റം മര്യാദ കാണിക്കും. അശ്രദ്ധമായ, അലസമായ റോഡ് ക്രോസ്സിങ് ഒരിക്കലും കാണാൻ കഴിയില്ല. സിഗ്നൽ കിട്ടാൻ ആളുകൾ ക്ഷമയോടെ കാത്തു നിൽക്കും. റോഡ് ക്രോസ്സ് ചെയ്യാൻ ഉള്ള സിഗ്നൽ കിട്ടിയാൽ മാത്രമേ ആളുകൾ റോഡിൽ ഇറങ്ങൂ. 20 sec ആണ് സമയം. ചിലപ്പോൾ 20 sec കഴിഞ്ഞാലും ആളുകൾ ക്രോസ്സ് ചെയ്തു തീർന്നു കാണില്ല. എന്നാലും അക്ഷമായോടെയുള്ള ഒരു ഹോൺ മുഴക്കലോ ചീത്ത വിളിയോ കേൾക്കാൻ കഴിയില്ല.

 

റോഡിൽ അധികവും വൻകിട കാറുകൾ ആണ്. ടൊയോട്ടയുടെ മുന്തിയ മോഡലുകൾ ധാരാളം ഉണ്ട്. Hyunadi i40 ആണ് ടാക്സികളിൽ അധികവും. Bmw, mercidez, jaguar, ലുമ്പോർഗിനി, ഫെറാറി എല്ലാം സുലഭം. തായ്‌ലൻഡ് നെ അപേക്ഷിച്ചു ബൈക്കുകളുടെ എണ്ണം വളരെ കുറവാണ്. കുതിച്ചു പായുന്ന ഹാർലി ബൈക്കുകൾ ഇടയ്ക്കു കാണാം. തെരുവിലൂടെ ഒറ്റ ചക്രവും രണ്ടു ചക്രവും ഉള്ള സൈക്കിൾ ഉപയോഗിച്ച് പായുന്ന ആളുകളെയും കാണാം.

 

ജീവിതം ആസ്വധിക്കുന്നവർ ആണ് സിംഗപ്പൂർ ജനങ്ങൾ. പല തെരുവുകളും പാതി രാത്രി കഴിഞ്ഞും ആക്റ്റീവ് ആണ്. പാട്ടും ഡാൻസും സ്ട്രീറ്റ് ഷോ കളും എല്ലാം കാണാം. ആരും മറ്റൊരാളെ ശ്രദ്ധിക്കുകയോ ശല്യം ചെയ്യുകയോ ഇല്ല. മൊബൈലിലേക്ക് മുഖം പൂഴ്ത്തി അല്ലാതെ ഒരു സിംഗപൂരിയെ കണ്ടു കിട്ടാൻ വലിയ പ്രയാസമാണ്. കാർ ഓടിക്കുമ്പോൾ വരെ മൊബൈൽ കുത്തുന്നത് കാണാം. ബസ്സ് സ്റ്റോപ്പ്, മെട്രോ, പൊതു സ്ഥലങ്ങൾ എന്ന് വേണ്ട എവിടെയും അവർ നിൽക്കുന്നത് മൊബൈലിൽ മുഖം പൂഴ്ത്തിയാണ്. പലരുടെയും ചെവിയിൽ ear phone ഉണ്ടാവും. വ്യായാമത്തിലും ഉണ്ട് അവരുടേതായ രീതികൾ. നാട്ടുച്ചക്കും രാത്രിയിലും എല്ലാം നടപ്പാതയിലൂടെ ജോഗിങ് ചെയ്യുന്നവരെ കാണാം. ആൺ പെൺ വ്യത്യാസം ഇല്ല. ജനങ്ങൾക്ക് സുഖമായി നടക്കാനും ഓടാനും എല്ലാം മികച്ച നടപ്പാതകൾ ഉണ്ട് എല്ലായിടത്തും. വാഹനങ്ങൾക്ക് ആളുകളെ കൊണ്ട് ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കാൻ ഉള്ള മികച്ച മുൻകരുതൽ ആണിത്.

 

ഇപ്പോൾ ഇവിടെ ദീപാവലിക്ക് ഉള്ള ഒരുക്കങ്ങൾ നടക്കുന്നു. ഞങ്ങൾ താമസിച്ച ഹോട്ടൽ ഇന്ത്യക്കാർ തിങ്ങി താമസിക്കുന്ന സ്ഥലത്താണ് എന്ന് പറഞ്ഞല്ലോ. ഈ തെരുവ് മുഴുവൻ ദീപങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്ഇ.വിടെ വന്നിറങ്ങിയപ്പോൾ ആ കാഴ്ച പുതുമായുള്ളതായി.

 

തുടർന്നുള്ള യാത്ര അനുഭവങ്ങളും ഫോട്ടോകളും അടുത്ത പോസ്റ്റുകളിൽ വിശദമാക്കാം

Read More

സെന്തൊസ -- സന്തോഷങ്ങളുടെ ദ്വീപ്‌ (Part 2)

വൈകുന്നേരം 4 മണിക്കാണ് സെന്റോസയിലേക്കു പുറപ്പെടുന്നത്. സിംഗപ്പൂരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണിത്. എല്ലാ പ്രായക്കാർക്കും ആസ്വദിക്കാവുന്ന രീതിയിലാണ് സെന്റോസ ഒരുക്കിയിരിക്കുന്നത്. പ്രശസ്തമായ യൂണിവേഴ്സൽ സ്റ്റുഡിയോയും madam Tussaud's wax മ്യൂസിയവുമെല്ലാം സെന്റോസയിലാണ്.

സെന്റോസയിലേക്കു പ്രവേശിക്കാൻ ഒരു ചെറിയ ഫീസ് ഉണ്ട്. വേറെയും ചില സ്ഥലങ്ങൾ ഉണ്ടത്രേ സിംഗപ്പൂരിൽ ഇങ്ങനെ പ്രവേശന ഫീസ് കൊടുക്കേണ്ടവ. ഞങ്ങളുടെ ഡ്രൈവർ 4 ഡോളർ അവിടെ അടക്കാൻ ആവശ്യപ്പെട്ടു. വലിയൊരു കവാടത്തിനു മുന്നിൽ ഞങ്ങളെ ഇറക്കി. 4.30 pm തൊട്ടു 9pm വരെയാണ് ഞങ്ങൾക്ക് അവിടെ കറങ്ങാൻ ഉള്ള സമയം. ഏതാനും ചില ടിക്കറ്റുകൾ കൈവശം ഉണ്ടെന്നതൊഴിച്ചാൽ ഞങ്ങൾക്ക് സെന്റോസയെ കുറിച്ച് ഒരു രൂപവും ഇല്ല. പ്രധാന കവാടത്തിലൂടെ കുറെ ദൂരം താഴേക്ക് ഇറങ്ങി ചെന്നിട്ടും അധികം ആളുകളെയോ ഞങ്ങൾക്ക് പോവേണ്ട സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങളോ കണ്ടില്ല. ഗൂഗിൾ മാപ് നോക്കിയപ്പോൾ ഞങ്ങൾക്ക് പോവേണ്ട sea അക്വാറിയം 1.5km അകലെയാണ് കാണിക്കുന്നത്. ഒറ്റ ചക്രവും രണ്ടു ചക്രവും ഉള്ള സൈക്കിൾ ഉപയോഗിച്ച് ചെറുപ്പക്കാർ ചീറിപ്പായുന്നുണ്ട്‌. അങ്ങനെ പോവേണ്ടി വരുമോ എന്ന് ഓർത്തു നിൽക്കുമ്പോളാണ് പലവാൻ ബീച്ച് എന്ന ബോർഡ് കണ്ടത്. സെന്റോസയിലെ ബീച്ചുകളെ കുറിച്ച് നേരത്തെ ഗൂഗിളിൽ നോക്കി ഒരു ഏകദേശ ധാരണ ഞാൻ ഉണ്ടാക്കിയിരുന്നു. ഏതാനും മാസങ്ങൾക്ക് മുന്നേ തൈലാന്റിൽ കണ്ട ബീച്ചുകളുടെ പോലെ ആകർഷകമല്ലാത്തതിനാൽ സെന്റോസ ബീച്ചുകൾ ഞങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നില്ല. തൊട്ടു മുന്നിൽ മറ്റൊന്നും കാണാത്തതിനാൽ പലവാൻ ബീച്ചിൽ ഉണ്ടെന്നു അറിയാമായിരുന്ന തൂക്കുപാലം ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. വളഞ്ഞും പുളഞ്ഞും വളരുന്ന തെങ്ങുകൾ ഈ ബീച്ചിന് ഒരു പ്രത്യേക ഭംഗി നൽകുന്നുണ്ട്.

 

കുറെ കൂടി മുന്നോട്ട് നടന്നപ്പോൾ തൂക്കുപാലത്തിനു അരികെയെത്തി. ഗൂഗിൾ ഫോട്ടോകളിൽ കണ്ടതിലും ഭംഗിയുണ്ട് ഇവിടം. തൂക്കുപാലത്തിനു താഴെ പച്ച നിറത്തിലുള്ള വെള്ളവും മണലും ചേർന്ന് നല്ലൊരു കാഴ്ചയാണ്. പാലം കടന്നു അപ്പുറത്തു ചെന്നാൽ ഗോപുരം പോലെ ഉയരമുള്ള 2 കെട്ടിടങ്ങൾ ഉണ്ട്. അതിൽ കയറിയാൽ അകലെയുള്ള കാഴ്ചകൾ കൂടി കാണാം

 

ബീച്ച് കണ്ടു കഴിഞ്ഞു വീണ്ടും ഞങ്ങൾക്ക് പോവേണ്ട സ്ഥലം എങ്ങനെ കണ്ടെത്തും എന്നതായി ചിന്ത. വന്ന വഴിയിലൂടെ അലക്ഷ്യമായി തിരിച്ചു നടക്കുന്നതിനിടെ ഇൻഫർമേഷൻ കൌണ്ടർ എന്ന ബോർഡ് കണ്ടു. നേരെ അങ്ങോട്ട് വച്ച് പിടിച്ചു. അവിടെ ഇരിക്കുന്ന ആളോട് സംസാരിച്ചപ്പോൾ എങ്ങനെയാണ് സെന്റോസയുടെ കിടപ്പ് എന്നും എങ്ങനെയാണ് സ്ഥലങ്ങൾ കാണേണ്ടതെന്നും നിമിഷങ്ങൾക്കുള്ളിൽ മനസിലായി. സെന്റോസയിലെ ടൂറിസ്റ്റ് പോയിന്റുകൾ എല്ലാം തന്നെ പല പല ഭാഗങ്ങളിൽ ആയാണ് ഉള്ളത്. ഈ സ്ഥലങ്ങളെയെല്ലാം മോണോ റയിൽ വഴി പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. ബീച്ച് സ്റ്റേഷൻ, വാട്ടർ ഫ്രണ്ട് സ്റ്റേഷൻ, ഇമ്പിയാ സ്റ്റേഷൻ, സെന്റോസ സ്റ്റേഷൻ, എന്നിങ്ങനെ പല സ്റ്റേഷനുകളുണ്ട്. സെന്റോസയിൽ കാണാൻ ഉള്ള എല്ലാ കാര്യങ്ങളും ഈ സ്റ്റേഷനുകളുടെ പരിസരങ്ങളിലാണുള്ളത്. മോണോ റയിലിൽ കയറാൻ പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടതില്ല. എത്ര തവണ വേണമെങ്കിലും കയറുകയുമാവാം.

 

മോണോ റയിൽ വഴിയുള്ള യാത്ര തന്നെ രസകരമാണ്. ഒരു സ്റ്റേഷനിലും ഇറങ്ങാതെ ചുമ്മാ കാഴ്ച കാണാൻ ഒന്ന് കറങ്ങുകയും ആവാം

 

വാട്ടർ ഫ്രണ്ട് സ്റ്റേഷനിലെ SEA അക്വാറിയം ആണ് ഞങ്ങൾക്ക് ഇവിടെ കാണാൻ ഉള്ള പ്രധാന സ്ഥലം. സെന്റോസയിലെ വിനോദങ്ങളെ കുറിച്ച് ഗൂഗിളിൽ തപ്പിയപ്പോൾ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നായിരുന്നു ഈ വമ്പൻ അക്വാറിയം. ട്രാവൽ ഏജൻസിയിൽ പ്രത്യേകം പറഞ്ഞാണ് SEA അക്വാറിയം ഉൾപ്പെടുത്തിയത്. ഒരു മണിക്കൂറോളം നടന്നു കാണാൻ മാത്രം വലിപ്പമുണ്ട് ഇതിന്. സാധാരണ അക്വാറിയങ്ങളിൽ നിന്ന് വ്യത്യസ്തമായി ഫ്രെയിമിനകത്തു മീനുകളെ കാണുന്ന പോലെ മാത്രമല്ല ഇവിടം. ടണൽ പോലെ ഉള്ള ഈ ഭാഗം ആണ് ഏറ്റവും മനോഹരം. സ്രാവ് ഉൾപ്പെടെയുള്ള വലിയ മീനുകൾ തലയ്ക്കു മുകളിലൂടെയും വശങ്ങളിലൂടെയുമെല്ലാം തൊട്ടടുത്ത് എത്തും. ഇത്തരം ഒരു കാഴ്ച മുൻപ് കണ്ട അക്വാറിയങ്ങളിൽ ഒന്നും കണ്ടിട്ടില്ല.

 

രാവിലെ സിറ്റി ടൂർ ന് കുറെ നേരം വെയിലത്ത് കറങ്ങിയ ശേഷമാണ് സെന്റോസയിൽ കറങ്ങുന്നത്. ഒരു മണിക്കൂർ അക്വാറിയം ചുറ്റി കഴിഞ്ഞപ്പോളെക്കും ആകെ ക്ഷീണിച്ചു. ഒരു കാപ്പി കുടിക്കണം എന്നതാണ് അടുത്ത ലക്ഷ്യം. തൊട്ടടുത്ത് തന്നെ Gong cha എന്ന ഒരു ടീ ഷോപ്പ് ആണ് കണ്ടത്. സാധാരണ ചായ അല്ല. ഐസ് ഇട്ടു തണുപ്പിച്ച വ്യത്യസ്ത തരം ചായകൾ.. 30 ഇനങ്ങളോളം ഉണ്ട്. ലിച്ചി ഫ്രൂട് ടീ ആണ് ഞങ്ങൾ ഓർഡർ ചെയ്തത്. മധുരം, ഐസ് ഇവയൊക്കെ എത്ര ശതമാനം വേണം എന്ന് നമുക്ക് നിർദ്ദേശിക്കാം. അത് പോലെ ഉണ്ടാക്കി തരും. ലിച്ചി ഫ്രൂട് ടീ വളരെ രസകരം.. ലിച്ചി ഫ്രൂട് പീസ് കയറാൻ പാകത്തിലുള്ള വലിയ സ്ട്രൗ വച്ചാണ് കുടിക്കുന്നത്.. ഒറ്റയിരുപ്പിൽ തന്നെ മറ്റൊരു തരം ടീ കൂടി കുടിച്ചാണ് അവിടന്ന് എഴുന്നേറ്റത്.. അതിന്റെ പേര് മറന്നു പോയി 😊. ക്ഷീണമൊക്കെ അതോടെ തീർന്നു .

 

പിന്നീട് നേരെ പോയത് ചില റൈഡുകളിലേക്കാണ്. ഇമ്പിയാ സ്റ്റേഷനിൽ ഇറങ്ങി വേണം ഈ റൈഡുകളിൽ പോവാൻ. Sky റൈഡ് ന് പുറമെ കേബിൾ കാർ സർവീസ് ഉണ്ട്. രണ്ടിൽ കയറിയാലും സെന്റോസ ദ്വീപിന്റെ വിശാലമായ കാഴ്ചകൾ കാണാം. ഞങ്ങൾ ടൂർ പ്ലാൻ ചെയ്യുന്നു സമയത്തു കേബിൾ കാർ സർവീസ് അറ്റകുറ്റ പണികൾക്കു വേണ്ടി അടച്ചിരിക്കുകയായിരുന്നു. അസ്തമയ സമയത്തുള്ള sky ride വളരെ രസകമാണ്

 

സ്കൈ റൈഡ് ചെന്നിറങ്ങുന്നത് wings of time എന്ന ലേസർ ഷോ നടക്കുന്ന കടൽ തീരത്തേക്കാണ്. ഈ ഷോ കാണാനും ഞങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ട്.

 

Wings of time ഷോ തുടങ്ങുന്നതിനു മുന്നേ ഏതാനും മണിക്കൂറുകൾ ബാക്കി ഉണ്ട്. സെന്റോസ സ്റ്റേഷനിലേക്കുള്ള മോണോ റെയിൽ പിടിച്ചു ഞങ്ങൾ സെന്റോസ merlion എന്ന കൂറ്റൻ പ്രതിമയ്ക്ക് മുന്നിൽ എത്തി. മറീന ബെയിലെ കൊച്ചു merlion പ്രതിമ പോലെ അല്ല ഇത്. ഫോട്ടോയിൽ ഒരു കുഞ്ഞു പ്രതിമയാണ് തോന്നുന്നെങ്കിലും 37 മീറ്റർ ആണ് ഇതിന്റെ ഉയരം. 11 നിലകൾ ഉണ്ട് ഈ പ്രതിമയ്ക്ക്. ടിക്കറ്റ് എടുത്തു മുകളിൽ കയറിയാൽ കുറെ ദൂരക്കാഴ്ചകൾ കാണാം.

 

പിന്നീട് wings of time ഷോ കാണാനായി ബീച്ച് ഫ്രണ്ട് സ്റ്റേഷനിലേക്ക്.. സെന്റോസ ദ്വീപിലെ entertainments ഇൽ ഏറ്റവും കൂടുതൽ പേർ ഇഷ്ടപ്പെട്ടത് ഈ ഷോ ആണത്രേ. 18 ഡോളർ ആണ് ടിക്കറ്റ് ചാർജ്. കടലിൽ തീരത്തോട് ചേർന്നാണ് ഷോ നടക്കുന്നത്. മുൻനിരയിൽ തന്നെ ഇരിപ്പുറപ്പിച്ചു ഞങ്ങൾ. ഇരുട്ട് വീഴുന്നതിന്ന് മുന്നേ തന്നെ ക്യാമറ ഫോക്കസ് ചെയ്തു വച്ചു. ഷോക്കിടയിൽ ചെറിയൊരു water spray ഉണ്ടാവും എന്ന് മുന്നറിയിപ്പ് കിട്ടി. എന്നാൽ സാമാന്യം നല്ല രീതിയിൽ നനയുന്ന തരത്തിൽ ഉള്ള ഒരു spray ആണ്‌ കിട്ടിയത്. 20 മിനിറ്റു നേരത്തെക്കുള്ള ഈ ഷോ കണ്ണിനു ഒരു വിരുന്നു തന്നെയായിരുന്നു.

 

ഷോ കഴിഞ്ഞു ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ ഞങ്ങളെ തിരിച്ചു ഹോട്ടലിൽ എത്തിക്കാൻ ഡ്രൈവർ വന്നു. തൊട്ടടുത്ത ദിവസം വീണ്ടും ഞങ്ങൾ സെന്റോസയിൽ വരുന്നുണ്ട്. യൂണിവേഴ്സൽ സ്റ്റുഡിയോ കാണാൻ.. നേരത്തെ ഇമ്പിയാ സ്റ്റേഷനിൽ നിന്ന് തിരിച്ചു വരുമ്പോൾ നരേന്ദ്ര മോദിയുടെ വലിയൊരു പോസ്റ്റർ കണ്ടു.. എന്താണ് മോദിക്ക് ഇവിടെ കാര്യം എന്ന് കരുതി ശ്രദ്ധിച്ചപ്പോൾ madame tussauds wax മ്യൂസിയത്തിൽ പുതുതായി സ്ഥാപിച്ച മോദി പ്രതിമയുടെ പരസ്യമാണ്. നേരത്തെ എന്നോ പത്രത്തിൽ വായിച്ച ഒരു ചെറിയ ഓർമ വന്നു. ഇന്ത്യക്കാർ അടക്കമുള്ള നിരവധി പേരുടെ ജീവൻ തുളുമ്പുന്ന മെഴുകു പ്രതിമകൾ ഇവിടെയുണ്ട്. ഞങ്ങളുടെ schedule ഇൽ ഈ മ്യൂസിയം ഉൾപ്പെടുത്തിയിട്ടില്ല. തൊട്ടടുത്ത ദിവസം യൂണിവേഴ്സൽ സ്റ്റുഡിയോ പര്യടനം കുറച്ചു നേരത്തെ അവസാനിപ്പിച്ചു ഈ മ്യൂസിയം കൂടി കാണണം എന്ന് അപ്പോൾ തന്നെ തീരുമാനിച്ചു. അതെ കുറിച്ച് അടുത്ത പോസ്റ്റിൽ .......

Read More

Clarke Quay: എ നൈറ്റ് അട്ട്രാക്ഷൻ ഓഫ് സിങ്കപ്പൂർ (Part 3)

സിംഗപ്പൂരിൽ ഏതെങ്കിലും ദിവസം രാത്രി ഫ്രീ ആണോ , എങ്കിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലമാണ് clarke quay. സിംഗപ്പൂർ നദിയുടെ ഇരു കരകളിലായി നിർമിച്ചിരിക്കുന്ന മനോഹരമായ പട്ടണമാണ് clarke quay. സിംഗപ്പൂരിനെ ഒരു വ്യാവസായിക നഗരമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച അവിടത്തെ രണ്ടാമത്തെ ഗവർണർ ജനറൽ Andrew Clarke നോടുള്ള ആദര സൂചകമായാണ് ഇ ടൗണിനു പേരിട്ടിരിക്കുന്നത്. നിരവധി ഹോട്ടലുകളും ഷോപ്പിംഗ് മാളുകളും ബാറുകളും മറ്റു entertainments ഉം നിറഞ്ഞ ഒരു ടൌൺ. സാമാന്യം നല്ല ഒരു ക്യാമറയും ട്രൈപോഡും ഉണ്ടെങ്കിൽ കിടിലൻ ഫോട്ടോകൾക്കുള്ള വകുപ്പുണ്ട് ഇവിടം. സിംഗപ്പൂർ യാത്രക്ക് ഒരുങ്ങുന്ന സമയത്തു തന്നെ clarke quay എന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. കാണണം എന്ന് അന്നേ തീരുമാനിച്ചിരുന്നു.

യൂണിവേഴ്സൽ സ്റ്റുഡിയോ കാണാൻ വേണ്ടി മാറ്റിവച്ച ദിവസം നേരത്തെ ഫ്രീ ആവുന്നതിനാൽ അന്ന് രാത്രിയാണ് clarke quay കാണാൻ പ്ലാൻ ഇട്ടതു. എങ്ങനെ അവിടം എത്തിപ്പെടും എന്നതായിരുന്നു ആദ്യം ചിന്തിച്ചത്. ഹോട്ടൽ റിസപ്ഷനിൽ ഇരുന്ന സ്ത്രീയോട് ചോദിച്ചപ്പോൾ തൊട്ടടുത്ത farrer park മെട്രോ സ്റ്റേഷനിൽ നിന്നും direct മെട്രോ കിട്ടും എന്ന് പറഞ്ഞു. ടാക്സി എടുക്കാതെ കുറഞ്ഞ ചിലവിൽ പോവാം..

 

Farrer park സ്റ്റേഷനിൽ നിന്ന് ഏതാനും മിനിറ്റുകൾ കൊണ്ട് തന്നെ Clarke quay യിലേക്കുള്ള മെട്രോ ട്രെയിൻ കിട്ടി. Clarke quay സ്റ്റേഷനിൽ ഇറങ്ങി പുറത്തു വന്നപ്പോൾ കണ്ടത് വലിയ ഒരു ടൌൺ. നേരത്തെ ഫോട്ടോയിൽ കണ്ട സ്ഥലങ്ങൾ ഒന്നും കാണുന്നില്ല. ഗൂഗിൾ മാപ് എടുത്തു ഏതാനും അടി മുന്നോട്ടു നടന്നപ്പോൾ വലിയ ഒരു ബ്രിഡ്ജ് കണ്ടു. അത് തന്നെയായിരിക്കും സിംഗപ്പൂർ നദിക്കു കുറുകെയുള്ള പാലം എന്ന് ഊഹിച്ചു. നിറയെ ലൈറ്റുകൾ ഉള്ള വീതിയേറിയ ബ്രിഡ്ജിജിൽ കയറിയപ്പോൾ ഗൂഗിളിൽ കണ്ട കാഴ്ചകൾ ഞങ്ങളും കണ്ടു. പല വിധ വർണ്ണങ്ങളിൽ കുളിച്ചു നിൽക്കുന്ന clarke quay. നദിക്കു ഇരു വശങ്ങളിലുമായി വലിയ കെട്ടിടങ്ങൾ.. അവയിൽ നിന്നുമുള്ള വിവിധ നിറത്തിലുള്ള ലൈറ്റുകളുടെ പ്രകാശം നദിയിൽ പ്രതിഫലിക്കുന്നു. കരയോട് ചേർന്ന് നിരവധി യാത്രാ ബോട്ടുകൾ നിർത്തിയിട്ടിരിക്കുന്നു. നദിയിൽ ഇപ്പോഴും ബോട്ടുകൾ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. ബ്രിഡ്ജിജിനു മുകളിൽ നിന്ന് സ്വസ്ഥമായി കാഴ്ചകൾ ആസ്വദിക്കാം. വാഹനങ്ങളുടെ ശല്യം ഇല്ലാത്ത വലിയ നടപ്പാതയുണ്ട് പാലത്തിൽ. നടപ്പാതയുടെ വശങ്ങളിൽ ചില ഭാഗങ്ങൾ നിന്നുകൊണ്ട് കാഴ്ചകൾ കാണാൻ പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്.

 

പാലത്തിലൂടെ കുറച്ചു കൂടി മുന്നോട്ടു നടന്നു നദിയുടെ മറുകരയിൽ എത്തി. നദിയുടെ വശങ്ങളിൽ നിറയെ ഷോപ്പുകൾ ആണ്. ഹോട്ടലുകളും നിരവധി. സ്നൂക്കർ ഉൾപ്പെടെയുള്ള വിനോദങ്ങൾക്കുള്ള സ്ഥലവും ഉണ്ട്. മദ്യ ഷോപ്പുകളിൽ ആളുകൾ സ്വസ്ഥമായി ഇരുന്നു മദ്യപിക്കുന്നു. വലിയ തിരക്കില്ല ഒന്നിലും. ആരും മദ്യം കഴിച്ചു പാമ്പിനെ പോലെ ഇഴയുകയോ ശല്യം ഉണ്ടാകുകയോ ചെയ്യുന്നില്ല. നടപ്പാതയിൽ തന്നെയുള്ള restaurant കളിൽ നിറയെ വർണ്ണ വിളക്കുകൾ ഉണ്ട്. അവയുടെ കീഴിൽ ആളുകൾ ആസ്വദിച്ചു ഭക്ഷണം കഴിക്കുന്നു. ചെവിയിൽ ear phone തിരുകി ജോഗിങ് ചെയ്യുന്നവരും ഒട്ടേറെ ഉണ്ട്. ജോഗിങ് ചെയ്യാൻ ഇവർക്കങ്ങനെ പ്രത്യേകിച്ച് സമയം ഒന്നും ഇല്ല. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ നട്ടുച്ചയ്ക്ക് ജോഗിങ് ചെയ്യുന്ന കാഴ്ച മറീന ബേയിൽ കണ്ടിരുന്നു.

 

നേരത്തെ വലിയ ബ്രിഡ്ജ് വഴി നദിക്കരയില്‍ എത്തിയവര്‍ക്ക് തിരിച്ചു പോവാന്‍ വീണ്ടും തിരിഞ്ഞു നടക്കേണ്ടതില്ല. ഇരു കരകളെയും ബന്ധിപ്പിച്ചുകൊണ്ട് മറ്റൊരു നടപ്പാത നദിക്കു കുറുകെ നിര്‍മ്മിച്ചിരിക്കുന്നു. നീല നിറത്തില്‍ അലങ്കരിച്ച ആ നടപ്പാത വഴി ഞങ്ങള്‍ നദി മുറിച്ചു കടന്നു അപ്പുറതെത്തി. നദിയിലേക്ക് ഇറക്കി കെട്ടിയ സ്റ്റെപ്പുകളില്‍ ആളുകള്‍ വെറുതെ ഇരിക്കുന്നു. ഒറ്റയ്ക്കും അല്ലാതെയും. ചിലര്‍ മൊബൈലില്‍ നോക്കി കൊണ്ടിരിക്കുന്നു.. മറ്റു ചിലര്‍ പരസ്പരം സംസാരിച്ചിരിക്കുന്നു. കുറച്ചു നേരം അത് പോലെ ഇരിക്കണം എന്നൊരു ആഗ്രഹം തോന്നാതിരുന്നില്ല. തിരിച്ചു Farrer park ലേക്ക് അവസാന ട്രെയിന്‍ എപ്പോഴാണെന്ന് ഉറപ്പില്ലാത്ത കാരണം ഞങ്ങള്‍ തിരിച്ചു നടന്നു.. Clarke Quay യുടെ മനോഹാരിത ആസ്വദിച്ച സന്തോഷത്താല്‍.......

 

 

 

 

Read More

സിങ്കപ്പൂർ സിറ്റി ടൂർ (Part 4)

തലേ ദിവസത്തെ ദീപാവലി അലങ്കാരങ്ങളുടെ ഫോട്ടോ എടുത്തു വൈകിയാണ് ഉറങ്ങിയതെങ്കിലും രാവിലെ നേരത്തെ എണീറ്റു. 9.30 am ന് ആണ് ഞങ്ങളുടെ half day സിറ്റി ടൂർ. തൊട്ടടുത്ത ഹോട്ടലിൽ താമസിച്ചിരുന്ന ഒരു കൊൽക്കത്ത ഫാമിലിയെയും കൂട്ടിയാണ് ഞങ്ങൾക്ക് പോവാൻ ഉള്ള കാബ് എത്തിയത്. Half day കൊണ്ട് സിംഗപ്പൂർ സിറ്റി എന്ത് കാണാൻ ആണെന്ന് ഞാൻ ഓർത്തു. ട്രാവൽ ഏജൻസി ഗ്രൂപ് ടൂർ ആണ്. Schedule വിട്ടു ഒരു കളിയും ഉണ്ടാവില്ല. അത് മുൻകൂട്ടി കണ്ടാണ് ഏജൻസി schedule ഇൽ പെടാത്ത ഒരു free day ഞാൻ ഉൾപ്പെടുത്തിയത്.

ഹോട്ടലിൽ നിന്ന് ക്യാബ് ഡൌൺ ടൌൺ ലക്ഷ്യമാക്കി നീങ്ങി. ഏതാനും കിലോമീറ്ററുകൾ പിന്നിട്ടപ്പോൾ നേരത്തെ കണ്ടു പരിചയമുള്ള സ്ഥലങ്ങൾ കണ്ടുതുടങ്ങി. നേരത്തെ സിംഗപ്പൂർ വന്നപ്പോൾ മറീന ബേയുടെ അടുത്തുള്ള സ്വിസ്സോടെൽ ദി സ്റ്റാംഫോഡിൽ ആയിരുന്നു ഞാൻ താമസിച്ചത്. അതിനു മുന്നിലൂടെ തന്നെയാണ് ഞങ്ങളുടെ ക്യാബ് കടന്നു പോവുന്നത്.

 

ആദ്യത്തെ പോയിന്റ് സിംഗപ്പൂർ ഫ്ലയർ ആണ്. ടൂർ ഏജൻസിയിൽ ഞാൻ പ്രത്യേകം പറഞ്ഞു ഉൾപ്പെടുത്തിച്ചതാണ് flayer. സിംഗപ്പൂർ ടൌൺ ന്റെ ഒരു വിശാലമായ കാഴ്ച കിട്ടാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണ് flayer എന്ന് നേരത്തെ വായിച്ചിരുന്നു. മറീന ബേ sands ഹോട്ടൽ ന്റെ മുകളിലത്തെ നിലയിലെ സ്കൈ പാർക് ആണ് ടൌൺ മുഴുവൻ കാണാൻ പറ്റിയ മറ്റൊരു പോയിന്റ്. Flayer ഇൽ കയറാൻ ഒരാൾക്ക് 33 ഡോളറും sands ന്റെ സ്കൈ പാർക്കിൽ കയറാൻ 23 ഡോളറും ആണ് ചാർജ്. ഇതിൽ രണ്ടിലും കയറണം എന്ന് നേരത്തെ തീരുമാനിച്ചിരുന്നു.

 

ടൂറിസ്റ്റുകൾ ചെല്ലുന്നിടം എങ്ങനെ മനോഹരമാക്കാം എന്ന് നല്ല ബോധ്യം സിംഗപൂർകാർക്കുണ്ട്. Flayer ന്റെ അടിഭാഗത്തുള്ള ചെറിയ സ്ഥലം പോലും കൊച്ചു വെള്ളച്ചാട്ടം ഉൾപ്പെടെ ഉള്ള ഒരു പൂന്തോട്ടമാക്കി മാറ്റിയിരിക്കുന്നു. ഫ്ലയെറിൽ നിന്ന് ഇറങ്ങിയാൽ ഈ പൂന്തോട്ടത്തിൽ കുറച്ചു നേരം വിശ്രമിക്കുകയും ആവാം

 

ഉയരത്തിൽ അതിവേഗം കറങ്ങി രസിപ്പിക്കാനുള്ള ഒന്നല്ല flayer. സിംഗപ്പൂർ സിറ്റിയുടെ ഭംഗി സഞ്ചാരികളെ കാണിക്കാനാണ് flayer. അതുകൊണ്ടു തന്നെ കറങ്ങുന്നുണ്ടോ എന്ന് പോലും സംശയം ജനിപ്പിക്കുന്നത്ര പതുക്കെയാണ് കറക്കം. 5-6 പേർക്ക് സുഖമായി ഇരിക്കാവുന്നതും എണീറ്റ് നടക്കാവുന്നതുമായ ക്യാബിനാണ് flyer ന് ഉള്ളത്. ചുറ്റും ഗ്ലാസ് ആയതു കൊണ്ട് കാഴ്ചക്ക് തടസം ഇല്ല. ഉയർന്ന ക്ലാസ് ടിക്കറ്റ് ന് കൂടുതൽ മികച്ച സൗകര്യങ്ങൾ ഉള്ള vip ക്യാബിനുകളും ഉണ്ട്. Flayer ഉയർന്നു പൊങ്ങുന്നത് അകത്തു ഇരുന്നാൽ അറിയില്ല. കാഴ്ചകൾ മാറി മാറി വരുമ്പോൾ മാത്രമേ കറങ്ങിക്കൊണ്ടിരിക്കുകയാണെന്നു തോന്നൂ.

 

Flayer ഇൽ നിന്നും മറീന ബേ സാൻഡ്സ് ഹോട്ടലിന്റെ ദൃശ്യം. സാൻഡ്സ് ഹോട്ടൽ സിംഗപ്പൂരിന്റെ പ്രൗഢി വിളിച്ചോതുന്ന നിർമ്മിതിയാണ്. വെറും ഒരു ആഡംബര ഹോട്ടൽ മാത്രമല്ല സാൻഡ്സ്. സിംഗപ്പൂരിലെ ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് .തൊട്ടടുത്ത് കാണുന്ന താമര ആകൃതിയിൽ ഉള്ള കെട്ടിടം സിംഗപ്പൂർ ആർട്സ് ആൻഡ് സയൻസ് സെന്റർ ആണ്. ഇവയെ കുറിച്ച് വിശദമായി പിന്നീട് പറയാം.

 

ഏതാണ്ട് മുക്കാൽ മണിക്കൂർ എടുക്കും flayer ഇൽ നിന്ന് ഇറങ്ങാൻ. താഴെയുള്ള ഗാർഡനിൽ ഏതാനും മിനിറ്റുകൾ ചെലവഴിച്ചാണ് തിരിച്ചു ക്യാബിൽ കയറിയത്.

 

അടുത്ത പോയിന്റ് മറീന ബേയിലെ പ്രശസ്തമായ മേർലിയൊൻ പാർക്കാണ്. Merlion സിംഗപ്പൂരിന്റെ ദേശീയ മുദ്രയാണ് സിങ്കപ്പൂർ ടൂറിസം ബോർഡ് 1964 ഇൽ ഡിസൈൻ ചെയ്തതാണ് ഇത്. മത്സ്യത്തിന്റെ ശരീരവും സിംഹത്തിന്റെ തലയും.ഉള്ള ഈ എംബ്ലം സിങ്കപ്പൂർ ടൂറിസം ബോർഡിന്റെ കീഴിൽ ട്രേഡ് മാർക്ക് റീജിസ്ട്രേഷൻ ഉള്ളതാണ്. 20 മിനിറ്റ് ആണ് ഇവിടെ തങ്ങാൻ അനുവദിച്ച സമയം. എല്ലാ സമയവും ടൂറിസ്റ്റുകളുടെ തിരക്കുള്ള സ്ഥലമാണ് ഇവിടം. കഴിഞ്ഞ തവണ ഇവിടെ വന്നപ്പോൾ sky വളരെ bland ആയിരുന്നു. ഇത്തവണ നിറയെ മേഘങ്ങളൊക്കെയായി വളരെ ഭംഗി തോന്നിച്ചു. Merlion ഫോട്ടോ എടുക്കാൻ നല്ല ബാക് ഗ്രൗണ്ട് ..

 

സിറ്റി ടൂറിന്റെ അവസാന പോയിന്റ് സിംഗപ്പൂരിലെ അതി പുരാതനമായ ചൈനീസ് ആരാധനാലായമായ തിയാൻ ഹോക്ക് കേങ് temple ആണ്. 1839 ഇൽ ചൈനീസ് കുടിയേറ്റക്കാർ നിർമ്മിച്ച അമ്പലമാണിത്. അമ്പലത്തിന്റെ ഏറ്റവും ഉൾഭാഗത്തു മാത്രം ഫോട്ടോ എടുക്കാൻ വിലക്കുണ്ട്. ചൈനക്കാരുടെ സാന്നിധ്യം അതി പുരാതന കാലം മുതലേ സിംഗപ്പൂരിലുണ്ട്. സിംഗപ്പൂരിൽ ബിസിനസ് ചെയ്തു വിജയിക്കണമെങ്കിൽ ചൈനീസ് ഭാഷ നല്ലവണ്ണം അറിയണം എന്ന് സിംഗപ്പൂരിൽ സാമ്രാജ്യം പടുത്തുയർത്തിയ ഒരു ബിസിനിസ്കാരൻ പറഞ്ഞത് എവിടെയോ വായിച്ചിരുന്നു. ചൈന ടൌൺ എന്ന സ്ഥലത്താണ് ഈ അമ്പലം. അവിടെ വേറെയും ചില ടൂറിസ്റ്റ് സ്പോട്ടുകൾ ഉള്ളതിനാൽ ഒരു ദിവസം ചൈന ടൌൺ ന് മാത്രമായി ഞങ്ങൾ മാറ്റി വച്ചിട്ടുണ്ട്.

 

തൊട്ടടുത്തുള്ള ഒരു ഷോപ്പിംഗ് സ്ട്രീറ്റിൽ കൂടി ഏതാനും നിമിഷം ചെലവിട്ടു സിറ്റി ടൂർ അവസാനിപ്പിച്ചു. വൈകുന്നേരം സിംഗപ്പൂരിലെ പ്രധാന ടൂറിസ്റ്റ് പോയിന്റ് ആയ sentosa ദ്വീപിലേക്കാണ് ഞങ്ങളുടെ യാത്ര. അതെ കുറിച്ച് പിന്നീട്....

Read More

ചൈന ടൌൺ സിങ്കപ്പൂർ ( Part 5)

സിംഗപ്പൂരിൽ നിന്ന് തിരിച്ചു നാട്ടിലേക്കു പോരുന്ന ദിവസമാണ് ചൈന ടൗൺ കാണാൻ തിരഞ്ഞെടുത്തത്. രാവിലെ തൊട്ടു ഉച്ചവരെ ചൈന ടൗണിൽ ചിലവഴിക്കാനായിരുന്നു പ്ലാൻ. വൈകുന്നേരം 7 മണിക്കാണ് എയർപോർട്ടിൽ എത്തേണ്ടത്..

 

ചൈന ടൗണിന്റെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം: 1819 ഇൽ ബ്രിടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി യിലെ stamford പ്രഭു ആണ് ചൈന ടൗണിന്റെ ജനനത്തിനു പുറകിൽ. സിംഗപ്പൂരിൽ ഒരു വമ്പൻ വ്യാപാര സമുച്ചയം പടുത്തുയർത്തുകയായിരുന്നു ലക്ഷ്യം. ഓരോ രാജ്യക്കാർക്കും വെവ്വേറെ സ്ഥലം തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം കൊടുത്തു. അങ്ങനെ ചൈനക്കാർ തിരഞ്ഞെടുത്ത സ്ഥലമാണ് ഇന്നത്തെ ചൈന ടൌൺ. പഴയ ചൈന ടൗണിൽ നിന്നും ഇപ്പോഴത്തെ മുഖം കുറെ വ്യത്യാസം വന്നെങ്കിലും പഴമയുടെ അംശങ്ങൾ ഇപ്പോഴും ധാരാളം.

രാവിലെ 10 മണിക്ക് ഞങ്ങളെ ചൈന ടൗണിലേക്ക് എത്തിക്കാൻ ടാക്സി എത്തി. ട്രാവൽ ഏജൻസിയുടെ ഐറ്റിനറിയിൽ ഞാൻ പറഞ്ഞു ഉൾപ്പെടുത്തിച്ച സ്ഥലമാണ്. അതുകൊണ്ടു ടാക്സി വേണ്ട എന്ന് വച്ചില്ല. തൊട്ടടുത്ത farrer park മെട്രോയിൽ നിന്ന് നേരിട്ടുള്ള ട്രൈനുണ്ട് ചൈന ടൗണിലേക്ക്.

 

ടാക്സി ചൈന ടൗണിന്റെ അടുത്ത് എത്തിയപ്പോൾ തന്നെ ഒരു പുരാതന സ്ഥലത്തു എത്തിയ പ്രതീതി. ചൈന ടൗണിൽ എവിടെയാണ് പോവേണ്ടതു എന്ന് ടാക്സി ഡ്രൈവർ ചോദിച്ചു. ചൈന ടൗണിലെ ഏറ്റവും പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ബുദ്ധ ടൂത് റീലിക് ക്ഷേത്രമാണ് ഞങ്ങളുടെ ആദ്യത്തെ ലക്ഷ്യം. ക്ഷേത്രത്തിനു തൊട്ടടുത്ത് തന്നെ ഡ്രൈവർ ഞങ്ങളെ ഇറക്കി. പോവേണ്ട വഴിയും കാണിച്ചു തന്നു.

 

2002 ഇൽ നിർമ്മിക്കപ്പെട്ട ക്ഷേത്ര- മ്യൂസിയ സമുച്ചയമാണ് ഇത്. സിക്കിമിലും തായ്ലാന്റിലും ഹോങ്കോങ്ങിലും കണ്ട ക്ഷേത്രങ്ങളെക്കാൾ വലുതാണ് ഇവിടെയുള്ളത്. ബുദ്ധ ക്ഷേത്രങ്ങളിൽ സാധാരണ കാണാൻ കഴിയുന്ന രണ്ടു കാര്യങ്ങൾ ഇവിടെയും കണ്ടു. സന്ദർശകർക്കുള്ള സ്വാതന്ത്ര്യം ആണ് അതിൽ പ്രധാനം. ജാതി മത വ്യത്യാസം ഇല്ലാതെ അകത്തു കടക്കാം. ഫോട്ടോ എടുക്കാനും ഒരു തടസ്സവും ഇല്ല. കണ്ണഞ്ചിപ്പിക്കുന്ന വർണ്ണ വൈവിധ്യം ആണ് മറ്റൊരു കാര്യം. മറ്റു ബുദ്ധ ക്ഷേത്രങ്ങളിൽ കണ്ട പോലെ തന്നെ ചുവപ്പിന്റെ അതി പ്രസരം.. കാണാൻ നല്ല ഭംഗി . മുകൾ നിലയിൽ ബുദ്ധന്റെ ചില ശേഷിപ്പുകൾ സൂക്ഷിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു. ഇക്കാര്യം പിന്നീടാണ് അറിഞ്ഞത്

 

ബുദ്ധ ക്ഷേത്രത്തിനു തൊട്ടടുത്താണ് ചൈന ടൌണ്‍ സ്ട്രീറ്റ് മാര്‍ക്കെറ്റ്. ചെറിയ ചെറിയ നിരവധി കടകള്‍ ഇവിടെയുണ്ട്. ഷോപ്പിങ്ങില്‍ താല്പര്യം ഉള്ളവര്‍ക്ക് ഇവിടെ കുറച്ചു സമയം ചിലവഴിക്കാം

 

സ്ട്രീറ്റ് മാര്‍ക്കെറ്റില്‍ നിന്നും ഇറങ്ങിയ ശേഷം അടുത്ത പോയിന്റ്‌ ആയ റെഡ് ഡോട്ട് ഡിസൈന്‍ മ്യൂസിയത്തിലേക്ക് എത്തിപ്പെടാനായിരുന്നു ശ്രമം. ഗൂഗിള്‍ മാപ്പ് നോക്കി മുന്നോട്ട് നടന്നു. ക്ഷേത്രത്തില്‍ നിന്ന് കുറച്ചു ദൂരമേ ഉള്ളൂ എന്ന് നേരത്തെ അറിയാമായിരുന്നു . ലോകത്തിലെ തന്നെ രണ്ടാമത്തെ ഡിസൈന്‍ മ്യൂസിയമാണിത്. 2005 ഇല്‍ ആണ് ഈ മ്യൂസിയം പ്രവര്‍ത്തനം ആരംഭിച്ചത്.പുതിയ product designs ന്‍റെ ഒരു പ്രദര്‍ശന കേന്ദ്രമാണ് ഈ മ്യൂസിയം. ആകര്‍ഷകമായ ചുവപ്പ് നിറമാണ് ഇതിന്‍റെ പ്രത്യേകത , പുറമേ നിന്ന് കുറച്ചു ഫോട്ടോകള്‍ എടുത്ത ശേഷം ഞങ്ങള്‍ അകത്തു കടന്നു.. എന്നാല്‍ അറ്റ കുറ്റ പണികള്‍ നടക്കുന്നതിനാല്‍ 10 ദിവസം കൂടി കഴിഞ്ഞേ തുറക്കൂ എന്ന ഒരു ബോര്‍ഡാണ് അകത്തു ഞങ്ങളെ എതിരേറ്റത്. അപ്രതീക്ഷിതമായ ഒരു പ്രഹരം ഞങ്ങളെ നിരാശപ്പെടുത്തി ..

 

അവിടന്നങ്ങോട്ട് ഞങ്ങളുടെ പ്ളാനുകള്‍ ഓരോന്നായി പാളി പോയി. പിന്നീട് കാണാന്‍ ഉണ്ടായിരുന്നത് സിങ്ങപൂര്‍ ആര്‍ട്ട്‌ ഗാലറി ആയിരുന്നു. ഗൂഗിള്‍ എടുത്തു വഴി പരതിയപ്പോള്‍ വാണിംഗ് കിട്ടി.. ഞായറാഴ്ചയാണ് , മ്യൂസിയം അടവാണെന്ന്,, ഞങ്ങളുടെ നിരാശ ഇരട്ടിച്ചു.. എന്തായാലും വെയിലത്ത്‌ അത് വരെ നടന്നു ചെല്ലുന്നതിനു മുന്നേ തന്നെ അറിയാന്‍ കഴിഞ്ഞത് ഭാഗ്യം.. ഇനി ഒരു സ്ഥലം കൂടിയാണ് പോവാന്‍ പ്ലാന്‍ ചെയ്തിരുന്നത്.. അത് ഒരു കോയിന്‍ ആന്‍ഡ്‌ നോട്ട് മ്യൂസിയം ആയിരുന്നു. ഗൂഗിള്‍ മാപ്പ് എടുത്തു വഴി നോക്കിയപ്പോള്‍ ദാ വരുന്നു അടുത്ത മുന്നറിയിപ്പ്.. ഈ മ്യൂസിയം സ്ഥിരമായി അടച്ചു പൂട്ടിയിരിക്കുന്നു എന്ന്.. !! ട്രിപ്പ്‌ പ്ലാന്‍ ചെയ്യുന്ന സമയത്ത് ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ ഇങ്ങനെ ഒരു വിവരം കണ്ടേ ഇല്ല ..

 

ഇനി കൂടുതല്‍ ഒന്നും ഇവിടെ കാണാന്‍ ഇല്ല. ഉച്ച വെയിലില്‍ തളര്‍ച്ച മാറ്റാന്‍ അടുത്തുള്ള ഒരു ഭക്ഷണ ശാലയില്‍ കയറി.. വിശാലമായ ഒരു സ്ഥലമാണ്. വലിയ മേല്‍ക്കൂരക്ക് കീഴില്‍ അനേകം ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇരു വശങ്ങളിലുമായി 100 കണക്കിന് കടകള്‍.. ചെറുതും വലുതും.. പല രാജ്യങ്ങളുടെ തനതു ഭക്ഷണം കിട്ടും.. ഇരിപ്പിടങ്ങള്‍ എല്ലാം engaged ആണ്.. വലിയ തിരക്കുള്ള സ്ഥലമാണ്.. Passion ഫ്രൂട്ട് ജ്യൂസ് കുടിച്ചു ദാഹം അകറ്റി..

 

തിരിച്ചു ഹോട്ടലിലേക്ക് ടാക്സി വിളിച്ചു.. ഡ്രൈവര്‍ കുറച്ചു സമയം കൊണ്ട് തന്നെ ഞങ്ങളുമായി പരിചയം സ്ഥാപിച്ചു.. പിന്നീട് പറഞ്ഞ കാര്യങ്ങള്‍ കേട്ട് ശരിക്കും അത്ഭുതപ്പെട്ടു. സിംഗപ്പൂരില്‍ ടാക്സി ഓടിക്കല്‍ ആണ് ജോലി എങ്കിലും കക്ഷി ഒരു ലക്ഷണമൊത്ത സഞ്ചാരിയാണ്. കാണാത്ത രാജ്യങ്ങള്‍ കുറവാണ്. ഓരോ രാജ്യങ്ങളിലും ചുരുങ്ങിയത് ഒരു മാസം താമസിക്കും.. ആ രാജ്യം മുഴുവന്‍ കറങ്ങിയ ശേഷം മടക്കം.. പിന്നെ അടുത്ത വര്ഷം അടുത്ത രാജ്യം.. ഇന്ത്യയില്‍ 3 തവണ വന്നിട്ടുണ്ടത്രേ.. ബംഗ്ലൂരില്‍ നിന്ന് കന്യാകുമാരിക്കുള്ള ദൂരം, ജൈപൂരില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ദൂരം തുടങ്ങി പല സിറ്റികള്‍ക്കിടയിലുള്ള ദൂരം വരെ നല്ല പിടിപാടാണ്. അയാള്‍ രാജ്യങ്ങള്‍ എല്ലാം കണ്ടു കഴിഞ്ഞു ഇപ്പോള്‍ സൌത്ത് അമേരിക്കന്‍ രാജ്യങ്ങളില്‍ ആണ് കറക്കം !! ടാക്സി ഓടിച്ചു ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി ഇതാണ്.. " എന്‍റെ രാജ്യത്തിന്റെ currency മറ്റു രാജ്യങ്ങളില്‍ കൊണ്ട് പോയി മാറുമ്പോള്‍ ഞാന്‍ മുതലാളി ആണ്, പ്രത്യേകിച്ച് ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ ആവുമ്പോള്‍ പ്രത്യേകിച്ചും " എന്ന്.. ഞാന്‍ പിന്നെ കൂടുതല്‍ ഒന്നും ചോദിച്ചില്ല :-) ഹോട്ടലില്‍ ഞങ്ങളെ എത്തിച്ച ശേഷം പുള്ളി തിരിച്ചു പോയപ്പോള്‍ തോന്നി ഒരു സെല്‍ഫി എടുക്കാമായിരുന്നു എന്ന് !

Read More

ജുറോങ് bird പാർക്ക് സിങ്കപ്പൂർ (Part 6)

സിംഗപ്പൂരിലെ jurung birds park ലോകത്തിലെ തന്നെ ഏറ്റവും വലിയ birds park കളിൽ ഒന്നാണ്. കഴിഞ്ഞ തവണ സിംഗപ്പൂർ വന്നപ്പോളും ഇവിടം സന്ദർശിച്ചിരുന്നു. സിംഗപ്പൂർ സിറ്റിയിലെ തിരക്കേറിയ കാഴ്ചകളിൽ നിന്നും കുറെ അകലെയാണ് ഈ സ്ഥലം. ഒരു കൊടും കാടിന്റെ അന്തരീക്ഷം ആണ് ഇവിടെ. സിറ്റി കാഴ്ചകളിൽ നിന്നു പെട്ടന്ന് ഇത്തരം കാഴ്ചകളിലേക്കുള്ള ഒരു മാറ്റം രസകരമാണ്.

 

സാധാരണ ഒരു birds park ഇൽ നിന്നും വ്യത്യസ്തമായാണ് ഇത് ഒരുക്കിയിരിക്കുന്നത്. കൂട്ടിനുള്ളിൽ പക്ഷികളെ കാണുന്ന വിരസതയാർന്ന സമ്പ്രദായം മാത്രമല്ല. സ്വതന്ത്രമായി വിഹരിക്കാൻ വിട്ടിരിക്കുന്ന നിരവധി പക്ഷികളും ഇവിടെയുണ്ട്. പ്രകൃതിയോട് ഇണങ്ങി ചേരും വിധമാണ് ഇവ എല്ലാം സംവിധാനം ചെയ്തിരിക്കുന്നത്. പാർക്ക് വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. പക്ഷികളുടെ കല പില ശബ്ദവും പക്ഷി വിസർജ്യത്തിന്റെ മണവും അന്തരീക്ഷത്തിൽ ഉണ്ട്. പക്ഷെ അത് ഒരു ബുദ്ധിമുട്ടായല്ല, മറിച്ചു ആസ്വദിക്കാവുന്ന ഒരു അനുഭൂതി ആയാണ് തോന്നുക 😊

പാർക്കിന്റെ കവാടം തന്നെ ഒരു പ്രത്യേക ഭംഗി തോന്നിക്കും. തുടർന്ന് വീതി കുറഞ്ഞ റോഡുകളാണ് പാർക്കിന്റെ വിവിധ ഭാഗങ്ങളിലേക്ക്. പാർക്കിന്റെ ലെ ഔട്ട് കാണിക്കുന്ന പ്രിന്റ് കവാടത്തിൽ നിന്നും കിട്ടും. പോരാത്തതിന് വഴിയിൽ ഉടനീളം ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. വഴി കണ്ടു പിടിക്കാൻ ബുദ്ധിമുട്ടില്ല. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കു ട്രാം സർവീസ് ഉപയോഗപ്പെടുത്താം.

 

കഴിഞ്ഞ തവണ പോയപ്പോൾ.കണ്ട ചില കാഴ്ചകൾ ഇത്തവണ കണ്ടില്ല. ചില ഭാഗങ്ങൾ മോടി പിടിപ്പിക്കുന്നതിനു വേണ്ടി അടച്ചിട്ടിരിക്കുകയാണ്. നോ എൻട്രി എന്ന ബോർഡിന് പകരം "നിങ്ങൾക്ക് കൂടുതൽ മികച്ച സൗകര്യങ്ങൾ ഒരുക്കാൻ ഞങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുന്നു" എന്ന ബോർഡാണ് അടച്ചിട്ട ഭാഗങ്ങളിൽ കാണുക. എഴുത്തിൽ പോലും ഉണ്ട് ഒരു വിനയം 😊

 

വഴിയിലൂടെ നടക്കുമ്പോൾ ഇവിടെയുള്ള ഒരു bird show യുടെ ബോർഡ് കണ്ടിരുന്നു. സമയം നോക്കിവച്ചാണ് മുന്നോട്ടു പോയത്. show time ആയപ്പോൾ തിരിച്ചെത്തി. കഴിഞ്ഞ തവണ വന്നപ്പോൾ ഇത് കാണാൻ കഴിഞ്ഞിരുന്നില്ല. പക്ഷികളെ എത്രത്തോളം പരിശീലിപ്പിച്ചെടുക്കാം എന്ന് ഈ ഷോ കണ്ടാൽ ബോധ്യമാവും. ഇംഗ്ളീഷ്, ചൈനീസ്, ഇന്തോനേഷ്യൻ ഭാഷകളിൽ പാട്ടു പാടുന്ന ചുവന്ന തത്ത ശരിക്കും ഞെട്ടിച്ചു കളഞ്ഞു. ഗാലറിയിലെ കാണികളുടെ കയ്യിൽ കൊടുത്ത വളയത്തിനുള്ളിലൂടെ പറക്കുന്നു, പരിശീലകയുടെ നിർദ്ദേശപ്രകാരം..കാണികളുടെ കയ്യിൽ നീട്ടി പിടിച്ച ഡോളർ ,കയ്യിൽ വന്നിരുന്നു കൊത്തിയെടുത്തു പരിശീലകയുടെ പോക്കറ്റിൽ കൊണ്ടിട്ടുകൊടുന്നതെല്ലാം കൗതുക കാഴ്ചകളായി

 

ഫോട്ടോ എടുത്തു ഡിസ്പ്ലേ നോക്കികൊണ്ടിരിക്കുമ്പോൾ പുറകിൽ നിന്ന് ഒരു കമന്റ്.. "നന്നായി പതിഞ്ഞിട്ടുണ്ട് " എന്ന്. മലയാളിയെ ലോകത്തു എവിടെയും കാണാം എന്നാണല്ലോ. ആസ്‌ട്രേലിയയിൽ ജോലി ചെയ്തു കൊണ്ടിരിക്കെ അവിടന്ന് സിംഗപ്പൂർ കാണാൻ വന്ന ഒരു മലയാളിയാണ് 😊

 

ഡ്രൈവറുമായി ഉണ്ടായ ആശയക്കുഴപ്പം.കാരണം ഞങ്ങൾ തിരിച്ചെത്തുന്നതിനു മുന്നേ തന്നെ ഞങ്ങളുടെ ക്യാബ് തിരിച്ചു പോയി. അക്ബർ ട്രാവെൽസ് ഞങ്ങൾക്ക് തന്ന ലിസ്റ്റിൽ 12.30pm ആയിരുന്നു തിരിച്ചു പോരാനുള്ള സമയം. എന്നാൽ കൂടെ വന്ന മറ്റു ആളുകളുടെ ലിസ്റ്റിൽ 12.15 ഉം... അതാണ് പ്രശനമായത്. ലിസ്റ്റിൽ തന്ന perry എന്ന agent ന്റെ നമ്പറിൽ ഞാൻ മെസ്സേജ് ചെയ്തു. എന്നാൽ തന്ന നമ്പർ മറ്റാരുടെയോ ആയിരുന്നു. ഞാൻ നിങ്ങൾ ഉദ്ദേശിച്ച ആൾ അല്ലെന്നു മറുപടി കിട്ടി. സോറി എന്ന് ഞാൻ റിപ്ലൈ ചെയ്തപ്പോൾ are you a tourist in Singapore? Are you in trouble? Need help ?തുടങ്ങി ചില ചോദ്യങ്ങൾ പിന്നാലെ വന്നു. ഞാൻ കാര്യം പറഞ്ഞു.. jurungil പെട്ട് പോയി..തിരിച്ചു ഹോട്ടലിൽ എത്താൻ ടാക്സി അല്ലാതെ എന്തെങ്കിലും വഴി ഉണ്ടോ എന്ന്. ഒരു മിനിറ്റ് വെയിറ്റ് ചെയ്യൂ എന്നൊരു മെസ്സേജ് ഉടനെ വന്നു. തൊട്ടു പിന്നാലെ വന്ന സുദീർഘമായ മെസ്സേജ് ആണ് താഴെ.. ഞങ്ങൾ നിന്ന പോയിന്റിൽ നിന്ന് ഹോട്ടൽ ന്റെ അടുത്തുള്ള farrer park സ്റ്റേഷൻ വരെ എത്താനുള്ള വിശദമായ informations .. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരാളെ സഹായിക്കാൻ കാണിച്ച ആൾക്ക് മനസ്സിൽ തട്ടി നന്ദി അറിയിച്ചു. എത്ര മികച്ച രീതിയിലാണ് സിംഗപ്പൂരുകാർ ടൂറിസ്റ്റുകളെ പരിഗണിക്കുന്നത്.. നമ്മിൽ പലരും ഇത്തരം ഒരു മെസ്സേജ് വന്നാൽ wrong number എന്ന മറുപടിയിൽ ഒതുക്കാനാണ് സാധ്യത.. എന്തായാലും മെസ്സേജിൽ പറഞ്ഞപോലെ ബസ് പിടിച്ചി ബൂണ് ലെ മെട്രോയിൽ പോയി 3 മെട്രോ യാത്രകളിലൂടെ ഹോട്ടലിൽ തിരിച്ചെത്തി. ആകെ ചെലവ് ചെറിയൊരു തുക മാത്രം. സിംഗപ്പൂരിലെ public transport system ന് മനസാ നന്ദി പറഞ്ഞു..

 

റൂമിൽ വന്നു കുറച്ചു വിശ്രമിക്കാൻ സമയമുണ്ട്. വൈകുന്നേരം singapoor night safari ആണ് ഞങ്ങളുടെ പരിപാടി. അതെ കുറിച്ച് അടുത്ത പോസ്റ്റ്.....

Read More

സിങ്കപ്പൂർ നൈറ്റ് സഫാരി (Part 7)

സിംഗപ്പൂർ ടൂറിനെ കുറിച്ച് ഗൂഗിളിൽ പരതിയാൽ സിംഗപ്പൂർ നൈറ്റ് സഫാരി എന്ന് കാണാതിരിക്കില്ല. ഒരു പ്രധാന ഐറ്റം ആയി തന്നെയാണ് പലരും ഇതിനെ കാണുന്നത്. ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ എന്താണ് ഇത് എന്ന് വ്യക്തമായ ഒരു ധാരണ കിട്ടിയില്ല. മൃഗങ്ങളെ അടുത്ത് കാണാൻ ഉള്ള ഒരു അവസരമാണെന്നു മനസിലാക്കാൻ കഴിഞ്ഞു. തീ തുപ്പികൊണ്ടുള്ള ഒരു ഡാന്സിന്റെ ഫോട്ടോകളും ഗൂഗിളിൽ കണ്ടു. അക്ബർ ട്രാവെൽസ് തന്ന ലിസ്റ്റിൽ നൈറ്റ് സഫാരി കൂടി ഉൾപ്പെടുത്തിയിരുന്നു. തീ തുപ്പുന്ന ഡാന്സർമാരുടെ ഒരു ഫോട്ടോ എടുക്കണം എന്ന് നേരത്തേ തീരുമാനിച്ചിരുന്നു.

Jurung ഇൽ നിന്ന് തിരിച്ചു വന്നു 6 മണിയോടെ ഞങ്ങളെ കൊണ്ടുപോവാൻ ക്യാബ് എത്തി. 2_3 ഫാമിലി വേറെയും ഉണ്ട്. സിറ്റിയിൽ നിന്ന് കുറച്ചു ഉള്ളിലേക്ക് പോവേണ്ടതുണ്ട്. വനത്തിനിടയിലൂടെയുള്ള റോഡിലൂടെ വേണം പോവാൻ. പോവുന്ന വഴിക്കു ഡ്രൈവർ റോഡിനു കുറുകെ നിർമ്മിച്ച ഒരു പാലം കാണിച്ചു തന്നു. റോഡിനു ഇരു വശത്തും ഉള്ള വനത്തിലെ മൃഗങ്ങൾക്ക് പരസ്പരം ഇടപഴകാൻ റോഡ് തടസം അവാതിരിക്കാൻ നിർമ്മിച്ചതാണ് ഈ റോഡ്. കേട്ടപ്പോൾ ശരിക്കും ആശ്ചര്യപ്പെട്ടു പോയി. പ്രകൃതിയുടെ നിയമങ്ങൾ നില നിന്ന് പോവാൻ സിംഗപ്പൂർ goverment കാണിക്കുന്ന ശ്രദ്ധ എടുത്തു പറയേണ്ടിയിരിക്കുന്നു ..

സാമാന്യം മോശമല്ലാത്ത തിരക്കുണ്ടായിരുന്നു നൈറ്റ് സഫാരിക്ക്. സിംഗപ്പൂരിൽ ഞങ്ങൾ പോയ മറ്റൊരു സ്ഥലത്തും അത്ര തിരക്ക് കണ്ടില്ല. വനത്തിലൂടെയുള്ള ട്രാം യാത്ര ആദ്യം തീർക്കാൻ ആയിരുന്നു ഡ്രൈവറുടെ നിർദ്ദേശം. അത് കഴിഞ്ഞു മതി അവിടത്തെ മറ്റു പരിപാടികൾ കാണുന്നത് എന്നാണ് അയാൾ പറഞ്ഞത്. ട്രാം റൈഡിനുള്ള നീണ്ട വരിയിൽ ഞങ്ങൾ ഇടം പിടിച്ചു .

 

കൃത്രിമമായി നിർമ്മിച്ച ഒരു ആവാസ വ്യവസ്ഥയിലൂടെയുള്ള ഒരു രാത്രി സഞ്ചാരമാണ് നൈറ്റ് സഫാരി. 40 മിനിറ്റ് നീണ്ടു നിൽക്കുന്ന യാത്ര. 10_15 പേർക്ക് ഇരിക്കാം ട്രാമിനുള്ളിൽ. വീതി കുറഞ്ഞ വഴിയിലൂടെ ട്രാം നീങ്ങി. കാടിനകത്ത് കൂടി യുള്ള മന്ദം മന്ദം യാത്ര. റെക്കോർഡ് ചെയ്തു വച്ച announcement ഉണ്ട്. റോഡിനു ഇരു വശത്തുമുള്ള കാഴ്ചകളുടെ വിവരണമാണ്. യാത്രക്കിടയിൽ റോഡിനു ഇരു വശത്തും പല മൃഗങ്ങളെയും കാണാം. ഉപദ്രവകാരികളായ മൃഗങ്ങൾ റോഡിലേക്ക് കയാറാതിരിക്കാൻ വലിയ കിടങ്ങുകൾ കുഴിച്ചിട്ടുണ്ട്. ട്രാമിൽ ഇരുന്നു നോക്കുമ്പോൾ അത് പെട്ടന്ന് കണ്ണിൽ പെടില്ല. ട്രാം പോവുന്ന വഴിയോട് ചേർന്ന് തീറ്റ ഇട്ടുകൊടുത്ത് മൃഗങ്ങളെ അങ്ങോട്ട് ആകർഷിക്കുകയാണ്. അവിടങ്ങളിൽ എല്ലാം വലിയ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. കടുവ, സിംഹം, ആന, റൈനോ, ഹിപ്പോ, ചെന്നായ്, കാട്ടു പോത്ത് തുടങ്ങി നിരവധി മൃഗങ്ങളെ കാണാം. മാനുകളെ പോലെ മനുഷ്യരെ ഉപദ്രവിക്കാത്ത മൃഗങ്ങളെ റോഡിനു ഇരു വശവും തടസങ്ങൾ ഇല്ലാതെ ഫ്രീ ആക്കി വിട്ടിരിക്കുന്നു. കാടിന്റെ മർമരവും മണവും ആസ്വദിച്ചു മൃഗങ്ങളെ കണ്ടു കൊണ്ടുള്ള യാത്ര ഒരു രസകരമായ അനുഭവം തന്നെ. എന്നാൽ മൃഗങ്ങൾ എല്ലാം തന്നെ നമുക്ക് വളരെ കണ്ടു പരിചയം ഉള്ളവയാണ്. ഫ്ലാഷ് ഫോട്ടോഗ്രാഫി അനുവദനീയം അല്ലാത്തതിനാൽ ഫോട്ടോ എടുക്കാൻ മിനക്കെട്ടില്ല. ക്വാളിറ്റി ഉള്ള ഒരെണ്ണം പോലും കിട്ടില്ല.

 

ഈ ട്രാം യാത്ര കഴിഞ്ഞാൽ പിന്നെ ഒരു ആദിവാസി ഡാൻസും 2 അനിമൽ ഷോയും മാത്രമേ ഇവിടെ ഉള്ളൂ. 45 ഡോളർ ടിക്കറ്റ് ചാർജ് കുറച്ചു അധികം അല്ലെ എന്ന് സ്വാഭാവികമായും തോന്നി പോവും. ചെറിയ ബഡ്ജറ്റിൽ സിംഗപ്പൂർ പോകുന്നവർക്ക് വേണമെങ്കിൽ ഇത് ഒഴിവാക്കാവുന്നതാണ് എന്നാണ് എന്റെ അഭിപ്രായം . നേരിയ തോതിൽ മഴ പെയ്ത കാരണം അനിമൽ ഷോകളിൽ ഒരെണ്ണം ക്യാൻസൽ ചെയ്തു. ബാക്കിയുള്ള ഒരു ഷോ ആണെങ്കിൽ ഞങ്ങളുടെ പിക്ക് അപ്പ് ടൈമിനോടടുത്താണ്. jurungil നിന്നും ക്യാബ് ഇല്ലാതെ മെട്രോ പിടിച്ചു പോവേണ്ടി വന്ന അന്ന് തന്നെ വീണ്ടും റിസ്ക് എടുക്കേണ്ട എന്ന് തീരുമാനിച്ചു ആ ഷോ കാണാൻ മിനക്കെട്ടില്ല.

 

തുമ്പൂവാക്കർ ഷോ എന്ന ആദിവാസി നൃത്തം അവതരിപ്പിക്കുന്ന സ്ഥലമാണ് താഴെ. തീ കൊണ്ടുള്ള ഒരു ഡാൻസ് ആണിത്. ഈ പരിസരത്തു ചെന്നാൽ മണ്ണെണ്ണയുടെ രൂക്ഷ ഗന്ധം കിട്ടും. ഓരോ മണിക്കൂർ ഇടവിട്ടാണ് ഷോ. ട്രാം റൈഡിന് ശേഷമുള്ള ഷോ ക്കു വേണ്ടി കാത്തു നിന്നു ഏതാണ്ട് ഒരു മണിക്കൂർ

 

കാത്തു നിന്നു ജനങ്ങൾ മുഷിയാതിരിക്കാൻ ഇടയ്ക്കു മറ്റു ചില സ്ട്രീറ്റ് performance.. പല തരം വാദ്യ ഉപകരണങ്ങൾ കൊണ്ട് രസകരമായ ഒരു പെർഫോമൻസ്..

 

ഇതാണ് ഏറെ നേരം കാത്തു നിന്നു കണ്ട തുമ്പൂവാക്കർ ഡാൻസ്. സിംഗപ്പൂരിലെ പഴയ ആദിവാസി വിഭാഗം ആണത്രേ ഇവർ. രണ്ടു പേരും ഒരുമിച്ചു തീ തുപ്പുന്ന നല്ല ഒരു ഫോട്ടോ കിട്ടാൻ കുറച്ചേറെ പണിപ്പെടേണ്ടി വന്നു.

 

ഷോ കഴിഞ്ഞു പുറത്തെത്തിയ ശേഷം ക്യാബ് കാത്തു നിൽക്കുമ്പോൾ നൈറ്റ് സഫാരിയുടെ കവാടത്തിന്റെ ഒരു ചിത്രവും എടുത്തു..

 

തൊട്ടടുത്ത ദിവസം ഞങ്ങളുടെ ഫ്രീ ഡേ ആണ്. ട്രാവൽ ഏജൻസിയുടെ schedule ഇൽ പെടാത്ത ദിവസം. സിംഗപ്പൂർ സിറ്റിയിലെ ഓരോ അരിയും പെറുക്കാൻ വേണ്ടി ഞങ്ങൾ മാറ്റി വച്ച ദിവസം 😊. കുറെ സ്ഥലങ്ങളുടെ ലിസ്റ്റ് മനസ്സിൽ ഉണ്ടെന്നതിനപ്പുറം ഒന്നും ഒരു ഓർഡർ ആക്കിയിട്ടില്ല. ഡിന്നർ കഴിഞ്ഞു റൂമിൽ എത്തിയ ശേഷം ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ എവിടെ തുടങ്ങണം, എവിടെ അവസാനിപ്പിക്കണം എന്നെല്ലാം പ്ലാൻ ചെയ്തു.. singapore national മ്യൂസിയത്തിൽ തുടങ്ങി മറീന ബെയിലെ സാൻഡ്സ് ഹോട്ടലിലെ ലേസർ ഷോയിൽ അവസാനിക്കുന്ന പോലെ ഒരു പ്ലാൻ ഉണ്ടാക്കി. പോവേണ്ട മെട്രോ റൂട്ടുകളെയും പറ്റി ഒരു ധാരണ ഉണ്ടാക്കിയാണ് ഉറങ്ങാൻ കിടന്നത്..

 

 

Read More

യൂണിവേഴ്സൽ സ്റ്റുഡിയോ സിങ്കപ്പൂർ (Part 8)

സിംഗപ്പൂർ എന്ന് കേൾക്കുമ്പോൾ തന്നെ പലരുടെയും മനസിലേക്ക് ഓടിയെത്തുന്ന പേരാണ് യൂണിവേഴ്സൽ സ്റ്റുഡിയോ. 120 acre വിസ്തൃതിയുള്ള sentosa resort world ഇൽ 49 acre സ്ഥലത്തു നിർമിച്ചിരിക്കുന്ന വിശാലമായ ഒരു amusement park ആണ് യൂണിവേഴ്സൽ സ്റ്റുഡിയോ. 2010 മാർച്ചിൽ ആണ് ഇത് തുറന്നത്. 2011 ഇൽ ആദ്യമായി ഞാൻ സിംഗപ്പൂരിൽ വന്നപ്പോൾ യൂണിവേഴ്സൽ സ്റ്റുഡിയോ സന്ദർശിച്ചിരുന്നു. ആദ്യം കയറിയ 2 റൈഡുകൾ നിരാശപ്പെടുത്തിയതിനാലും കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കുറച്ചു പ്രായമുള്ള ആൾ ആയതിനാലും അന്ന് യൂണിവേഴ്സൽ സ്റ്റുഡിയോ വേണ്ട പോലെ ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല. ഇത്തവണ വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. നിർബന്ധമായും കാണേണ്ടവയും ഒഴിവാക്കാവുന്നവയും ഏതൊക്കെയെന്നു നേരത്തെ മനസിലാക്കി. ഗൂഗിളിൽ visitor's reviews ഉപകാരപ്പെട്ടു . 1/2 തൊട്ടു 3/4 ദിവസം മതി യൂണിവേഴ്സൽ സ്റ്റുഡിയോ മുഴുവൻ കണ്ടു തീർക്കാൻ. ബാക്കി സമയം സെന്റോസയിലെ കാണാൻ ബാക്കിയുള്ള മറ്റു കാര്യങ്ങൾക്കു വേണ്ടി മാറ്റി വെക്കാം. ഓരോ സറ്റേഷനുകൾക്കിടയിൽ സഞ്ചരിക്കാൻ നേരത്തെ പറഞ്ഞ മോണോ റയിൽ ഉപയോഗപ്പെടുത്താം

വിശാലമായ ഭൂഗർഭ പാർക്കിങ്ങിൽ നിന്ന് escalator വഴി കയറുന്നത് സ്റ്റുഡിയോ ഗേറ്റിലേക്കാണ്. യൂണിവേഴ്സൽ എന്നെഴുതിയ കറങ്ങി കൊണ്ടിരിക്കുന്ന ഗ്ലോബിന് മുന്നിൽ ഫോട്ടോ എടുക്കാനുള്ളവരുടെ ചെറിയ തിരക്ക്. പല പോസുകളിൽ നിന്നുള്ള ഫോട്ടോകൾ. professional photo shoots നടക്കുന്നു ഒരു ഭാഗത്ത്. ഒരു അനുഷ്ടാനം പോലെ ഇവിടെ വരുന്ന എല്ലാവരും ഈ ഗ്ലോബിനടുത്തു നിന്ന് ഫോട്ടോ എടുക്കുന്നു. ഞങ്ങളും അത് തെറ്റിച്ചില്ല 😊

 

സ്റ്റുഡിയോയുടെ ഗേറ്റിൽ തന്നെ അതിന്റെ lay out മനസിലാക്കാൻ വിശദമായ printed map കിട്ടും. നമുക്ക് പോവേണ്ട റൈഡുകൾ എവിടെയാണെന്ന് മനസിലാക്കി അങ്ങോട്ട് പോവാം.

 

അടുത്തിടെയൊന്നും നമ്മുടെ നാട്ടിലെ ഇത്തരം ഒരു amusement പാർകിൽ പോയിട്ടില്ലാത്തത് കാരണം ഒരു താരതമ്യം നടത്താൻ കഴിയില്ല. എന്നാൽ നിലവാരം തീരെ കുറഞ്ഞതും വളരെ കൂടിയതുമായ റൈഡുകൾ ഇവിടെയുണ്ട്. എല്ലാ പ്രായക്കാർക്കും ആസ്വദിക്കാവുന്നവ..റൈഡുകളെക്കാൾ എനിക്ക് ഇഷ്ടമായത് മൊത്തത്തിലുള്ള ambiance ആണ്.

 

കയ്യിൽ വലിയ luggage ഇല്ലാതെ പോവുന്നതാണ് നല്ലത്. പല റൈഡുകളിലും.കയറണമെങ്കിൽ luggage ലോക്കറിൽ വെക്കണം. വലിയ ബാഗ് ലോക്കറിൽ കൊള്ളില്ല. എന്റെ കാമറ ബാഗും ട്രൈപോഡും വലിയ ബുദ്ധിമുട്ടായി. ചില റൈഡുകളിൽ ഒരുമിച്ചു കയറാൻ കഴിയാതെ വന്നു. ക്യാമറക്കു ഒരാൾ കാവൽ നിൽക്കണമല്ലോ

 

സിംഗപ്പൂരിൽ പലയിടങ്ങളിലും street performance കാണാൻ കഴിയും.. അത്തരത്തിലുള്ള ആകർഷകമായ dance performances സ്റ്റുഡിയോയുടെയും അകത്തു കാണാം.

 

റൈഡുകളുടെ ത്രിൽ പോലെ തന്നെ അവ സംവിധാനം ചെയ്തിരിക്കുന്ന ചുറ്റുപാടും വളരെ രസകരമാണ്.

 

ചെറുതും വലുതുമായ ഭക്ഷണ ശാലകൾ ഉള്ളിൽ തന്നെയുണ്ട്. എന്നാൽ കഴുത്തറക്കുന്ന വിലയാണെന്നു മാത്രം.

 

യൂണിവേഴ്സൽ സ്റ്റുഡിയോയിലെ ഏറ്റവും ത്രിൽ നിറഞ്ഞ റൈഡ്. ദൂരക്കാഴ്ചയിൽ ചെറുതാണെന്നു തോന്നിക്കുമെങ്കിലും നല്ല ഉയരമുണ്ട്. റൈഡിൽ ഉള്ളവരുടെ ആർപുവിളി ദൂരേക്ക്‌ കേൾക്കാം. തല കുത്തനെയുള്ള position ഒക്കെ കണ്ടപ്പോൾ തന്നെ ഈ റൈഡ് ഒഴിവാക്കാം എന്ന് തീരുമാനിച്ചു.

 

നിർബന്ധമായും കണ്ടിരിക്കേണ്ടവ എന്ന് എനിക്ക് തോന്നിയത് shrek 4D Show, mummy returns, Jurassic water world എന്നിവയാണ്. അതിൽ തന്നെ ഏറ്റവും ആകർഷകമായി തോന്നിയത് shrek 4 D show ആണ്. 4d show നടക്കുന്ന വലിയ തിയേറ്റർ ആണ് താഴെ കാണുന്നത്. 3d ഷോകൾ നമുക്ക് പുതുമയില്ലാത്തതാണ്. 4d എന്നാൽ 3d images കാണുന്നതിന് പുറമെ കാണികൾക്ക് ഷോയിലെ കഥാപാത്രങ്ങൾ ആയി മാറുന്നു ഒരു അനുഭവം ആണിതിന്. 15 മിനിറ്റു നീളുന്ന ചെറിയൊരു ഫിലിം ആണ്. കാർട്ടൂൺ കഥാപാത്രങ്ങളുടെ കൂടെ നമ്മളും ചലിക്കുന്നത് പോലെ തോന്നും. സ്‌ക്രീനിൽ കുതിരവണ്ടി പായുമ്പോൾ കാണികൾ ഇരിക്കുന്ന സീറ്റും അതിന്റെ താളത്തിൽ കുലുങ്ങിക്കൊണ്ടിരിക്കും 😊 ചുരുക്കത്തിൽ ഒരു പുതുമയുള്ള അനുഭവമായി.

Shrek 4d ഷോയിലെ കഥാപാത്രത്തെ പുറത്തു വച്ച് കാണാം. സെൽഫിയും എടുക്കാം 😊

 

സ്റ്റുഡിയോയിലേക്ക് ടൂർ വന്ന കുട്ടി കൂട്ടം.. അച്ചടക്കത്തോടെ നീങ്ങുന്ന കുട്ടിക്കൂട്ടത്തെ കണ്ടപ്പോൾ ഒരു ഫോട്ടോ എടുക്കാതിരിക്കാൻ കഴിഞ്ഞില്ല😊 ചിലരുടെ കയ്യിൽ കുറിപ്പുകൾ എഴുതാനുള്ള ബുക്കും കണ്ടു ..

 

ഉച്ച കഴിഞ്ഞതോടെ ഞങ്ങൾ പുറത്തിറങ്ങി. ഒരു കൊറിയൻ restaurant ഇൽ നിന്ന് ഉച്ച ഭക്ഷണം കഴിച്ചു. ഇനി പോവാനുള്ളത് സെന്റോസയിലെ ഇമ്പിയാ സ്റ്റേഷനിലുള്ള madame tussauds wax മ്യൂസിയത്തിലേക്കാണ്. അതേകുറിച്ചു അടുത്ത പോസ്റ്റിൽ...

 

 

Read More

Madame Tussaud's വാക്സ് മ്യൂസിയം സിങ്കപ്പൂർ (Part 9)

സിംഗപ്പൂരില്‍ ഞങ്ങള്‍ സന്ദര്‍ശിച്ചതില്‍ വച്ച് ഏറ്റവും പുതുമയും അത്ഭുതവും തോന്നിയത് madame tussauds wax മ്യൂസിയമാണ്. യാത്ര പ്ലാന്‍ ചെയ്യുന്ന സമയത്ത് ഇത് മനസ്സില്‍ ഉണ്ടായിരുന്നില്ല. ഇത്തരം ഒരു മ്യൂസിയം അവിടെ ഉള്ള കാര്യം അറിഞ്ഞിരുന്നില്ല. സെന്തോസയിലെ ഇമ്പിയാ സ്റ്റേഷനില്‍ ഇറങ്ങിയ സമയത്ത് യാദൃശ്ചികമായാണ് ഈ മ്യൂസിയത്തിന്റെ പരസ്യം ശ്രദ്ധയില്‍ പെട്ടത്. മോഡിയുടെ പ്രതിമയുടെ വലിയൊരു പരസ്യം തന്നെ തയ്യാറാക്കിയിട്ടുണ്ട്. യൂണിവേര്‍സല്‍ സ്റ്റുഡിയോ പര്യടനം നേരത്തെ അവസാനിപ്പിച്ചു മ്യൂസിയം സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ പ്ലാനിട്ടു.

45 സിന്ഗപ്പൂര്‍ ഡോളര്‍ ആണ് ഒരാള്‍ക്ക്‌ ടിക്കറ്റ്‌ ചാര്‍ജ്. വലിയ തുക ആയതിനാല്‍ കാണാതെ വിടണോ എന്ന് ഒരു നിമിഷം ആലോചിച്ചു. എന്നാല്‍ അത്തരം ഒരു അവസരം പിന്നീട് കിട്ടിയെന്നു വരില്ല എന്നോര്‍ത്തപ്പോള്‍ കാണാന്‍ തന്നെ തീരുമാനിച്ചു. നേരത്തെ ഇമ്പിയാ സ്റ്റേഷനില്‍ കറങ്ങുന്ന സമയത്ത് മ്യൂസിയം സന്ദര്‍ശിക്കാന്‍ 5 ഡോളര്‍ discount ഓഫര്‍ നല്‍കുന്ന ഒരു കൂപ്പണ്‍ ഞങ്ങള്‍ക്ക് കിട്ടിയിരുന്നു. അതുകൂടി ഉപയോഗപ്പെടുത്തി 80 ഡോളറിന് 2 ടിക്കറ്റ്‌ ഒപ്പിച്ചു. ഒരു മെഴുകു പ്രതിമയുടെ നിര്‍മാണത്തിന് ഒന്നരകൊടി രൂപ ചിലവുണ്ടത്രേ.. വെറുതെ അല്ല ടിക്കെറ്റ് നു കത്തി നിരക്ക് എന്നോര്‍ത്തു .

 

മ്യൂസിയത്തിലെ അത്ഭുത കാഴ്ചകള്‍ കാണുന്നതിനു മുന്നേ ഇതിനു പുറകിലെ കരവിരുതിനെ കുറിച്ച് ഒരു വായന ഉചിതമായിരിക്കും. മികച്ച കരവിരുതിന്‍റെയും ശക്തമായ അതിജീവനത്തിന്‍റെയും ഉത്തമ ഉദാഹരണമാണ് madame Tussauds. 1761ഇല്‍ ഫ്രാന്‍സിലെ Strasbourg ഇല്‍ ജനിച്ച Marie Grosholts എന്ന സ്ത്രീയാണ് പിന്നീട് madame tussauds എന്ന പേരില്‍ അറിയപ്പെട്ടത്. തന്‍റെ ഏഴാം വയസു മുതല്‍ തന്നെ അവര്‍ പ്രതിമ നിര്‍മ്മാണം പഠിച്ചു തുടങ്ങിയിരുന്നു. പതിനെട്ടാം വയസില്‍ ഫ്രാന്‍സിലെ പ്രശസ്തനായ ഒരു ചരിത്രകാരന്‍റെ രൂപം നിര്‍മ്മിച്ചാണ് അവര്‍ പ്രശസ്തയായത്. അക്കാലത്തു വധ ശിക്ഷക്ക് വിധേയമാക്കിയവരുടെ രൂപം നിര്‍മ്മിച്ചും അവര്‍ ശ്രദ്ധ പിടിച്ചു പറ്റി. 1795 ഇല്‍ വിവാഹിത ആയെങ്കിലും അതെല്ലാം ഉപേക്ഷിച്ചു 1835ഇല്‍ അവര്‍ ബ്രിട്ടനിലേക്ക് കുടിയേറി. പിന്നീടങ്ങോട്ട് ലോകത്തുടനീളം സഞ്ചരിച്ചു അവര്‍ സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തു. 1850ഇല്‍ madam tussauds ന്‍റെ മരണശേഷം അവരുടെ മക്കളും ബന്ധുക്കളും ഈ സംരംഭം ഏറ്റെടുത്തു മുന്നോട്ട് കൊണ്ടുപോയി. പല രാജ്യങ്ങളിലും madam tussauds എന്ന പേരില്‍ മ്യൂസിയങ്ങള്‍ സ്ഥാപിച്ചു. 1925 ഇല്‍ ഉണ്ടായ തീപിടുത്തത്തില്‍ ബ്രിട്ടനിലെ അവരുടെ മ്യൂസിയം കത്തിയമര്‍ന്നു. എന്നാല്‍ നശിക്കാതെ കിട്ടിയ മോള്ടുകള്‍ ഉപയോഗിച്ച് പിന്നീട് അവയെല്ലാം പുനര്‍ നിര്‍മ്മിക്കുകയാണ് ഉണ്ടായത്.

 

ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഈ മ്യൂസിയത്തില്‍ ഇടം നേടിയിട്ടുണ്ട്. ഓരോ പ്രതിമക്കും യഥാര്‍ത്ഥ വ്യക്തിയുടെ അതേ ഉയരവും തൂക്കവുമാണ്. മ്യൂസിയതിനകത്തെ പ്രധാന ആകര്‍ഷണം അവിടെ സന്ദര്‍ശകര്‍ക്ക് ഒരു തരത്തിലുള്ള വിലക്കുകളും ഇല്ല എന്നതാണ്. പ്രതിമകളില്‍ തൊട്ടും തൊടാതെയുമെല്ലാം ഫോട്ടോ എടുക്കാം. കൂടുതല്‍ മനോഹരമായ പ്രതിമകളുടെ കൂടെ പ്രൊഫഷണല്‍ photographers ഉണ്ട്, പണം കൊടുത്തു ഫോട്ടോ എടുപ്പിക്കാം, അപ്പോള്‍ തന്നെ പ്രിന്‍റ് കിട്ടും.

 

പ്രതിമകള്‍ക്ക് മാത്രമല്ല, സന്ദര്‍ശകര്‍ക്കും ഇവിടെ ഫ്രെയിമുകള്‍ ഒരുക്കിയിട്ടുണ്ട്

Read More

Part 10 : Exploring ദി സിറ്റി ഓഫ് സിങ്കപ്പൂർ

സിംഗപൂര്‍ സിറ്റിയുടെ ഓരോ ഇഞ്ചും അരിച്ചു പെറുക്കാന്‍ വേണ്ടി ഞങ്ങള്‍ മാറ്റിവച്ച ദിവസമാണ് ഇന്ന്. പോവേണ്ട സ്ഥലങ്ങളെ കുറിച്ചും എവിടെ തുടങ്ങി എവിടെ അവസാനിപ്പിക്കണം എന്നും ഒരു ഏകദേശ ധാരണ തലേന്ന് രാത്രി തന്നെ ഉണ്ടാക്കി വച്ചിരുന്നു. ഞങ്ങള്‍ താമസിക്കുന്ന ലിറ്റില്‍ ഇന്ത്യ എന്ന സ്ഥലത്തിന്റെ ഏറ്റവും അടുത്ത് കിടക്കുന്ന സിംഗപൂര്‍ നാഷണല്‍ മ്യൂസിയത്തില്‍ നിന്ന് തുടങ്ങാനാണ് തീരുമാനം. തൊട്ടടുത്തുള്ള farrer park മെട്രോ സ്റ്റേഷനില്‍ നിന്ന് ഡോബിഹട്ട് സ്റ്റേനിലേക്ക് നേരിട്ട് ട്രെയിന്‍ കിട്ടും. അവിടെ നിന്ന് വളരെ അടുത്താണ് ഈ മ്യൂസിയം.

9 മണിക്ക് മ്യൂസിയം തുറക്കും. 8.30 നു തന്നെ ഞങള്‍ ഇറങ്ങി . വളരെ എളുപ്പത്തില്‍ തന്നെ ഡോബിഹട്ട് സ്റ്റേഷനില്‍ എത്തി. അവിടെ നിന്ന് മ്യൂസിയത്തിന് അടുത്തേക്ക് പോവുന്ന ബസ്‌ നമ്പര്‍ അന്വേഷിച്ചു.. പലരും പല നമ്പരുകള്‍ ആണ് പറഞ്ഞത്. ഗൂഗിളില്‍ നോക്കിയപ്പോളും പല നമ്പറുകള്‍ കണ്ടു, ഈ നമ്പര്‍ വച്ച് വന്ന പല ബസുകളില്‍ കയറി അന്വേഷിച്ചപ്പോള്‍ ആ വഴിക്ക് പോവില്ല എന്ന് പറഞ്ഞു.. അവസാനം ഗൂഗിള്‍ മാപ്പ് നോക്കി നടക്കാം എന്ന് തീരുമാനിച്ചു.. പ്രതീക്ഷിച്ചതിലും കുറച്ചു ദൂരമേ ഉണ്ടായിരുന്നുള്ളു മ്യൂസിയത്തിലേക്ക്. ബസ്‌ കയറി പോവാന്‍ മാത്രം ഇല്ലതന്നെ.. പ്രത്യേകിച്ച് വഴി കാണിക്കുന്ന ബോര്‍ഡുകള്‍ ഒന്നും കാണാന്‍ കഴിഞ്ഞില്ല. മ്യൂസിയത്തിന് തൊട്ടു മുന്നില്‍ എത്തിയപ്പോള്‍ മാത്രമാണ് മനസിലായത് ഞങ്ങള്‍ എത്തി എന്ന്.

 

സിംഗപൂരിലെ ഏറ്റവും പൌരാണികമായ മ്യൂസിയമാണിത്. പഴമ വിളിച്ചോതുന്ന, എന്നാല്‍ പ്രൌഡി തോന്നിപ്പിക്കുന്ന കെട്ടിടം. 1849 മുതല്‍ക്കുള്ള സിംഗപൂര്‍ ചരിത്ര ശേഷിപ്പുകള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. 1887 ഇല്‍ ആണ് ഇന്ന് കാണുന്ന ഈ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. രാവിലെ ആയതുകൊണ്ടായിരിക്കാം തിരക്ക് കുറവായിരുന്നു. ചില ഭാഗങ്ങളില്‍ നവീകരണം നടക്കുന്നതിനാല്‍ പ്രവേശനം വിലക്കിയിട്ടുണ്ട്. ക്യാമറ ഉപയോഗിക്കാമെങ്കിലും ഫ്ലാഷും ട്രൈപോഡും ഉപയോഗിക്കുന്നതിനു വിലക്കുണ്ട്. എന്നാല്‍ അവ ഉപയോഗിക്കാതെ കയ്യില്‍ വെക്കുന്നത് കൊണ്ട് കുഴപ്പമില്ല.

 

അകത്തേക്ക് ചെല്ലുമ്പോള്‍ തന്നെ കാണുന്ന കാഴ്ച്ചയാണിത്. അനേകം അലുമിനിയം പാത്രങ്ങള്‍ കൊണ്ട് എന്തോ നിര്‍മ്മിച്ച്‌ കൊണ്ടിരിക്കുന്നു. എന്താണെന്നു മനസിലായില്ല. പണികള്‍ തകൃതിയായി നടക്കുന്നുണ്ട്.

 

1800 കാലഘട്ടങ്ങളില്‍ സിംഗപൂരില്‍ ഉപയോഗത്തിലിരുന്ന വസ്ത്രങ്ങളും ചെരിപ്പുകളും ആണ് മുകളിലെ ചിത്രങ്ങളില്‍ .. മ്യൂസിയത്തിന്റെ അകത്തു നിന്നെടുത്ത ഒരു ചിത്രവും.. ഒരു മ്യൂസിയത്തിന് ഏറ്റവും ചേര്‍ന്ന രൂപകല്‍പ്പനയാണ് ഉള്‍വശത്ത് ,,

 

ഒരു മണിക്കൂര്‍ മ്യൂസിയത്തില്‍ ചിലവഴിച്ച ശേഷം ഞങ്ങള്‍ തിരിച്ചു പോന്നു. ഇനി മറീന ബേ ആണ് ലക്‌ഷ്യം. ഡോബി ഹട്ട് സ്റ്റേഷനില്‍ നിന്ന് നേരിട്ട് മറീന ബേ യിലേക്ക് മെട്രോ ഇല്ല. എന്നാല്‍ 2 ലൈന്‍ മാറി കയറി മറീനയിലെ Bay front സ്റ്റേഷനില്‍ എത്താം. 20 മിനിറ്റ് കൊണ്ട് bay front സ്റ്റേഷനില്‍ എത്താം. ഈ സ്റ്റേഷനകത്ത് നിന്ന് തന്നെ മറീന ബേയിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് ഭൂഗര്‍ഭ വഴികള്‍ ഉണ്ട്. മറീന ബേയിലെ പ്രധാന ആകര്‍ഷണമായ സാണ്ട്സ് ഹോട്ടലിന്റെ ഭാഗമായ ഷോപ്പിംഗ്‌ ഏരിയ ആണ് ഞങ്ങളുടെ ലക്‌ഷ്യം. കോടികളുടെ ഇടപാട് നടക്കുന്ന ഒരു കാസിനോ ഇവിടെയുണ്ട്. അതിനു മുന്നില്‍ ചെന്ന് ഏതാനും ഫോട്ടോകള്‍ എടുത്തു തിരിച്ചു പോന്നു. ഉള്ളിലേക്ക് കടക്കാന്‍ നിയന്ത്രണമുണ്ട്‌.

 

സാണ്ട്സ് ഹോട്ടലില്‍ താമസിക്കാനും വെറുതെ കാണാനും വരുന്ന അനേകം ആളുകളെ ഉദ്ദേശിച്ച് വലിയ ഒരു ഷോപ്പിംഗ്‌ കേന്ദ്രം തന്നെ ഒരുക്കിയിട്ടുണ്ട്. ഹോട്ടലിന് എതിര്‍വശം റോഡിനപ്പുറമാണ് ഷോപ്പിംഗ്‌ മാള്‍. ചിലവേറിയ മാള്‍ ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ, കൃത്രിമമായി നിര്‍മിച്ച ചെറിയ ഒരു അരുവിക്ക്‌ ഇരുവശത്തായാണ് ഷോപ്പിംഗ്‌ ക്രമീകരിച്ചിരിക്കുന്നത് . ഈ ചെറിയ അരുവിയിലൂടെ ഒരു ബോട്ടിംഗ് നടത്താം. 10 ഡോളര്‍ ആണ് ഒരാള്‍ക്ക്‌ ടിക്കെറ്റ് നിരക്ക്. ഏതാനും മിനിട്ടുകള്‍ മാത്രം ഉള്ള ഈ ബോട്ട് യാത്രയുടെ പേര് Sampan ride എന്നാണു. 10 ഡോളര്‍ ഇതിനു വേണ്ടി മുടക്കാതിരിക്കുന്നതാണ് നല്ലത്. കയറിയ ശേഷമാണ് ഇക്കാര്യം മനസിലായത്

 

മറീന ബേ യിലെ പ്രധാന ആകര്‍ഷണമായ സാന്റ്സ് ഹോട്ടലിനെ കുറിച്ച് നേരത്തെ സൂചിപ്പിച്ചിരുന്നു.. 3 കൂറ്റന്‍ ടവറുകളുടെ മുകളില്‍ ഒരു കപ്പല്‍ വച്ച പോലെയാണ് സാന്റ്സ് ഹോട്ടല്‍. സിംഗപൂര്‍കാരുടെ ഭാവനയും Engineering expertness ഉം വിളിച്ചോതുന്ന നിര്‍മ്മിതി. മുകളിലെ കപ്പല്‍ പോലെയുള്ള ഭാഗത്തിന്റെ ഒരു അറ്റം ഒരു viewing deck ആണ്. Sands Sky park എന്നാണു പേര്. 55 നിലയുടെ മുകളില്‍ ഉള്ള സ്കൈ പാര്‍കിനു മുകളില്‍ നിന്നാല്‍ സിംഗപൂര്‍ സിറ്റിയുടെ ഏറ്റവും മനോഹരമായ വ്യൂ കിട്ടും. അവിടെക്കണ് ഞങ്ങളുടെ യാത്ര..

 

23 ഡോളര്‍ ആണ് സ്കൈ പാര്‍കില്‍ കയറാനുള്ള ടിക്കറ്റ്‌ നിരക്ക്. ഒരു സമയത്ത് അനുവദിക്കാവുന്ന സന്ദര്‍ശകരുടെ എന്നതിന് നിയന്ത്രണമുണ്ട്‌. തിരക്കുള്ള സമയം ആണെങ്കില്‍ ക്യൂ വില്‍ നില്‍ക്കേണ്ടി വരും. സിംഗപൂര്‍ സിറ്റിയുടെ ഒരു ആകാശ കാഴ്ച ആദ്യ ദിവസം Singapore Flyer ഇല്‍ നിന്നും കണ്ടതാണ്, വീണ്ടും 46 ഡോളര്‍ ചിലവാകി സ്കൈ പാര്‍കില്‍ കയറണോ എന്ന് ഒന്നുകൂടി ആലോചിച്ചു.. ആ ആലോചനയില്‍ ഇത് വേണ്ടെന്നു വച്ചിരുന്നെങ്കില്‍ അത് വലിയൊരു നഷ്ടം ആകുമായിരുന്നു എന്ന് മുകളില്‍ എത്തിയപ്പോള്‍ മനസിലായി. tower 3 യുടെ മുകളില്‍ ആണ് സ്കൈ പാര്‍ക്ക്. 1,2 tower കളുടെ മുകളില്‍ ആയി വലിയൊരു സ്വിമ്മിംഗ് പൂള്‍ ആണ്. അവിടേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം ഇല്ല. ഹോട്ടലിലെ താമസക്കാര്‍ക്ക് മാത്രം ആസ്വധിക്കാന്‍ ഉള്ളതാണ് സ്വിമ്മിംഗ് പൂള്‍ .

 

ടിക്കറ്റ്‌ എടുക്കുമ്പോള്‍ തന്നെ counter ഇല്‍ ഇരുന്ന സ്ത്രീ , പുറത്തു മഴ ഉള്ളതിനാല്‍ മുകളില്‍ ചെന്നാല്‍ നനയാന്‍ സാധ്യതയുണ്ട്, ടിക്കറ്റ്‌ വേണം എന്ന് ഉറപ്പാണോ എന്ന് ചോദിച്ചു. വളരെ നേരിയ ചാറ്റല്‍ മഴ എന്ന് പോലും പറയാന്‍ വയ്യാത്ത മഴയെ ആണ് അവര്‍ പറയുന്നത്. അത് പ്രശ്നമല്ല എന്ന് പറഞ്ഞു ഞങ്ങള്‍ ടിക്കറ്റ്‌ എടുത്തു. 55 നിലയുടെ മുകളില്‍ ലിഫ്റ്റ് എത്തുമ്പോള്‍ വിമാനം പറന്നു ഉയരുന്നത് പോലെ ചെവി രണ്ടും കൊട്ടിയടച്ചു ..

 

താമരയുടെ രൂപത്തില്‍ കാണുന്ന കെട്ടിടം Singapore arts and science gallery ആണ് . അതെക്കുറിച്ച് വിശദമായി പിന്നീട്.. മുകളിലേക്ക് മൂന്നാമത്തെ ഫോട്ടോയില്‍ കാണുന്ന ഓവല്‍ ആകൃതിയില്‍ ഗ്ലാസ്‌ ഇട്ടു മൂടിയ രണ്ടു Dome കാണാം, മറീന ബേ യിലെ Gardens by the Bey യിലെ cloud forest and Flower dome ആണ് അവ. അതെ കുറിച്ചും പിന്നീട് എഴുതാം.

 

ഇന്ഫിനിറ്റി പൂള്‍ എന്ന സ്വിമിംഗ് പൂള്‍ ആണ് ഫോട്ടോയില്‍ കാണുന്നത് . ഹോട്ടലില്‍ താമസിക്കുന്നവര്‍ക്ക് മാത്രമേ പൂള്‍ ഉപയോഗിക്കാന്‍ കഴിയൂ .

 

സിംഗപൂര്‍ നദിയിലെ ബോട്ടുകളും കരയിലെ മെര്‍ലിയോണ്‍ പ്രതിമയും അത് കാണാന്‍ വന്ന സന്ദര്‍ശകരും..

 

ഒരു മണിക്കൂര്‍ മുകളില്‍ ചിവഴിച്ചാണ് ഞങ്ങള്‍ മടങ്ങിയത്.. തുടര്‍ന്നു കണ്ട കാഴ്ചകള്‍ അടുത്ത ബ്ലോഗില്‍ കാണാം NB: സ്‌കൈ പാർകിൽ കാമറ ഉപയോഗിക്കാം. എന്നാൽ tripod അനുവദനീയമല്ല

Read More

Exploring ദി സിറ്റി ഓഫ് സിങ്കപ്പൂർ : 2

സാന്റ്സ് ഹോട്ടലിന്റെ മുകളിലെ സ്കൈ പാര്‍കില്‍ നില്‍ക്കുമ്പോള്‍ തന്നെ താഴെ ഞങ്ങള്‍ക്ക് കാണേണ്ട സ്ഥലങ്ങളിലേക്കുള്ള ഒരു റൂട്ട് മാപ്പ് പിടികിട്ടിയിരുന്നു. സിന്ഗപ്പൂര്‍ സിറ്റിയുടെ ഹൃദയ ഭാഗത്ത്‌ തന്നെയാണ് സാന്റ്സ് ഹോട്ടല്‍. സ്കൈ പാര്‍കില്‍ അത്ര ഉയരത്ത് നിന്ന് കിട്ടുന്നതിലും മികച്ച ഒരു ലോക്കേഷന്‍ മാപ്പ് വേറെ കിട്ടാനില്ല . 

 

ട്രിപ്പ്‌ പ്ലാന്‍ ചെയ്യുന്ന സമയത്ത് ഹെലിക്സ് ബ്രിട്ജിനെ കുറിച്ച് വായിച്ചിരുന്നു. സാന്റ്സ് ഹോട്ടലിലെ ലേസര്‍ ഷോ ഫോട്ടോ എടുക്കാന്‍ ഏറ്റവും നല്ല ലൊക്കേഷന്‍ ഏതാണെന്ന് തിരഞ്ഞപ്പോള്‍ ആണ് ഹെലിക്സ് ബ്രിട്ജിനെ കുറിച്ച് വായിച്ചത്. അത് എവിടെ എന്ന് കണ്ടു മനസിലാക്കല്‍ എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാന കാര്യമായിരുന്നു. സാന്റ്സ് സ്കൈ പാര്‍കില്‍ നിന്നും അത് എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞു.

സ്കൈ പാര്‍കില്‍ നിന്നും താഴെ ഇറങ്ങി നേരെ ഹെലിക്സ് ബ്രിഡ്ജിന്റെ അടുത്തേക്ക് നടന്നു, മുഴുവനായും സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച ഒരു പാലം ആണിത്. നദിയുടെ അക്കരെ നിന്ന് സിങ്ങപൂര്‍ ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ് ഗാലറിയിലേക്ക് സന്ദര്‍ശകര്‍ക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ വേണ്ടി നിര്‍മ്മിച്ച പാലം. പ്രധാന പാലത്തിലൂടെ ജനങ്ങള്‍ നടക്കാതിരിക്കാന്‍ കൂടി ആയിരിക്കണം സമാന്തരമായി ഇങ്ങനെ ഒരെണ്ണം നിര്‍മ്മിച്ചിരിക്കുന്നത്. പാലത്തില്‍ നിന്ന് കാഴ്ചകള്‍ ആസ്വദിക്കാന്‍ പ്രത്യേകം സ്ഥലങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബ്രിഡ്ജ് കഴിഞ്ഞു ഒരു വശത്തേക്ക് ഇറങ്ങിയാല്‍ മറീന ബേയിലെ മേര്‍ലിയോണ്‍ പാര്‍കിന്റെ ഒരു അറ്റത്ത് എത്തും. രാത്രിയിലെ ലേസര്‍ ഷോ ഫോട്ടോ എടുക്കാന്‍ സൌകര്യപ്രഥമായ ഒരു സ്ഥലം കണ്ടു വെക്കലാണ് എന്‍റെ ലക്‌ഷ്യം. പറ്റിയ ഒരു സ്ഥലം കണ്ടെത്തി. സാന്റ്സ് ഹോട്ടലും ഹെലിക്സ് ബ്രിഡ്ജും ഒരേ ഫ്രൈമില്‍ ഉള്‍പ്പെടുത്താവുന്ന ഒരിടം.

 

ഉച്ച ഭക്ഷണം കഴിക്കുക എന്നതാണ് അടുത്ത ലക്‌ഷ്യം. നല്ല വിശപ്പുണ്ട് താനും. തലേ ദിവസം യാത്രക്കിടയില്‍ കാബ് ഡ്രൈവര്‍ സിങ്ങപൂരിലെ വിവിധ ഭക്ഷണങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. സിങ്ങപൂരിന്റെ തനതു വിഭവം, നിര്‍ബന്ധമായും കഴിച്ചിരിക്കണം എന്ന് പറഞ്ഞു പരിചയപ്പെടുത്തിയത് സിങ്ങപൂര്‍ ചില്ലി ക്രാബ് ആണ്. അല്പം വില കൂടിയ ഐറ്റം ആണ്, എങ്കിലും ഒന്ന് പരീക്ഷിച്ചു നോക്കാം എന്ന് കരുതി. ഞങ്ങള്‍ നില്‍ക്കുന്നതിനു എതിര്‍വശത്ത് നദിയുടെ അങ്ങേ കരയില്‍ ആണ് ഹോട്ടലുകള്‍ അധികവും. കുറച്ചു ദൂരമുണ്ടെങ്കിലും പതുക്കെ നടന്നു. വെയിലിനു നല്ല ചൂടും ഉണ്ട്.

 

Esplanade theater നു മുന്നിലൂടെയാണ്‌ ഞങ്ങള്‍ നടക്കുന്നത്. അത് വഴി പോവുന്ന ഏതൊരാളുടെയും ശ്രദ്ധ എളുപ്പത്തില്‍ ആകര്‍ഷിക്കുന്ന ഒരു കെട്ടിടം ആണിത്. 60000 sq ft വിസ്തൃതിയുള്ള പടുകൂറ്റന്‍ കെട്ടിടം ആണിത്, മുള്ള് പോലെ തള്ളി നില്‍ക്കുന്ന ഘടന ആരും പ്രത്യേകം ശ്രദ്ധിക്കും.. 2000 പേര്‍ക്ക് ഇരിക്കാവുന്ന വലിയ തിയേറ്റര്‍ ഉണ്ട് ഉള്ളില്‍. അതുപോലെ ലൈബ്രറിയും മറ്റു പല കലാരൂപങ്ങളും അവതരിപ്പിക്കാന്‍ വേണ്ട എല്ലാ വിധ ആധുനിക സൗകര്യങ്ങളും ഉള്ളില്‍ ഉണ്ട്. സമയക്കുറവു കാരണം അകത്തു കയറിയില്ല. ടിക്കെറ്റ് നിരക്കും മോശമല്ല. മുള്ള് പോലെ തള്ളി നില്‍ക്കുന്ന ഭാഗങ്ങള്‍ പുറത്തു നിന്നുള്ള ശബ്ദ ശല്ല്യം ഉള്ളില്‍ അനുഭവപ്പെടാതിരിക്കാന്‍ വേണ്ടിയുള്ളതാണെന്ന് എവിടെയോ വായിച്ചു.. 2002 ഇല്‍ ആണ് പൂര്‍ണമായി ഇത് തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങിയത്, ഒരു ബ്രിട്ടീഷ്‌ കമ്പനിയാണ് നിര്‍മ്മിച്ചിരിക്കുന്നത്

 

തൊട്ടടുത്ത്‌ കണ്ട ഒരു ഹോട്ടലില്‍ കയറി. സിങ്ങപൂര്‍ ചില്ലി ക്രാബ് ഓര്‍ഡര്‍ ചെയ്തപ്പോള്‍ നിരാശരായി. സാധനം സ്റ്റോക്ക്‌ ഇല്ല, എന്നാല്‍ ചില്ലി ക്രാബ് ഉപയോഗിച്ച് തയ്യാറാക്കിയ നൂഡില്‍സ് ഉണ്ട്. വേറെ ഒരു ഹോട്ടല്‍ തപ്പി പോവാന്‍ ഉള്ള മൂഡ്‌ ഇല്ലാതിരുന്നതിനാല്‍ തല്ക്കാലം ചില്ലി ക്രാബ് നൂഡില്‍സ് ആയേക്കാം എന്ന് കരുതി ഓര്‍ഡര്‍ ചെയ്തു. പണ്ട് തായ്‌ലാന്‍ഡില്‍ പോയി ടോം യാം ഗൂം സൂപ് കുടിച്ച അതെ അവസ്ഥയില്‍ ആയി പോയി,, രുചി തീരെ പിടിച്ചില്ല :-)

 

ഇനി പോവേണ്ടത് സിങ്ങപൂര്‍ ആര്‍ട്ട്‌ ആന്‍ഡ്‌ സയന്‍സ് ഗാലറിയിലേക്കാണ്‌ . വീണ്ടും നദി ക്രോസ് ചെയ്യണം. വന്ന വഴിയിലൂടെ തന്നെ തിരിച്ചു പോവാതെ കൂടുതല്‍ കാഴ്ചകള്‍ കാണാന്‍ വേറെ വഴിയിലൂടെ നടക്കാം എന്ന് വച്ചു. ടൌണിലൂടെ കുറച്ചു നടന്നു നദി കുറുകെ കടക്കാന്‍ വേറെ മനോഹരമായ ഒരു വഴി കണ്ടെത്തി..

 

ഇത് വഴി നടന്നു സാന്റ്സ് ഹോട്ടലിന്റെ ഷോപ്പിംഗ്‌ ഏരിയയില്‍ എത്തി, അവിടെ എന്തോ ഒരു റാലി നടക്കുന്നുണ്ടായിരുന്നു. എന്താണെന്നു മനസിലായില്ല. ബാന്‍ഡ് വാദ്യവും നൃത്തവും എല്ലാമായി നല്ലൊരു പരിപാടി, കുറച്ചു നേരം അത് കണ്ടു നിന്ന്. പിന്നെ നേരെ ആര്‍ട്ട്‌ ഗാലറിയുടെ അടുത്തെത്തി. താമരയുടെ ആകൃതിയിലുള്ള രസകരമായ ഒരു കെട്ടിടമാണിത്. കെട്ടിടം നില്‍ക്കുന്നത് വിവിധ വര്‍ണ്ണങ്ങളിലുള്ള ആയിരക്കണക്കിന് താമരകള്‍ വിരിഞ്ഞു നില്‍ക്കുന്ന ഒരു തടാകം പോലെയുള്ള സ്ഥലത്തും.. മികച്ച ഭാവന !

 

നടത്തത്തിന്റെ ക്ഷീണം മാറ്റാന്‍ പല വര്‍ണ്ണങ്ങളില്‍ വിടര്‍ന്നു നില്‍ക്കുന്ന താമര പൂക്കളുടെ അടുത്ത് കുറച്ചു നേരം വിശ്രമിച്ചു

 

ഗാലറിയുടെ ഉള്ളില്‍ കയറിയപ്പോള്‍ നല്ല തിരക്ക്. ഷോ കാണാന്‍ കുറെ നേരം ക്യൂ നില്‍ക്കണം. അത്ര സമയം അവിടെ ചിലവഴിച്ചാല്‍ ഞങ്ങള്‍ക്ക് ഇനി പോവാനുള്ള gardens by the bay ഇല്‍ ചിലവഴിക്കാനുള്ള സമയം കുറയുമല്ലോ എന്നോര്‍ത്ത് ഷോ കാണേണ്ട എന്ന് വച്ചു. ഗാലറിയിലെ കോഫി ഷോപ്പില്‍ നിന്നും വന്ന മണം ഞങ്ങളെ അങ്ങോട്ടേക്ക് വലിച്ചു അടുപ്പിച്ചു. 2 കപ്പുച്ചിനോ ഓര്‍ഡര്‍ ചെയ്തു, സിങ്ങപൂരിലെ കാപുചിനോയ്ക്ക് മധുരം ഇല്ല.. മറ്റു രാജ്യങ്ങളില്‍ അങ്ങനെയാണോ എന്നറിയില്ല. നാട്ടില്‍ നിന്ന് കുടിച്ച കാപുചിനോ ഇങ്ങനെയല്ല..

 

സാന്റ്സ് ന്റെ പുറകുവശത്തെ വലിയ പാര്‍ക്ക് ആണ് Gardens by the bay . വൈകുന്നേരങ്ങള്‍ ചിലവഴിക്കാന്‍ പറ്റിയ ഒരിടം. ടിക്കെറ്റ് ഇല്ലാതെ വെറുതെ ഇരിക്കാന്‍ പറ്റുന്ന ചുരുക്കം സ്ഥലങ്ങളില്‍ ഒന്നാണിത്. പക്ഷെ പാര്‍ക്കിലെ പ്രധാന ആകര്‍ഷണങ്ങള്‍ കാണണമെങ്കില്‍ ടിക്കെറ്റ് എടുക്കണം. ഗാലറിയുടെ അടുത്ത് നിന്ന് പാര്‍കില്‍ നടന്നെത്താന്‍ കഴിയും.

 

3 ഡോളര്‍ ടിക്കറ്റ്‌ എടുത്താല്‍ പാര്‍കിനു ഉള്‍വശം ട്രാമില്‍ കയറി കാണാം. വേണ്ട സ്ഥലത്ത് ഇറങ്ങി വിശ്രമിക്കാം, പാര്‍കിനു ഉള്‍വശം രണ്ടു കൂറ്റന്‍ ഗ്ലാസ്‌ ഡോംസ് ഉണ്ട്. Flower dome and cloud forest. ഒന്നിനകത്ത്‌ പേര് സൂചിപ്പിക്കുന്നത് പോലെ വിവിധ ഇനം പൂക്കളുടെ വലിയ ഒരു തോട്ടം ആണ്. cloud forest ഇല്‍ ഒരു കൃത്രിമ വെള്ളച്ചാട്ടം ഉണ്ട്, നേരത്തെ ഫോട്ടോ കണ്ടു പരിചയം ഉള്ളതാണ് ഇവിടം, അത് കൊണ്ട് ഫ്ലവര്‍ ഡോം ഒഴിവാക്കി ക്ലൌഡ് ഫോറെസ്റ്റില്‍ കയറാം എന്ന് തീരുമാനിച്ചു. സമയക്കുറവു തന്നെ പ്രശ്നം.

 

ഒരു വലിയ കെട്ടിടതിനെ ഒരു കാട് പോലെ മാറ്റിയെടുതിരിക്കുകയാണ് ഉള്ളില്‍. കണ്ടാല്‍ അത് കാടിനകത്തെ ഒരു മല പോലെ തോന്നിക്കും. ഒരു കൃത്രിമ വെള്ളച്ചാട്ടവും ഒരുക്കിയിട്ടുണ്ട്, ഉള്ളില്‍ ചെന്നാല്‍ ശരീരവും മനസും കുളിര്‍ക്കുന്ന ഫീല്‍ ആണ്. നല്ല തണുപ്പും ഭംഗിയുള്ള കാഴ്ചകളും .

 

ഇവിടെ നിന്നിറങ്ങി തൊട്ടടുത്ത തടാകത്തിനു അരികില്‍ വിശ്രമിക്കാന്‍ ഇരുന്നു.. വളരെ വിശാലമായ തടാകം. വശങ്ങളിലൂടെ ഭംഗിയുള്ള മരം കൊണ്ട് നിര്‍മ്മിച്ച നടപ്പാത.. എതിര്‍വശത്ത് ഉയരത്തിലൂടെ നടന്നു ഗാര്‍ഡന്‍ മുഴുവന്‍ കാണേണ്ടവര്‍ക്കു ഒരു സ്കൈ വാക്ക് ഉണ്ട്, ചെറിയ ടിക്കറ്റ്‌ എടുത്തു വേണമെങ്കില്‍ മുകളില്‍ കയറാം. രാത്രി അവിടെ ഒരു ലൈറ്റ് ഷോ ഉണ്ട്. സാന്റ്സ് ലെ ലേസര്‍ ഷോ യും ഇവിടത്തെ ലൈറ്റ് ഷോയും ഏതാണ്ട് ഒരേ സമയം ആണ്. ഇവിടത്തെ ഷോ എങ്ങനെയുണ്ട് എന്ന് ഒരു ഐഡിയയും ഇല്ലാത്ത കാരണം സാന്റ്സ് ഷോ കാണാം എന്നാണു ഞങള്‍ തീരുമാനിച്ചത്. എന്തായാലും നേരം ഇരുട്ടി പാര്‍കിലെ കൃത്രിമ മരങ്ങളില്‍ വിവിധ വര്‍ണ്ണങ്ങളില്‍ ഉള്ള ലൈറ്റ് തെളിഞ്ഞ ശേഷം ഏതാനും ഫോട്ടോകള്‍ എടുക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ കാത്തിരിക്കുന്നത് . അവിടെ ആണ് കുറെ പ്രൊഫഷണല്‍ photographers വന്നിട്ടുണ്ട്,, ഒരു ഫോട്ടോ വാല്‍ക് ആണെന്ന് തോന്നുന്നു.. 20 ലേറെ പേര്‍ ഉണ്ട്.. ഒരു നേതാവും.. tripod ഉം മറ്റുമായി നൈറ്റ്‌ ഫോട്ടോക്ക് വേണ്ട ഒരുക്കത്തിലാണ് എല്ലാവരും. Blue hour ഫോട്ടോഗ്രഫി വേണ്ടി കാത്തു നില്‍പ്പാണ് എല്ലാവരും. അവരുടെ ഇടയില്‍ കുറച്ചു സ്ഥലം ഒപ്പിച്ചു ഞാനും എടുത്തു ഏതാനും ഫോട്ടോകള്‍

 

അടുത്ത ലക്‌ഷ്യം സാന്റ്‌സ് ലേസർ ഷോ.. 8 മണിക്കാണ് ഷോ തുടങ്ങുന്നത്. പത്തു മിനിട്ട് മുന്നേ തന്നെ രാവിലെ കണ്ടു വച്ച സ്ഥലത്ത് എത്തി ക്യാമറ റെഡിയാക്കി വച്ചു. ആദ്യമായിട്ടാണ് ഒരു ലേസര്‍ ഷോ ഫോട്ടോ എടുക്കുന്നത്. നേരത്തെ ഇത് ഫോട്ടോ എടുത്തിട്ടുള്ള പ്രൊഫഷണല്‍ photographers ന്റെ ബ്ലോഗും മറ്റു വിവരണങ്ങളും വായിച്ചു വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയാണ് എന്‍റെ വരവ്.. എന്നാല്‍ ഷോ തുടങ്ങിയപ്പോള്‍ അല്‍പ്പം നിരാശ തോന്നാതിരുന്നില്ല. പ്രതീക്ഷിച്ച അത്ര ഭംഗി ഉണ്ടായില്ല ഷോ.. നേരത്തെ ഞാന്‍ കണ്ട ഫോട്ടോ ഏതോ ഫെസ്റ്റിവൽ സമയത്തു ഉള്ളതാണെന്ന് പിന്നീട് മനസിലായി. സാധാരണ ദിവസങ്ങളിൽ ഷോ അത്ര കളർഫുൾ അല്ല. 11 മണിക്ക് വീണ്ടും ഒരു ഷോ കൂടി ഉണ്ട്. ലൈറ്റ് ആന്‍ഡ്‌ വാട്ടര്‍ ഷോ ആണ്. പക്ഷെ അത് കാണാന്‍ നില്‍ക്കാന്‍ സമയം ഇല്ല. മെട്രോ സര്‍വീസ് അവസാനിച്ചാല്‍ പിന്നെ തിരിച്ചു ഹോട്ടലില്‍ എത്താന്‍ ബുദ്ധിമുട്ടാണ്.. ഗാർഡൻസ് ബൈ ദി ബേ യിലെ ലൈറ്റ് ഷോ കാണാമായിരുന്നു എന്ന് അപ്പോൾ തോന്നിപ്പോയി ..ഇനി ഒരിക്കൽ സിംഗപ്പൂർ വരുന്നേൽ നോക്കാം .

 

ഷോ അത്ര കളർഫുൾ ആയില്ലെങ്കിലും ഫോട്ടോ ഉദ്ദേശിച്ച പോലെ എടുക്കാൻ കഴിഞ്ഞപ്പോൾ സന്തോഷമായി. ഒരു എക്‌സ്‌ക്രീം കഴിച്ചു അതിനു ശേഷം. വേസ്റ്റ് ഇടാൻ ബിൻ അടുത്തൊന്നും കാണുന്നില്ല. ഒരു ചെറിയ പേപ്പർ കഷ്ണമാണ്. ഏതെങ്കിലും ഒരു മൂലയിൽ വലിച്ചെറിയാൻ വേണമെങ്കിൽ.. എന്നാൽ പരിസരത്തെ വൃത്തി കണ്ടാൽ അത് ചെയ്യാൻ മനസ് വരില്ല, അടുത്തെങ്ങും യാതൊരു തരത്തിലുള്ള വൃത്തികേടുകളും ഇല്ല, വൃത്തിയുള്ള സ്ഥലത്തു ആളുകൾ സ്വയം വൃത്തിയുള്ളവർ ആയി മാറും.. കുറെ ദൂരത്തു ഒരു ബിൻ കണ്ടു പിടിച്ചു അവിടെ കൊണ്ട് പോയി തന്നെ വേസ്റ്റ് ഇട്ടു.. പിന്നെ നേരെ മെട്രോ സ്റ്റേഷനിലേക്ക്.. ഏതാനും നിമിഷങ്ങൾ കൊണ്ട് മെട്രോ ട്രെയിൻ കിട്ടി,, ഒരിക്കലും മറക്കാത്ത കുറെ നല്ല ഓർമകളുമായി ഞങ്ങൾ തിരിച്ചു ഹോട്ടലിലേക്ക് ...

Read More