വാൽപ്പാറ

തമിഴ്‌നാട്‌ സംസ്ഥാനത്തിലെ കോയമ്പത്തൂർ ജില്ലയിലെ ഒരു താലൂക്കും ഹിൽസ്റ്റേഷനുമാണ് വാൽപ്പാറ (തമിഴ്: வால்பாறை). സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 3500 അടി (1,100 മീറ്റർ) ഉയരത്തിൽ പശ്ചിമഘട്ട മലനിരകളിലെ ആനമലൈ കുന്നുകളിൽ, കോയമ്പത്തൂരിൽ നിന്നും ഏകദേശം 100 കിലോമീറ്റർ (62 മൈൽ) അകലെയും പൊള്ളാച്ചിയിൽ നിന്ന് 65 കിലോമീറ്ററുകൾ (40 മൈൽ) ദൂരത്തിലുമാണ് ഈ ഹിൽസ്റ്റേഷൻ നിലനിൽക്കുന്നത്. അത് കൊണ്ടു തന്നെ വിവിധ സസ്യ, ജന്തു, പക്ഷി വിഭാഗങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ പ്രദേശം. ഇവിടെയുള്ള ഭൂരിഭാഗം പ്രദേശങ്ങളും സ്വകാര്യവ്യക്തികളുടെ തോട്ടങ്ങളാണ്. വനഭൂമിയിൽ സന്ദർശകർക്ക് പ്രവേശനമില്ല. അഴിയാറിൽ നിന്ന് വാൽപ്പാറയിലേയ്ക്കുള്ള റോഡിൽ 40 ഹെയർ പിൻ വളവുകളുണ്ട്. വലിയ വനമേഖലകൾ തൊട്ടംമേഖലയുടെ പരിധിക്കപ്പുറവും തുടരുന്നു.തമിഴ്നാട് സർക്കാർ റിസോർട്ടുകളും മറ്റുമുണ്ടാക്കി ഇവിടെ ടൂറിസം വികസിപ്പിക്കാൻ സഹായം ചെയ്യുന്നുണ്ട്

1846 ൽ രാമസ്വാമി മുതലിയാർ കാപ്പിത്തോട്ടങ്ങൾ ആരംഭിക്കുന്ന കാലം മുതലുള്ളതാണ് ഈ പ്രദേശത്തിൻറെ ആദ്യകാല രേഖകൾ.

 

1864 ൽ കർണാട്ടിക് കോഫി കമ്പനി അവരുടെ കാപ്പി തോട്ടങ്ങൾ ഇവിടെ ആരംഭിച്ചുവെങ്കിലും അവർക്ക് ലാഭമുണ്ടാക്കാൻ കഴിഞ്ഞില്ല, അതിനാൽ അവർ തങ്ങളുടെ ഭൂമിയുടെ ഒരു ഭാഗം വിറ്റു. 1875 ൽ, ഇംഗ്ലണ്ടിലെ വെയിൽസ് രാജകുമാരൻറെ (എഡ്വേർഡ് VII രാജാവ്) സന്ദർശനത്തിനായി പട്ടാളക്കാർ റോഡുകളും ഗസ്റ്റ് ഹൗസുകളും നിർമ്മിച്ചു. നിർമ്മാണപ്രവർത്തനങ്ങൾക്കായി ഇവിടെ നിയോഗക്കപ്പെട്ടിരുന്ന പട്ടാളക്കാർ കുതിരകളെയും ആനകളെയും ഉപയോഗിച്ചിരുന്നു. എന്നിരുന്നാലും ഈ സന്ദർശനം പിന്നീട് റദ്ദാക്കപ്പെട്ടു. 1890 ൽ ഡബ്ല്യൂ. വിൻറിൽ, നോർഡൻ എന്നിവർ വാൽപ്പാറയുടെ ഭൂരിഭാഗവും ബ്രിട്ടീഷ് രാജിനു കീഴിലുള്ള മദ്രാസ് സ്റ്റേറ്റ് ഗവൺമെൻറിൽനിന്നു വാങ്ങുകയും ചെയ്തു. വിൻറിൽ ഈ പ്രദേശത്തെ വനഭൂമി വെട്ടിത്തെളിച്ച് തേയില, കാപ്പി എന്നിവ കൃഷി ചെയ്തു. കാർവർ മാർഷ് എന്ന പരിചയസമ്പന്നനായ തോട്ടക്കാരൻറെ സഹായം 250 രൂപ ഒരു ശമ്പള പ്രകാരം അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.

Read More