ചിലവ് അൽപ്പം കൂടും :-
ഒരു ബഡ്ജറ്റ് ട്രിപ്പ് ആലോചിക്കുന്നവർക്ക് യോജിച്ച സ്ഥലമല്ല തുർക്കി. കുർദ് പ്രദേശങ്ങളിൽ ഈയിടെയുണ്ടായ ഭൂകമ്പത്തിനു ശേഷം തുർക്കി വിസയുടെ ചാർജ് 25 ഒമാനി റിയാലിൽ നിന്നും 76 ആയി വർധിപ്പിച്ചു. ഭക്ഷണവും താമസവുമുൾപ്പെടെ എല്ലാം ചിലവേറിയവയാണ്. ടൂറിസ്റ്റുകളെ ആശ്രയിച്ചാണ് ഇസ്താമ്പുൾ പട്ടണത്തിന്റെ നിലനിൽപ്പ് എന്നതിനാൽ അവരെ പരമാവധി പിഴിയാതെ വഴിയില്ല.
മസ്കറ്റിൽ നിന്നും 5 മണിക്കൂർ യാത്ര ചെയ്തു ഇസ്താമ്പുൾ സിറ്റിയുടെ അടുത്തുള്ള സബീഹ ഗോക്ചെ എയർപോർട്ടിൽ വിമാനമിറങ്ങുന്നത് സൂചി കുത്താനിടമില്ലാത്ത തിരക്കിലേക്കാണ്. ഒരു മണിക്കൂറിലേറെ എമിഗ്രേഷൻ ക്യൂവിൽ നിന്ന ശേഷമാണ് പുറത്ത് കടക്കാൻ കഴിഞ്ഞത്. ലഗേജ് തള്ളാൻ ട്രോളി എടുക്കണമെങ്കിൽ ചില്ലറ കൊടുക്കണം. ആദ്യമായി ഇവിടെ വരുന്നവരുടെ കൈയിൽ ടർക്കിഷ് ചില്ലറ ഉണ്ടാകാൻ ഒരു സാധ്യതയുമില്ല. പുറത്തിറങ്ങിയാൽ കാര്യങ്ങൾ എളുപ്പമാണ്. ജനങ്ങൾ വളരെ ആതിഥ്യ മര്യാദയുള്ളവരും സഹായ മനസ്ക്കരുമാണ്. നേരത്തെ കേട്ടത് പോലെ ഭാഷ വലിയൊരു പ്രശ്നമായി തോന്നിയില്ല. എല്ലാവർക്കും അറിയില്ലെങ്കിലും ചുറ്റിലും കാണുന്ന ആരെങ്കിലുമൊക്കെ അൽപ്പ സ്വൽപ്പമെങ്കിലും ഇംഗ്ലീഷ് അറിയുന്നവരായിരിക്കും.
സബീഹ ഗോക്ചെ എയർപോർട്ടിൽ നിന്നും ഇസ്താമ്പുൾ സിറ്റിയിലേക്കുള്ള യാത്ര, അച്ചടക്കമുള്ള ട്രാഫിക്കും റോഡുകളുടെ നിലവാരവും മാറ്റി നിർത്തിയാൽ ഏതാണ്ട് കേരളത്തിലെ വലിയ ടൗണുകളിലൂടെയുള്ള യാത്രയെ ഓർമ്മിപ്പിച്ചു ഇസ്താമ്പുളിനോട് അടുക്കും തോറും ട്രാഫിക് കൂടുതൽ തിരക്കേറിയതായി.
തുരുത്തിനപ്പുറം ഇസ്താമ്പുളിന്റെ ശബ്ദം
കരിങ്കടലിന്റെ വലിയൊരു തുരുത്താണ് യൂറോപ്പിലും ഏഷ്യയിലുമായി കിടക്കുന്ന തുർക്കിയെ രണ്ടായി വിഭജിക്കുന്നത്. 1.5 km നീളത്തിൽ നിർമ്മിച്ചിരിക്കുന്ന ബോസ്ഫറസ് ഹാങ്ങിങ് ബ്രിഡ്ജിനു മുകളിലൂടെ ഇസ്താമ്പുൾ സിറ്റിയിലേക്ക് കടക്കുമ്പോൾ ആദ്യം ശ്രദ്ധയിൽ പെടുന്നത് റോഡിലൂടെയും ഫുട്ട്പാത്തിലൂടെയും ഒഴുകുന്ന ജനസാഗരമായിരിക്കും..ഇത്രയും തിരക്കേറിയ ഒരു നഗരത്തിൽ ഞാൻ മുൻപ് പോയിട്ടില്ല. സിറ്റിയിലെ റോഡുകളിലുടനീളം ട്രാം ട്രാക്കുകൾ കാണാം. റോഡിലെ മറ്റു വാഹങ്ങളോടും തിരക്കിനോടും പൊരുത്തപ്പെട്ടു, അവരിൽ ഒരാളായി തലങ്ങും വിലങ്ങും നീങ്ങുന്ന ട്രാമുകൾ തന്നെയാണ് ഈ നഗരത്തിന്റെ മുഖമുദ്ര. അമ്പലങ്ങളിൽ നിന്നും ഇടയ്ക്ക് കേൾക്കാറുള്ള മണി ശബ്ദത്തെ ഓർമ്മിപ്പിക്കുന്ന ഒരു ശബ്ദമാണ് ട്രാമുകളുടെ ഹോൺ. ഇസ്താമ്പുളിന്റെ ശബ്ദം ഏതെന്നു ചോദിച്ചാൽ ഈ മണി ശബ്ദമാണെന്നേ ഞാൻ പറയൂ. ഇസ്താമ്പുൾ പോലെ തിരക്കേറിയ, സ്ഥലപരിമിതി മൂലം കഷ്ടപ്പെടുന്ന ഒരു നഗരത്തിൽ, പതിനായിരക്കണക്കിന് ജനങ്ങളെ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങാതെ കൃത്യസമയത്ത് ലക്ഷ്യത്തിലെത്തിക്കാൻ ട്രാമുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. ട്രാമുകൾക്കായി വേറെ ഒരു സ്ഥലം ആവശ്യമില്ല എന്നതാണ് അതിന്റെ ഏറ്റവും വലിയ മേന്മ. ട്രാമും ബസ്സും മെട്രോയും ബോട്ടും ട്രെയിനും ഉൾപ്പെടുന്ന ശക്തമായ പബ്ലിക് ട്രാൻസ്‌പോർട്ട് സിസ്റ്റം ഇസ്താമ്പുളിന്റെ വലിയൊരു സവിശേഷതയാണ് സവിശേഷതയാണ്. എല്ലാ പബ്ലിക് ട്രാൻസ്‌പോർട്ട് സിസ്റ്റത്തിലും ഒരേ കാർഡുപയോഗിച്ച് യാത്ര ചെയ്യാം. ബാലൻസ് കഴിയുമ്പോൾ റീചാർജ് ചെയ്യ്താൽ മതി. ഇസ്താമ്പുളിൽ ചിലവ് കുറഞ്ഞ ഒരേയൊരു ഏർപ്പാട് പബ്ലിക് ട്രാൻസ്‌പോർട്ട് സിസ്റ്റമാണ്. ഞങ്ങൾ താമസിച്ചിരുന്ന സിറ്റി സെന്റർ ഏരിയയിലെ ഹോട്ടലിൽ നിന്ന് നടക്കാവുന്ന ദൂരത്തിൽ രണ്ട് ട്രാം സ്റ്റേഷനുകൾ ഉണ്ടായിരുന്നു. അഗതാ ക്രിസ്റ്റിയുടെ പ്രശസ്തമായ നോവലായ മർഡർ ഓൺ ഓറിയന്റൽ എക്സ്പ്രസ്സിലെ ടൈറ്റിൽ കഥാപാത്രമായ ഓറിയന്റൽ എക്സ്പ്രസ്സ് ഇസ്താമ്പുളിൽ നിന്ന് പാരീസിലേക്ക് പുറപ്പെട്ടിരുന്ന റെയിൽവേ സ്റ്റേഷൻ ഈ സിറ്റി സെന്ററിൽ തന്നെയാണ്. ഇതേ കഥ സിനിമയായും ഇറങ്ങിയിട്ടുണ്ട്. കഥയെഴുതാൻ വേണ്ടി അവർ തുർക്കിയിൽ വന്നു താമസിച്ചിരുന്ന ഒരു ഹോട്ടൽ ഇഷ്തിക്ക് ലാൽ സ്ട്രീറ്റിൽ ഇപ്പോഴുമുണ്ട്.