ആപ്രിക്കോട്ട് പൂക്കുന്ന വക്കാന്‍ വില്ലേജ് - Oman

ഒമാനിലേക്ക് വരുന്നതിനു മുന്നേ തന്നെ ഫോട്ടോഗ്രഫി ഗ്രൂപ്പുകള്‍ വഴി കേട്ടറിവുള്ള ഗ്രാമമാണ് വക്കാന്‍. പ്രകൃതി ഭംഗികൊണ്ടു അനുഗ്രഹീതമായ ഒരു ഉള്‍ഗ്രാമമാണ് വക്കാന്‍. സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 6600 അടി ഉയരത്തിലാണ് വക്കാന്‍ സ്ഥിതി ചെയ്യുന്നത്.. ചുറ്റും അതിലും ഉയരമുള്ള മലകളാല്‍ ചുറ്റപ്പെട്ടു കിടക്കുനത് കാരണം കുറച്ചു സമയത്തേക്ക് മാത്രമേ വക്കാനില്‍ കാര്യമായിട്ട് വെയില്‍ ഉണ്ടാവാറുള്ളു.. അത് കൊണ്ട് തന്നെ എല്ലായ്പ്പോഴും തണുത്ത കാലാവസ്ഥയാണ് .. വെള്ളത്തിന്റെ ലഭ്യതയും തണുത്ത കാലാവസ്ഥയും കൃഷിക്ക് അനുയോജ്യമായ ഒരു സ്ഥലമായി വക്കാനെ മാറ്റിയെടുത്തിരിക്കുന്നു.. സ്വാഭാവികമായും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ഏതാനും കുടുംബങ്ങള്‍ മാത്രമാണ് വക്കാനില്‍ താമസമുള്ളൂ.. ആപ്രിക്കോട്ട് മരങ്ങള്‍ പൂത്തു നില്‍ക്കുന്ന ഫെബ്രുവരി മാസത്തില്‍ വക്കാനിലേക്ക് സന്ദര്‍ശകരുടെ ഒഴുക്കാണ്.. മരങ്ങള്‍ പൂത്തു തുടങ്ങി എന്ന് കേട്ട ഉടനെ വക്കാന്‍ സന്ദര്‍ശിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി..

ഫോട്ടോഗ്രഫി താല്പര്യമുള്ളവര്‍ അതിരാവിലെ സൂര്യോദയ സമയത്താണ് വക്കാനില്‍ ചെല്ലുന്നത്.. മേഘങ്ങള്‍ക്കിടയിലൂടെ എത്തി നോക്കുന്ന സൂര്യന്റെ വെളിച്ചം വക്കാന് പ്രത്യക ഭംഗി നല്‍കും.. ഇബ്രിയില്‍ നിന്ന് ഏതാണ്ട് 200km ദൂരമുള്ളതിനാല്‍ ആ സമയത്ത് വക്കാനില്‍ എത്തുക എന്നത് പ്രായോഗികമല്ല.. മസ്കറ്റിലെ സുഹൃത്തുമായി ആലോചിച്ചു ഉച്ച തൊട്ടു വൈകുന്നേരം വരെയുള്ള ഒരു ട്രിപ്പ് പ്ലാന്‍ ചെയ്തു..

 

അങ്ങനെ ആ ദിവസം വന്നെത്തി. ഇബ്രിയില്‍ നിന്നും ഞങ്ങള്‍ മൂന്നു പേരും മസ്കറ്റില്‍ നിന്നും സുഹൃത്തും ഫാമിലിയും മറ്റൊരു ഫാമിലിയുമുണ്ട്.. വക്കാനിലെക്കുള്ള റോഡ്‌ തുടങ്ങുന്നിടത്ത് വച്ച് കണ്ടുമുട്ടാന്‍ പാകത്തിലാണ് യാത്ര.

 

രുഷ്ടാക്ക് നിന്നും നഖലിലേക്ക് പോവുന്ന വഴിയില്‍ നിന്ന് തിരിഞ്ഞു പോകണം വക്കാനിലേക്ക്. നേരത്തെ പ്ലാന്‍ ചെയ്ത പോലെ അവിടം മുതല്‍ രണ്ടു വാഹനങ്ങളിലായി ഒരുമിച്ചാണ് ഞങ്ങളുടെ യാത്ര. ഉള്ളിലേക്ക് പോകും തോറും മൂടിയ അന്തരീക്ഷമായി.. വെയില്‍ തീരെ കുറവ്.. ചെറിയ കുന്നുകളും താഴ്വരകളും താണ്ടിയുള്ള യാത്ര രസകരമാണ്. വരാനിരിക്കുന്ന ഓഫ്‌ റോഡ്‌ ഡ്രൈവിനെ കുറിച്ച് ഒരു ഏകദേശ ധാരണ നേരത്തെ ഉണ്ടായിരുന്നെങ്കിലും ഞങ്ങള്‍ കരുതിയതിലും വളരെ കടുപ്പമേറിയ റോഡായിരുന്നു അവിടെ ഞങ്ങളെ വരവേറ്റത്. വക്കാന്‍ ന്റെ ഏതാണ്ട് 6-7 km അടുത്ത് വരെ നല്ല ടാര്‍ റോഡുണ്ട്‌. അത് കഴിഞ്ഞാല്‍ മണ്ണ് റോഡാണ്.. പൊടി നിറഞ്ഞ അതികം ഗ്രിപ്പ് ഇല്ലാത്ത റോഡ്‌.. ചെങ്കുത്തായ കയറ്റം.. വളഞ്ഞു പുളഞ്ഞു കയറി പോവണം. മിക്ക സ്ഥലത്തും വീതി കുറവ്. എതിരെ വാഹനം വന്നാല്‍ ചിലപ്പോള്‍ reverse എടുക്കേണ്ടി വരും.. Edge എടുത്തു പോയാല്‍ പൊടിപോലും കാണില്ല കണ്ടു പിടിക്കാന്‍.. 4 wheel drive വാഹനം വേണം ബുദ്ധിമുട്ടില്ലാതെ കയറി പോവാന്‍.

 

മുകളില്‍ പാര്‍ക്കിംഗ് വളരെ പരിമിതമായതിനാല്‍ ധാരാളം വാഹനങ്ങള്‍ വഴിയരികില്‍ ഒതുക്കി നിര്‍ത്തിയിരുന്നു.. ഞങ്ങളും അതുപോലെ വഴിയില്‍ കുറച്ചു സ്ഥലം കണ്ടിടത്ത്‌ കാര്‍ പാര്‍ക്ക് ചെയ്തു.

 

മുകളില്‍ എത്തിയപ്പോഴേക്കും 2pm ആയിരുന്നതിനാല്‍ കയ്യില്‍ കരുതിയ ഭക്ഷണം കഴിച്ച ശേഷം കാഴ്ചകള്‍ കാണാം എന്ന് തീരുമാനിച്ചു. സാമാന്യം വലിയ ഒരു ഗ്രാമമാണ് വക്കാന്‍ , തോന്നിയ പോലെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലാം എന്നായിരുന്നു എന്റെ മുന്‍ധാരണ. എന്നാല്‍ വക്കാന്‍ വളരെ ചെറിയ ഗ്രാമമാണ്.. വളരെ കുറച്ചു കുടുംബങ്ങള്‍ മാത്രമേ താമസമുള്ളൂ . അവരുടെ ചെറിയ വീടുകള്‍ അങ്ങിങ്ങായി കാണാം. അതിനോടനുബന്ധിച്ചു കൃഷിയിടങ്ങള്‍. തുടക്കം മുതല്‍ വക്കാന്‍ അവസാനിക്കുന്നത് വരേയ്ക്കും കല്ല്‌ പാകിയ നടപ്പാതയുണ്ട്. അതിലൂടെ നടന്നു കയറി ഇരു വശവും ഉള്ള കാഴ്ചകള്‍ കാണാനേ കഴിയു. കൃഷിയ്ടങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതും ഗ്രാമവാസികളെ ഏതെങ്കിലും തരത്തില്‍ ശല്യം ചെയ്യുന്നതും അവര്‍ ഇഷ്ടപ്പെടില്ല. അവര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കാത്ത രൂപത്തില്‍ വേണം നമ്മള്‍ കാഴ്ചകള്‍ കാണാന്‍. അവിടത്തെ ആളുകളുടെ ഫോട്ടോ എടുക്കുന്നതും അവര്‍ ഇഷ്ടപ്പെടുന്നില്ല..

 

 

Read More

Pomegranate

മുകളിലേക്ക് കല്ല്‌ പാകിയ നടപ്പാതയിലൂടെ നടന്നു തുടങ്ങുമ്പോള്‍ തന്നെ പുല്ലു വളര്‍ന്നു നില്‍ക്കുന്ന പാടം പോലെയുള്ള ഭാഗം കാണാം. അവിടെ ഒരു സ്ഥലത്ത് നാട്ടുകാരായ ആളുകള്‍ കൂട്ടം കൂടി ഒരു സദസ്സ് പോലെ ഇരിപ്പുണ്ടായിരുന്നു. അവരെ ശല്യം ചെയ്യാതെ മുന്നോട്ടു നീങ്ങി. ഇരു വശത്തും ആദ്യം കണ്ടത് Pomegranate തോട്ടങ്ങളാണ്. അകത്തേക്ക് ഇറങ്ങി ചെല്ലാന്‍ ശ്രമിക്കുന്നത് അവര്‍ക്ക് ഇഷ്ടമല്ല എന്ന് കണ്ടതോടെ ആ ശ്രമം ഉപേക്ഷിച്ചു. കുറച്ചു കൂടി മുന്നോട്ട് നടന്നപ്പോള്‍ എന്തോ ഫ്രൂട്സ് വില്‍ക്കാന്‍ ഇരിക്കുന്ന രണ്ടുപേരെ കണ്ടു. ആദ്യം എടുത്ത ചിത്രം ഒന്നു കൂടെ മികച്ചതാക്കാന്‍ ശ്രമിക്കുമ്പോള്‍ ഫോട്ടോ എടുക്കുന്നതില്‍ അവരും ഇഷ്ടക്കേട് കാണിച്ചു.. ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടു പിന്‍വാങ്ങേണ്ടി വന്നു..

അവിടന്നങ്ങോട്ട് കല്ലു പാകിയ ചെറിയ നടപ്പാത നീണ്ടു കിടക്കുന്നു.. മുകളിലേക്ക് കയറി പോവുന്ന ഒരു പാമ്പിനെ പോലെ വളഞ്ഞു പുളഞ്ഞു അങ്ങനെ കിടക്കുന്നു.. ഇരു വശങ്ങളിലും ആപ്രിക്കോട്ട് മരങ്ങള്‍ പൂത്തു നില്‍ക്കുന്നു. തണുത്ത കാലാവസ്ഥയും ചുറ്റിലെ പച്ചപ്പും ആപ്രിക്കോട്ട് പൂക്കളും ചേര്‍ന്ന് സുഖകരമായ ഒരു അനുഭൂതി.. പതിയെ പതിയെ ഞങ്ങള്‍ നടപ്പാതയിലൂടെ മുകളിലേക്ക് നടന്നു.. ഇടയ്ക്കു ചെറിയ വിശ്രമം, വീണ്ടും നടത്തം, ഫോട്ടോയെടുപ്പ്...

ആപ്രിക്കോട്ട് പൂക്കളുടെ അടുത്തു നിന്ന് കൊണ്ട് ഒരു ക്ലോസപ്പ് ഫോട്ടോ ആരും ആഗ്രഹിച്ചു പോകും

 

 

Read More

ആപ്രിക്കോട്ട് മരങ്ങള്‍

വെള്ളത്തിന്റെ ലഭ്യത എടുത്തു പറയേണ്ട കാര്യമാണ്.. മലമുകളില്‍ നിന്ന് ഒലിച്ചിറങ്ങി വരുന്ന വെള്ളം ചെറിയ കുളങ്ങളില്‍ സംഭരിച്ചു വെക്കുന്നു.. അവിടെ നിന്നും ചെറു ചാലുകള്‍ കീറിയാണ്‌ കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്നത്. കുളത്തില്‍ നിന്നും ചാലുകളിലേക്ക് തുറക്കുന്ന പ്രധാന ദ്വാരം മണ്ണിട്ട്‌ മൂടിയാണ് ജലസേചനം നിര്‍ത്തുന്നത്.. ചാലുകളില്‍ കല്ലും ചാക്കും വച്ച് വെള്ളം വഴി തിരിച്ചു വിടുകയും ചെയ്യുന്നുണ്ട്.. അതിനായി മാത്രം കൈക്കോട്ടും ചുമന്നു കൊണ്ട് നടക്കുന്ന ഒരാളെ വഴിയില്‍ കണ്ടു..


 

കയറ്റം കയറി ക്ഷീണിച്ചെങ്കില്‍ ഇടയ്ക്കു വിശ്രമിക്കാന്‍ പറ്റിയ സ്ഥലങ്ങളും വേണ്ടുവോളമുണ്ട്.

 

മുകളിലേക്ക് ചെല്ലും തോറും സംഘത്തിലെ ആളുകളുടെ എണ്ണം കുറഞ്ഞു വന്നു.. പലരും ഇടയ്ക്കു വച്ച് നടത്തം നിര്‍ത്തി വിശ്രമിച്ചു. നടപ്പാത അവസാനിക്കുന്നിടത്ത് ഒരു വാച് ടവര്‍ പോലൊരെണ്ണം നിര്‍മ്മിച്ചിട്ടുണ്ട്. അവിടെ നിന്ന് താഴ്വര മുഴുവന്‍ കാണാന്‍ കഴിയും. അവിടെ എത്തുന്നതിന്‍റെ ഏതാണ്ട് ഒരു കിലോമീറ്റര്‍ മുന്നേ ഞങ്ങള്‍ യാത്ര അവസാനിപ്പിച്ചു. കയറ്റം കയറി എല്ലാവരും ക്ഷീണിച്ചു പോയിരുന്നു. ആപ്രിക്കോട്ട് മരങ്ങള്‍ അവസാനിക്കുന്നിടത്താണ് ഞങ്ങളും യാത്ര അവസാനിപ്പിച്ചത്.

 

തിരിച്ചു ഇറങ്ങുന്ന വഴി നേരത്തെ കണ്ടുവച്ച ഒരു സ്ഥലത്ത് ഒരു ഗ്രൂപ്പ് ഫോട്ടോക്ക് വേണ്ടി എല്ലാവരും പോസ് ചെയ്തു..

 

നടപാത തുടങ്ങുന്നിടത്ത് ഒരു ചെറിയ കോഫി ഷോപ്പുണ്ട്. വക്കാന്‍ ഭംഗി ആസ്വദിച്ചു കൊണ്ട് ഓപ്പണ്‍ എയറില്‍ ഇരുന്നു ചായ കുടിക്കാം . തൊട്ടടുത്തു തന്നെ വൃത്തിയുള്ള Toilet സൗകര്യങ്ങളുമുണ്ട്..

 

തിരിച്ചു ഇറങ്ങി വന്നപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങി. എല്ലാവരും ക്ഷീണിച്ചിരുന്നു അപ്പോഴേക്കും. നേരത്തെ ഉണ്ടായിരുന്ന വാഹന തിരക്ക് ഇപ്പോള്‍ ഇല്ല.. ഞങ്ങളുടെ വാഹനം ഉള്‍പ്പെടെ ഏതാനും ചില കാറുകള്‍ മാത്രമേ ഉള്ളൂ.. കയ്യില്‍ കരുതിയിരുന്ന snacks കഴിച്ച ശേഷം തിരിച്ചുള്ള യാത്ര ആരംഭിച്ചു.. അപ്പോഴേക്കും തണുപ്പിന്റെ കാഠിന്യം കൂടിത്തുടങ്ങിയിരുന്നു. നേരത്തെ വാഹനങ്ങളുടെ തിരക്കിലൂടെ പേടിയോടെ കയറി ചെന്ന വഴികളിലൂടെ തിരക്കില്ലാതെ അനായാസമായി തിരിച്ചിറങ്ങി. നന്നേ ഇരുട്ട് വീഴുന്ന മുന്നേ താഴെ എത്തി.. ഹെഡ് ലൈറ്റ് വെളിച്ചത്തില്‍ ചുരം ഇറങ്ങി വരുന്നത് സുരക്ഷിതമായിരിക്കില്ല എന്നു കരുതിയാണ് നേരത്തെ ഇറങ്ങിയത്

 

വക്കാനിലെക്കുള്ള വഴിയില്‍ പെട്രോള്‍ പമ്പുകള്‍ ഇല്ല.. അതിനു മുന്നേ ടാങ്ക് നിറച്ചു പോവുന്നതാണ് നല്ലത്. കൊടും കയറ്റം കയറുമ്പോള്‍ ടാങ്കില്‍ വേണ്ടത്ര പെട്രോള്‍ ഇല്ലെങ്കില്‍ അനാവശ്യമായി ടെന്‍ഷന്‍ ആയിപ്പോകും.. വണ്ടി വഴിയില്‍ നിന്ന് പോയാല്‍ കുടുങ്ങുന്നത് നമ്മള്‍ മാത്രമായിരിക്കില്ല..

Read More

ഒമാനിലെ ഒരു വര്‍ഷം ( Part 2)

സന്തോഷ്‌ ജോര്‍ജ് കുളങ്ങരയുടെ ഒരു ഒമാന്‍ യാത്രാ വിവരണം ടിവിയില്‍ കണ്ടു കൊണ്ടിരിക്കുമ്പോള്‍ ഒരു ആഗ്രഹം മനസിലുണ്ടായിരുന്നു.. ഒരിക്കല്‍ ഒമാന്‍ കാണണം. ടൂര്‍ പോവാന്‍ തിരയുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഒമാനെകുറിച്ചും തിരച്ചിലുകള്‍ നടത്തിയിരുന്നു. ഒമാന്‍ കാണുന്നത് ഇവിടെ ജോലി ചെയ്തു കൊണ്ടായിരിക്കും എന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല,.. അത് തന്നെയാണല്ലോ ജീവിതത്തിലെ അനിശ്ചിതത്വം.. പ്രതീക്ഷിക്കാത്ത പലതും അങ്ങനെ സംഭാവിച്ചുകൊണ്ടേയിരിക്കും..

Viva exam നു വേണ്ടിയാണ് ഒമാന്‍ മണ്ണില്‍ രണ്ടാമതായി കാലു കുത്തുന്നത്.. ഉമ്രക്ക് പോവുന്ന വഴി അതിനു മുന്‍പ് മസ്കറ്റ് എയര്‍പോര്‍ട്ടില്‍ 4 മണിക്കൂര്‍ ചിലവഴിച്ചിട്ടുണ്ട് .. Viva exam കഴിഞ്ഞു രാത്രി വൈകിയുള്ള ഫ്ലൈറ്റിനാണ് മടക്കം. സുഹൃത്തിന്റെ വീട്ടിലെ ഉച്ചഭക്ഷണത്തിന് ശേഷം ചെറിയൊരു കറക്കം പ്ലാന്‍ ചെയ്തു.. മസ്കെറ്റില്‍ നിന്നും സുര്‍ എന്ന സ്ഥലത്തേക്ക് പോവുന്ന വഴിക്കുള്ള ഭിമ സിങ്ക് ഹോള്‍ എന്ന സ്ഥലവും വെള്ളാരം കല്ലുകള്‍ നിറഞ്ഞ ഒരു ബീച്ചും കാണാന്‍ ആയിരുന്നു പ്ലാന്‍.. വലിയ മല മുകളിലേക്ക് ചുരം പോലെയുള്ള റോഡിലൂടെ കയറിയും ഇറങ്ങിയുമുള്ള ആ യാത്ര ശരിക്കും ആസ്വദിച്ചു. എന്നാല്‍ ലക്ഷ്യത്തില്‍ എത്തും മുന്നേ തന്നെ സൂര്യന്‍ താഴ്ന്നു തുടങ്ങി.. ഏതെങ്കിലും ഒരു സ്ഥലം മാത്രമേ കാണാന്‍ കഴിയൂ എന്ന് മനസിലായപ്പോള്‍ ആദ്യം എത്തുന്ന ഭിമ സിങ്ക് ഹോള്‍ മാത്രം കാണാം എന്നായി തീരുമാനം.

 

ഉല്‍ക്ക വീണ്ടുണ്ടായത് എന്ന് കരുതപ്പെടുന്ന ഒരു വന്‍ ഗര്‍ത്തമാണ് ഭിമ സിങ്ക് ഹോള്‍.. തൊട്ടടുത്ത കടലുമായി ഭൂമിക്കടിയിലൂടെ ഈ ഗര്‍ത്തം ബന്ധപ്പെട്ടു കിടക്കുന്നു എന്നാണ് പറയപ്പെടുന്നത്‌. ഞങ്ങള്‍ അവിടെ എത്തിയപ്പോഴേക്കും ഏതാണ്ട് ഇരുട്ട് വീണു തുടങ്ങിയിരുന്നു, സന്ദര്‍ശകരുടെ തിരക്കുണ്ടായിരുന്നില്ല, അനേകം അടി ഉയരത്തില്‍ നിന്നും താഴെ വെള്ളത്തിലേക്ക്‌ ആളുകള്‍ ഡൈവ് ചെയ്യാറുണ്ട് ഇവിടെ ..

 

 

Read More

Muscat heights/ Al Amarat heights & ഇബ്രി heights

തിരിച്ചു വരുമ്പോള്‍ നേരം ഇരുട്ടി. നേരത്തെ കയറിയ മല ഇറങ്ങുമ്പോള്‍ ഉള്ള ഒരു വ്യൂ പോയന്റില്‍ നിന്ന് മസ്കറ്റ് സിറ്റിയുടെ അതിമനോഹരമായ ഒരു കാഴ്ച കാണാം . Muscat heights/ Al Amarat heights എന്നാണു ഇവിടം അറിയപ്പെടുന്നത്. 

 

ചിത്രത്തില്‍ ദൂരെ രണ്ടു പില്ലര്‍ കാണുന്നതാണ് അമീന്‍ മോസ്ക്.

ഇബ്രിയിലാണ് ഹോസ്പിറ്റല്‍ എന്ന് അറിഞ്ഞ ഉടനെ അവിടെ കാണാന്‍ കൊള്ളാവുന്ന സ്ഥലങ്ങള്‍ ഒക്കെ ഉണ്ടോ എന്നാണ് ആദ്യം അന്വേഷിച്ചത്. ഓ .. ഇവിടെ അങ്ങനെ ഒന്നും ഇല്ല എന്നാണ് എല്ലാവരുടെ അടുത്ത് നിന്നും കിട്ടിയ മറുപടി. പ്രീ ഡിഗ്രി അത്ര മോശം ഡിഗ്രി ഒന്നുമല്ല എന്ന് ഇബ്രിയില്‍ വന്നപ്പോള്‍ മനസിലായി. ഇബ്രിയിലും പരിസരത്തുമായി ആസ്വദിക്കാവുന്ന നിരവധി സ്ഥലങ്ങള്‍ ഉണ്ട്. പക്ഷെ സ്വന്തം വാഹനം വേണം ഇവിടങ്ങളില്‍ ഒക്കെ പോവാന്‍.

 

ഇബ്രി heights എന്നറിയപ്പെടുന്ന ഒരു കുന്നിന്‍പുറമാണ് എല്ലാ ഇബ്രി നിവാസികളുടെയം ഒരു താല്‍ക്കാലിക ആശ്വാസം. ഇബ്രി ടൌണ്‍ മുഴുവന്‍ അവിടെ നിന്നാല്‍ കാണാം. സുഹൃത്തുക്കളുടെ വാഹനത്തിലാണ് ആദ്യം ഇവിടം സന്ദര്‍ശിക്കുന്നത് . ഇബ്രിയില്‍ സൂര്യന്‍ അസ്തമിക്കുന്നത് ഇവിടെ നിന്ന് കാണാന്‍ നല്ല ഭംഗിയാണ്.

 

മസ്കെറ്റില്‍ നിന്നുള്ള നീണ്ട ഡ്രൈവിന്‍റെ അവസാനം ഇബ്രി എത്തി എന്ന് ആശ്വാസം തരുന്നത് റോഡിനു ഇരുവശവും ഒരു വളവോട് കൂടി സ്ഥാപിച്ചിരിക്കുന്ന ലൈറ്റുകളാണ്. നാഷണല്‍ ഡേയോട് അനുബന്ധിച്ച് ഒരു വര്‍ണ്ണാലങ്കാരം കൂടിയായപ്പോള്‍ ഇവിടം മനോഹരമായി

 

 

Read More

അല്‍ സുലൈഫ് , Ibri castle , ബീഹൈവ് ടോംബ് & നിസ്‌വ

400 ലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള രണ്ടു കോട്ടകളാല്‍ സമ്പന്നമാണ് ഇബ്രി. അല്‍ സുലൈഫ് എന്ന കൊട്ട ഏതാണ്ട് തകര്‍ന്നിട്ടുണ്ടെങ്കിലും അത് ഒരു പൈതൃകം പോലെ ഇപ്പോഴും സംരക്ഷിച്ചു പോരുന്നുണ്ട് ഇവിടത്തെ ഭരണകൂടം ,.

 

കാര്‍ കയ്യില്‍ വന്ന ആദ്യ നാളുകളില്‍ ചെറിയ ചെറിയ യാത്രകള്‍ ആയിരുന്നു.. റോഡും ഇടതു വശ ഡ്രൈവിങ്ങും ശരിക്കും പരിചയം ആവുന്നതിനു മുന്നേയുള്ള ഒരു ധൈര്യക്കുറവു.. അങ്ങനെ സോഹാര്‍ റോഡു വഴി നടത്തിയ ചെറിയ യാത്രയില്‍ എടുത്തതാണ് ഈ ചിത്രം

ഇബ്രിയില്‍ നിന്ന് ഏതാണ്ട് 25 km അകലെയുള്ള സ്ഥലമാണ് മുഖ്നിയാത്ത്.. വാദി എന്ന് വിളിക്കുന്ന ചെറിയ അരുവികളും കൃഷിഭൂമികളും ഉള്ള സ്ഥലം. അരുവി ഒഴുകുന്നതും കൃഷിയും കാണാം എന്ന മോഹത്തോടെയാണ് മുഖ്നിയാത്തില്‍ പോയത്. എന്നാല്‍ വാദിയില്‍ മഴ ഉള്ള സമയത്ത് മാത്രമേ വെള്ളം കാണൂ.. മഴ ഇല്ലാത്തപ്പോഴും വെള്ളം ഉള്ളവ താരതമ്യേനെ കുറവാണ്. കൃഷിയും വെള്ളവും കണ്ടില്ലെങ്കിലും നല്ല ഒരു അസ്തമയം ഞങ്ങളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്

 

ഇബ്രിയില്‍ നിന്നും ഏതാണ്ട് 60km അകലെയാണ് പുരാതന കാല ശവകുടീരങ്ങള്‍ എന്ന് കരുതപ്പെടുന്ന ബീഹൈവ് ടോംബ്. UNESCO heritage കേന്ദ്രങ്ങളില്‍ ഒന്നാണ് ഇവിടം.

 

ഇബ്രിയില്‍ നിന്ന് മസ്കറ്റ് പോവുന്ന വഴി പകുതി ദൂരം പിന്നിട്ടാല്‍ എത്തുന്ന ടൌണ്‍ ആണ് നിസ്‌വ. ഹൈവേയുടെ അരികില്‍ തന്നെയാണ് നിസ്വ സുല്‍ത്താന്‍ ഖബൂസ് പള്ളി.. മസ്കെറ്റ് യാത്രക്കിടെ ചെറുതായി ഒന്ന് ഫ്രഷ്‌ ആവാന്‍ ഇവിടെ ഇറങ്ങാതെ പോവാറില്ല. സുഖരമായ ambiance ആണ്. വൈകുന്നേരങ്ങളില്‍ ആണെങ്കില്‍ വെറുതെ വിശ്രമിക്കാന്‍ പറ്റിയ സ്ഥലം..

 

വാദി dhunk എന്ന വാദിയില്‍ എല്ലായ്പ്പോഴും വെള്ളം ഉണ്ടെന്ന ധാരണയിലാണ് ഇവിടം സന്ദര്‍ശിക്കാന്‍ പോയത്.. എന്നാല്‍ 4 വര്‍ഷമായി അതില്‍ വെള്ളമേ ഇല്ല എന്ന് പിന്നീട് അറിഞ്ഞു. വെള്ളം ഇല്ലെങ്കിലും ഇവിടേക്കുള്ള യാത്ര രസകരമാണ്.. വാദി പരിസരം എനിക്ക് ഒത്തിരി ഇഷ്ടമായി.

 

 

Read More

ജബല്‍ അക്ധര്‍ , ബഹല , അല്‍ ഹോക്കൈന്‍

ഒമാനിലെ തന്നെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ജബല്‍ അക്ധര്‍. 9800 അടി ഉയരമുണ്ട് ജബല്‍ അക്ധര്‍ ന്‍റെ ഏറ്റവും ഉയരം കൂടിയ ഭാഗത്തേക്ക്.. ഒമാനിലെ ഏറ്റവും നല്ല റിസോര്‍ട്ട് അവാര്‍ഡ്‌ നേടിയ അലില റിസോര്‍ട്ട് ഇവിടെയാണ്‌.. അലില ഉള്‍പ്പെടെ ഏതാനും റിസോര്‍ട്ടുകള്‍ ഉണ്ടെന്നല്ലാതെ മലമുകളില്‍ വേറെ കാര്യമായി ഒന്നും ഇല്ല.. പക്ഷെ കുത്തനെ , വളഞ്ഞു പുളഞ്ഞു മല കയറിയുള്ള യാത്ര ത്രില്ലിംഗ് ആണ്. മുകളിലെ കാലാവസ്ഥ സുഖകരമാണ്. തണുപ്പുകാലത്ത് പൂജ്യത്തിനു താഴയാണ് തണുപ്പ്. ഐസ് വീഴുന്ന സ്ഥലം. ജബല്‍ അക്ധറിന് മേല്‍ നല്ല കൃഷിയിടങ്ങളുണ്ട്.. കുറച്ചു ട്രക്കിംഗ് നു തയ്യാറാണെങ്കില്‍ ഈ കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കാം.. pomegranate , പേരക്ക തുടങ്ങി പലതും കാണാം.. നിസ്‌വയില്‍ നിന്ന് കുറച്ചു ദൂരമേ ജബല്‍ അക്ധറിലെക്കുള്ളൂ .

നിസ്‌വയുടെ അടുത്ത് കിടക്കുന്ന മറ്റൊരു സ്ഥലമാണ് ബഹല. രണ്ടു കോട്ടകള്‍ ഇവിടെയുണ്ട്. ജബ്രീന്‍ കാസ്സില്‍, ബഹല ഫോര്‍ട്ട്‌ എന്നിവ.. കുറെ കൂടി പോയാല്‍ അല്‍ ഹൂത്ത ഗുഹകള്‍.. മലയുടെ ഉള്ളിലുള്ള വലിയ ഗുഹയാണത്. ജബ്രീന്‍ വളരെ മനോഹരമാണ്. ബഹല ഫോര്‍ട്ടില്‍ പോവാന്‍ കഴിഞ്ഞില്ല. അല്‍ ഹൂത്ത ഗുഹയില്‍ പോയി. പക്ഷെ ഉള്ളില്‍ ഫോട്ടോ എടുക്കാന്‍ പാടില്ല .

 

Rustaq ലേക്കുള്ള യാത്രയും ഒരു അനുഭവം തന്നെയാണ്. അവിടെയും ഒരു കോട്ടയുണ്ട് , അല്‍ ഹോക്കൈന്‍ എന്ന വാദിയും അതിലുള്ള ഒരു വെള്ളച്ചാട്ടവും. വാദിയില്‍ മഴ പെയ്തു ധാരാളം വെള്ളം ഉണ്ടെന്നു ഒരാള്‍ പറഞ്ഞതനുസരിച്ചാണ് കാണാന്‍ പോയത്. ആദ്യമായി പോവുന്ന റൂട്ട് ആണ്. റോഡു മികച്ചതാണെങ്കിലും വീതി കുറവ്. കുത്തനെ കയറ്റവും ഇറക്കവും. രസകരമായ മലനിരകള്‍ താണ്ടി വേണം പോവാന്‍. ഉദേശിച്ചതിലും അര മണിക്കൂര്‍ വൈകി കോട്ട അടക്കാന്‍ നേരത്താണ് അവിടെ എത്തിയത്. കുറെ ദൂരെ നിന്ന് വരുന്ന കാരണം 10 മിനിറ്റ് അധികം അനുവദിച്ചു തന്നു. ജബ്രീന്‍ പോലെ അത്ര മനോഹരമല്ല ഇവിടത്തെ കോട്ട..

 

മാപ് നോക്കി കറങ്ങി തിരിഞ്ഞു ഞങ്ങള്‍ എത്തിയത് അല്‍ ഹോക്കൈന്‍ വാദിയുടെ വേറെ ഒരു വ്യൂ പോയിന്റ് ല്‍ ആണ്. വെള്ളച്ചാട്ടം വേറെ ഏതോ ഭാഗത്തായിരുന്നു. വാദിയില്‍ പക്ഷെ നീര്‍ച്ചാല്‍ പോലെ മാത്രമേ വെള്ളം ഉണ്ടായിരുന്നുള്ളു ..

 

ഒമാനില്‍ കണ്ട സ്ഥലങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് മസ്കെറ്റ് സിറ്റി തന്നെയാണ്. സിറ്റിയുടെ വളരെ ചെറിയ ഭാഗം മാത്രമേ കണ്ടിട്ടുള്ളൂ.. മനോഹരമായി പരിപാലിക്കപ്പെടുന്ന സിറ്റിയാണ് മസ്കെറ്റ്. ദുബായ് , ഷാര്‍ജ സിറ്റികളിലെ പോലെ തിരക്കില്ല. എങ്കില്‍ പോലും സിറ്റിയിലേക്ക് കടക്കുന്ന ഭാഗം തൊട്ടേ മനസ്സില്‍ ഒരു ഭയം വരും എനിക്ക്.. വഴി തെറ്റുമോ എന്ന്.. ഭയം അസ്ഥാനത്തല്ല താനും.. പല തവണ പോയിട്ടും ഒരു തവണ മാത്രമേ ഒട്ടും വഴി തെറ്റാതിരുന്നിട്ടുള്ളൂ .

 

മസ്കറ്റില്‍ ഇത് വരെ കണ്ടത്തില്‍ ഏറ്റവും ഇഷ്ടമായത് സുല്‍ത്താന്‍ ഖബൂസ് പള്ളിയും പരിസരവുമാണ്.. പ്രത്യേകിച്ച് നിയന്ത്രണങ്ങള്‍ ഒന്നും ഇവിടെയില്ല, വെള്ളിയാഴ്ച ഒഴികെ ഉള്ള ദിവസങ്ങളില്‍ അകത്തു കയറിയും ചിത്രം എടുക്കാം.. എല്ലാ മത വിശ്വാസികള്‍ക്കും അകത്തു കയറാം. പ്രവേശന ഫീസ്‌ ഒന്നും ഇല്ല. അകത്തു ഒരു തവണ കയറിയിട്ടുണ്ട്. വെള്ളിയാഴ്ച കുറച്ചു സമയം. വിശദമായി കാണാന്‍ വീണ്ടും പോവണം. പുറം ഭാഗം തന്നെ മുഴുവന്‍ കാണാന്‍ കഴിഞ്ഞില്ല ഇതുവരെയും.. അവിടെ നിന്നുള്ള ഏതാനും ചിത്രങ്ങള്‍ താഴെ

 

 

Read More

അല്‍ അലാം കൊട്ടാരം , Qurum ബീച്ച് മസ്കെറ്റ്

അല്‍ അലാം കൊട്ടാരം.. സുല്‍ത്താന്‍ ഖബൂസ് ന്റെ 7th Grandfather 200 വര്‍ഷങ്ങള്‍ക്കു മുന്നേ നിര്‍മ്മിച്ചതാണ് ഈ കൊട്ടാരം. രാത്രിയിലെ ദീപപ്രഭയില്‍ നല്ല ഭംഗിയാണ് ഈ കൊട്ടാരത്തിന്.

 

Qurum ബീച്ച് മസ്കെറ്റ് ലെ പ്രശസ്തമായ ബീച്ചുകളില്‍ ഒന്നാണ്. ബീച്ചിന്റെ ദൂരക്കാഴ്ച അടുത്തുള്ള ഒരു കുന്നിന്മേല്‍ കയറിയാല്‍ കിട്ടും. വൈകുന്നെരങ്ങളില്‍ ഈ കാഴ്ച മനോഹരമാണ് .
 

രാത്രിയില്‍ തിരക്കേറിയ ഒരു റോഡിനു മുകളിലെ മേല്‍പാലത്തില്‍ നിന്നും താഴേക്ക്‌ നോക്കി നിന്നാല്‍ നമ്മള്‍ കാണുന്ന കാഴ്ചയല്ല ക്യാമറ കാണുന്നത്. ക്യാമറ കാണുന്ന ആ കാഴ്ച്ചയെ Light trails എന്ന് പറയും.

 

ഒമാനില്‍ കണ്ടുതീര്‍ക്കേണ്ട കാഴ്ചകളുടെ നൂറില്‍ ഒന്ന് പോലും ആയിക്കാണില്ല ഇവ. കണാത്തവയ്ക്കായി കാത്തിരിക്കാം.. കണ്ടു കഴിഞ്ഞവയെല്ലാം മനോഹരം, കാണാനിരിക്കുന്നവ അതിമനോഹരം എന്നാണല്ലോ :-)

Read More

ഒമാന്‍ കാഴ്ചകള്‍ ( Part 3)

ചൂടുകാലം അവസാനിക്കുന്ന September മാസം മുതലാണ് ഒമാനിലെ സഞ്ചാരികളുടെ ഉല്‍സവകാലം തുടങ്ങുന്നത്. October , November മാസങ്ങള്‍ യാത്രക്ക് ഏറ്റവും യോജിച്ച സമയമാണ്.. ജനുവരി മുതല്‍ക്ക് തണുപ്പ് കുറേശ്ശെ അലട്ടി തുടങ്ങും.

 

കഴിഞ്ഞ സീസണില്‍ നടത്തിയ ഏറ്റവും പ്രധാനപ്പെട്ട ദൂരയാത്ര വാദി ഷാബ് കാണാന്‍ വേണ്ടി 400 കിലോമീറ്റര്‍ താണ്ടി സുര്‍ പട്ടണത്തിലേക്കു നടത്തിയ യാത്രയാണ്. മികച്ച റോഡുകളാണ് ഒമാനില്‍ ഉടനീളം.. 400 കിലോമീറ്റര്‍ വെറും നാലു മണിക്കൂര്‍ കൊണ്ട് സുഖകരമായി ഓടിയെത്തി.. എല്ലാ സമയത്തും വെള്ളമുള്ള മനോഹരമായ വാദികളില്‍ ഒന്നാണ് വാദി ഷാബ്. കൂറ്റന്‍ മലയിടുക്കിലൂടെ ഒഴുകി വരുന്ന വെള്ളം കടലില്‍ ചേരുന്ന ഭാഗമാണ് പ്രധാനമായും ആളുകള്‍ സന്ദര്‍ശിക്കുന്നത്. ട്രെക്കിംഗ് താല്‍പര്യം ഉള്ളവര്‍ക്ക് അതുമാവാം. പോവുന്ന വഴിക്കാണ് ഭീമാ സിങ്ക് ഹോള്‍.. നക്ഷത്രം വീണുണ്ടായത് എന്നു ഒമാനികള്‍ വിശ്വസിക്കുന്ന കൂറ്റന്‍ ഗര്‍ത്തം.. അവിടെ നേരത്തെ പോയിട്ടുള്ളതാണ്. അന്ന് മൊബൈല്‍ മാത്രമേ കയ്യില്‍ ഉണ്ടായിരുന്നുള്ളൂ. വെളിച്ചം കുറഞ്ഞ സമയത്ത് എടുത്ത വ്യക്തതയില്ലാത്ത ചിത്രങ്ങള്‍ക്ക് പകരം പുതിയ ചിത്രങള്‍ എടുക്കാനുള്ള അവസരമായിരുന്നു അത്.

വാദി ഷാബ് ശരിക്കും ആസ്വദിക്കാവുന്ന ഒരു സ്ഥലമാണ്. ഉച്ചക്ക് ശേഷമാണ് ഞങ്ങള്‍ അവിടെ എത്തിയത്, ബോട്ടിങ് 5 മണിയോടെ തീരും എന്നതിനാല്‍ കുറെ ദൂരം വാദിക്കരികിലൂടെ ഉള്ളിലേക്ക് നടക്കാന്‍ കഴിഞ്ഞില്ല, നേരത്തെ എത്തിയാല്‍ വേണ്ടുവോളം ആസ്വദിക്കാനുള്ള വക ഇവിടെയുണ്ട്.

 

 

Read More

സോഹാര്‍ സുല്‍ത്താന്‍ ഖബൂസ് മോസ്ക് & ഖന്ഥാബ് ബീച്ച്

ഇബ്രിയില്‍ നിന്നു ഡ്രൈവ് ചെയ്യാന്‍ പ്രയാസകരമായ വഴി ആയത് കൊണ്ട് മാത്രം പോകാന്‍ വൈകിപ്പിച്ച സ്ഥലമാണ് സോഹാര്‍. മലയും കുന്നും കയറിയിറങ്ങി വളഞ്ഞു പുളഞ്ഞു പോവുന്ന dual track ആയതിനാല്‍ പോവാന്‍ ഒരു മടിയുണ്ടായിരുന്നു. രാത്രി തിരിച്ചുള്ള ഡ്രൈവിങ് ബുദ്ധിമുട്ടാവും എന്ന തോന്നല്‍ .. പറ്റിയ ഒരു കമ്പനി കിട്ടിയ മാത്രയില്‍ ഇറങ്ങി പുറപ്പെട്ടു. കാര്യമായ കറക്കം നടന്നില്ലെങ്കിലും സോഹാര്‍ സുല്‍ത്താന്‍ ഖബൂസ് മോസ്ക് വളരെ ഇഷ്ടപ്പെട്ടു

മസ്കറ്റ് കാണാന്‍ UAE യില്‍ നിന്നു വന്ന അതിഥികളുമായി പെട്ടന്നു തട്ടിക്കൂട്ടിയ ഒരു യാത്രയില്‍ പകര്‍ത്തിയ രണ്ടു ചിത്രങള്‍ .. ഒന്നു മസ്കറ്റിലെ സുല്‍ത്താന്‍ ഖബൂസ് പള്ളിയുടെ ഉള്‍വശം.. മറ്റൊന്നു മസ്കറ്റിലെ പ്രശസ്തമായ ബീച്ചുകളില്‍ ഒന്നായ ഖന്ഥാബ് ബീച്ച്.. അവിടെ ബോട്ടിങ് പ്രശസ്തമാണ്. പാറമടകള്‍ക്കുളില്‍ പ്രകൃത്യാ ഉള്ള ഹോളിലൂടെ ബോട്ടില്‍ പോവാം. സമയപരിമിതി മൂലം അന്ന് അതിനു കഴിഞ്ഞില്ല. മസ്കറ്റില്‍ നിന്നും ഖന്ഥാബ് ബീച്ചിലേക്കുള്ള ഡ്രൈവിങ് ഒരു സുഖകരമായ അനുഭവമാണ്..

 

 

Read More

വാദി ഡാം & മരുപ്രദേശം

ഇബ്രിയില്‍ നിങ്ങള്‍ക്ക് ബോറടി തോന്നുന്നുണ്ടോ? ചെറിയോരു ട്രിപ്പിന് പറ്റിയ സ്ഥലം പോലും ഇല്ല എന്ന വിഷമം ?? എങ്കില്‍ പോരൂ .. വാദി ഡാം കാണാം. ഏതാണ്ട് 80 km ഡ്രൈവ് മതി. അല്‍പ്പം ഓഫ് റോഡും ചെറിയ ഒരു ട്രെക്കിങ്ങും. കണ്ണിനും ശരീരത്തിനും കുളിര്‍മ്മയേകുന്ന സ്ഥലമാണ് വാദി ഡാം. രാത്രി ക്യാംപ് ചെയ്യാനും പറ്റുന്ന സ്ഥലം.

ഇതോടെ തീരുന്നില്ല ഇബ്രി.. ആളനക്കം ഇല്ലാത്ത കുറെ മരുപ്രദേശം ഉണ്ടിവിടെ. കണ്ണു തുറന്നു വച്ചാല്‍ അവിടെയും കണ്ടെത്താം കുറെ നല്ല കാഴ്ചകള്‍

Read More

വാദി അല്‍ ഹൊക്കൈന്‍ , Rushtaq & നഖല്‍

ഒരിക്കല്‍ പോയി വേണ്ടവിധം കാണാന്‍ പറ്റാതെ തിരിച്ചു പോന്ന സ്ഥലമാണ് വാദി അല്‍ ഹൊക്കൈന്‍. ഇബ്രിയില്‍ നിന്നും ഏതാണ്ട് 150 km അകലെ Rushtaq ല്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ വാദിയും ഒരു ചെറിയ വെള്ളചാട്ടവുമാണ് ഹൊക്കൈനിലെ ആകര്‍ഷണം. അന്ന് തിരിച്ചു വരുമ്പോള്‍ മാപ് വട്ടം കറക്കി വഴി തെറ്റി അലഞ്ഞതിനാല്‍ ഇത്തവണ മൂന്ന്‍ വ്യത്യസ്ത മാപ്പുകള്‍ ഫോണില്‍ സേവ് ചെയ്തായിരുന്നു യാത്ര.. മൂന്നും കൂടി ഒരുമിച്ച് കൈവിടാന്‍ സാധ്യത കുറവാണ്..

ഇടയ്ക്കിടെ മഴ ലഭിക്കുന്ന സ്ഥലമാണ് Rushtaq. മഴ ഉള്ള ദിവസങ്ങളില്‍ ചെന്നാല്‍ നിറഞ്ഞു ഒഴുകുന്ന വാദിയുടെയും വെള്ളചാട്ടത്തിന്റെയും അതിമനോഹരമായ കാഴ്ച കാണാം. മഴ ഇല്ലെങ്കില്‍ നീരൊഴുക്ക് വളരെ കുറവായിരിക്കും. എങ്കിലും ഒരു വൈകുന്നേരം മനോഹരമാക്കാന്‍ ഉള്ള വക ഇവിടെയുണ്ട്.

 

Rushtaq ല്‍ നിന്നും ഒരു മണിക്കൂര്‍ യാത്ര ചെയ്തു എത്തിപ്പെടാവുന്ന ആരുടേയും മനം കവരുന്ന പട്ടണമാണ് നഖല്‍. ചുറ്റും വന്‍ മലകളാല്‍ ചുറ്റപ്പെട്ട ഒരു താഴ്വരയാണ് നഖല്‍ സിറ്റി.. വലിയ ഈന്തപ്പന തോട്ടങ്ങളും ഉടനീളം കാണാം. ചൂട് വെള്ളം ഒഴുകുന്ന ഒരു അരുവിയും നഖല്‍ ഫോര്‍ട്ടുമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. അരുവിയും ഫോര്‍ട്ടും രണ്ടു തവണയായി പോയാണ് കണ്ടത്. ഇബ്രി തൊട്ടു rushtaq വരെയുള്ള ഡ്രൈവ് ആകര്‍ഷകമാണ്.. മനോഹരമായ കുന്നുകളും താഴ്വരകളും പിന്നിട്ടുള്ള ഡ്രൈവ്. അതിലേറെ ഭംഗിയാണ് Rushtaq തൊട്ടു നഖല്‍ വരെയുള്ള യാത്ര.. യാത്രയുടെ അധിക സമയവും വെള്ളം ഒഴുകുന്ന വാദിക്ക്‌ അരികിലൂടെയാണ്‌.

 

ഇളം ചൂട് വെള്ളം ഒഴുകുന്ന അരുവി ഒരു അത്ഭുതമാണ്. വിശാലമായ പാര്‍ക്കിംഗ് സൌകര്യവും ഇരിപ്പിടങ്ങളും അവിടെയുണ്ട്. അരുവിയില്‍ ഇറങ്ങി കുളിക്കുകയും ആവാം. 4 wheel drive വാഹനം ഉണ്ടെങ്കില്‍ അരുവിയിലൂടെ ചെറിയ ഡ്രൈവിങ്ങും നടത്താം.

 

 

Read More

ഫോര്‍ട്ട്‌ നഖല്‍ , അലില , Nizwa & Falaj Park

ഒമാനില്‍ കണ്ടത്തില്‍ വച്ച് ഏറ്റവും ഭംഗി തോന്നിച്ച ഫോര്‍ട്ട്‌ നഖലിലെതാണ്. 17th century യില്‍ ഒമാനി ശില്‍പ്പികള്‍ നിര്‍മ്മിച്ചതാണ് ഈ കോട്ട. നിര്‍മ്മിതിയുടെ സൌന്ദര്യത്തിനു പുറമേ മുകളില്‍ നിന്നും കാണുന്ന കാഴ്ചകളും ആരെയും ആകര്‍ഷിക്കാന്‍ ഉതകുന്നതാണ്.

 

മസ്കറ്റില്‍ നിന്ന് ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ യാത്ര ചെയ്തു എത്തിപ്പെടാവുന്ന സ്ഥലമാണ് ബന്ധര്‍ കൈരാന്‍ ബീച്ചും വ്യൂ പോയിന്റും. കുത്തനെയുള്ള മല കയറി എത്തിയാല്‍ വിശാലമായ മുകള്‍ ഭാഗത്ത്‌ നിന്ന് അകലെയുള്ള ബീച്ച് കാണാം. രസകരമായ കാഴ്ചയാണ്. തിരിച്ചു വരുന്ന വഴിക്ക് ഒരു കടലിടുക്ക് കാണാം. കാര്‍ അങ്ങോട്ട് കൊണ്ടുപോകാം . പഴയ ഒരു ബോട്ട് കിടപ്പുണ്ട് അവിടെ.. Photographers ന്‍റെ ഇഷ്ട ലോക്കഷനുകളില്‍ ഒന്നാണ് ഈ കൊച്ചു കടലിടുക്ക്.

പ്രകൃതിയോട് ഇണങ്ങി, ഒരു വന്‍കിട റിസോര്‍ട്ടില്‍ ഒന്നു താമസിക്കണമെന്നുണ്ടോ? ഒമാനിലെ തന്നെ ഏറ്റവും മികച്ച റിസോര്‍ട്ടുകളില്‍ ഒന്നായ അലില യില്‍ താമസിക്കാം. ഒമാനിലെ ഉയരത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന പ്രശസ്ത ടൂറിസ്റ്റ് സ്പോട്ട് ആയ ജബല്‍ അഖ്ദരില്‍ ആണ് അലില സ്ഥിതി ചെയ്യുന്നത്.. ഡ്രൈവറുടെയും വാഹനത്തിന്റെയും മിടുക്ക് തെളിയിക്കേണ്ട വഴികള്‍ താണ്ടി വേണം അലിലയില്‍ എത്താന്‍. റിസോര്‍ട്ടിലെ താമസത്തേക്കാള്‍ എനിക്കു ഇഷ്ടമായത് അങ്ങോട്ടുള്ള യാത്രയും ജബല്‍ അഖ്ദറിന്റെ വ്യത്യസ്ഥമായ ഭൂപ്രകൃതിയുമാണ്. ഡ്രൈവിങില്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ട വഴികള്‍ ആയതിനാല്‍ വാഹനം ഓടിക്കുന്ന ആള്‍ക്ക് കുറെ കാഴ്ചകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

 

ഇബ്രിക്ക് ഏറ്റവും അടുത്ത പ്രധാന സിറ്റി Nizwa യാണ്. ചില ഒഴിവു ദിവസങ്ങളില്‍ വെറുതെ കറങ്ങാന്‍ പോവുന്ന സ്ഥലം. സുല്‍ത്താന്‍ ഖബൂസ് പള്ളിയിലും Nizwa grad mall or Lulu വില്‍ കറങ്ങി തരിച്ചു പോരുകയാണ് പതിവ്. എന്നാല്‍ Nizwa യെ കുറിച്ച് ഗൂഗിളില്‍ നടത്തിയ search കുറച്ചു കൂടി സാദ്ധ്യതകള്‍ തുറന്നു തന്നു. Nizwa സിറ്റിയില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള Taymsa ostrich farm and Zoo ആണ് അത്തരത്തില്‍ കണ്ടെത്തിയ ഒരു സ്ഥലം. അതിവിശാലമായ ഒരു സ്ഥലത്ത് അടുത്തടുത്ത compound കളിലായാണ് ostrich farm and Zoo. അതിനോട് ചേര്‍ന്ന് നീളത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന പാര്‍ക്കും ഉണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ആസ്വദിക്കാവുന്ന സ്ഥലമാണിത്.

 

അതിനു ശേഷം നേരെ സിറ്റിയില്‍ വന്നു ഗ്രാന്‍ഡ്‌ മാളില്‍ ഒരു കറക്കം ആവാം.

 

ഗൂഗിളില്‍ നിന്ന് തന്നെ കണ്ടുപിടിച്ചതാണ് Nizwa നിന്നും ബഹല പോകുന്ന വഴിക്കുള്ള Falaj darris irrigation system and park. നൂറ്റാണ്ടുകള്‍ക്കു മുന്നേ ഒമാനില്‍ നിലനിന്നിരുന്ന ജലസേചന രീതിയുടെ ഇന്നും നിലനില്‍ക്കുന്ന ഉദാഹരണമാണിത്. ചെറിയ ചാലുകള്‍ വഴി അനേക ദൂരം കൃഷിക്ക് വേണ്ടി വെള്ളം എത്തിക്കുന്ന രീതി. സഞ്ചാരികള്‍ വരുന്നത് കാരണം അവിടെ ഒരു ചെറിയ പാര്‍ക്കും നിര്‍മ്മിച്ചിട്ടുണ്ട്.

 

ഈയിടെ renovate ചെയ്ത Nizwa fort, അടുത്തുള്ള ബഹല ഫോര്‍ട്ട്‌, Al hamra എന്ന സ്ഥലത്തെ പഴയ ഗ്രാമീണ ജീവിതത്തിന്റെ അവശിഷ്ടങ്ങള്‍ എന്നിവ Nizwa യില്‍ ഇനിയും കാണാന്‍ ബാക്കിയുള്ള സ്ഥലങ്ങളാണ് .

 

 

 

 

 

 

Read More

സുവാദി ബീച്ച്

ഈയിടെയായി കൂടുതല്‍ സഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന ഡ്രൈവ് ഇന്‍ ബീച്ചാണ് ബര്‍കയിലെ സുവാദി ബീച്ച്. ഒരു വൈകുന്നേരം ചിലവഴിക്കാന്‍ യോജിച്ച സ്ഥലമാണ് സുവാദി ബീച്ച്. കടല്‍ വെള്ളം തൊട്ടു കൊണ്ട് കാര്‍ നിര്‍ത്താം. അധികം ആള്‍ തിരക്കില്ലാത്ത മനോഹരമായ ബീച്ചാണ് സുവാദി.

 

മസ്കറ്റിലെ പ്രശസ്തമായ മത്ര ബീച്ചില്‍ നിന്നെടുത്ത ഒരു ചിത്രത്തോടെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.. യാത്രകള്‍ ജീവിതത്തിന്റെ ഭാഗമാണ്. അതങ്ങനെ തുടര്‍ന്ന് കൊണ്ടേയിരിക്കും.. അടുത്ത ചൂട് കാലം വരുന്നതിനു മുന്നേ ഇനിയും കുറെ യാത്രകള്‍ മനസിലുണ്ട്.. അവ അടുത്ത ബ്ലോഗില്‍ കാണാം ..

Read More

സുർ, ഒമാനിലെ വിസ്മയം ( part 4)

ഒമാന്റെ വടക്കു കിഴക്കേ അറ്റത്തെ മനോഹരമായ തുറമുഖ നഗരമാണ് സുർ. സുർ നഗരത്തിന്റെ ഏതാണ്ട് അടുത്തു വരെ രണ്ട് തവണ പോയിട്ടുണ്ട്. സുർ പട്ടണം കാണാൻ കുറേ കാലമായി ആഗ്രഹമുണ്ടായിരുന്നു.. ഒമാനിലെ തന്നെ ഏറ്റവും ഭംഗിയുള്ള സ്ഥലങ്ങളിൽ ഒന്നാണ് സുർ. ഇബ്രിയിൽ നിന്ന് 400 km ലേറെ ദൂരമുണ്ട് എന്നതായിരുന്നു ഇത്രയും കാലം അവിടെ പോകാതിരിക്കാനുള്ള ഒരേ ഒരു കാരണം. one day trip ബുദ്ധിമുട്ടാണ്.. അങ്ങനെ കുറേ നാളത്തെ പ്ലാനിനിംഗിന് ശേഷം ഒരു 2 ദിവസത്തെ family trip തീരുമാനിച്ചു.

സുറിൽ എവിടെ താമസിക്കണം എന്നാണ് ആദ്യമായി ആലോചിച്ചത്. സുർ പട്ടണത്തിന്റെ മുഖമുദ്ര എന്നത് കടലിന്റെ extension ആയി രൂപപ്പെട്ട ഒരു വലിയ തുരുത്തിന്റെ രണ്ട് അറ്റങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ്. സുർ പട്ടണത്തിന്റെ ചിത്രങ്ങൾ ഗൂഗിളിൽ തിരഞ്ഞാൽ ഈ പാലത്തിന്റെ ചിത്രം കാണാതിരിക്കില്ല. 2009 ൽ തുറന്നു കൊടുത്ത ഈ പാലം സുർ പട്ടണവുമായി അത്രയേറെ ഇഴുകി ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ഫോട്ടോഗ്രഫി താല്പര്യമുള്ളവരുടെ ഇഷ്ടപ്പെട്ട ഇരകളിൽ ഒന്നാണ് പാലങ്ങൾ. മുൻപൊരിക്കൽ കൽക്കട്ടയിൽ പോയ സമയത്ത് ഹൗറ ബ്രിഡ്ജ് ന്റെ ഫോട്ടോ എടുക്കാൻ വേണ്ടി ഒരു ശ്രമം നടത്തിയിരുന്നു. നേരത്തെ പ്ലാൻ ചെയ്തിരുന്നെങ്കിലും വിചാരിച്ച പോലെ കാര്യങ്ങൾ നടന്നില്ല. പറ്റിയ സമയവും നല്ല ലൊക്കേഷനും ഒത്തു വന്നില്ല. ആ കുറവ് ഇത്തവണ നികത്തണം എന്ന് ഉറപ്പിച്ചിരുന്നു. താമസിക്കാൻ തിരഞ്ഞെടുക്കേണ്ട സ്ഥലം ബ്രിഡ്ജ് സ്ഥിതി ചെയ്യുന്ന Al ayjah ഏരിയ ആയിരിക്കണം എന്ന് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല. ബ്രിഡ്ജിനോട് വളരെ അടുത്തു കിടക്കുന്ന al ayjah plaza ഹോട്ടലിൽ റൂം ബുക്ക്‌ ചെയ്തു. സുർ ടൗണിൽ കാണാനുള്ള പലതും al ayjah ഭാഗത്താണെന്നതും സൗകര്യമായി..

 

പോകുന്ന വഴികൾ ചിലപ്പോൾ ലക്ഷ്യത്തെക്കാൾ മനോഹരമായിരിക്കും എന്ന് പറയാറുണ്ടല്ലോ. അത്തരം വഴികളിലൊന്നാണ് മസ്കറ്റിൽ നിന്നും സുറിലേക്കുള്ള തീരദേശ റോഡ്. muscat ലെ അമാരത്തിലെ വലിയ കുന്നിന് മുകളിലൂടെ കറങ്ങിയും തിരിഞ്ഞും പോകുന്ന റോഡ് സുർ എത്തുന്നത് വരേയ്ക്കും കാഴ്ചകളുടെ ഒരു ലോകം തന്നെയാണ്.. മലകൾക്കിടയിലൂടെ പോകുന്ന റോഡ് കുറച്ചു കഴിഞ്ഞാൽ മലകളുടെയും കടലിന്റെയും ഇടയിലൂടെയായി പുരോഗമിക്കും.. തിരക്ക് ഒട്ടും ഇല്ലാത്ത ഈ റോഡിലൂടെ പ്രകൃതി ഭംഗി ആസ്വദിച്ചുള്ള ഡ്രൈവിംഗ് മാത്രം മതിയാകും trip മുതലാകാൻ.

 

സുർ പോകുന്ന വഴിക്കുള്ള ടൂറിസ്റ്റ് സ്പോട്ടുകൾ എല്ലാം തന്നെ ഈ തീരദേശ റോഡിൽ നിന്നും exit എടുത്തു പോകാവുന്നവയാണ് എന്നതാണ് ഏറ്റവും വലിയ സൗകര്യം. ഓരോ സ്പോട്ടും കണ്ടു കഴിഞ്ഞു വീണ്ടും ഈ റോഡിൽ തിരിച്ചു കയറി മുന്നോട്ട് പോകാം. ഖുറിയത്തിലെ വാദി ദയ്ഖാ ഡാം എന്ന ഒമാനിലെ ഏറ്റവും വലിയ ഡാം, നക്ഷത്രം വീണ്‌ ഉണ്ടായതെന്നു കരുതപ്പെടുന്ന ബിമ്മയിലെ വലിയ sink ഹോൾ, fins beach, വെള്ളാരം കല്ലുകൾ നിറഞ്ഞ pebbles beach, പതിനഞ്ചാം നൂറ്റാണ്ടിലെ ശേഷിപ്പായ ഖൽഹത്ത് എന്ന സ്ഥലത്തെ Ancient city യും കണ്ട ശേഷം രാത്രിയോടെ സുർ എത്താനാണ് പ്ലാൻ ചെയ്തത്. ancient city യിൽ ബീബി മറിയം മോസ്ക് എന്നറിയപ്പെടുന്ന പഴയ ഒരു പള്ളിയുടെ അവശിഷ്ടം മാത്രമേ ഇപ്പോൾ ഉള്ളൂ. unesco യുടെ heritage പട്ടികയിൽ ഇടം നേടിയ സ്ഥലമായതു കൊണ്ടാണ് ലിസ്റ്റിൽ പെടുത്തിയത്. സമയം കിട്ടാതെ വരികയാണെങ്കിൽ ഒഴിവാക്കാം എന്നു കരുതി. ചെറിയ കുട്ടികൾ കൂടി ഉൾപ്പെടുന്ന ടീം ആയതിനാൽ അങ്ങനെ ചില compromises സ്വാഭാവികം.

 

ഞങ്ങൾ 4 മുതിർന്നവരും രണ്ട് കുട്ടികളും അടക്കം 6 പേർ വെള്ളിയാഴ്ച രാവിലെ തന്നെ പുറപ്പെട്ടു. ഉച്ചയാവുമ്പോൾ quriyat ഡാമിൽ എത്തണം. ആ പരിസരത്തൊന്നും ഹോട്ടലുകൾ ഇല്ലെന്ന് നേരത്തെ അറിയാം. അതിനാൽ ഭക്ഷണം വഴിയിൽ നിന്നും പാർസൽ ചെയ്തു.

 

Muscat express way യിൽ നിന്നും അമാരത്ത് കയറ്റം കയറുന്നതു മുതലേ യാത്ര രസകരമാണ്. കയറ്റം തുടങ്ങുമ്പോൾ തന്നെ വരാനിരിക്കുന്ന ഇറക്കത്തിൽ low gear ൽ ഇറങ്ങാനുള്ള മുന്നറിയിപ്പ് ബോർഡ് കാണാം. കുത്തനെയുള്ള നീണ്ട ഇറക്കം ഇറങ്ങുമ്പോൾ വശങ്ങളിലേക്ക് നോക്കിയാൽ flight land ചെയ്യാൻ പോകുന്ന പോലെ തോന്നിക്കും.. പിന്നെ മലകൾക്കിടയിലൂടെ കറങ്ങി തിരിഞ്ഞും കയറിയും ഇറങ്ങിയുമാണ യാത്ര.

 

ഒരു മണിയോടെ ഞങ്ങൾ quriyat ലെ വാദി ദയ്ഖ ഡാമിലെത്തി. വളരെ നന്നായി പരിപാലിച്ചു പോരുന്ന ഭംഗിയുള്ള ഒരു പാർക്ക്‌ അവിടെയുണ്ട്. പാർക്കിൽ ഇഷ്ടം പോലെ ഇരിപ്പിടങ്ങളും നല്ല പുൽത്തകിടിയുമുണ്ട്. നട്ടു വളർത്തിയ മരങ്ങളുടെ തണൽ പലയിടത്തുമുണ്ട്. നട്ടുച്ച സമയത്തും നിരവധി സഞ്ചാരികളുണ്ടെങ്കിലും വിശാലമായ സ്ഥലമായതിനാൽ സാമൂഹിക അകലം പാലിക്കൽ ഒരു പ്രശ്നമേ അല്ലായിരുന്നു. ചെന്ന ഉടനെ കൈയിൽ കരുതിയ ലഞ്ച് കഴിച്ചു. വെള്ളവും വൃത്തിയുള്ള റസ്റ്റ്‌ റൂമും ഉള്ളതിനാൽ ലഞ്ച് കഴിക്കാൻ അതിലും നല്ല സ്ഥലം വേറെ ഇല്ല.

 

പാർക്കിൽ മുതിർന്നവരും കുട്ടികളും ഉൾപ്പെടെ നിരവധിപേരുണ്ടായിരുന്നു. എല്ലാവർക്കും ആസ്വദിക്കാവുന്ന മനോഹരമായ ഒരിടമാണ്. തണുത്ത കാറ്റത്തു പുൽത്തകിടിയിൽ ഇരുന്നും കിടന്നും ഡാമിലെ പച്ച നിറമുള്ള വെള്ളവും അപ്പുറത്തെ മലകളും നീലാകാശവും ഇടയ്ക്കു എത്തിനോക്കുന്ന വെളുത്ത മേഘങ്ങളുമെല്ലാം ചേർന്ന് കാഴ്ചകളുടെ നല്ലൊരു വിരുന്നു തന്നെ ആസ്വദിക്കാം.ഡാമിന്റെ മറു വശത്തേക്ക് 4wd കാറുകൾ ഇറക്കാൻ കഴിയും.. ചെറിയ water pools നു ചുറ്റും ടെന്റ് അടിച്ചു വിശ്രമിക്കുന്ന നിരവധി കുടുംബങ്ങളെയും കാണാം.

 

ഉദ്ദേശിച്ചതിലും കൂടുതൽ സമയം പാർക്കിൽ ചിലവഴിച്ചു. 4 മണി കഴിഞ്ഞ ശേഷമാണ് സമയത്തെ കുറിച്ച് ബോധം വന്നത്. അസ്തമയ സമയത്ത് pebble ബീച്ചിൽ എത്തണം എന്നായിരുന്നു ഞങ്ങൾ തീരുമാനിച്ചിരുന്നത്. എന്നാൽ അവിടെ എത്തും മുന്നേ ഇരുട്ടാകും എന്ന് ഉറപ്പായി. എങ്കിൽ pebble beach നു മുൻപേ വരുന്ന fins ബീച്ചിലേക്ക് പോകാം എന്നായി തീരുമാനം. അതിനിടെ വരുന്ന ബിമ്മയിലെ sink ഹോളും ഒഴിവാക്കേണ്ടി വന്നു. ഞാൻ 3 തവണ അവിടെ പോയിട്ടുള്ളതുമാണ്.

 

 

Read More

fins

fins ബീച്ചിൽ എത്തുമ്പോൾ ഏതാണ്ട് sunset ആയിരുന്നു. അങ്ങിങ്ങായി ചില family ഉണ്ടെന്നല്ലാതെ ആളുകൾ വളരെ കുറവ്. മീൻ പിടിക്കാൻ പോകാനുള്ള തയ്യാറെടുപ്പിൽ ചില ഒമാനികളും ഉണ്ടായിരുന്നു. പവിഴപ്പുറ്റിനെ ഓർമ്മിപ്പിക്കുന്ന രൂപത്തിലുള്ള പാറകൾ കടലിലും ഓരത്തും നിറഞ്ഞു നിൽക്കുന്ന ബീച്ചാണ് fins. വൈകുന്നേരങ്ങളിൽ വെള്ളത്തിൽ മുങ്ങി കിടക്കുന്ന വലിയൊരു ഭാഗം ഉച്ച സമയത്ത് വെള്ളം ഇറങ്ങിയ നിലയിൽ കാണാം. ആഴം കുറഞ്ഞ ഭാഗമാണ്.. പറക്കൂട്ടങ്ങൾ നിറഞ്ഞ അടിഭാഗം ഉച്ച സമയത്ത് പൂർണ്ണമായും വെള്ളമില്ലാതെ കാണാൻ കഴിയും.

fins ബീച്ചിൽ നിന്ന് തിരിച്ചപ്പോൾ തന്നെ ഇരുട്ടായി. ഖൽഹത്തും ഒഴിവാക്കി നേരെ സുർ al ayjah യിലെ hotel ലക്ഷ്യമാക്കി നീങ്ങി. 7.30 ആയപ്പോൾ സുർ തൂക്കു പാലം കടന്നു ഹോട്ടലിൽ എത്തിച്ചേർന്നു. പ്രതീക്ഷിച്ചതിലും വളരെ നല്ലതായിരുന്നു hotel ambiance. മുകളിൽ റൂമിൽ നിന്നും പുറത്തേക്കുള്ള കാഴ്ചകൾ നല്ല ഭംഗി. അതികം വൈകാതെ തൊട്ടടുത്തു തന്നെയുള്ള restaurant ൽ ഡിന്നർ കഴിക്കാൻ ചെന്നു. ഹാളിന്റെ ഒരു വശം മുഴുവൻ കടലിന്റെ ഭാഗമായ തുരുത്തിലേക്കു തുറന്നാണ് ഇരിക്കുന്നത്. ഓരം ചേർന്ന് കുറേ ചെറിയ ബോട്ടുകൾ നിർത്തിയിട്ടിട്ടുണ്ട്. ഒരു വശത്തുകൂടി പോകുന്ന റോഡിലെ വിളക്കുകൾ വെള്ളത്തിൽ തീർത്ത റീഫ്ലക്ഷനും കരയിലെ ബോട്ടുകളും നല്ലൊരു കാഴ്ചയായിരുന്നു. ഡിന്നർ കഴിഞ്ഞു കാമറയുമായി തിരികെ വന്നു ചില ചിത്രങ്ങൾ പകർത്തി.

 

രാവിലെ ഉണർന്നു എണീക്കുമ്പോളാണ് ശരിക്കും ചുറ്റുവട്ടം എങ്ങനെയുണ്ടെന്നു കൃത്യമായി മനസിലാവുന്നത്. തലേന്ന് കണ്ട തുരുത്തിൽ വെള്ളം ഇറങ്ങി അങ്ങിങ്ങു ചില ദ്വീപുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിൽ നിറയെ പക്ഷികളും.. വൈകുന്നേരം ഈ കൊച്ച് ദ്വീപുകൾ വേലിയേറ്റം കാരണം വീണ്ടും വെള്ളത്തിൽ മുങ്ങും.

 

 

Read More

സുർ സിറ്റി , Al ayjah light house

Breakfast കഴിച്ചു 10 മണിയോടെ ഞങ്ങൾ സുർ സിറ്റി കാണാൻ ഇറങ്ങി. കാണേണ്ട സ്ഥലങ്ങൾ ഏതൊക്കെയെന്നു നേരത്തെ തന്നെ ഒരു idea ഉണ്ടാക്കി വച്ചിരുന്നു.. സുറിൽ 2-3 കോട്ടകൾ ഉണ്ട്. ഒമാനിലെ മറ്റു പലയിടത്തും ഉള്ള കോട്ടകളുടെ അത്ര തന്നെ വലിപ്പവും പ്രതാപാവും ഇല്ലാത്തവ. മറ്റു നല്ല കോട്ടകൾ കുറേ കണ്ടിട്ടുള്ളതിനാൽ സുറിലെ കോട്ടകൾ കാണേണ്ട എന്നു നേരത്തെ തീരുമാനിച്ചിരുന്നു. അവിടെ എത്തിയ ശേഷമാണ് മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായി അവ വെള്ളി, ശനി ദിവസങ്ങളിൽ അടവാണെന്ന് അറിഞ്ഞത്. ഞങ്ങളുടെ കറക്കത്തിനിടെ al ayjah യിലെ ചെറിയ കോട്ടയുടെ മുന്നിലൂടെ പാസ്സ് ചെയ്യുകയും ചെയ്തിരുന്നു.

maritime മ്യൂസിയം എന്ന ഒരു ചെറിയ മ്യൂസിയം കാണാൻ പ്ലാൻ ചെയ്തിരുന്നു. അതും ശനിയാഴ്ച അടവാണെന്നതു ചെറിയ നിരാശയായി.  fatah al khair എന്ന ഒരു traditional ഒമാനി കപ്പൽ ഈ മ്യൂസിയത്തിനകത്താണ്. സുറിലെ ഒരു ടൂറിസ്റ്റ് സ്പോട്ട് ആണത്. ഫോട്ടോഗ്രഫിക്കും നല്ലൊരു ഏരിയ. മ്യൂസിയത്തിന്റെ മതിൽക്കട്ടിനകത്തു നിൽക്കുന്ന ആ കപ്പൽ പുറത്തു നിന്ന് കണ്ടു സയൂജ്യമടയേണ്ടി വന്നു.

 

Al ayjah light house ലേക്കാണ് പിന്നീട് ഞങ്ങൾ പോയത്. അതികം ഉയരമൊന്നും ഇല്ലാത്ത ചെറിയ light house. പുറത്തു നിന്ന് കാണാം എന്നല്ലാതെ സന്ദർശകർക്ക് മുകളിലേക്കു കയറാൻ കഴിയില്ല. ഞങ്ങൾ ചെന്ന സമയത്ത് ഓടി കളിക്കുന്ന ഏതാനും കുട്ടികളല്ലാതെ മറ്റാരും അവിടെ ഉണ്ടായിരുന്നില്ല.

 

Light house നോട് ചേർന്നുള്ള ബീച്ച് വളരെ മനോഹരമാണ്. ആഴം കുറഞ്ഞ സ്ഥലമാണ്. തെളിഞ്ഞ വെള്ളത്തിലൂടെ അടിഭാഗം നന്നായി കാണാം.. പവിഴപുറ്റിനെ പോലെയുള്ള പാറകൾ അവിടെയുമുണ്ട്. മുട്ടോളം വെള്ളത്തിൽ കുറേ ദൂരം കടലിലൂടെ നടക്കാൻ കഴിയും. പാറകൾക്കടുത്തു പോകുമ്പോൾ ഞണ്ടുകളെ സൂക്ഷിക്കണം എന്നു മാത്രം.

 

മൂന്ന് watch ടവറുകളാണ് മറ്റൊരു ആകർഷണം. സുർ ബ്രിഡ്ജ് ന്റെ ഒരു വശത്ത് അധികം ഉയരത്തിലല്ലാതെ രണ്ടെണ്ണവും മറുവശത്തു വലിയ ഉയരത്തിൽ ഒരെണ്ണവും. ഉയരം കുറഞ്ഞവയിൽ എളുപ്പത്തിൽ കയറി ചെല്ലാം. ഉയർന്ന ടവറിൽ കയറാൻ അൽപ്പം ആയാസപ്പെടണം. ചെറിയ ടവറുകളിൽ നിന്ന് ബ്രിഡ്ജ് അടുത്തു കാണാം. ഉയരത്തിൽ ഉള്ളതിൽ നിന്നാണ് ഏറ്റവും നല്ല വ്യൂ.. അത് അസ്തമയ സമയത്ത് ഒറ്റയ്ക്ക് കയറാൻ മാറ്റി വെച്ചു.

 

 

Read More

ഫാക്ടറി , watch ടവർ , ബീച്ച്

Traditional omani ships ഉണ്ടാക്കുന്ന ഒരു ചെറിയ ഫാക്ടറിയിലേക്കാണ് പിന്നീട് പോയത്. കൂറ്റൻ Dhows ന്റെ പണി നടക്കുന്നു.. ചെറിയവയും ഉണ്ട്. ഒരാൾക്ക് 1 റിയാൽ എന്നു ടിക്കറ്റ് നിരക്ക് പുറത്ത് എഴുതി വച്ചിട്ടുണ്ടെങ്കിലും ടിക്കറ്റ് കൗണ്ടറോ പണം വാങ്ങിക്കാൻ ആളെയോ അവിടെ കണ്ടില്ല. മരപ്പണി ചെയ്തുകൊണ്ടിരിക്കുന്നവർ ഞങ്ങൾ ചെന്നപ്പോൾ തല ഉയർത്തി നോക്കിയതല്ലാതെ ഒന്നും ചോദിച്ചുമില്ല. വലിയ മരത്തടികൾ dhow ക്ക് വേണ്ട ഷേപ്പ് ആക്കി കൊണ്ടു വന്നു പിടിപ്പിക്കുന്നത് കൗതുകകരമായ കാഴ്ചയാണ്.

ഉച്ചഭക്ഷണത്തിനു ശേഷം റൂമിൽ ഒരു ചെറിയ മയക്കം. അസ്തമയ സമയത്ത് വലിയ watch ടവറിൽ കയറണം. ഞങ്ങൾ താമസിക്കുന്ന al ayjah plaza യുടെ തൊട്ടു പുറകിലെ കുന്നിൻമുകളിലാണ് watch ടവർ. 4.45 ആയപ്പോൾ ക്യാമറയും ട്രൈപോടും തൂക്കി ഞാൻ കുന്നു കയറി. കുത്തനെ കയറണം.. ചെറിയ സ്റ്റെപ്പുകളുണ്ട് കയറാൻ. ഇരുട്ടാകുന്നത് വരെ അവിടെ ചിലവഴിക്കാനാണ് ഉദ്ദേശ്യം. ഞാൻ ചെല്ലുന്ന സമയത്ത് അവിടെ ആരും ഉണ്ടായിരുന്നില്ല. സുർ സിറ്റിയുടെ ഒരു breath taking view ആണ് അവിടെ നിന്ന് കാണാൻ കഴിയുക. ബ്രിഡ്ജിൽ light തെളിഞ്ഞ ശേഷം എടുക്കാൻ ഒരു ഫ്രെയിം ആദ്യമേ കണ്ടു വെച്ചു ട്രൈപോട് സെറ്റ് ചെയ്തു. അസ്തമയ സമയത്തെ കുറച്ചു ചിത്രങ്ങളും watch ടവറിന്റെ ചിത്രങ്ങളും എടുത്തു ഇരുട്ടാവാൻ വേണ്ടി കാഴ്ചകൾ ആസ്വദിച്ചു കൊണ്ടു കാത്തിരുന്നു. ഇടയ്ക്ക് ചില ഒമാനികൾ വന്നു പോയതല്ലാതെ കാര്യമായി ആരും അവിടേക്ക് വന്നില്ല.

 

ബ്രിഡ്ജിന്റെ ഫോട്ടോകളിൽ സ്ഥിരമായി കാണുന്ന ഒരു dhow അന്നും അവിടെയുണ്ട്. അത് സ്ഥിരമായി അവിടെയുണ്ടെന്നത് അപ്പോഴാണ് മനസിലായത്. മൊത്തത്തിലുള്ള ambiance കൂട്ടാനും ഫോട്ടോഗ്രഫിക്ക് വേണ്ടിയുമായിരിക്കും ഒരു പക്ഷെ അതവിടെ സ്ഥിരമായി ഇട്ടിരിക്കുന്നതെന്നു തോന്നുന്നു. വെള്ളിയാഴ്ച രാത്രി ഞങ്ങൾ വരുന്ന സമയത്ത് അതിൽ light ഇട്ട് അലങ്കരിച്ചിരുന്നു. ടൗണിലും പാലത്തിലും lights തെളിഞ്ഞ ശേഷം കുറച്ചു ഫോട്ടോകൾ കൂടി എടുത്ത് ഞാൻ കുന്നിറങ്ങി.

 

രാത്രി സുർ സിറ്റി സെന്ററിൽ ഒന്ന് കറങ്ങി. Barbeque nation ൽ നിന്ന് ഡിന്നറും കഴിച്ചു വീണ്ടും ഹോട്ടലിലേക്ക്.

 

Sunday രാവിലെ ഞങ്ങൾക്ക് തിരിച്ചു പോകാനുള്ള ദിവസമാണ്. പോകുന്ന വഴിക്കു നേരത്തെ മാറ്റി വച്ച pebble ബീച്ചിൽ കയറണം, സാഹചര്യം അനുകൂലമെങ്കിൽ ഖൽഹത്തിലെ ancient city യും കാണണം.. Breakfast കഴിഞ്ഞു അതികം വൈകാതെ ഞങ്ങൾ ഇറങ്ങി. ഹോട്ടലിലെ സൗകര്യങ്ങളിലും സ്റ്റാഫിന്റെ attitude ലും ഞങ്ങൾ വളരെ happy ആണെന്നും 5 സ്റ്റാർ റിവ്യൂ തന്നെ ഇടും എന്നും അവരോടു പറയാൻ മറന്നില്ല.

 

പിന്നെ നേരെ pebble beach ലക്ഷ്യമാക്കി യാത്ര. waze map ന്റെ സഹായത്തോടെയാണ് ഡ്രൈവിംഗ്. ഒരു മാസം മുൻപ് pebble beach സന്ദർശിച്ച അതേ ഭാഗത്ത് തന്നെ പോകാമെന്നാണ് കരുതിയത്. ആദ്യം വരുന്നത് ഖൽഹത് ഏരിയ ആണ്. പോകുന്ന വഴിയിൽ ഏറ്റവും ഭംഗിയുള്ള ഇടമാണ് ഖൽഹത്ത്. വലിയ മലകളുടെയും അതിമനോഹരമായ ബീച്ചുകളുടെയും സംഗമമാണ് അവിടം. Ancient city യിലേക്കുള്ള exit കണ്ടെങ്കിലും കുട്ടികൾ ഉറക്കമായതിനാൽ അവിടെ പോവേണ്ട എന്നു തീരുമാനിച്ചു.

 

pebble beach തൊട്ടടുത്തെത്തിയപ്പോൾ map അൽപ്പം confusion ഉണ്ടാക്കി. എടുക്കേണ്ട exit കഴിഞ്ഞ ശേഷമാണ് മനസിലായത്. പിന്നെ കുറേ ദൂരം പോയി തിരിച്ചു വരണം.. അങ്ങനെ അൽപ്പം മുന്നോട്ടു നീങ്ങിയപ്പോൾ കുറച്ചകലെ ഒരു ചെറിയ ബീച്ച് കണ്ടു. രണ്ട് വലിയ പാറക്കൂട്ടങ്ങൾക്ക് ഇടയിൽ 100-150 മീറ്റർ മാത്രം നീളമുള്ള ഒരു കുഞ്ഞു ബീച്ച്. ദുർഘടമായ ഒരു കുന്നിൻ ചെരുവിലൂടെ കുത്തനെ താഴേക്കിറങ്ങി വേണം അങ്ങോട്ട്‌ എത്താൻ എന്നതിനാലാവണം ബീച്ച് വളരെ വിജനമാണ്.. ഒരാൾ പോലും അവിടെ ഉണ്ടായിരുന്നില്ല. കാർ താഴേക്ക് ഇറക്കി ബീച്ചിന് അരികിലെത്തി ഞാൻ മാത്രം പുറത്തിറങ്ങി ഒന്ന് പോയി നോക്കി.

 

വഴി തെറ്റി അവിടെ എത്തിപ്പെട്ടത് വലിയ ഭാഗ്യം. അത്രയേറെ ഭംഗിയുള്ളതായിരുന്നു ബീച്ച്.  എന്റെ കാൽ പെരുമാറ്റം കേട്ടയുടൻ കരയിൽ സ്വസ്ഥമായി വിഹരിച്ചിരുന്ന പല നിറത്തിലുള്ള ഒരു കൂട്ടം ഞണ്ടുകൾ പാറയിടുക്കിലേക്ക് വരി വരിയായി നീങ്ങി.  പല നിറത്തിലുള്ള pebbles നു പുറമെ സ്റ്റാർ fish ഉൾപ്പെടെ ചില കടൽ ജീവികളെയും കരയിൽ കണ്ടു.   ഞങ്ങൾ ബീച്ച് ആസ്വദിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഏതാനും ദേശാടന പക്ഷികൾ വന്നു തീരത്തോട് ചേർന്ന് നീരാട്ടും നടത്തി..മനം കുളിർപ്പിക്കുന്ന കാഴ്ച. ലെൻസ്‌ മാറ്റിയിടാനുള്ള സമയം അവർ തന്നില്ല.. അതിന് മുൻപേ നീരാട്ട് അവസാനിപ്പിച്ച് പറന്നകന്നു.

 

മനുഷ്യരുടെ സാന്നിധ്യം എത്രത്തോളം മറ്റു ജീവികളുടെ ആവാസ വ്യവസ്ഥ അസ്വസ്ഥമാക്കുന്നു എന്നാണ് ഞാൻ ഓർത്തത്‌. pebble beach ലെ തിരക്കേറിയ ഭാഗത്ത്‌ ഇങ്ങനെ ഒരു കാഴ്ച കാണാൻ സാധ്യതയില്ല. ഈ spot കൂടി കഴിഞ്ഞതോടെ സുർ ട്രിപ്പിന് താൽക്കാലിക വിരാമമായി. പിന്നീടൊരിക്കൽ വീണ്ടും പോവണം.

 

കാണാൻ ബാക്കിവെച്ചവയും പുതിയ ചില സ്ഥലങ്ങളും കാണാൻ. Pebble ബീച്ചിൽ നിന്നും കുറച്ചു pebbles പെറുക്കിയെടുത്ത് കുറേ നല്ല ഓർമ്മകളും ഫോട്ടോകളുമായി ഞങ്ങൾ തിരിച്ചു യാത്ര തുടങ്ങി.

Read More

കിഴക്കന്‍ ഒമാനിലേക്ക് ഒരു പെരുന്നാള്‍ യാത്ര (part 5)

വാദികളും മലകളും ബീച്ചുകളുമാണ് ഒമാനിലെ ടൂറിസത്തിന്റെ കാതല്‍. ഇവിടെ വരുന്നതിനു മുന്നേ തന്നെ അക്കാര്യം മനസിലാക്കിയിരുന്നു. മുഴുവന്‍ സമയവും വെള്ളമുള്ള മനോഹരമായ രണ്ടു വാദികള്‍ ഇവിടെയുണ്ട്. വാദി ശാബും ബനീ ഖാലിദും.

 

ഇബ്രിയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയ കാലം മുതലേ ആഗ്രഹിച്ചിരുന്നതാണ് ഇവ രണ്ടും കാണാന്‍ പോവണമെന്ന്.. ഗൂഗിള്‍ മാപില്‍ തിരഞ്ഞപ്പോള്‍ 400 KM എന്ന ദൂരം തെളിഞ്ഞു വന്നപ്പോള്‍ ഒരു ദീര്‍ഘ നിശ്വാസം വിട്ടു തല്ക്കാലം പ്ലാന്‍ നീട്ടി വച്ചതാണ്. കിഴക്കന്‍ ഒമാനിലെ തുറമുഖ നഗരമായ സുര്‍ പട്ടണത്തിനടുത്താണ് ഈ രണ്ടു വാദികളും. മസ്കറ്റില്‍ നിന്ന് സുര്‍ പോവുന്ന വഴിയില്‍ കുറെ ദൂരം നേരത്തെ പോയിട്ടുണ്ട്. നക്ഷത്രം വീണു ഉണ്ടായത് എന്ന് നാട്ടുകാര്‍ കരുതുന്ന വെള്ളം നിറഞ്ഞ ഒരു ഗര്‍ത്തം കാണാന്‍ വേണ്ടി. ഭിമ സിങ്ക് ഹോള്‍ എന്നാണു അത് അറിയപ്പെടുന്നത്. അന്ന് സുഹൃത്തിന്റെ കൂടെ മസ്കറ്റില്‍ നിന്നാണ് യാത്ര തുടങ്ങിയത്..എന്നാല്‍ ഇബ്രിയില്‍ നിന്ന് അത് വരെ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തു പോവാന്‍ പ്രയാസമാവുമോ എന്ന ശങ്ക കാരണം വാദി കാണാനുള്ള ആഗ്രഹം അങ്ങനെ നീണ്ടു നീണ്ടു പോയി

പെരുന്നാളിന് UAE യില്‍ നിന്നും അനിയന്‍ ഇങ്ങോട്ട് വരുന്നു എന്ന് പറഞ്ഞപ്പോള്‍ തന്നെ പഴയ വാദി മോഹം പൊടിതട്ടിയെടുത്തു. 2 പേര്‍ ഉണ്ടെങ്കില്‍ 400km ഡ്രൈവ് ഇവിടെ ഒരു പ്രശ്നമുള്ള കാര്യമേയല്ല.

 

തലേ ദിവസത്തെ സോഹാര്‍ യാത്ര കഴിഞ്ഞു എത്താന്‍ വൈകിയ കാരണം രാവിലെ പുറപ്പെടാന്‍ വൈകി. വാദി ഷാബ് കാണാന്‍ ആണ് പ്ലാന്‍. പോവുന്ന വഴിക്കാണ് ഭിമ സിങ്ക് ഹോള്‍. അതും കാണണം. പിന്നീട് സമയം കിട്ടുകയാണെങ്കില്‍ ബനി ഖാലിദ്‌ കൂടെ.. വാദി പരിസരത്ത് ഉച്ച ഭക്ഷണം കഴിക്കാന്‍ പറ്റുന്ന സെറ്റ് അപ്പ് ഒന്നും കാണില്ല എന്നു അറിയാവുന്നത് കാരണം ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണം കയ്യില്‍ കരുതി.

 

മാപ്പ് നോക്കിയാണ് യാത്ര. ദൂരം അല്‍പ്പം കൂടുതല്‍ ആണെങ്കിലും സമയം കുറവ് കാണിക്കുന്ന വഴി വച്ച് പിടിച്ചു. സംസാരിച്ചിരിക്കാന്‍ കൂടെ ആളുണ്ടെങ്കില്‍ ഇവിടത്തെ ഡ്രൈവിംഗ് ഒട്ടും മുഷിയാത്ത ഏര്‍പ്പാടാണ്. റോഡുകള്‍ തമ്മില്‍ പരസ്പരം ഒരുപാട് കണക്ഷനുകള്‍ ഉള്ള കാരണം town ലേക്ക് കയറാതെ തന്നെ പോവാം.

 

മസ്കറ്റ് എക്സ്പ്രസ്സ്‌ റോഡില്‍ നിന്ന് സുര്‍ ലേക്കുള്ള റോഡു തുടങ്ങുന്നിടത്ത് തന്നെ ഒരു മല കയറാനുണ്ട്. അമാരത്ത് height.. വളഞ്ഞും പുളഞ്ഞും കുത്തനെ കയറണം. കയറ്റം തുടങ്ങുന്ന സ്ഥലത്ത് തന്നെ ട്രാഫിക്‌ മുന്നറിയിപ്പുണ്ട്. ലോ ഗിയറില്‍ വാഹനം ഓടിക്കാന്‍. കുത്തനെ ഇറക്കം ഇറങ്ങുമ്പോള്‍ ബ്രേക്ക്‌ ചൂടായി അപകടം സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതല്‍. റോഡുകളില്‍ കാണുന്ന വാഹനങ്ങളില്‍ 99% വും ഓട്ടോമാറ്റിക് ആണ്. മുന്നറിയിപ്പ് മുഖവിലക്കെടുത്ത് ഞങ്ങളും മാനുഅല്‍ മോഡിലേക്ക് മാറി. ഇറക്കം ഇറങ്ങുമ്പോള്‍ മനസിലാവും ആ മുന്നറിയിപ്പ് പ്രാധാന്യമുള്ളതാണെന്ന്..

 

റോഡില്‍ കണുന്ന വാഹനങ്ങളില്‍ അധികവും UAE registration. ഇടയ്ക്കു പെട്രോള്‍ അടിക്കാന്‍ പമ്പില്‍ കയറിയപ്പോഴും കണ്ട വാഹനങ്ങള്‍ അധികവും UAE ല്‍ നിന്ന് വന്നവ. പെരുന്നാള്‍ ടൂര്‍ ടീം ആണ്. ഒറ്റക്കും ചെറു സംഘങ്ങളായും ഉണ്ട്. സന്ദര്‍ശിക്കാന്‍ പോവുന്ന സ്ഥലങ്ങളിലെ തിരക്ക് അപ്പോഴേ ഊഹിക്കാന്‍ കഴിഞ്ഞു.

 

ആദ്യം സിങ്ക് ഹോള്‍ മാപ്പില്‍ സെറ്റ് ചെയ്തു. അത് വാദി ഷാബ് എത്തുന്നതിനു മുന്നേയാണ്‌. കൃത്യമായി മെയിന്‍ റോഡില്‍ നിന്ന് എക്സിറ്റ് എടുത്തു.. വളഞ്ഞു പുളഞ്ഞു പോവുന്ന റോഡ്‌.. ബീച്ചിനു അരികിലൂടെയാണ്‌ യാത്ര. തിരക്കില്ലാത്ത നിരവധി ബീച്ചുകള്‍ കാണാം പോവുന്ന വഴിക്ക്.. അങ്ങിങ്ങായി ചിലര്‍ വാഹനം ബീച്ചിലേക്ക് ഇറക്കി വിശ്രമിക്കുന്നു. പക്ഷെ തിരക്ക് തീരെ ഇല്ല. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ബീച്ചും അവ ഇല്ലാതെ സുന്ദരമായ മണല്‍ മാത്രം ഉള്ള ബീച്ചുകളുമുണ്ട്. കുടുംബമായി വന്നിരിക്കാന്‍ പറ്റിയ സ്ഥലമാണ്‌. ഞങ്ങള്‍ക്ക് ബീച്ചില്‍ ചിലവഴിക്കാന്‍ സമയം ഇല്ലാത്തതിനാല്‍ മാത്രം അങ്ങോട്ട്‌ കാര്‍ ഇറക്കാന്‍ ഉള്ള ഉള്‍വിളി മനസ്സില്‍ ഒതുക്കി.

 

റോഡിനു ഇരു വശങ്ങളിലും കഴുതകളും ഒട്ടകങ്ങളും യഥേഷ്ടം വിഹരിക്കുന്നു. കഴുതകളെ ഒമാനില്‍ വച്ച് മറ്റെവിടെ നിന്നും കണ്ടിട്ടില്ല. സൂക്ഷിച്ചു വാഹനം ഓടിച്ചില്ലെങ്കില്‍ ഒട്ടകത്തെ ഇടിച്ചു പണി വാങ്ങും..

 

സിങ്ക് ഹോള്‍ സ്ഥിതി ചെയ്യുന്നത് ഒരു പാര്‍ക്കിനുള്ളിലാണ്. ദൂരെ നിന്ന് തന്നെ വാഹനങ്ങളുടെ വന്‍ നിര തന്നെ കാണാന്‍ കഴിഞ്ഞു. പ്രതീക്ഷിച്ചതിലും തിരക്കുണ്ടാവും എന്ന് ഉറപ്പായി. എന്നാല്‍ ഈ പാര്‍ക്ക് വളരെ വിശാലമായ സ്ഥലമായതിനാല്‍ തിരക്ക് അനുഭവപ്പെടില്ല. പാര്‍ക്കിനു നടുവിലാണ് ഉല്‍ക്ക വീണു ഉണ്ടായത് എന്ന് നാട്ടുകാര്‍ വിശ്വസിക്കുന്ന ഈ ഗര്‍ത്തം സ്ഥിതി ചെയ്യുന്നത്. കാര്‍ വഴിയരികില്‍ ഒതുക്കി ഞങ്ങള്‍ സിങ്ക് ഹോള്‍ ലക്ഷ്യമാക്കി നടന്നു. പുറത്തു വളരെ നല്ല കാലാവസ്ഥ. 50 ഡിഗ്രി ചൂടില്‍ നില്‍ക്കുന്ന ഇബ്രിയില്‍ നിന്നും 34 ഡിഗ്രി ചൂടുള്ള സുര്‍ ലേക്ക് വരുമ്പോള്‍ സ്വാഭാവികമായും ഒരു സുഖം അനുഭവപ്പെടുമല്ലോ. പോരാത്തതിന് കടലില്‍ നിന്നുള്ള തണുത്ത കാറ്റും ഉണ്ട്.

 

സിങ്ക് ഹോളില്‍ നിറയെ ആളുകളുണ്ട്. ഉയരത്തില്‍ നിന്ന് ചാടിയും നീന്തിയും ആളുകള്‍ ആഘോഷിക്കുന്നു. കുറെ പേര്‍ പര്കിലെ പല സ്ഥലങ്ങളിലായി ഇരിപ്പുണ്ട്. ഭക്ഷണം പാകം ചെയ്യുന്നവരും കഴിക്കുന്നവരും ഉണ്ട് അക്കൂട്ടത്തില്‍. കടലിനു അടുത്തായതിനാല്‍ സിങ്ക് ഹോളിലെ വെള്ളം കടല്‍ വെള്ളം പോലെ ഉപ്പു രസമാണ്. തണുത്ത ഉപ്പു വെള്ളത്തില്‍ ഇറങ്ങി കയ്യും മുഖവും കഴുകി ഞങ്ങള്‍ തിരിച്ചു കയറി. കുറച്ചു നേരം പരിസരത്ത് നിന്ന് ചിത്രങ്ങളും വീഡിയോയും എടുത്ത ശേഷം വാദി ഷാബിലേക്ക് യാത്രയാരംഭിച്ചു.

Read More

വാദി

വാദി ഷാബിനു കുറുകെയുള്ള ഉയരത്തിലുള്ള പാലത്തിനു മുകളില്‍ കാര്‍ എത്തിയപ്പോള്‍ നിങ്ങള്‍ എത്തിക്കഴിഞ്ഞു എന്ന് മാപ്പ് ഉറക്കെ വിളിച്ചു പറഞ്ഞു. താഴേക്ക്‌ എത്തിപ്പെടാനുള്ള വഴി കണ്ടു പിടിക്കാന്‍ കുറച്ചു നേരം കറങ്ങേണ്ടി വന്നു. താഴെ എത്തിയപ്പോള്‍ ദൂരെ നിന്ന് തന്നെ പാര്‍ക്ക് ചെയ്ത വാഹനങ്ങളുടെ നീണ്ട നിര തന്നെ കാണാന്‍ കഴിഞ്ഞു.. കാര്‍ ഒതുക്കിയിട്ടു കയ്യില്‍ കരുതിരുന്ന ഭക്ഷണം കഴിച്ചു. അതിനു ശേഷം വാദി ലക്ഷ്യമാക്കി പതുക്കെ നടന്നു..

മലകള്‍ക്കിടയിലൂടെ ഒഴുകിവരുന്ന വെള്ളം കടലിലേക്ക്‌ ചേരുന്നിടമാണ് ഇത്. പച്ച നിറത്തിലുള്ള വെള്ളം ആരുടേയും മനം കവരും.. കാര്‍ പാര്‍ക്ക്‌ ചെയ്യുന്നിടത്ത് നിന്നും വാദി മുറിച്ചു കടന്നു വേണം ഉള്ളിലേക്ക് നടക്കാന്‍.. ചെറിയ ദൂരം കുറുകെ ബോട്ടില്‍ കടത്തി തരാന്‍ ഒരാള്‍ക്ക്‌ ഒരു റിയാല്‍ വച്ച് കൊടുക്കണം. സഞ്ചരിക്കേണ്ട ദൂരം വച്ച് നോക്കുമ്പോള്‍ അത് വലിയ തുകയാണ്. ഈ തുകയും ബോട്ടിംഗ് നു കാത്തു നില്‍ക്കുന്ന ആളുകളുടെ എണ്ണവും കണ്ടാവണം കുറെ പേര്‍ വടി കുത്തി വാദിയുടെ ആഴം കുറഞ്ഞ ഭാഗം കണ്ടു പിടിച്ചു അത് വഴി മറുകരയിലേക്ക് കടക്കുന്നുണ്ടായിരുന്നു.. അങ്ങനെ കടക്കാന്‍ കഴിയും എന്ന് കണ്ടതോടെ കുറെ പേര്‍ ക്യൂവില്‍ നിന്നും അങ്ങോട്ട്‌ നീങ്ങി.

 

ബോട്ടില്‍ മറുകരയില്‍ ചെന്നിറങ്ങുമ്പോള്‍ 6 മണിക്ക് തിരിച്ചെത്താന്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. അത് വരെയാണ് തിരിച്ചു ബോട്ട് സര്‍വീസ് ഉള്ളൂ. ഞങ്ങള്‍ മറുകരയില്‍ എത്തുമ്പോള്‍ ഏതാണ്ട് 3.30 ആയി. ഒരു മണിക്കൂര്‍ കൊണ്ട് നടന്നെതാവുന്ന അത്ര ദൂരമേ പോവാന്‍ കഴിയൂ. ഒരു മണിക്കൂര്‍ തിരിച്ചു നടക്കണം. ഫോട്ടോ എടുക്കാന്‍ ചിലവഴിക്കുന്ന സമയം കൂടി പരിഗണിച്ചാല്‍ 6 മണിക്ക് തിരിച്ചെത്താം .

 

ഇരു വശവും കഴുതകള്‍ മേഞ്ഞു നടക്കുന്ന ചെറിയ ഈട് വഴികള്‍ പിന്നിട്ടു വാദിയുടെ തീരത്ത് കൂടി ഞങ്ങള്‍ നടന്നു.. ഒറ്റയ്ക്കും ചെറുതും വലുതുമായ കൂട്ടമായും കുടുംബമായും നിരവധി ആളുകള്‍ ഉണ്ട്. പലരും അവരവര്‍ക്ക് ഇഷ്ടമുള്ള സ്ഥലങ്ങളില്‍ ഇരിക്കുന്നു.. ചിക്കന്‍ ടിക്ക, ബാര്‍ബക്യൂ തുടങ്ങിയ പാചകങ്ങളും പലരും പരീക്ഷിക്കുന്നുണ്ട്. ചിലര്‍ വലിയ ചെമ്പുമായി ബിരിയാണി വെക്കാന്‍ ഉള്ള തയാറെടുപ്പിലാണ്. ഈന്തപ്പനകള്‍ വളര്‍ന്നു നില്‍ക്കുന്ന ചെറിയ വഴി കടന്നു ചെല്ലുന്നത് വെളുത്തു ഭംഗിയുള്ള ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ ഭാഗത്തേക്കാണ്. അരികിലൂടെ പച്ച നിറത്തില്‍ വെള്ളം ഒഴുകുന്നു. സീസന്‍ അല്ലാത്തതിനാല്‍ നീര്‍ച്ചാല് പോലെയേ വെള്ളമുള്ളൂ.. മഴയ്ക്ക് ശേഷം വന്നാലേ യഥാര്‍ത്ഥ ഭംഗി അറിയാന്‍ കഴിയൂ.

 

കുറച്ചു കൂടി മുന്നോട്ട് നടന്നു വാദിയുടെ വീതി കുറഞ്ഞ ഒരു ഭാഗത്തെത്തി. വെള്ളം കൂടുതലുള്ള സമയത്ത് ആളുകള്‍ മുകളില്‍ നിന്ന് വെള്ളത്തിലേക്ക് എടുത്തു ചാടി ഉല്ലസിക്കുന്ന സ്ഥലം. സീസന്‍ സമയത്ത് കാണുന്ന നീല വെള്ളത്തിനു പകരം കലങ്ങിയ വെള്ളമാണ് ഇപ്പോള്‍ ഉള്ളത്. അവിടെ ആളുകള്‍ നീന്തി രസിക്കുന്നുണ്ട്. വലിയ സൌണ്ട് ബോക്സില്‍ പാട്ട് വച്ച് ഉല്ലസിക്കുന്ന ആളുകളും ഉണ്ട്.

 

വെള്ളത്തില്‍ കളിച്ചു കൊണ്ടിരുന്ന ഒരു മിടുക്കി കുഞ്ഞിന്റെ ഫോട്ടോ കൂടി എടുത്ത ശേഷം ഞങ്ങള്‍ തിരിച്ചു നടന്നു.

 

തിരിച്ചു അമാരത്ത് heights ല്‍ എത്തിയപ്പോഴേക്കും മസ്കറ്റ് സിറ്റിയില്‍ ലൈറ്റുകള്‍ തെളിഞ്ഞിരുന്നു

Read More

മരുഭൂമിയിലെ തടാകം തേടിയൊരു യാത്ര (part 6)

ഒമാനില്‍ വന്നത് മുതലേയുള്ള ആഗ്രഹമാണ് മരുഭൂമിയിലേക്ക് ഒരു യാത്ര . മരുഭൂമിയില്‍ വാഹനം ഓടിച്ചു പരിചയമില്ലായ്മ, ഒന്നിലേറെ വാഹനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ടീമിന്റെ അഭാവം എന്നിവ കാരണം ആ ആഗ്രഹം ഇത് വരെ പൂവണിയാതെ അങ്ങനെ നില്‍പ്പായിരുന്നു . എങ്കിലും എന്നെങ്കിലും ഒരിക്കല്‍ അത്തരം ഒരു യാത്ര എന്നും മനസിലുണ്ടായിരുന്നു

 

ആയിടക്കാണ്‌ ഒരു facebook ഗ്രൂപ്പില്‍ സഫ lake എന്ന പേരില്‍ മരുഭൂമിയിലെ ഒരു തടാകത്തിന്‍റെ ചിത്രങ്ങളും വീഡിയോയും കണ്ടത്.. ഇബ്രിയില്‍ നിന്നും അധികം ദൂരെയല്ല താനും. drone ക്യാമറ വച്ച് വീഡിയോ ഷൂട്ട്‌ ചെയ്യുന്നത് ഒമാനി ഫോട്ടോഗ്രാഫര്‍മാരുടെ ഇഷ്ട വിനോദമാണ് . അത്തരത്തില്‍ ചില ഫോട്ടോകളും വീഡിയോകളും കണ്ടപ്പോള്‍ പോയി കാണാതിരിക്കാന്‍ ഒരു വഴിയുമില്ല എന്ന അവസ്ഥയായി.. ലൊക്കേഷന്‍ details സംഘടിപ്പിക്കാനുള്ള ശ്രമമായി പിന്നീട്. ഏതാനും ദിവസങ്ങള്‍ മുന്നേ സ്ഥലം സന്ദര്‍ശിച്ച ഒരാള്‍ ഗൂഗിള്‍ മാപ്പിലെ ലൊക്കേഷനും മറ്റു വിവരങ്ങളും അയച്ചു തന്നതോടെ യാത്ര പ്ലാന്‍ ചെയ്തു..

മരുഭൂമിയിലെ ലൂസ് മണലിലൂടെ അധിക ദൂരം കാര്‍ ഓടിക്കേണ്ടി വരുമോ എന്നതായിരുന്നു ആദ്യത്തെ ശങ്ക . മണ്ണ് റോഡിലൂടെ ഏതാണ്ട് തടാകത്തിനടുത്ത് വരെ എത്താമെന്നാണ് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. ഗൂഗിള്‍ മാപ്പില്‍ സൂം ചെയ്തു നോക്കിയപ്പോള്‍ റോഡില്‍ നിന്ന് തടാകത്തിലേക്ക് നടന്നു പോകാവുന്ന ദൂരമേയുള്ളൂ എന്നാണ് മനസിലായത്.. അതോടെ പോയിക്കളയാം എന്ന തീരുമാനം ഉറപ്പിച്ചു

 

130 KM ദൂരമുണ്ട് ഇബ്രിയില്‍ നിന്നും ഈ സ്ഥലത്തേക്ക്. അത്യാവശ്യം വേണ്ട ഭക്ഷണവും വെള്ളവും കയ്യില്‍ കരുതി ഉച്ച കഴിഞ്ഞയുടനെ ഞങ്ങള്‍ ഇറങ്ങി. മുന്‍പെങ്ങും ഇല്ലാത്ത വിധം തുടര്‍ച്ചയായി മഴ കിട്ടിയത് കൊണ്ടാകും സാധാരണ വരണ്ടു ഉണങ്ങി കിടക്കുന്ന സ്ഥലങ്ങളിലെല്ലാം നല്ല പച്ചപ്പ്‌.. റോഡിനു ഇരുവശവും പതിവില്ലാത്ത ആ പച്ചപ്പ്‌ ഞങ്ങള്‍ക്കൊരു പുതിയ ഉണര്‍വ്വേകി. കൂടുതല്‍ ചെടികള്‍ വളര്‍ന്ന സ്ഥലങ്ങളില്‍ ഒട്ടകങ്ങളും ആടുകളും കൂട്ടത്തോടെ എത്തിയിട്ടുണ്ടായിരുന്നു.. ലക്ഷ്യസ്ഥാനത്ത് എത്താന്‍ വൈകുമോ എന്ന ആശങ്ക കൊണ്ട് മാത്രം കുറച്ചു നേരം ആ കാഴ്ച ആസ്വദിക്കാം എന്ന ആഗ്രഹം ഉപേക്ഷിക്കേണ്ടി വന്നു ..

 

അര മണിക്കൂര്‍ ഹൈവേയിലൂടെ അതിവേഗം ഓടിയ ശേഷം എക്സിറ്റ് എടുത്ത് സര്‍വീസ് റോഡില്‍ കയറി. നേരത്തെ ഡൌണ്‍ലോഡ് ചെയ്തു വച്ച ഓഫ്‌ ലൈന്‍ മാപ്പിന്റെ സഹായത്തോടെയാണ് യാത്ര. കുറച്ചു ദൂരം മുന്നോട്ട് ചെന്നതോടെ ടാര്‍ റോഡ്‌ അവസാനിച്ചു. കല്ലും ചരലും നിറഞ്ഞ സാമാന്യം വീതിയുള്ള ഒട്ടും സ്മൂത്ത്‌ അല്ലാത്ത റോഡിലൂടെയാണ് തുടര്‍ന്ന് പോവേണ്ടത് . മുന്നില്‍ ഒരു തരത്തിലുള്ള മറയും ഇല്ലാതെ അതിവിശാലമായി കിടക്കുന്ന ഭൂമി.. അവിടെയും നല്ല പച്ചപ്പുണ്ട്‌.. ഒട്ടകങ്ങള്‍ അവിടെയും മേഞ്ഞു നടക്കുന്നുണ്ടായിരുന്നു. മരുഭൂമിയിലെക്കാണ് യാത്ര എന്നോര്‍മ്മിപ്പിക്കാനെന്നവണ്ണം അങ്ങിങ്ങ് ചെറിയ മണല്‍ കൂനകളുണ്ട്.. അവയ്ക്കിടയില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന ഉയരമില്ലാത്ത മരങ്ങളും..അത് തന്നെ രസകരമായ കാഴ്ചയായിരുന്നു .

 

20-30km സ്പീഡില്‍ കുലുങ്ങി കുലുങ്ങി നീങ്ങുന്ന ഞങ്ങളുടെ കാറിനെ മറികടന്നു കൊണ്ട് ഒരു ലാന്‍ഡ്‌ ക്രൂയിസര്‍ പൊടി പറത്തിക്കൊണ്ടു പാഞ്ഞു പോയി.. ഈ റോഡിലൂടെ ഇങ്ങനെ ചീറി പാഞ്ഞു പോവാന്‍ കഴിയുന്നത്‌ എങ്ങനെയെന്നു ഓര്‍ത്തപ്പോഴേക്കും വീണ്ടും ചില വാഹനങ്ങള്‍ അതെ പോലെ ഞങ്ങളെ മറികടന്നു പോയി.. മരുഭൂമിയില്‍ നിന്നും പെട്രോള്‍ കൊണ്ടുവരാനുള്ള ലോറികള്‍ വരെ ഞങ്ങളെക്കാള്‍ സ്പീഡിലാണ് പോകുന്നത്.. കാര്‍ 4 wheel drive മോഡിലേക്ക് മാറ്റി ഞാനും സ്പീഡ് അല്‍പ്പം കൂട്ടി നോക്കി.. പ്രതീക്ഷക്കു വിപരീതമായി യാത്ര കൂടുതല്‍ സുഖപ്രഥമായി തോന്നി.. ഇത്തരം റോഡുകളില്‍ മറ്റു വാഹനങ്ങള്‍ പോയ പോലെ ചീറി പാഞ്ഞു പോകുന്നതാണ് നല്ലതെന്ന് അല്പം കഴിഞ്ഞാണ് മനസിലായത് . അതോടെ 30-40 ല്‍ നിന്ന് 80-90 സ്പീഡിലായി യാത്ര.. പുറകിലേക്ക് നോക്കിയപ്പോള്‍ സമാധാനമായി.. മറ്റു വാഹനങ്ങളുടെ പുറകിലെ പോലെ ഞങ്ങളുടെ കാറിനു പുറകിലും പൊടിയുണ്ട് :-)

 

20km പിന്നിട്ടപ്പോള്‍ Exterran middle east പെട്രോളിയം കമ്പനിയുടെ camp നു മുന്നേനിലെത്തി. നേരത്തെ ഗൂഗിള്‍ മാപ് പരിശോധിക്കുന്ന സമയത്ത് അത് ശ്രദ്ധയില്‍ പെട്ടിരുന്നു . അവിടെയെത്തിയപ്പോള്‍ റോഡു പെട്ടന്ന് അവസാനിച്ച പോലെ തോന്നിച്ചു. വന്നുകൊണ്ടിരുന്ന റോഡ്‌ കമ്പനിക്കുള്ളിലെക്കാണ്‌ പോകുന്നത്. കയ്യിലുണ്ടായിരുന്ന രണ്ടു offline മാപ്പുകളും മുന്നില്‍ കാണുന്ന ഒഴിഞ്ഞ പറമ്പിലൂടെ മുന്നോട്ട് പോകുവാന്‍ കല്‍പ്പിക്കുന്നു.. റോഡില്‍ നിന്നും കാര്‍ താഴേക്കു ഇറക്കി വീണ്ടും മുന്നോട്ടു പോയി. കുറച്ചു മുന്നോട്ട് പോയി വീണ്ടും ചരലും മണലും കല്ലുകളും നിറഞ്ഞ മറ്റൊരു വഴിയിലെക്കാണ് മാപ് ഞങ്ങളെ നയിച്ചത്. ചിലയിടത്ത് സമാന്യം വേഗതയിലും ചിലയിടത്ത് തീരെ കുറഞ്ഞ വേഗതയിലുമായി ഞങ്ങള്‍ മുന്നോട്ട് പോയിക്കൊണ്ടിരുന്നു . 30 km ആ റോഡിലൂടെ തന്നെ സഞ്ചരിച്ചു വേണം ലക്ഷ്യത്തിലെത്താന്‍..

 

ചെറിയ വേഗതയില്‍ 30 km താണ്ടാന്‍ കുറെ സമയമെടുക്കുമല്ലോ എന്ന മടുപ്പ് തോന്നി തുടങ്ങിയപ്പോഴേക്കും ചുറ്റിലും ശരിയായ മരുഭൂമി കണ്ടുതുടങ്ങി.. അതുവരെ ആസ്വധിച്ചിട്ടില്ലാത്ത മരുഭൂമിയുടെ ഭംഗി ശരിക്കും ഞങ്ങളെ ഹരം കൊള്ളിച്ചു.. മരുഭൂമി ഒരു സുന്ദര landscape തന്നെ.. orange നിറത്തില്‍ നീളത്തില്‍ ഭംഗിയുള്ള pattern ആയി കിടക്കുന്ന മണല്‍ കൂനകളും ഇടയ്ക്കു അങ്ങിങ്ങായി കാണുന്ന ചെടികളുടെ പച്ചപ്പും സുഖകരമായ ഒരു കാഴ്ച തന്നെ.. പത്തു കിലോമീറ്റര്‍ കൂടി ഞങ്ങള്‍ക്ക് മുന്നോട്ട് പോവാനുണ്ടായിരുന്നെങ്കിലും അതിനു മുന്നേ ഒരു സ്ഥലത്ത് കാര്‍ നിര്‍ത്തി ഞങ്ങള്‍ പുറത്തിറങ്ങി.. അടുത്ത് കണ്ട മണല്‍ കൂനയുടെ മുകളില്‍ കയറി കുറച്ചു നേരം ആസ്വദിച്ചു.. ഏതാനും പടങ്ങളും എടുത്തു. മണലിലെ മനോഹരമായ ഡിസൈന്‍, അതിലൂടെ നടന്നു അത് വൃത്തികേടാക്കാന്‍ തോന്നാത്തത്ര ഭംഗി !

 

 

Read More

തടാകം

വീണ്ടും കുറച്ചു ദൂരം മോന്നോട്ടു പോയപ്പോള്‍ ലക്ഷ്യസ്ഥാനം ആയെന്നു മാപ്പില്‍ കാണിച്ചു.. അവിടെ കുറച്ചു കാറുകള്‍ പാര്‍ക്ക് ചെയ്തു ആളുകള്‍ പായ് വിരിച്ചു ക്യാമ്പ്‌ ചെയ്യാനുള്ള ഒരുക്കത്തില്‍ ഇരിക്കുന്നത് കണ്ടു. തൊട്ടടുത്ത്‌ വലിയ ഒരു മണല്‍ കൂനയുണ്ട്. അതിനപ്പുറത്തായിരിക്കും തടാകം എന്ന് തോന്നിച്ചു. മണലില്‍ വാഹനം ഇറക്കാനുള്ള തയ്യാറെടുപ്പൊന്നും ഇല്ലാതെയാണ് ഞങ്ങള്‍ വന്നിട്ടുള്ളത്.. മണ്ണ് റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്തു നടന്നു പോകണോ അതോ കാര്‍ മണലില്‍ ഇറക്കണോ എന്ന് ശങ്കിച്ചു തെല്ലു നേരം.. അഥവാ കാര്‍ മണലില്‍ താഴ്ന്നാല്‍ വലിച്ചു കയറ്റാന്‍ പറ്റിയ പരിചയ സമ്പന്നരായ ഒമാനികളാണല്ലോ അവിടെയിരിക്കുന്നത് , അവര്‍ എന്തായാലും സഹായിക്കും എന്ന വിശ്വാസത്തില്‍ ഞാന്‍ മണല്‍ തിട്ടയിലൂടെ കാര്‍ താഴേക്ക്‌ ഇറക്കി.. മണലിലൂടെ കാര്‍ ഊര്‍ന്നിറങ്ങുന്നത് ശരിക്കും സുഖകരമായ ഒരു അനുഭവമാണ്.. sand mode select ചെയ്തു പതിയെ ഓടിച്ചു നോക്കി. കൊള്ളാം . പ്രശ്നമൊന്നുമില്ലാതെ മുന്നോട്ട് നീങ്ങുന്നുണ്ട്.. ക്യാമ്പ്‌ ചെയ്യാന്‍ തയ്യാറെടുക്കുന്ന ഒമാനികളോട് ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്ക് അല്‍പ്പം കൂടി മുന്നോട്ട് പോവേണ്ടതുണ്ട് എന്ന് മനസിലായി.. മണലിലൂടെ കുറച്ചു ദൂരം കൂടി മുന്നോട്ടു നീങ്ങിയപ്പോള്‍ കുറച്ചകലെയായി ഞങ്ങള്‍ തേടിക്കൊണ്ടിരിക്കുന്ന തടാകം ദൃശ്ശ്യമായി

ഞങ്ങള്‍ പ്രതീക്ഷിച്ചതിലും വലുതായിരുന്നു തടാകം . ദുബായ് രെജിസ്ട്രേഷന്‍ ഉള്ളവ ഉള്‍പ്പെടെ കുറച്ചു കാറുകള്‍ തടാകക്കരയിലുണ്ടായിരുന്നു. കുറച്ചു പേര്‍ അവിടെ ടെന്റ് അടിച്ചു രാത്രി താമസത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നുണ്ടായിരുന്നു . തടാകത്തിന്റെ മൂന്നു വശങ്ങളിലും പടുകൂറ്റന്‍ മണല്‍ കൂനകളാണ്. ഒരു വശത്തെ മണല്‍കൂനയില്‍ ഒമാനികള്‍ കാര്‍ കയറ്റിയിറക്കി ആസ്വദിക്കുന്നു.. കുറച്ചു നേരം ഞങ്ങളും ആ കാഴ്ച കണ്ടു നിന്നു.. പിന്നെ തടാകത്തിന്റെ ഒരു വശത്ത്‌ കൂടി കുറച്ചു മുന്നോട്ട് പോയി ഞാന്‍ കാര്‍ പാര്‍ക്ക്‌ ചെയ്തു. പുറത്തിറങ്ങി കുറച്ചു ചിത്രങ്ങളെടുത്തു.

 

തടാകത്തിന്റെ ഏറ്റവും നല്ലൊരു വ്യൂ കിട്ടുന്ന ഒരു മണൽകൂനയുടെ മുകളിൽ കയറി നോക്കാം എന്നായി അടുത്ത തീരുമാനം. ഞങ്ങൾ കാർ പാർക്ക്‌ ചെയ്തതിന്റെ കുറച്ചു മുന്നിലായി കാണുന്ന ഏറ്റവും വലിയ മണൽകൂന തന്നെ അതിനായി തിരഞ്ഞെടുത്തു. ചിത്രങ്ങളിൽ കാണുമ്പോൾ ചെറുതെന്നു തോന്നിക്കുമെങ്കിലും അടുത്തെത്തിയാൽ മണൽകൂന വളരെ വലുതാണ്. രണ്ടു സ്റ്റെപ്പ് മുകളിലേക്കു കയറുമ്പോൾ ഒരു സ്റ്റെപ്പ് താഴേക്കു തന്നെ ഒഴുകിയിറങ്ങുന്ന മണൽ കൂനയുടെ മുകളിലേക്കു കുത്തനെ കയറുകയെന്നത് ഒട്ടും എളുപ്പമല്ല.. ചിത്രത്തിലെ കാറുകളുടെ വലിപ്പം ശ്രദ്ധിച്ചാൽ ഇതിന്റെ ഉയരത്തെ കുറിച്ച് ഒരു ധാരണ കിട്ടും. ഏതാണ്ട് 150 മീറ്റർ കയറിയപ്പോഴേക്കും ആകെ തളർന്ന മട്ടായി.. അവിടെ നിന്നു കൊണ്ട് കുറച്ചു പടങ്ങൾ എടുത്തു.. കൂട്ടത്തിൽ അൽപ്പം ഉത്സാഹം കൂടുതൽ ഉള്ളയാൾ വീണ്ടും 50മീറ്റർ കൂടി കയറി മണൽ കൂനയുടെ ഏറ്റവും മുകളിലെത്തി.. അവിടെ നിന്നുള്ള കാഴ്ചകളുടെ മനോഹാരിത വിവരിച്ചു ഞങ്ങളെ പ്രലോഭിപ്പിച്ചപ്പോൾ പതിയെ പിന്നെയും മുകളിലേക്കു വലിഞ്ഞു കയറി.

 

മുകളിലെത്താൻ വളരെ ആയാസപ്പെട്ടെങ്കിലും ആ തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ വലിയൊരു നഷ്ടമാകുമായിരുന്നു.. വിശാലമായ ആ മരുഭൂമിയുടെ ഒരു വലിയ കാഴ്ച അവിടെ നിന്നു കാണാൻ സാധിച്ചു. ഞങ്ങൾക്ക് പുറകിൽ സൂര്യൻ അസ്തമിക്കാനൊരുങ്ങുകയായിരുന്നു അപ്പോൾ.. കാഴ്ചകൾ ആവോളം കാണുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്ത ശേഷം തണുത്ത സുഖമുള്ള കാറ്റും ആസ്വദിച്ചുകൊണ്ട് ഞങ്ങൾ അവിടെ കുറെ നേരം ഇരുന്നു.. കയ്യിൽ കരുതിയ ലഘു ഭക്ഷണം കഴിച്ചും വെള്ളം കുടിച്ചും ക്ഷീണം തീർത്തു

 

പതിയെ നേരം ഇരുട്ടി തുടങ്ങി.. മണൽകൂനയിൽ കയറി ഇറങ്ങികൊണ്ടിരുന്ന വാഹനങ്ങൾ ഓരോന്നായി തിരിച്ചു പോയി തുടങ്ങി. ബാക്കിയുള്ളവർ ടെന്റ് അടിച്ചു താമസത്തിനുള്ള ഒരുക്കങ്ങളും തുടങ്ങി. ഇനി കൂടുതൽ സമയം അവിടെ ചിലവഴിച്ചാൽ തിരിച്ചു പോക്ക് പ്രയാളസമാവും എന്നതിനാൽ ഞങ്ങൾ തിരിച്ചിറങ്ങി.. അങ്ങോട്ട്‌ കയറുന്ന പോലെയല്ല മണലിലൂടെ ഒഴുകുന്ന പോലെ എളുപ്പത്തിൽ തിരിച്ചിറങ്ങാം..

 

നടന്നു കാറിനടുത്തെത്തിയപ്പോഴേക്കും ഇരുട്ടായി.. റോഡിൽ നിന്നും മണലിലേക്കു കാർ ഇറക്കിയ വഴി കൃത്യമായി മനസിലാക്കാൻ അപ്പോൾ കഴിയുന്നുണ്ടായിരുന്നില്ല.. ഊഹം വച്ചു ഓടിച്ചു ഒരു ചതുപ്പു പോലത്തെ ഭാഗത്താണ് എത്തിയത്..അവിടെ കാറിന്‍റെ മുന്ച്ചക്രങ്ങള്‍ താഴ്ന്നു മുന്നോട്ടു നീങ്ങാൻ കഴിയാതെ വന്നെങ്കിലും റിവേഴ്‌സ് എടുത്തു ചതുപ്പിൽ നിന്നും കയറാൻ കഴിഞ്ഞു.. ടെന്റ് അടിച്ചു കൊണ്ടിരുന്ന ഒരു ഒമാനി വന്നു വേണ്ട നിർദ്ദേശങ്ങൾ തരികയും ശരിയായ വഴി കാണിച്ചു തരികയും ചെയ്തു..

 

തിരിച്ചു പഴയ മണ്ണ് റോഡിൽ എത്തിയപ്പോഴേക്കും ചുറ്റും കനത്ത ഇരുട്ട് പരന്നിരുന്നു.. നോക്കെത്താ ദൂരത്തൊന്നും ഒരു വെളിച്ചമോ അനക്കമോ ഇല്ല.. കുറച്ചു മുന്നോട്ടു ചെന്നപ്പോൾ വളരെ അകലെ നിന്നും exterran middle east company യുടെ റിഗ്ഗിൽ നിന്നും അവർ കത്തിച്ചു കളയുന്ന ഏതോ വാതകത്തിൽ നിന്നുമുള്ള തീ കാണാൻ കഴിഞ്ഞു.. പുകക്കുഴലിലൂടെ അത് കത്തുന്നത് അങ്ങോട്ട്‌ പോകുമ്പോൾ തന്നെ ഞങളുടെ ശ്രദ്ധയിൽ പെട്ടിരുന്നു.. ആ തീ മാത്രമാണ് തിരിച്ചുള്ള യാത്രയിൽ ഞങളുടെ കാറിന്റെ ഹെഡ്‍ലൈറ്റ് അല്ലാതെ ആകെ കണ്ട ഒരു പ്രകാശം..

 

ഇത്തരം റിഗ്ഗുകള്ളിൽ ജോലി ചെയ്യുന്നവർ ഹോസ്പിറ്റലിൽ വരുമ്പോൾ അവിടെ നിന്നും എത്തിപ്പെടാനുള്ള പ്രയാസങ്ങൾ എണ്ണിയെണ്ണി പറയുമ്പോഴും ഇത്രയും ഭീകരത അതിനുണ്ടെന്നു ഈ യാത്രയിലാണ് മനസിലായത്. അസുഖത്തിന് ചികിൽസ തേടി വരുന്നവർ തിരിച്ചു പോകുമ്പോൾ കമ്പനികളുടെ ആവശ്യപ്രകാരം ഞാൻ എഴുതി കൊടുക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റിൽ സ്ഥിരം എഴുതുന്ന വാചകത്തിന്റെ ഗൗരവവും ശരിക്കും മനസിലായി.. Fit to work at remote site എന്ന വാചകം.. ഇത്തരം സ്ഥലങ്ങളിൽ വച്ചു വല്ല emergency യും വന്നാൽ ഒരു വൈദ്യസഹായം കിട്ടാൻ അനേകം മണിക്കൂറുകൾ എടുക്കും.. അതുകൊണ്ടാണ് fitness certificate നു വേണ്ടി അവര്‍ നിര്‍ബന്ധിക്കുന്നത്‌ .

 

ദുർഘടമായ വഴികൾ പിന്നിട്ടു നേരത്തെ കണ്ട വെളിച്ചത്തിനരികില്‍ ഞങ്ങളെത്തി .  അവിടെ നിന്നങ്ങോട്ടു കുറച്ചു കൂടി നല്ല റോഡാണ്..  നേരത്തെ അതിവേഗം പാഞ്ഞു പോയ വാഹനങ്ങളെ പോലെ ഞാനും സാമാന്യം നല്ല സ്പീഡിൽ ഓടിച്ചു.. അത് തന്നെയാണ് കൂടുതൽ സുഖപ്രദം..  അകലെ 30 km അപ്പുറത്തുള്ള ഹൈവേയിലെ ലൈറ്റ് ഞങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു..  യാതൊരു തടസവും ഇടയിലില്ലാതെ.  അതാണ് മരുഭൂമിയിലെ visibility  !

 

അങ്ങോട്ട്‌ പോയതിനേക്കാൾ വളരെ കുറച്ചു സമയം കൊണ്ട് ഞങ്ങൾ ഹൈവേയിലെത്തി.. പിന്നെ ഇബ്രി ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.. കണ്ണും മനസും നിറഞ്ഞ ഒരു യാത്രയ്ക്ക് അങ്ങനെ വിരാമം..

Read More

ജബൽ ഷംസ്-- ഒമാനിന്റെ നെറുകയിലേക്കു ഒരു യാത്ര (part 7)

ഒമാനിലെ ഏറ്റവും ഉയരം കൂടിയ ഭാഗമാണ് സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 9400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജബൽ ഷംസ്. ഹജർ പർവ്വത നിരകൾ എന്ന പേരിൽ അറിയപ്പെടുന്ന വൻ പർവ്വത നിരയുടെ ഭാഗമാണ് ജബൽ ഷംസ്. ഉയരത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ജബൽ അഖ്ദറും ഇതേ പർവത നിരയുടെ ഭാഗമാണ്. അവിടെ നേരത്തെ പല തവണ പോയിട്ടുമുണ്ട്. ജബൽ അഖ്‌ധർ അവസാനം വരെ ടാർ ചെയ്ത റോഡുണ്ട്. എന്നാൽ ജബൽ ഷംസിൽ എത്താൻ കുറച്ചു ദുർഗഢമായ മണ്ണ് റോഡിലൂടെ 8 km കുത്തനെ കയറി പോവാനുണ്ട്..

 

ഒമാനിലെ അൽ ദഹ്‌ലിയ ഗവർണറെറ്റിലാണ് ഹജർ പർവ്വത നിരകൾ. Nizwa യും ബഹലയുമാണ് അടുത്തുള്ള പ്രധാന ടൗണുകൾ. ഇബ്‌റിയിൽ നിന്നും 195 km ദൂരമുണ്ട് ജബൽ ഷംസ് ന്റെ ഏറ്റവും ഉയർന്ന ഭാഗത്തേക്ക്..

Astrophotography ക് യോജിച്ച dark sky കിട്ടുന്ന ഒമാനിലെ ഒരു ഭാഗമാണ് ജബൽ ഷംസ്. അത്തരം അന്വേഷണങ്ങളുടെ ഭാഗമായാണ് ജബൽ ഷംസ് വരെ ഒന്നു പോയാൽ കൊള്ളാം എന്നു തോന്നിയത്.  കൂടുതൽ അന്വേഷിച്ചപ്പോൾ ജബൽ ഷംസിൽ വാഹനം കൊണ്ടു എത്തിപ്പെടാവുന്നതും നടന്നു തന്നെ പോവേണ്ടതുമായ സ്ഥലങ്ങളുണ്ട്. എല്ലാം കണ്ണും മനസും നിറയ്ക്കുന്ന കാഴ്ചകൾ .. കാറിൽ എത്തിപ്പെടാൻ പറ്റുന്ന 2 സ്ഥലങ്ങൾ കാണാൻ തന്നെ തീരുമാനിച്ചു.    ജബൽ ഷംസ് പീക് പോയിന്റിലേക്കുള്ള ഈ യാത്രയും വാദി ഗുൽ എന്ന അരുവിയിലൂടെയുള്ള യാത്രയും.. അത് പിന്നീട് ഒരു ദിവസത്തേക്കു പ്ലാന്‍ ചെയ്തു വച്ചിരിക്കുകയാണ്.

 

ബഹല കഴിഞ്ഞു നേരത്തെ അൽ ഹൂത്ത ഗുഹ കാണാൻ പോയ വഴിയും പിന്നിട്ടു ഞങ്ങൾ മുന്നോട്ട് നീങ്ങി.. ഇടക്ക് വച്ചു മാനം ഇരുളുകയും മഴ പെയ്യുകയും ചെയ്തപ്പോൾ മുകളിൽ മോശം കലാവസ്ഥയാകുമോ എന്നു സംശയിച്ചു.. എന്നാൽ മല കയറി തുടങ്ങുന്ന മുന്നേ തന്നെ മഴ അവസാനിച്ചു. മേഘങ്ങൾക്കിടയിൽ മറഞ്ഞ സൂര്യൻ വീണ്ടും പുറത്തു വന്നു.

 

അകലെ ജബൽ ഷംസ് കാണാൻ തുടങ്ങി . വാദി ഗുൽ ന്റെ ഒരു ഭാഗം കാണാൻ കഴിഞ്ഞു. അതിമനോഹരമായതും വ്യത്യസ്തമായതുമായ ഭൂപ്രകൃതി ആരെയും ആകർഷിക്കും. ഇടക്ക് പലയിടത്തും ഇറങ്ങാൻ തോന്നിയെങ്കിലും sunset ന് മുന്നേ മുകളിൽ എത്താൻ കഴിയാതെ പോകുമോ എന്ന പേടിയാൽ അത്തരം പ്ലാനുകൾ ഉപേക്ഷിച്ചു.

 

വളഞ്ഞു പുളഞ്ഞു പോകുന്ന റോഡ് കുത്തനെ കയറി തുടങ്ങിയപ്പോൾ ജബൽ ഷംസ് ന്റെ ശരിയായ ഭംഗി കണ്ടു തുടങ്ങി. ചെത്തി ഭംഗിയാക്കിയ പോലെയുള്ള കല്ലുകൾ.. പ്രകൃതി സ്വയം ഒരുക്കിയ ഡിസൈൻ. കുറച്ചു ദൂരം കയറി ചെന്നപ്പോൾ ഏതാണ്ട് നിരപ്പായ ഒരു സ്ഥലം കണ്ടു.. കുറച്ചു വാഹനങ്ങൾ അവിടെ പാർക് ചെയ്തിരുന്നു. മനോഹരമായ ഭൂപ്രകൃതി ഒപ്പിയെടുക്കാനും വാഹനം 4wd മോഡിലേക്കു മാറ്റാനുമായി ചെറിയൊരു ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു..

 

ഏതാനും മിനിറ്റുകൾ ഇവിടെ ചിലവഴിച്ചു ഞങ്ങൾ യാത്ര തുടർന്നു.. കുറച്ചു കൂടി കയറി ചെന്നതോടെ ടാർ റോഡ് അവസാനിച്ചു. വീതി കുറഞ്ഞ മണ്ണ് റോഡിലൂടെയായി പിന്നീട് കയറ്റം.. ദൂരെ നിന്ന് നോക്കുമ്പോൾ റോഡ് സ്മൂത് ആയി തോന്നിയെങ്കിലും പ്രതലം വളരെ uneven ആയിരുന്നു.. കാറിന്റെ കുലുക്കം കുറയ്ക്കാൻ സ്പീഡ് വളരെ കുറച്ചാണ് മണ്ണ് റോഡിലൂടെ യാത്ര ചെയ്തത്. 8km ദൂരം തണ്ടാൻ ഒരുപാട് സമയം വേണ്ടി വന്നു. 10-20km സ്പീഡിലായിരുന്നു യാത്ര.

 

8km യാത്ര സത്യത്തിൽ 80km പോലെ തോന്നിച്ചു.. ഏറ്റവും മുകൾഭാഗത്തു വീണ്ടും ടാർ റോഡാണ്. ടാർ റോഡ് കാണുമ്പോൾ വല്ലാത്തൊരു ആശ്വാസമാണ്.. 20km സ്പീഡിൽ നിന്നു വീണ്ടും 80-90 km സ്പീഡിലേക്കു..

 

മുകളിൽ വിശാലമായ സ്ഥലമാണ്. അനേകം വാഹനങ്ങൾക്ക് പാർക്ക് ചെയ്തിടാൻ സൗകര്യമുണ്ട്. 10 ൽ താഴെ വാഹനങ്ങൾ മാത്രമേ ഞങ്ങൾ ചെല്ലുമ്പോൾ അവിടെയുള്ളൂ.. തണുത്ത കാറ്റ് വീശിയിരുന്നു. 16 ഡിഗ്രി യാണ് പുറത്തെ തണുപ്പ്.

 

 

Read More

Grand canyon

Grand canyon ന്റെ വിശാലമായ കാഴ്ച ആവേശമുണർത്തും. താഴേക്കു നോക്കിയാൽ തല കറങ്ങി പോവും. ചിലയിടങ്ങളിൽ ബാരിക്കേഡ് കെട്ടി വ്യൂ പോയിന്റ് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അധിക ഭാഗവും തുറന്ന സ്ഥലങ്ങളാണ്. ശ്രദ്ധിച്ചില്ലെങ്കിൽ താഴെ വീണു പോവും..

 

സൂര്യാസ്തമയം grand canyon ന്റെ എതിർവശത്തായാണ് വരുന്നത്. അസ്തമയം ആവുമ്പോഴേക്കും ഈ ഭാഗത്തു നിന്ന് കുറെ ചിത്രങ്ങൾ എടുത്തു.. സൂര്യൻ താഴ്ന്നു തുടങ്ങുമ്പോൾ എതിർവശത്തെക്കു നീങ്ങാൻ ആയിരുന്നു പ്ലാൻ.

എന്നാൽ sunset പ്രതീക്ഷിച്ച പോലെ ആയില്ല.. സൂര്യൻ മേഘങ്ങൾക്കുള്ളിൽ മറഞ്ഞ കാരണം നിറം മങ്ങിയ ഭംഗിയില്ലാത്ത അസ്തമയം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. എങ്കിൽ പോലും ഒറ്റപ്പെട്ടു നിൽക്കുന്ന ചെറിയ മരങ്ങളും ഭംഗിയുള്ള കല്ലുകളും photography ക് യോജിച്ച ambience നൽകും.. ഒരു മിൽകി വേ ഷൂട് ന് വേണ്ടി വീണ്ടും ഇങ്ങോട്ടു വരണം എന്നു ഓർത്തു അവിടെ നിന്നപ്പോൾ...

 

നേരം ഇരുട്ടി തുടങ്ങിയപ്പോഴേക്കും ഞങ്ങൾ ഒഴികെ മറ്റു ടീം എല്ലാവരും മടങ്ങിയിരുന്നു. മണ്ണ് റോഡിലൂടെ ഇരുട്ടത്തുള്ള യാത്ര അൽപ്പം ബുദ്ധിമുട്ടാണ്. ഇടക്ക് വീണ്ടും മഴ പെയ്തത് അൽപ്പം ടെൻഷൻ ഉണ്ടാക്കിയെങ്കിലും വൈകാതെ മഴ ഒതുങ്ങി പ്രയാസമില്ലാതെ താഴെ എത്തി..

Read More

ട്രിപ്പ് ടു ബീഹൈവ് ടോംബ്സ് ഓഫ് ഒമാൻ , എ UNESCO ഹെറിറ്റേജ് സൈറ്റ്( part 8)

ഒമാനിലെ ഇബ്രിയിലേക്ക് ജീവിതം പറിച്ചു നടുന്നതിന് മുന്നേ ഒരു അന്വേഷണം നടത്തിയിരുന്നു.. ഇബ്രിയുടെ അടുത്തൊക്കെ കാണാന്‍ കൊള്ളാവുന്ന സ്ഥലങ്ങള്‍ ഉണ്ടോ എന്ന്.. ഇല്ല എന്നായിരുന്നു ആദ്യം കിട്ടിയ വിവരം.. പക്ഷെ ഇവിടെ വന്ന ശേഷം മനസിലായി ആ ധാരണ ശരിയല്ല എന്ന്. ഗൂഗിളില്‍ തിരഞ്ഞപ്പോളാണ് ഇബ്രിയില്‍ നിന്നും അധികം ദൂരത്തിലല്ലാത്ത, UNESCO പൈതൃകങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയ ഈ സ്ഥലത്തെ കുറിച്ച് അറിഞ്ഞത്. പോവണം എന്ന് അന്ന് തന്നെ തീരുമാനിച്ചെങ്കിലും കുറെ ആഴ്ചകള്‍ക്ക് ശേഷമാണ് സമയം ഒത്തുവന്നത് . ഫോട്ടോഗ്രഫി കമ്പമുള്ള, കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കളുടെ കൂടെയായിരുന്നു യാത്ര.

ലോഹ യുഗത്തിലേക്ക് നീളുന്നതാണ് ബീഹൈവ് ടോമ്പിന്റെ ചരിത്രം. ഇവിടെ നിന്ന് മനുഷ്യരുടെയോ മൃഗങ്ങളുടെയോ ഫോസ്സിലുകള്‍ ഒന്നും കണ്ടെടുക്കപ്പെട്ടിട്ടില്ല എന്ന് പറയപ്പെടുന്നെങ്കിലും ഇവ ശവകുടീരങ്ങള്‍ തന്നെയാണ് എന്നാണു അനുമാനം.

 

ഇബ്രിയില്‍ നിന്നും 64km അകലെ അലൈന്‍ എന്ന സ്ഥലത്താണ് ഈ ടോമ്പുകള്‍ സ്ഥിതിചെയ്യുന്നത്. Maps.me എന്ന ഓഫ് ലൈന്‍ മാപിന്റെ സഹായത്തോടെയാണ് ഞങ്ങളുടെ യാത്ര.

 

Muscat highway യില്‍ കുബാറ exit എടുത്തു ഇടതുവശത്തേക്ക് ഉള്ള വഴിയാണ് അലൈനിലേക്ക് .. നല്ല റോഡ്‌ . ചുറ്റിനും മനോഹരമായ കാഴ്ചകള്‍. ചെറിയ ചെറിയ ഗ്രാമങ്ങളും പച്ചപ്പ്‌ നിറഞ്ഞ കൃഷിയിടങ്ങളും ചെറുതും വലുതുമായ കുന്നുകളും വഴിയരികില്‍ കാണാം. മഴക്കാറും ചെറിയ ചാറ്റല്‍ മഴയും കാഴ്ചകള്‍ക്ക് കൂടുതല്‍ ഭംഗിയേകി. വളഞ്ഞും പുളഞ്ഞും കയറിയും ഇറങ്ങിയും പോവുന്ന റോഡിലൂടെ കുറച്ചു സമയം മുന്നോട്ടു പോയപ്പോള്‍ നേരത്തെ ഫോട്ടോകളില്‍ കണ്ടു പരിചയിച്ച മല നിരകള്‍ കണ്ടു. തൊട്ടടുത്ത കുന്നിന്മുകളില്‍ ആ ടോമ്പുകളും. വാഹനം തൊട്ടടുത്ത്‌ പാര്‍ക്ക് ചെയ്യാന്‍ ചെറിയൊരു സ്ഥലം തയ്യാറാക്കിയിട്ടുണ്ട്. പിന്നീട് കുറച്ചു നടന്നു ഒരു വാദി മുറിച്ചു കടന്നു വേണം കുന്നിന്‍ മുകളിലേക്ക് കയറാന്‍.

 

പൊതുവേ ആള്‍ താമസം കുറഞ്ഞ സ്ഥലമാണ്. കുന്നിന്‍ താഴ്വരയില്‍ ഏതാനും ചെറിയ വീടുകള്‍ ഉണ്ട്. വാദി മുറിച്ചു കടന്നു ചെറിയ ഈടു വഴിയിലൂടെ ടോംബ് ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു. വഴിക്ക് ഇരുവശവും നല്ല പച്ചപ്പ്‌. ഒന്നാന്തരം കൃഷിയിടമാണ്. ഈത്തപ്പന തോട്ടവും നെല്‍ച്ചെടി പോലെ തോന്നിക്കുന്ന വേറെ എന്തോ ചെടിയും.. ഒട്ടകത്തിനു കൊടുക്കുന്ന തീറ്റയും ആവാം. കൃഷിയിടത്തിലേക്ക് ചെറിയ ചാലുകള്‍ കീറി നനക്കുന്നുമുണ്ട്. ഞങ്ങള്‍ ചെല്ലുമ്പോള്‍ പ്രായം ചെന്ന ഒരു ഒമാനിയും ബംഗ്ലാദേശി എന്ന് തോന്നിക്കുന്ന വേറെ ഒരാളും ചാലുകളിലൂടെ വെള്ളം തിരിച്ചു വിടുന്ന തിരക്കിലാണ്. എല്ലാവരുടെയും കയ്യിലെ ക്യാമറയും മറ്റു സാമഗ്രികളും കണ്ടപ്പോള്‍ മുഖത്ത് ചെറിയ ചിരി.. ഫോട്ടോ എടുക്കാന്‍ പോവുകയാണല്ലേ എന്ന ചോദ്യവും ..

 

സൂര്യന്‍ തൊട്ടപ്പുറത്തെ മലയുടെ പുറകിലേക്ക് മറയുന്ന സമയത്താണ് ഞങ്ങള്‍ ചെല്ലുന്നത്. ചൂട് നന്നേ കുറഞ്ഞിരിക്കുന്നു അപ്പോഴേക്കും.. ചാറ്റല്‍ മഴയും കാറ്റും അപ്പോഴേക്കും ഒതുങ്ങിയിരുന്നു. ഒറ്റ നോട്ടത്തില്‍ തന്നെ ആകര്‍ഷണം തോന്നുന്ന ഭൂപ്രകൃതിയാണ് ഇവിടെ. ഓറഞ്ച് നിറമാണ് ഇവിടത്തെ കുന്നുകള്‍ക്ക്. അടുക്കി അടുക്കി വച്ച പാളികള്‍ പോലെയാണ് കല്ലുകള്‍.. എളുപ്പത്തില്‍ അടര്‍ത്തിയെടുക്കാം എന്ന തോന്നല്‍ ഉളവാക്കുന്നവ. കയ്യില്‍ കുടിവെള്ളം കരുതാഞ്ഞത് അബദ്ധമായെന്ന് തോന്നി. കുന്നിന്‍ മുകളില്‍ എത്തിയപ്പോഴേക്കും കലശലായ ദാഹം !

 

ഏതാണ്ട് ഒരേ വലിപ്പത്തില്‍ നിരനിരയായി നില്‍ക്കുന്ന നിരവധി ടോമ്പുകള്‍ ഉണ്ടിവിടെ. പലതും ഭാഗികമായി പൊളിഞ്ഞു തുടങ്ങിയിരിക്കുന്നു. അകത്തേക്ക് ഒരാള്‍ക്ക് കഷ്ടിച്ച് നൂണ്ടു കയറാം. അകത്തു കുറെ കൂടി വിശാലതയുണ്ട്. ടോമ്പ്കള്‍ക്ക് പുറമേ ചുറ്റിലും ഉള്ള കാഴ്ചകളും രസകരമാണ്. ഒരു വശത്ത് പച്ചപ്പ്‌ നിറഞ്ഞ കൃഷിയിടങ്ങളും എതിര്‍വശത്തു വലിയ മല നിരകള്‍. ഒരു വശത്ത് വലിയൊരു താഴ്വരയാണ്. അധികം ഉയരമില്ലാത്ത ചെടികള്‍ വളര്‍ന്നു നില്‍ക്കുന്ന താഴ്വര. കനത്ത മഴ പെയ്താല്‍ വെള്ളം ഒഴുകുന്ന സ്ഥലമാണെന്ന് തോന്നിപ്പിക്കും. താഴ്വരയില്‍ ഒട്ടകങ്ങളെ പാര്‍പ്പിക്കുന്ന ചെറിയ കൂരകളും കാണാം

 

( കൃഷിയിടങ്ങളിലെ പച്ചപ്പ്‌... ദൂരെ മതില് പോലെ കാണുന്ന മലയുടെ മുന്‍പിലെ ചറിയ കുന്നില്‍ വരി വരിയായി നില്‍ക്കുന്ന ടോമ്പുകളും കാണാം. Photo credits: Baiju Jose)

 

കുന്നിന്മുകളില്‍ എത്തിയ ഉടനെ സ്ഥലം മൊത്തം ഒരു നിരീക്ഷണം നടത്തിയ ശേഷം കുറച്ചു നേരത്തെ വിശ്രമം.. പിന്നെ കുറെ ചിത്രങ്ങള്‍ പകര്‍ത്തി .

തിരിച്ചു പോരാന്‍ നേരം ആകാശത്ത് നിറഞ്ഞ രസകരമായ മേഘങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ഫോട്ടോ കൂടി എടുത്തു .

 

നേരം ഇരുട്ടിയതോടെ ഞങ്ങള്‍ കുന്നിറങ്ങി. ഞങ്ങള്‍ വരുന്ന വഴി താഴെ കണ്ട ഒരു ഒമാനി സംഘം ഞങ്ങളോട് കുശലം പറഞ്ഞു.. എടുത്ത ഫോട്ടോകള്‍ ചിലതെല്ലാം നോക്കി പുഞ്ചിരിച്ചു...

 

ദാഹം മാറ്റാന്‍ ഏതാനും കിലോമീറ്റര്‍ അകലെയുള്ള ഒരു ജ്യൂസ് കടയില്‍ കയറി. മലയാളികളുടെ കടയാണ്. ഈ സ്ഥലം അവര്‍ക്ക് പോലും അറിയില്ല എന്നതാണ് രസകരമായ കാര്യം. ഞങ്ങളുടെ ഫോട്ടോ കണ്ടപ്പോള്‍ അവിടെ വരെ ഒന്ന് പോവണം എന്ന് ആത്മഗതം !

 

ഇബ്രി പരിസരത്ത് ഉള്ളവര്‍ക്ക് ഏതാനും മണിക്കൂറുകള്‍ കൊണ്ട് പോയി വരാവുന്ന മികച്ച ഒരു ടൂരിസ്റ്റ് സ്പോട് ആണ് ബീഹൈവ് ടോംബ് . ഇന്ന് തന്നെ പുറപ്പെടാന്‍ ഒരുങ്ങിക്കോളൂ ....

 

Read More

സലാല - Day 1 : ഒമാനിലെ ഹരിത വിസ്മയം (Part 9)

സലാല സീസൺ ആയല്ലോ ഡോക്ടർ പോകുന്നില്ലേ? ഹോസ്പിറ്റലിലെ ഒമാനി സ്റ്റാഫ്‌ 2 വർഷം മുൻപ് ഒരിക്കൽ ചോദിച്ചു. ഇപ്പോൾ അതിന് പറ്റിയ സാഹചര്യം ഇല്ല, 2-3 മാസം കഴിഞ്ഞിട്ട് നോക്കാം എന്ന് ഞാൻ മറുപടി പറഞ്ഞു.. 2-3 മാസം കഴിഞ്ഞാൽ അവിടെ ഇബ്രി പോലെ തന്നെയായിരിക്കും, പോയിട്ട് കാര്യമില്ല എന്ന മറുപടി കേട്ടപ്പോൾ അത്ഭുതം തോന്നി.. അതെന്താണ് അങ്ങനെ... ആഗസ്റ്റ് മുതൽ സെപ്റ്റംബർ അവസാനം വരെ എന്ത് അത്ഭുതമാണ് സലാലയിൽ എന്ന് അന്നേ ഒരു സംശയമായി മനസ്സിലുണ്ടായിരുന്നു. ഒരു സീസണിൽ നിർബന്ധമായും ഒന്ന് പോയി കാണണം എന്ന് അന്നേ തീരുമാനിച്ചു.

അതാണ്‌ സലാല.. ആഗസ്റ്റ് തൊട്ടു സെപ്റ്റംബർ അവസാനം വരെ ഒമാനിൽ നിന്നും അടർന്നു മാറി വേറെ ഏതോ ഒരു ലോകത്ത് പോയി, പിന്നീട് തിരിച്ച് വന്നു ഒമാനിനോട് ചേർന്നു നിൽക്കുന്നു എന്ന് തോന്നിക്കുന്ന ഒരു സ്ഥലം. എന്താണ് അതിന് പിന്നിലെ രഹസ്യം? ഖരീഫ് സീസൺ എന്നറിയപ്പെടുന്ന തെക്കൻ മൺസൂൺ മഴയാണ് സലാലയെ പച്ച പുതപ്പിക്കുന്നത്.. ഒമാനിൽ എല്ലാ ഭാഗങ്ങളിലും ഇടയ്ക്ക് വലുതും ചെറുതുമായ മഴ ലഭിക്കാറുണ്ടെങ്കിലും തുടർച്ചയായി മാസങ്ങളോളം നീണ്ടു നിൽക്കുന്ന മഴ ലഭിക്കാറില്ല. അങ്ങനെ മഴ ലഭിക്കുന്ന ഒമാനിലെ ഏക ഭൂപ്രദേശമാണ് യമനോട് ചേർന്നു കിടക്കുന്ന ദോഫാർ ഗവർണ്ണറേറ്റ്. ദോഫാർ ഗവർണ്ണറേറ്റിലെ പ്രധാന ഭാഗമാണ് സലാല.

 

ഒമാനിലെ മറ്റു പ്രധാന ടൂറിസറ്റ് കേന്ദ്രങ്ങളിൽ ഭൂരിഭാഗവും കഴിഞ്ഞ 3-4 വർഷങ്ങൾ കൊണ്ട് കണ്ടുത്തീർത്തെങ്കിലും സലാല മാത്രം പോകാതിരിക്കാൻ പ്രധാന കാരണം ഇബ്രിയിൽ നിന്നുമുള്ള 1000 km ദൂരമാണ്. 10-12 മണിക്കൂർ കാർ ഓടിക്കണം. അതും വിജനമായ മരുഭൂമിയിലൂടെ.. 2-3 പേർ മാറി മാറി ഡ്രൈവ് ചെയ്യാൻ ഉണ്ടെങ്കിൽ എളുപ്പമാണ്. അങ്ങനെ ഒരു ടീം കിട്ടാത്തത് കൊണ്ടാണ് ഇത്രയും കാലം സലാല മോഹങ്ങൾ നീട്ടി വെച്ചത്...

 

അങ്ങനെ ഒട്ടും പ്രതീക്ഷിക്കാതെയാണ് ഇത്തവണ സലാല സന്ദർശിക്കാൻ ഒരു ചാൻസ് ഒത്തുവന്നത്. അത് പാഴാക്കി കളയേണ്ട എന്ന് തന്നെ തീരുമാനിച്ചു. ഏറ്റവും പീക് സീസൺ ആയ ആഗസ്റ്റിൽ യാത്ര തരപ്പെട്ടില്ലെങ്കിലും സെപ്റ്റംബർ ആദ്യ ആഴ്ച തന്നെ അവസരം ഒത്തു വന്നു.

 

എങ്ങനെ പോകും എന്നതായിരുന്നു ആദ്യ കടമ്പ. ഞങ്ങൾ 2 പേർ ഡ്രൈവ് ചെയ്യാൻ ഉണ്ടെങ്കിലും 10-12 മണിക്കൂർ കുട്ടികൾ കാറിൽ മുഷിയാതെ ഇരിക്കാൻ പ്രയാസമാണ്.. പക്ഷേ സലാലയിൽ കറങ്ങാൻ കാർ അത്യാവശ്യമാണ് താനും. ഫ്ലൈറ്റിൽ പോയി സലാലയിൽ നിന്ന് കാർ rent എടുക്കുക, സ്വന്തം കാർ കാർഗോയായി അയച്ച ശേഷം ഫ്ലൈറ്റിൽ പോവുക എന്നീ രണ്ട് മാർഗ്ഗങ്ങളാണ് പകരം മുന്നിലുണ്ടായിരുന്നത്. അവസാനം പല തവണ ആലോചിച്ചു സലാലയിൽ നിന്ന് കാർ rent എടുക്കാം എന്ന തീരുമാനത്തിലെത്തി.

 

റൂം ബുക്ക്‌ ചെയ്യാനും car അറേഞ്ച് ചെയ്യാനും സലാലയിലുള്ള ഫ്രണ്ട്‌സ് വഴി ശ്രമം തുടങ്ങിയെങ്കിലും online ബുക്കിങ് ആണ് കൂടുതൽ സൗകര്യം എന്ന് വൈകാതെ മനസ്സിലായി. ബുക്കിങ്. കോം വഴി ഒരു furnished അപ്പാർട്മെന്റ് ഒപ്പിച്ചു.. ആഗസ്റ്റിൽ യാത്ര പ്ലാൻ ചെയ്യുന്ന സമയത്തേക്കാൾ spet ൽ rate കുറഞ്ഞിരുന്നു. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു car ബുക്ക്‌ ചെയ്യാവുന്ന നിരവധി കമ്പനികൾ സലാലയിലുണ്ട്. ക്രെഡിറ്റ് കാർഡ് ആവശ്യമില്ലാത്ത ഒരു കമ്പനിയെ തിരഞ്ഞു കണ്ടുപിടിച്ചു ഒരു pajero ബുക്ക്‌ ചെയ്തു. എന്റെ pajero monterosport ന്റെ same 4 wheel ഡ്രൈവ് സിസ്റ്റം തന്നെയായതിനാൽ കൈകാര്യം ചെയ്യാൻ എളുപ്പമാണ് എന്നതാണ് pajero select ചെയ്യാൻ കാരണം

 

2 ദിവസം യാത്രയ്ക്കും 5 ദിവസം സലാല കറങ്ങാനും കൂടി മൊത്തം 7 ദിവസത്തെ പ്ലാൻ റെഡിയാക്കി. സലാലയിൽ പല തവണ പോയിട്ടുള്ള ഒരാളിൽ നിന്നും ടൂറിസ്റ്റ് സ്പോട്ടുകളുടെ ഒരു list വാങ്ങിച്ചു. അതിലെ ഓരോ സ്ഥലങ്ങളും ഗൂഗിളിൽ നോക്കി ഞങ്ങൾക്ക് കാണേണ്ട സ്ഥലങ്ങൾ ഷോർട് list ചെയ്തു. താമസിക്കാൻ ഉദ്ദേശിച്ച അപ്പാർട്മെന്റിൽ നിന്നും ഓരോരോ destination ലേക്കുള്ള വഴിയും ദൂരവും മനസ്സിലാക്കി, east, west, north west എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചു. ഒരേ ദിവസം ക്ലബ്‌ ചെയ്യാവുന്ന സ്ഥലങ്ങളെക്കുറിച്ച് ഒരു ധാരണയും ഉണ്ടാക്കി 5 ദിവസത്തെ പ്ലാനും നേരത്തെ തയ്യാറാക്കി.

 

ഉച്ചയ്ക്ക് 2.30 നാണ് 4 മുതിർന്നവരും 2 കുട്ടികളും ഉൾപ്പെടുന്ന ഞങ്ങളുടെ സംഘം സലാല ഇന്റർനാഷണൽ എയർപോർട്ടിൽ വന്നിറങ്ങുന്നത്. flight നിലം തൊടുന്നതിനു മുന്നെ തന്നെ സലാലയിൽ എന്താണ് ഞങ്ങളെ കാത്തിരിക്കുന്നതെന്നു ഒരു ഏകദേശ രൂപം കിട്ടി. കനത്ത മൂടൽ മഞ്ഞു നിറഞ്ഞു റൺവേ പോലും ശരിക്ക് കാണാൻ പറ്റാത്ത അവസ്ഥയിലാണ് വിമാനം നിലം തൊട്ടത്.

 

എയർപോർട്ടിൽ നിന്നും പുറത്തിറങ്ങിയ ഉടനെ car ബുക്ക്‌ ചെയ്ത ഏജന്റിനെ വിളിച്ചു. 20 മിനിറ്റിനുള്ളിൽ കാറും കൊണ്ട് ആളെത്തി. പക്ഷേ ബുക്ക്‌ ചെയ്ത pajero ക്ക്‌ പകരം ഒരു നിസ്സാൻ പാത്ത്ഫൈൻഡറാണ് കൊണ്ട് വന്നത്. pajero രാത്രി എത്തിക്കാം, അത് വരെ ഇത് ഉപയോഗിക്കൂ എന്ന് പറഞ്ഞു. 2 wheel ഡ്രൈവ് മോഡൽ ആയതിനാൽ എനിക്ക് തൃപ്തിയായില്ല. കുറച്ച് tough terrains കവർ ചെയ്യാനുള്ളതാണ്. അന്ന് തന്നെ pajero എത്തിക്കാം എന്ന് പറഞ്ഞതിനാൽ പിന്നെ കിട്ടിയ കാറും കൊണ്ട് ഞങ്ങൾ ബുക്ക്‌ ചെയത അപ്പാർട്മെന്റ് ലക്ഷ്യമാക്കി നീങ്ങി. മഞ്ഞും മഴക്കാറും മൂടിക്കെട്ടിയ അന്തരീക്ഷം. ചെറിയ മഴയും ഉണ്ടായിരുന്നു. ഉച്ച സമയം ആയിട്ടുപോലും സൂര്യനെ കാണാൻ കഴിയുന്നുണ്ടായിരുന്നില്ല.

 

ഉച്ച ഭക്ഷണം കഴിച്ചു രാത്രി കുക്ക് ചെയ്യാൻ അത്യാവശ്യം വേണ്ട സാധനങ്ങളും വാങ്ങിച്ചു ഞങ്ങൾ അപ്പാർട്മെന്റിൽ എത്തി. നേരത്തെ pajero കൊണ്ടുപോയ കസ്റ്റമർ വണ്ടി തിരിച്ചു തന്നിട്ടില്ല, അത് വരെ പാത്ത്ഫൈൻഡർ കൊണ്ട് adjust ചെയ്യാൻ ഏജന്റ് വിളിച്ച് പറഞ്ഞു. പിറ്റേ ദിവസം പോകാനുള്ള സ്ഥലങ്ങളിലേക്ക് നല്ല റോഡുള്ളതിനാൽ അതൊരു ബുദ്ധിമുട്ടായി തോന്നിയില്ല. പിറ്റേന്ന് രാവിലെ തന്നെ ട്രിപ്പ് തുടങ്ങാനുള്ളതിനാൽ നേരത്തെ കിടന്നുറങ്ങി.

 

ബാക്കി ഭാഗം അടുത്ത പോസ്റ്റിൽ വായിക്കാം.

Read More

സലാല - Day 2 (ഐൻ അതും water falls & എഫ്‌താൽകൂട്ട് വ്യൂപോയിന്റ് )

സപ്റ്റംബറിൽ സലാല ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾ ഉണ്ടായിരുന്ന ഏറ്റവും വലിയ ടെൻഷൻ മഴ നിന്ന് water falls എല്ലാം ഇല്ലാതായി പോകുമോ എന്നായിരുന്നു. falls ഇല്ലെങ്കിലും ഗ്രീനറിയെങ്കിലും ഉണ്ടാകുമല്ലോ എന്നതായിരുന്നു ഒരു ആശ്വാസം. ആദ്യ ദിവസത്തെ കറക്കത്തിൽ ഐൻ അതും water falls ഉൾപ്പെടുത്താനുള്ള കാരണം വെള്ളച്ചാട്ടത്തിന്റെ തീവ്രത കുറയാനുള്ള സാധ്യത പരമാവധി കുറയ്ക്കുക എന്നതായിരുന്നു. ഐൻ അതും falls ഉം അവിടെ നിന്ന് അധികം ദൂരെയല്ലാത്ത ഐൻ രസ്സത്ത്‌ എന്ന അരുവിയും അതോടനുബന്ധിച്ചുള്ള ബോട്ടാണിക്കൽ ഗാർഡനുമായിരുന്നു ആദ്യ ദിവസത്തെ ഞങ്ങളുടെ ലക്ഷ്യം.

8.30 am നു തന്നെ ഐൻ അതും കാണാൻ പുറപ്പെട്ടു. മൂടിക്കെട്ടിയ അന്തരീക്ഷം തന്നെയായിരുന്നു അന്നും. ഇടയ്ക്കിടെ ചെറുതായി മഴ പെയ്തുകൊണ്ടിരുന്നു. ചിലപ്പോൾ മഞ്ഞാണോ മഴയാണോ എന്ന് സംശയിച്ചു പോകും.

 

സലാല എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തിയിരുന്ന ചിത്രം തെങ്ങ്, കരിക്ക്, വഴക്കുല, ഇവയെല്ലാം വിൽക്കുന്ന വഴിയോരത്തെ ചെറിയ കടകൾ തുടങ്ങിയവയായിരുന്നു. സോഷ്യൽ മീഡിയയിൽ ആളുകൾ ഇത്തരം ഫോട്ടോകൾ മാത്രം ഇടുന്നത് കൊണ്ടായിരിക്കാം. എന്നാൽ സലാലയെ ഈ നിസ്സാര വസ്തുക്കളിലേക്ക് ഒതുക്കുന്നത് സലാലയോട് ചെയ്യുന്ന ക്രൂരതയാണ്. സലാല എന്നാൽ കോട മഞ്ഞിനുള്ളിലൂടെ എത്തിനോക്കുന്ന പച്ച പുതച്ചു നിൽക്കുന്ന, ഉടനീളം ഒട്ടകങ്ങൾ മേഞ്ഞു നടക്കുന്ന കൂറ്റൻ മല നിരകളും അവയിലൂടെ കടന്നു പോകുന്ന മഞ്ഞു മൂടി കാഴ്ച മറയുന്ന വൻ ചുരങ്ങളും പല നിറത്തിലുള്ള പൂക്കൾ വിരിഞ്ഞു നിൽക്കുന്ന വിശാലമായ താഴ്‌വരകളും പുൽത്തകിടികളും കൂറ്റൻ മല നിരകളോട് ചേർന്നു കിടക്കുന്ന അതി മനോഹരമായ ബീച്ചുകളും വെള്ളാരം കല്ലുകൾ നിറഞ്ഞ, ചില്ലുപോലെ തെളിഞ്ഞ വെള്ളമൊഴുകുന്ന അരുവികളും നിറഞ്ഞ ഒരു അത്ഭുത ഭൂമിയാണ്.

 

സലാല ടൗൺ കഴിഞ്ഞു ഉൾഭാഗത്തേക്കു നീങ്ങിത്തുടങ്ങിയപ്പോഴേക്കും പച്ച പുതച്ച ചെറുതും വലുതുമായ മല നിരകൾ കാണാൻ കഴിഞ്ഞു. വലിയ മലകളുടെ മുകൾഭാഗം മുഴുവൻ മഞ്ഞു മൂടിയിരിക്കുന്നു. താഴ്‌വാരകളിൽ ഒട്ടകം, ആട്, പശു തുടങ്ങിയവ ശാന്തമായി മേഞ്ഞു നടക്കുന്നു. കൂടുതൽ ഉള്ളിലേക്ക് ചെല്ലും തോറും മഞ്ഞും മഴയും തണുപ്പും കൂടി വന്നു.

 

മലകളും താഴ്‌വരകളും പിന്നിട്ടു ഐൻ അതുമിലേക്കുള്ള മലമ്പാതയിലെത്തിയപ്പോൾ സമാന്യം ശക്തമായി മഴ പെയ്തു. കൊടും കയറ്റിറക്കങ്ങളും വളവുകളുമുള്ള റോഡിലൂടെ വളരെ പതുക്കെ ഞങ്ങൾ മുന്നോട്ട് നീങ്ങി.

 

water fall ലേക്ക് വെള്ളം ഒഴുകിവരുന്ന അരുവിയുടെ തീരത്തെ പാർക്കിങ്ങിലാണ് ആദ്യം car നിർത്തിയത്. മഴ മാറാൻ കുറച്ച് നേരം കാത്തിരുന്നെങ്കിലും കാര്യമില്ല എന്ന് കണ്ടതോടെ മഴയത്തു ഞങ്ങൾ പുറത്തിറങ്ങി. മലഞ്ചരുവിലെ കാട്ടിലെ തട്ടു തട്ടായ പാറക്കൂട്ടങ്ങൾക്കിടയിലൂടെ വരുന്ന വെള്ളം, താഴ്ന്നു കിടക്കുന്ന മരച്ചില്ലകൾക്കടിയിലൂടെ ഒഴുകി വരുന്ന കാഴ്ച മനം കുളിർപ്പിച്ചു.

 

ഐൻ അതും water falls സലാലയിലെ ഏറ്റവും മനോഹരമായ falls ൽ ഒന്നാണ്. പാർക്കിംഗ് ഏരിയയിൽ നിന്നും കുറച്ച് നടന്നു വേണം വെള്ളച്ചാട്ടത്തിനു അടുത്തെത്താൻ. പെട്ടന്ന് കണ്ണിൽ പെടാത്ത, എന്നാൽ കടിച്ചു കഴിഞ്ഞാൽ ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന ചൊറിച്ചിൽ സമ്മാനിക്കുന്ന ഒരു തരം കൊതുക് ഈ ഏരിയയിൽ ഉണ്ട്. റോഡ് സൈഡിൽ തന്നെ കൊതുക് കടിയിൽ നിന്നും സംരക്ഷണം തരുന്ന ഒരു ലോഷൻ വാങ്ങിക്കാൻ കിട്ടും.

 

ഐൻ അതും പരിസരത്തു നിന്ന് കുറെയധികം ഫോട്ടോകൾ എടുക്കാൻ പ്ലാൻ ഉണ്ടായിരുന്നു.. പക്ഷേ ചെറുതായി പെയ്ത മഴയും falls ൽ നിന്ന് തെറിച്ചു വീഴുന്ന വെള്ളവും ലെൻസിനു മുകളിൽ വീണ കാരണം ഫോട്ടോകൾ ക്ലാരിറ്റി കുറഞ്ഞു. clean ചെയ്തു കൈ എടുക്കുമ്പോഴേക്കും എല്ലാം പഴയ പടി.. മൊബൈലാണ് ഇത്തരം സന്ദർഭങ്ങളിൽ കൂടുതൽ സൗകര്യം. പതിവിനു വിപരീതമായി സലാല ട്രിപ്പ് മൊത്തം മൊബൈലിലാണ് കൂടുതലും പകർത്തിയത്. എല്ലാ ട്രിപ്പുകളിലും എന്തെങ്കിലുമൊക്കെ വിചാരിച്ചത് പോലെ നടക്കാതെ വരുമല്ലോ. സലാല ട്രിപ്പിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്ന ചിത്രങ്ങൾ ഐൻ അതുമിന്റെയായിരുന്നു. അത് നന്നായി എടുക്കാൻ കഴിയാഞ്ഞതാണ് ഈ ട്രിപ്പിലെ ഒരേയൊരു നിരാശ.

 

ഒരു മണിക്കൂറിലേറെ അവിടെ ചിലവഴിച്ച ശേഷം ഞങ്ങൾ ഐൻ രസ്സത്തിലേക്കു പുറപ്പെട്ടു. ചെറിയ പച്ച കുന്നുകളും താഴ്‌വരകളും താണ്ടിയാണ് യാത്ര. വെള്ളാരം കല്ലുകളും പല നിറത്തിലുള്ള മീനുകളും നിറഞ്ഞ അരുവിയാണ് രസ്സത്ത്‌. അവിടെ ഒരു ബോട്ടാണിക്കൽ ഗാർഡനുമുണ്ട്. അരുവിയുടെ പ്രധാന ഭാഗത്തേക്കു എത്തുന്നതിനു മുൻപ് തന്നെ കുടുംബവുമായി തീരത്തു അങ്ങിങ്ങായി വന്നിരിക്കുന്നു ഒമാനികളെ കാണാം. ഭക്ഷണം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും അവരുടെ പക്കലുണ്ടാകും. ഖരീഫ് സീസൺ അവർ മതി മറന്നു ആഘോഷിക്കുകയാണ്. ഐൻ രസ്സത്തിന്റെ വീതി കൂടിയ ഭാഗത്താണ് സന്ദർശകർ കൂടുതലുള്ളത്. മല മുകളിൽ നിന്ന് പല ഭാഗത്തുകൂടി അരുവിയിലേക്ക് വെള്ളം വന്നു ചേരുന്നത് കാണാം. crystal clear വെള്ളത്തിനടിയിലൂടെ പല നിറത്തിലുള്ള കല്ലുകളും മീനുകളും കാണാം. അങ്ങിങ്ങായി പൊങ്ങി നിൽക്കുന്ന പാറക്കൂട്ടങ്ങളുമുണ്ട്. ഒരറ്റത്തായി അരുവിക്കു കുറുകെ ഒരു പാലമുണ്ട്. അത് കടന്നു ചെല്ലുന്നതു അപ്പുറത്തെ മലയിലേക്കാണ്. ഏതാനും സ്റ്റെപ്പുകൾ മുകളിലേക്ക് കയറിയാൽ ഒരു ചെറിയ ഗുഹയിലെത്താം. അവിടത്തെ ചെറിയ ഇരിപ്പിടങ്ങളിൽ ഇരുന്നു താഴത്തെ കാഴ്ചകൾ ആസ്വദിക്കാം. മഴക്കാറും ചെറിയ മഴയും അവിടെയും ഉണ്ടായിരുന്നു. അരുവിയുടെ ആഴം കുറഞ്ഞ ഭാഗത്ത് കുട്ടികളെ ഇറക്കി അവർക്കും ഉല്ലസിക്കാനുള്ള വഴിയൊരുക്കി. അവരുടേതായ രീതിയിലുള്ള ആസ്വാധനം.

 

ഈ രണ്ട് സ്പോട്ടുകൾ കണ്ടു തീരുമ്പോഴേക്കും വൈകുന്നേരമാവും എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ഉച്ച ഭക്ഷണത്തിനു മുൻപ് തന്നെ അവ രണ്ടും കവർ ചെയ്തു. വെസ്റ്റേൺ സലാലയിലെ 4 സ്പോട്ടുകൾ ഒറ്റ ദിവസം കൊണ്ട് കണ്ടു തീർക്കാൻ ആയിരുന്നു നേരത്തെ പ്ലാൻ ചെയ്തിരുന്നത്. അത് പ്രായോഗികമാണോ എന്ന് സംശയമുണ്ടായിരുന്നു. ഉച്ചക്ക് ശേഷം കിട്ടിയ ഫ്രീ ടൈമിൽ വെസ്റ്റേൺ സലാലയിലെ 4 ൽ രണ്ടെണ്ണം കാണാം എന്ന് തീരുമാനിച്ചു. എഫ്‌താൽകൂട്ട് വ്യൂ പോയിന്റും മുഗ്‌സൈൽ ബീച്ചുമാണ് ആദ്യത്തെ രണ്ട് സ്പോട്ടുകൾ.

 

ആദ്യം വരുന്ന എഫ്‌താൽകൂട്ട് വ്യൂപോയിന്റ് ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി. മലമുകളിൽ നിന്നും താഴെ കടൽ കാണാവുന്ന ഒരു ഏരിയയാണ് എഫ്‌താൽകൂട്ട്. ഇരു ഭാഗത്തും മലകൾ നിറഞ്ഞ താഴ്‌വാരയിലൂടെയാണ് യാത്ര. ഇടയ്ക്കിടെ ഒട്ടകങ്ങൾ മേയുന്നത് കാണാം. മലകളിൽ പ്രകൃത്യാ ഉണ്ടായ ചെറിയ ഗുഹകളിലേക്ക് കുത്തനെ വാഹനം കയറ്റി അവിടെ തമ്പടിച്ച ഒമാനികളെ പലയിടത്തും കണ്ടു. രസകരമായ ഒരു വിശ്രമസ്ഥലം തന്നെ. എഫ്‌താൽകൂട്ട് വ്യൂ പോയിന്റിന്റെ 3-4 km അകലെ വെച്ചു റോഡ് അവസാനിക്കും. പിന്നെ off road ആയി കുന്നിൻമുകളിലേക്ക് car ഓടിക്കണം. pathfinder ചതിക്കുമോ എന്ന് ഭയന്നെങ്കിലും അത്ര tough road അല്ലാത്തതിനാൽ പ്രയാസമില്ലാതെ കയറിപ്പോയി. വ്യൂ പോയിന്റ് എന്നാൽ അനേകം കുന്നുകളാണ്. അറ്റത്തു ഫെൻസ് ഉണ്ടെങ്കിലും ആളുകൾ അതും കടന്നു അപ്പുറം പോകുന്നുണ്ട്. പിന്നീടങ്ങോട്ട് വലിയ താഴ്ചയാണ്. ഓരോ കുന്നിൻപുറത്തും 2-3 ഫാമിലികൾ വീതമുണ്ട്. വേറെ ആരുമില്ലാത്ത ഒരിടം വേണമെന്നുള്ളവർക്ക് ചുറ്റിലും ഒന്ന് കണ്ണോടിച്ചാൽ തന്നെ പറ്റിയ സ്ഥലം കാണാം. ഒരുവിധം എല്ലാ കുന്നിൻമുകളിലേക്കും വാഹനം കൊണ്ടുപോകാനും കഴിയും. അധികം ആളുകളില്ലാത്ത ഒരു കുന്നിൻപുറത്തു ഞങ്ങളും കയറി. മുകളിൽ നിന്ന് അങ്ങ് താഴെ കടലിലെ തിരകൾ വെളുത്ത മണലിലേക്കു അടിച്ചു കയറുന്നതു കാണാൻ നല്ല ഭംഗി. ചെറിയ മഴക്കാറ് മൊത്തത്തിൽ ഒരു നല്ല മൂഡുമുണ്ടാക്കി. ഈ കാഴ്ചകളുടെ ഭംഗിയൊന്നും പറഞ്ഞോ ഫോട്ടോയെടുത്തോ പൂർണ്ണമായും ഫലിപ്പിക്കാൻ കഴിയില്ല. അനുഭവിച്ചു തന്നെ അറിയണം. ഫോട്ടോയുടെ ഒരു പ്രധാന പോരായ്മ ഉയരം ഫീൽ ചെയ്യില്ല എന്നതാണ്. ഞങ്ങൾ കണ്ട പല വെള്ളച്ചാട്ടങ്ങളും വലിയ ഉയരത്തു നിന്ന് വീഴുന്നവയാണ്. പക്ഷേ ഫോട്ടോയിൽ അത് ഫീൽ ചെയ്യില്ല. പനോരമയായി എടുത്തു സ്റ്റിച് ചെയ്‌താൽ ഒരുപക്ഷേ ഏതാണ്ട് ഒറിജിനലിനോട് അടുത്തു നിൽക്കുമായിരിക്കും.

 

ഒരു മണിക്കൂറിലേറെ എഫ്‌താൽകൂട്ടിൽ ചിലവഴിച്ച ശേഷം ഞങ്ങൾ മുഗ്‌സൈൽ ബീച്ച് ലക്ഷ്യമാക്കി നീങ്ങി. വളരെ വിശാലമായ ബീച്ചാണ് മുഗ്‌സൈൽ. സന്ദർശകർക്ക് ഇരിക്കാൻ നിരവധി ഇരിപ്പിടങ്ങളുണ്ട്. മേഞ്ഞു നടക്കുന്ന ഒട്ടകങ്ങളാളും ദേശാടനക്കിളികളാലും സമ്പന്നമാണ് മുഗ്‌സൈൽ ബീച്ച്. ഞങ്ങൾ ചെല്ലുമ്പോൾ ബീച്ചിൽ കോടമഞ്ഞു മൂടിയിരുന്നു. സലാലയിലെ മറ്റു പല ബീച്ചുകളും പോലെ മലയുടെ താഴ്‌വാരയിൽ തന്നെയാണ് മുഗ്‌സൈലും നിലകൊള്ളുന്നത്. മർനീഫ് എന്നൊരു ഗുഹയും തൊട്ടടുത്തുള്ള ബ്ലോ ഹോൾസുമാണ് ഞങ്ങളുടെ ലക്ഷ്യം. ഭൂമിക്കടിയിലൂടെ കടൽ ജലവും കടലിൽ നിന്നുള്ള കാറ്റും ശക്തമായി പുറത്തേക്കു ചീറ്റുന്ന ദ്വാരങ്ങളാണ് ബ്ലോ ഹോൾസ്. മർനീഫ് ഗുഹയുടെ വശങ്ങളിലൂടെ പുറകിലേക്കുള്ള നടപ്പാതയിലൂടെ കുറച്ച് മുന്നോട്ട് ചെന്നാൽ ബ്ലോ ഹോൾസ് കാണാം. മൂന്ന് ദ്വാരങ്ങളിൽ രണ്ടെണ്ണത്തിലൂടെ ഭീകരമായ ശബ്ദത്തിൽ കാറ്റടിക്കും. ഒരെണ്ണത്തിലൂടെ ഷവർ പോലെ കടൽവെള്ളം പൊങ്ങി വരും. ഏതാണ്ട് രണ്ടാൾ പൊക്കത്തിൽ വരെ വെള്ളം ചീറ്റുന്നുണ്ട്. സന്ദർശകർ ഒറ്റയ്ക്കും കൂട്ടമായും ഈ നാച്ചുറൽ ഷവറിൽ നനയാൻ ഊഴമിട്ടു കാത്തു നിൽക്കുന്നു. ഒരു മിനിറ്റിൽ ചുരുങ്ങിയത് ഒരു തവണയെങ്കിലും വെള്ളം മുകളിലേക്കു ചീറ്റി വരുന്നുണ്ട്.

 

ഈ ഷവറോടു കൂടി ഞങ്ങളുടെ ആദ്യ ദിവസം അവസാനിച്ചു. അപ്പോഴേക്കും എല്ലാവരും ക്ഷീണിച്ചു തുടങ്ങിയിരുന്നു. പിന്നെ നേരെ അപ്പാർട്മെന്റിലേക്ക്...

 

സലാലയിലെ ഏറ്റവും മനോഹരമായ വാദി ദർബത്തിന്റെ കാഴ്ചകൾ അടുത്ത പോസ്റ്റിൽ...

Read More

സലാല - Day 3 (വാദി ദർബത്ത് , ആന്റി ഗ്രാവിറ്റി &

സലാലയിലെ ഏറ്റവും മനോഹരമായ സ്ഥലമായ വാദി ദർബത്താണ് ഇന്നത്തെ ഞങ്ങളുടെ പ്രധാന ലക്ഷ്യം. സലാലയുടെ കിഴക്ക് ഭാഗത്താണ് ഈ സ്ഥലം. ഉച്ച വരെ വാദി ദർബത്തിൽ ചിലവഴിച്ച്, കിഴക്ക് ഭാഗത്ത് തന്നെയുള്ള മറ്റു രണ്ട് സ്ഥലങ്ങളിൽ കൂടി പോകാനാണ് പ്ലാൻ. ഗ്രാവിറ്റിക്ക്‌ എതിരായി ന്യൂട്രൽ ഗിയറിൽ വാഹനങ്ങൾ കയറ്റം കയറി പോകുന്ന ആന്റി ഗ്രാവിറ്റി പോയിന്റും ജബൽ സംഹാൻ എന്ന മല നിരകളുമാണ് മറ്റു രണ്ട് സ്ഥലങ്ങൾ. പണ്ട് തൊട്ടേ സലാലയെക്കുറിച്ച് കേട്ടിട്ടുള്ള അത്ഭുതങ്ങളിൽ ഒന്നാണ് ആന്റി ഗ്രാവിറ്റി പോയിന്റ്. ഈ പ്രദേശം ഉൾക്കൊള്ളുന്ന മലനിരകളെ ഗ്രാവിറ്റി ഹിൽസ് എന്നാണ് അറിയപ്പെടുന്നത്. ജബൽ സംഹാൻ വ്യൂ പോയിന്റ് പഞ്ഞിക്കെട്ടുകളെ പോലെയുള്ള മേഘങ്ങളെ നമുക്ക് താഴെ നോക്കി കാണാനുള്ള സ്ഥലമാണ്. ഖരീഫ് സീസണിൽ പോകുമ്പോൾ ഈ കാഴ്ച കാണാൻ കോടമഞ്ഞു കൂടി കനിയണം. കടുത്ത കോടയുണ്ടെങ്കിൽ അത് ആസ്വദിക്കാം എന്നല്ലാതെ മറ്റൊന്നും കാണാൻ കഴിയില്ല.

9 മണിയോടെ ഞങ്ങൾ പുറപ്പെട്ടു. നേരത്തെ കണ്ടു പരിചയിച്ചത് പോലെയുള്ള ഭൂപ്രദേശങ്ങളിലൂടെ തന്നെയാണ് യാത്ര. പച്ച കുന്നുകളും താഴ്‌വരകളും. പോകുന്ന വഴിക്കു ചെറുതായി മഴ പെയ്തിരുന്നു. വാദി ദർബത്ത് റോഡിലേക്ക് വാഹനം തിരിയുമ്പോൾ തന്നെ ദൂരെ മല മുകളിൽ ആർത്തലച്ചു വരുന്ന വലിയൊരു വെള്ളച്ചാട്ടം കാണാം. അവിടേക്ക് പക്ഷേ കാർ കൊണ്ടുപോകാൻ കഴിയില്ല, നടന്നു പോകണം.

 

വാദി ദർബത്തിലേക്കുള്ള വഴിയിൽ വാഹനം ഓടിക്കുമ്പോൾ നമ്മൾ കൊടൈക്കനാലിലേക്കോ ഊട്ടിയിലേക്കോ ആണോ പോകുന്നതെന്ന് തോന്നിപ്പോകും. വളരെ വലിയ മലകളാണ് ഇരു വശങ്ങളിലും.. മലയുടെ മുകൾ ഭാഗം കോടമഞ്ഞു കാരണം പലപ്പോഴും കാണാൻ കഴിയില്ല. ഞങ്ങൾ ചെല്ലുന്ന സമയത്ത് മഴ പൂർണ്ണമായും മാറി. വെയിൽ ഒട്ടും തന്നെ ഇല്ല താനും. 25-26 ഡിഗ്രിയാണ് പുറത്തെ temperature. ഇതിൽ കൂടുതൽ എന്ത് വേണം.. എല്ലാം കൊണ്ടും എൻജോയ് ചെയ്യാൻ പറ്റിയ സാഹചര്യം.

 

പാർക്കിംഗ് ഏരിയയിൽ നിന്ന് താഴെക്കിറങ്ങിയാൽ നേരെ ചെല്ലുന്നതു 2 -3 ചെറിയ വെള്ളച്ചാട്ടങ്ങൾക്കടുത്തേക്കാണ്. വാദി ദർബത്ത് എന്നാൽ വിശാലമായ ഏരിയയിൽ പരന്നൊഴുകുന്ന അരുവിയാണ്. ചെറുതും വലുതുമായ പല വെള്ളച്ചാട്ടങ്ങൾ അരുവിയുടെ പല ഭാഗങ്ങളിലായി രൂപം കൊണ്ടിട്ടുണ്ട്. വെള്ള ചാട്ടം വന്നു പതിക്കുന്ന ഭാഗത്തു ചെറിയ ഏരിയ ആണെങ്കിൽ പോലും ബോട്ടിൽ ഒന്ന് കറങ്ങാനുള്ള സൗകര്യമുണ്ട്. ചുറ്റുമുള്ള പച്ചപ്പിനിടയിലൂടെ ഒഴുകുന്ന പച്ച നിറത്തിലുള്ള വെള്ളം കാണാൻ അപാര ഭംഗിയാണ്. കുറേ നേരം അവിടെ ചിലവഴിച്ചു,

 

പല ഭാഗങ്ങളിൽ പോയി കുറേ ഫോട്ടോസ് എടുത്തു ഞങ്ങൾ വെള്ളച്ചാട്ടത്തിന്റെ മുകൾ ഭാഗത്തേക്കു നീങ്ങി. സാധാരണ വെള്ളച്ചാട്ടങ്ങൾ താഴെ നിന്ന് കാണുകയല്ലാതെ മുകൾ ഭാഗത്തേക്കു പോകാൻ കഴിയാറില്ലല്ലോ.. ഇവിടെ അങ്ങനെയല്ല.. മുകൾ ഭാഗത്തേക്കു പോകാം.. അവിടെ വിശാലമായ ഏരിയയാണ്. പല ഭാഗങ്ങളിലൂടെയാണ് വെള്ളം ഒഴുകുന്നത്. ഒഴുക്ക് കൂടിയതും കുറഞ്ഞതുമായ സ്ഥലങ്ങളുണ്ട്. ഇടയിലൂടെ നടന്നു ചെല്ലാൻ പറ്റിയ ഏരിയകൾ ഉണ്ട്. ആഴം കുറഞ്ഞതും കൂടിയതുമായ വെള്ളക്കെട്ടുകളുമുണ്ട്. ആഴം കുറഞ്ഞ ഒരു വെള്ളക്കെട്ടിൽ കുട്ടികളെ ഇറക്കി.. കുറേ നേരം അവരെ അതിൽ വിഹരിക്കാൻ വിട്ടു. ഞങ്ങൾ കൂടുതൽ ഉൾഭാഗത്തേക്ക് നീങ്ങി കുറേ ഫോട്ടോകൾ എടുത്തു. മുകളിൽ നിന്ന് താഴേക്കുള്ള കാഴ്ചയാണ് ഏറ്റവും മനോഹരം. ഒരു ദിവസം മുഴുവനും അവിടെ തന്നെ നിന്നാൽ പോലും മടുപ്പ് തോന്നിക്കാത്ത ഒരിടമാണ് ദർബത്ത്. നേരെ എതിർവശത്തു നിന്നും ഈ ഭാഗം നോക്കി കാണാനുള്ള ഒരു വ്യൂ പോയിന്റിൽ കൂടി കയറി നോക്കിയാണ് ഞങ്ങൾ തിരിച്ചു പോന്നത്. ആ വ്യൂ പോയിന്റിൽ നിന്നാൽ ഒരു വശത്തു ദർബത്തും മറു വശത്തു സിറ്റിയും കാണാം. വാദി ദർബത്ത് വളഞ്ഞു പുളഞ്ഞു ഒഴുകി കടലിൽ ചേരുന്നതും അവിടെ നിന്ന് നോക്കിയാൽ കാണാം. രണ്ട് ഭാഗത്തുമുള്ള വ്യത്യസ്തമായ അന്തരീക്ഷം മനസിലാക്കാം.. കോട മഞ്ഞുകൊണ്ട് പൊതിയപ്പെട്ടു കാർ മേഘം മൂടി നിൽക്കുന്ന ദർബത്തും കോടയും മേഘവും ഇല്ലാതെ ചെറിയ വെയിലിൽ തിളങ്ങി നിൽക്കുന്ന സിറ്റിയും.

 

പിന്നെ നേരെ ഗ്രാവിറ്റി ഹിൽ ലക്ഷ്യമാക്കി യാത്ര തുടങ്ങി. ഉച്ചഭക്ഷണം പോകുന്ന വഴിക്കു കഴിക്കാം എന്നായിരുന്നു പ്ലാൻ. ചെറിയ ഒരു കുന്നായിരിക്കും എന്ന് കരുതിയാണ് ഞങ്ങൾ യാത്ര തുടങ്ങിയത്. പക്ഷേ വലിയൊരു മലയും ചുരവുമാണ് ഞങ്ങൾക്ക് കയറാനുണ്ടായിരുന്നത്. കയറ്റം ആസ്വദിച്ചു അങ്ങനെ കയറി തുടങ്ങിയപ്പോൾ കുറേശ്ശേ വഴിയിൽ കോട മഞ്ഞു കണ്ടു തുടങ്ങി.. ഇതൊക്കെ ഒരു രസമല്ലേ എന്ന മട്ടിൽ കുറച്ച് കൂടി മുകളിലേക്കു കയറിയതോടെ സ്ഥിതി മാറി.. കനത്ത മൂടൽ മഞ്ഞിൽ റോഡ് കാണാൻ കഴിയാതെ ഡ്രൈവിംഗ് ദുഷ്കരമായി. റോഡിലെ വളവു ഏതു ഭാഗത്തേക്കാണെന്ന് അറിയാൻ മൊബൈലിലെ navigation മാപ്പിലേക്കു നോക്കേണ്ട സ്ഥിതിയായത്തോടെ ടെൻഷൻ ആയി. എവിടെയെങ്കിലും നിർത്തിയിടാൻ ആണെങ്കിൽ റോഡരികിലേക്ക് മാറ്റി നിർത്താൻ പറ്റിയ സ്ഥലമില്ല. ഒന്നുകിൽ കൊക്ക, അല്ലെങ്കിൽ നനഞ്ഞു കുതിർന്ന മണ്ണ്, കാർ താഴ്ന്നു പോകുമോ എന്ന് സംശയിച്ചു അതിന് മുതിർന്നില്ല. എതിരെ വരുന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റും hazard ലൈറ്റും കാണുന്നത് 3-4 മീറ്റർ അടുത്തെറ്റിയ ശേഷം മാത്രം. ചുരം നല്ല പരിചയമുള്ള ഒമാനികൾ അവിടെയും മടി കൂടാതെ over take ചെയ്തു പോകുന്നുണ്ട്. അത് വരെ സംസാരിച്ചു എൻജോയ് ചെയ്തു പോയിരുന്ന ഞങ്ങൾ സൈലന്റ് മോഡിലായി.. ഡ്രൈവിങ്ങിലേക്ക് മാത്രം ശ്രദ്ധ കൊടുത്തു പതിയെ മുന്നോട്ടു നീങ്ങി. ചില ഭാഗങ്ങളിൽ കോട അൽപ്പം കുറഞ്ഞു കാണുമ്പോൾ ഹാവൂ കഴിഞ്ഞു എന്ന് ആശ്വസിക്കുമ്പോഴേക്കും പൂർവാധികം ശക്തിയിൽ കോട തിരിച്ചെത്തി. മല വെള്ളപ്പാച്ചിലിൽ മല ഇടിഞ്ഞു റോഡിലേക്ക് ഇറങ്ങിയ സ്ഥലങ്ങളും വഴിയിൽ പലയിടത്തും കണ്ടു. മഴ പെയ്യുമ്പോൾ അത് വഴി യാത്ര ചെയ്യുന്നത് ഒട്ടും സുരക്ഷിതമല്ല.

 

ചുരം കഴിഞ്ഞതോടെ കോട അപ്രത്യക്ഷമായി. കുറച്ച് മിനിറ്റുകൾ കൂടി മുന്നോട്ട് പോയപ്പോൾ ആന്റി ഗ്രാവിറ്റി പോയിന്റ് എത്തി. കുറച്ച് കൂടി കുത്തനെ ഉള്ള കയറ്റമായിരിക്കും എന്നാണ് ഞാൻ കരുതിയത്. എന്നാൽ വളരെ ചെറിയ കയറ്റമാണ്. കാർ നിർത്തി ന്യൂട്രലിൽ ഇട്ടു നോക്കിയപ്പോൾ പതുക്കെ മുന്നോട്ടു നീങ്ങിത്തുടങ്ങി.. ക്രമേണ കൂടുതൽ വേഗത്തിൽ നീങ്ങാൻ തുടങ്ങി. കാർ നിർത്തി പുറത്തിറങ്ങി നോക്കിയാൽ അത്ര കയറ്റം ഫീൽ ചെയ്യില്ല. ഇറക്കമല്ല എന്ന് ഉറപ്പാണ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് ഗൂഗിളിൽ പരതിയപ്പോൾ കണ്ടത് കയറ്റം എന്നുള്ളത് horizon ന്റെ പ്രത്യേകത കാരണം തോന്നുന്ന ഒരു ഇല്ല്യൂഷൻ മാത്രമാണ്, യഥാർത്ഥത്തിൽ അത് കയറ്റമല്ല, ഇറക്കം തന്നെയാണ് എന്നാണ്. ലോകത്ത് മറ്റു പല സ്ഥലങ്ങളിലും ഈ പ്രതിഭാസം ഉണ്ടെന്നും കാണുന്നു.

 

അടുത്ത ലക്ഷ്യം ജബൽ സംഹാൻ വ്യൂ പോയിന്റ്. വന്ന വഴിയല്ലാതെ വേറെ ഏതെങ്കിലും വഴി ആയിരുന്നെങ്കിൽ നന്നായേനെ എന്ന് കരുതിയാണ് ഗൂഗിൾ മാപ്പ് ഓൺ ചെയ്തത്.. നിർഭാഗ്യവശാൽ ആ ചുരം തന്നെ വീണ്ടും കയറണം.. ഇതേ മല നിരകളുടെ വേറെയൊരു ഭാഗമാണ് ജബൽ സംഹാൻ. കോടയുടെ തീവ്രത അൽപ്പം കുറഞ്ഞതുകൊണ്ടോ കുറച്ച് പരിചയം വന്നത് കൊണ്ടോ എന്നറിയില്ല ആദ്യത്തെ അത്ര ബുദ്ധിമുട്ട് പിന്നീട് അനുഭവപ്പെട്ടില്ല. ജബൽ സംഹാനിലേക്കുള്ള വഴിയിലേക്ക് കയറിയപ്പോൾ ഗൂഗിൾ മാപ്പിന് അൽപ്പം സംശയം വന്നു.. വഴി അരിയെതെ അൽപ്പം കറക്കി.. പലയിടത്തും ഗൂഗിൾ map പരുങ്ങിയ കാരണം waze ഉപയോഗിച്ചാണ് യാത്ര പൂർത്തിയാക്കിയിരുന്നത്. waze നു വഴി അറിയാത്തപ്പോൾ പലപ്പോഴും ഗൂഗിൾ മാപ്പ് രക്ഷയ്‌ക്കെത്തി. മറ്റു സ്ഥലങ്ങളിൽ എല്ലാം എന്റെ വിശ്വസ്ഥ സഹചാരിയായ maps. me സലാലയിൽ അനങ്ങാൻ കൂട്ടാക്കാതെ മുഴുവൻ സമയ പണിമുടക്കിലായിരുന്നു

 

ജബൽ സംഹാൻ വ്യൂപോയിന്റിൽ പ്രതീക്ഷിച്ച പോലെ കോട മഞ്ഞു മൂടിയിരുന്നു. താഴേക്കു ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ല. കൊടൈക്കനാലിലെ സൂയിസൈഡ് പോയിന്റ് പോലെ തന്നെ തോന്നിച്ചു അവിടം. കുറച്ച് നേരം അവിടെ ചുറ്റി നടന്നു തൊട്ടടുത്തുള്ള ഒമാനി തട്ടുകടയിൽ നിന്ന് നല്ലൊരു കാപ്പിയും കുടിച്ചു ഞങ്ങൾ മടങ്ങി.

 

മലയാടിവാരത്തിലെ താഴ്‌വരകളിൽ 2-3 മീറ്റർ മാത്രം ഉയരമുള്ള കുടയുടെ രൂപത്തിലുള്ള മരങ്ങൾ നിരവധിയുണ്ട്. പുൽത്തകിടിയിൽ അങ്ങിങ്ങു വളർന്നു നിൽക്കുന്ന ഈ മരങ്ങളും അവയ്ക്കിടയിൽ മേഞ്ഞു നടക്കുന്ന ഒട്ടകങ്ങളും കോട മഞ്ഞും ഹൃദയമായ ഒരു കാഴ്ചയായിരുന്നു. അത് ആസ്വദിക്കാൻ വേണ്ടി മാത്രം ഒരിടത്തു ഞങ്ങൾ കാർ നിർത്തി.

 

ഇതോടെ ഈ ദിവസത്തെ കറക്കം അവസാനിച്ചു. തിരിച്ചു വീണ്ടും അപ്പാർട്മെന്റിലേക്ക്. കുറച്ച് കഴിഞ്ഞപ്പോൾ കാർ ഏജന്റിന്റെ വിളി വന്നു.. ബുക്ക്‌ ചെയ്ത പജീറോ എത്തിയിട്ടുണ്ട്.. ഏതാനും മിനിട്ടുകൾ കൊണ്ട് അധികം ഓടി പഴകിയിട്ടില്ലാത്ത പുത്തൻ പജീറോയുമായി ആൾ എത്തി. അടുത്ത ദിവസം മുതൽ യാത്ര കൂടുതൽ confortable ആയിരിക്കും.. കൂടുതൽ ആത്മവിശ്വാസത്തോടെ ഡ്രൈവ് ചെയ്യാനും കഴിയും. Off road യാത്രകൾ ആദ്യ ദിവസങ്ങളിൽ ഒഴിവാക്കിയത് പജീറോ കൈയിൽ കിട്ടാൻ വേണ്ടിയായിരുന്നു.

 

ഐൻ ഗർസിസ്, നബി ഉംറാൻ, ഹൂദ്, നബി അയ്യൂബ് തുടങ്ങിയവരുടെ ഖബറിടങ്ങളെക്കുറിച്ച് അടുത്ത പോസ്റ്റിൽ..

 

Read More

സലാല - Day 4 (ഐൻ ഗർസിസ്, നബി ഉംറാൻ, ഹൂദ്, നബി അയ്യൂബ്)

ഐൻ ഗർസിസ്, ഐൻ സഹാൽനൂട്ട് എന്നീ രണ്ട് അരുവികളും നബി അയ്യൂബിന്റെ ഖബറിടവുമാണ് ഇന്നത്തെ ഞങ്ങളുടെ ലക്ഷ്യം. നബി അയ്യൂബിന്റെ ഖബറിടം കോവിഡ് കാലമായതിനു ശേഷം പൊതു ജനങ്ങൾക്ക്‌ തുറന്ന് കൊടുക്കുന്നില്ല എന്ന് നേരത്തെ അറിയാമായിരുന്നു. എങ്കിലും അങ്ങോട്ടുള്ള യാത്ര വളരെ രസകരമാണ് എന്ന് കേട്ടതിനാൽ അവിടം വരെ പോകാമെന്നു തീരുമാനിച്ചു. സഹാൽനൂട്ട് താഴ്‌വരെ സലാലയിലെ മനോഹരമായ ഒരിടമാണ്. അതുകൊണ്ട് കൂടിയാണ് ഐൻ സഹാൽനൂട്ട് എന്ന അരുവികൂടി കാണാൻ തീരുമാനിച്ചത്.. സലാലയിലെ ഒട്ടുമിക്ക ടൂറിസ്റ്റ് സ്പോട്ടുകളും പരസ്പരം അടുത്തു കിടക്കുന്നവയാണ്. ഒന്ന് ഉത്സാഹിച്ചാൽ ഒരു ദിവസം തന്നെ പല സ്പോട്ടുകളും കവർ ചെയ്യാം. പക്ഷേ ഇടയ്ക്ക് വെച്ചു ടൗൺ ഏരിയകൾ ഇല്ലാത്തതിനാൽ ഉച്ച ഭക്ഷണം കിട്ടാൻ ബുദ്ധിമുട്ടാകും. ചിലയിടങ്ങളിൽ താൽക്കാലികമായി കെട്ടിയുണ്ടാക്കിയ സ്റ്റാളുകൾ കാണാം. അവിടെ നിന്ന് ഭക്ഷണം വാങ്ങിച്ചു എവിടെയെങ്കിലും കൊണ്ടുപോയി കഴിക്കുകയുമാവാം. ഇത്തവണ ഉച്ച ഭക്ഷണം ഉണ്ടാക്കി കൈയിൽ വെക്കാൻ തീരുമാനിച്ചു. അതാകുമ്പോൾ സൗകര്യത്തിനു കഴിക്കാമല്ലോ.

ഉച്ച ഭക്ഷണവും കൈയിൽ കരുതി 9.30 നു യാത്ര ആരംഭിച്ചു. പാത്ത്ഫൈൻഡറിന് പകരം ഇന്ന് പജീറോയാണ്. കൂടുതൽ വിശാലമായി ഇരിക്കാം. യാത്രയും കൂടുതൽ സുഖപ്രദം.. റൗണ്ട് എബൌട്ടുകളിൽ പാത്ത്ഫൈൻഡറും ഞാനുമായി അൽപ്പം അസ്വാരസ്യം ഉണ്ടായിരുന്നു.. എന്റെ കാർ എടുക്കുന്ന പോലെ പെട്ടന്ന് എടുക്കുമ്പോൾ പിൻ ചക്രങ്ങൾ വെറുതെ കറങ്ങി പാത്ത്ഫൈൻഡർ എന്നെ ഇടയ്ക്കിടെ ഞെട്ടിച്ചിരുന്നു. പജീറോ വന്നതോടെ ആ പ്രശ്നവും തീർന്നു. ചുരം ഇറങ്ങുമ്പോൾ അടിക്കടി manual gear യൂസ് ചെയ്യാനും കഴിയുന്നതിനാൽ യാത്രയ്ക്ക് കൂടുതൽ ആത്മവിശ്വാസമായി.

 

കഴിഞ്ഞ ദിവസങ്ങളെ വെച്ചു നോക്കുമ്പോൾ കാലാവസ്ഥ ഇന്ന് അൽപ്പം വ്യത്യാസം വന്നിട്ടുണ്ട്. രണ്ട് ദിവസങ്ങളായി തല പുറത്ത് കാണിക്കാത്ത സൂര്യൻ ഇന്ന് വെളിയിൽ വന്നിട്ടുണ്ട്. ശക്തമായ വെയിൽ ഇല്ലെങ്കിലും മുൻദിവസങ്ങളെ അപേക്ഷിച്ചു ചൂട് കൂടുതലുണ്ട്. മഴ ഒട്ടും ഇല്ല താനും. ഐൻ ഗർസിസിന്റെ പരിസരം എത്തുന്നതിനു മുൻപ് തന്നെ വലിയ കിടങ് പോലെ അതിന്റെ ഒരു അറ്റം കാണാൻ കഴിയും. അതിന്റെ ഓരം ചേർന്നാണ് കുറേ ദൂരം റോഡ് മുന്നോട്ട് പോകുന്നത്. പോകുന്ന വഴിക്കു ചില അമ്യൂസിമെന്റ് പാർക്കുകളും ഭക്ഷണശാലകളുമുണ്ട്. ഗർസിസിന്റെ അടുത്തു എത്തറാവുമ്പോൾ വലിയൊരു കവാടമുണ്ട്. അത് കഴിഞ്ഞാൽ റോഡിനു ഇരുവശവും മരങ്ങൾ പടർന്നു പന്തലിച്ചു ഒരു കാട്ടിലൂടെ പോകുന്ന പ്രതീതിയാണ്. അരുവിയിൽ നിന്ന് വെള്ളം റോഡിനു കുറുകെ ഒഴുകുന്നുമുണ്ട്. അരുവിയുടെ ഒരുഭാഗത്തു കുറച്ച് വാഹനങ്ങൾ പാർക്ക്‌ ചെയ്തിട്ടുണ്ട്. വലതു വശത്തു ആഴം കൂടിയ ഭാഗത്തേക്കു വാഹനങ്ങൾ പോകാതിരിക്കാൻ സിമന്റ് ഭിത്തി കെട്ടിയിട്ടുണ്ട്. ഇടതു വശത്തു ആഴം കുറഞ്ഞ ഭാഗത്തേക്ക് കാർ ഇറക്കി. കുട്ടികൾക്ക് കളിക്കാൻ പറ്റിയ ഭാഗമായതിനാൽ അവരെ വെള്ളത്തിൽ കളിക്കാൻ വിട്ടു കുറേ നേരം ഞങ്ങൾ അവിടെ ചിലവഴിച്ചു.

 

അരുവിയുടെ ആഴം കൂടിയ ഭാഗം ഒരു ബ്ലൈൻഡ് end ആണ്. അവിടെ ഇറങ്ങി കുളിക്കാനും നീന്താനും സൗകര്യമുണ്ട്. എവിടെയെങ്കിലും ഒന്ന് നീന്താൻ ഇറങ്ങണം എന്ന ഉദ്ദേശ്യത്തിൽ ഡ്രെസ്സെല്ലാം കരുതിയിട്ടുണ്ടായിരുന്നു. യാത്ര തുടങ്ങിയ ഉടനെ തന്നെ നനയേണ്ട, സഹാൽനൂട്ടിൽ നീന്താൻ ഇറങ്ങാം എന്ന് കരുതി അവിടെ ഇറങ്ങിയില്ല.

 

അവിടം കണ്ടു കഴിഞ്ഞ ശേഷം അയ്യൂബ് നബിയുടെ ടോമ്പ് കാണാൻ പുറപ്പെട്ടു.. ഐൻ ഗർസിസ്ന്റെ അടുത്തുള്ള ഒരു മല മുകളിലാണ് അയ്യൂബ് നബിയുടെ ടോമ്പ് സ്ഥിതി ചെയ്യുന്നത്. അൽ ഖറാ മലനിരകളിലെ കോട മഞ്ഞു മൂടിയ കുത്തനെയുള്ള മലമ്പാതയും ഇരു വശങ്ങളിലുമുള്ള താഴ്‌വരകളും വളരെ മനോഹരമാണ്. അത് കാണാൻ വേണ്ടിയാണ് പ്രവേശനമില്ലാതിരുന്നിട്ടു പോലും ഈ വഴി സന്ദർശകർ വരുന്നത്. താഴ്‌വരകളിൽ ഉടനീളം പിങ്കും മഞ്ഞയും നീലയും പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് കോട മഞ്ഞിനിടയിൽക്കൂടി കാണാൻ കഴിയും. നമ്മുടെ കാശിത്തുമ്പയാണ് പിങ്ക് നിറത്തിൽ എല്ലായിടത്തും കൂടുതലുള്ളത്. സലാലയിലെ പ്രവാചകന്മാരുടെ ഖബറിടങ്ങളിൽ ഏറ്റവും കൂടുതൽ സന്ദർശകർ വരുന്നിടമാണ് നബി അയ്യൂബ് ടോമ്പ്. ഖുർആനിലും ജോബ് എന്ന പേരിൽ ബൈബിളിലും പരാമർശിക്കപ്പെട്ട പ്രവാചകനാണ് അയ്യൂബ് നബി.

 

കുത്തനെ മല കയറി ചെന്നു അയ്യൂബ് നബിയുടെ ഖബറിടത്തിനു മുന്നിലെ പാർക്കിംഗ് ഏരിയയിൽ ഞങ്ങൾ കാർ നിർത്തി. കുറച്ച് കഴിഞ്ഞപ്പോഴേക്കും സന്ദർശകർ കൂടുതലായി വന്നു തുടങ്ങി. ചിലരൊക്കെ അവിടെ കുറച്ച് നേരം ചിലവഴിക്കുന്നു. ചിലർ ഗെയ്റ്റ് പൂട്ടിയത് കണ്ടു നേരെ തിരിച്ചു പോവുകയും ചെയ്തു. ഉച്ചയ്ക്ക് നമസ്കാര സമയം ചിലപ്പോൾ പള്ളി തുറക്കാൻ സാധ്യതയുണ്ടെന്നു കെട്ടിരുന്നതിനാൽ കുറച്ച് നേരം കൂടി ഞങ്ങൾ അവിടെ ചുറ്റിപ്പറ്റി നിന്നെങ്കിലും കാര്യമുണ്ടായില്ല.

 

സഹാൽനൂട്ട് താഴ്‌വരെ കടന്നു ഐൻ സഹാൽനൂട്ടും ഹൂദ് നബിയുടെ ഖബറിടവുമാണ് ഞങ്ങൾക്ക് ഇനി കാണാനുള്ളത്. ഹൂദ് നബിയുടെ ഖബറിടം ഗൂഗിളിൽ സെർച്ച്‌ ചെയ്തപ്പോൾ open ആണെന്ന് കാണിച്ചു. പ്രവാചകന്മാരുടെ ഖബറിടങ്ങളിൽ അത് മാത്രമേ ഇപ്പോൾ പൊതുജനങ്ങൾക്ക് പ്രവേശനമുള്ളൂ. നബി അയ്യൂബ് ടോമ്പിൽ നിന്നും തിരിച്ചു പോരുമ്പോൾ ഭക്ഷണം കഴിക്കാൻ ഇരിക്കാൻ പറ്റിയ ഒരു സ്ഥലം നോക്കിയാണ് ഡ്രൈവ് ചെയ്തത്.. റോഡിനു ഇരു വശങ്ങളിലും കുന്നിൻമുകളിലും താഴ്‌വരകളിലുമൊക്കെയായി നിരവധി ഫാമിലികൾ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. ഒട്ടു മിക്ക സ്ഥലങ്ങളിലും അത് മുൻകൂട്ടി കണ്ടു നിരവധി വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. സന്ദർശകർക്ക് അത് വലിയ സൗകര്യമാണ്.. പരിസരം വൃത്തിയായി സൂക്ഷിക്കാൻ മുനിസിപ്പാലിറ്റി അത്രയേറെ ശ്രദ്ധ ചെലുത്തുന്നു. റോഡരികിൽ പുല്ലു നിറഞ്ഞ സ്ഥലങ്ങൾ നിരവധിയുണ്ട്.. മഞ്ഞും മഴയും കാരണം നനഞു കിടക്കുകയായിരുന്നു മിക്കവാറും എല്ലായിടവും. അധികം നനവും ചെളിയും ഇല്ലാത്ത ഒരു ഭാഗത്തേക്കു ഞങ്ങൾ കാർ ഇറക്കി.. പുല്ലും പാറകളും നിറഞ്ഞ ഒരു സ്ഥലം ഞങ്ങൾ ഭക്ഷണം കഴിക്കാനായി തിരഞ്ഞെടുത്തു. പച്ച പുൽത്തകിടിയിൽ, പെയ്തുകൊണ്ടിരിക്കുന്ന മഞ്ഞ് ആസ്വദിച്ചു കൊണ്ട് ഭക്ഷണം കഴിക്കുക... ഇത്ര സുഖകരമായ ഒരു അന്തരീക്ഷത്തിൽ ഇരുന്നു മുമ്പ് ഒരിക്കലും ലഞ്ച് കഴിച്ചിട്ടില്ല..

 

ഭക്ഷണ ശേഷം നേരെ ഐൻ സഹാൽനൂട്ടിലേക്ക്. അധികം ഉയരമില്ലാത്ത കുന്നുകളാൽ ചുറ്റപ്പെട്ട താഴ്‌വരയാണ് സഹാൽനൂട്ട്. മിക്കവാറും കുന്നുകൾക്ക് മുകളിലേക്കു റോഡുകളുണ്ട്. മഞ്ഞിൽ കുതിർന്നു നിൽക്കുന്ന പച്ച കുന്നുകളുടെ മുകളിലും താഴെയുമെല്ലാം ഫാമിലികൾ വിശ്രമിക്കുന്നുണ്ട്. ബാർബക്യൂ ഉൾപ്പെടെയുള്ള സെറ്റപ്പുകളുമായാണ് പലരും വന്നിരിക്കുന്നത്. മറ്റെവിടെയും പോകാനില്ലെങ്കിൽ അങ്ങനെ ചുമ്മാ ഇരുന്നു relax ചെയ്യുന്നത് തന്നെ ഒരു സുഖമാണ്. പലപ്പോഴും final destination നേക്കാൾ നല്ലതായിരിക്കുമല്ലോ അങ്ങോട്ടുള്ള വഴികൾ.. സലാല അത്തരം ഒരു സ്ഥലമാണ്.. യാത്രകളും വഴികളുമാണ് final destination നേക്കാൾ പലപ്പോഴും കൂടുതൽ ഭംഗി. ഐൻ സഹാൽനൂട്ട് പാർക്കിങ്ങിൽ കാർ നിർത്തി കുറച്ച് മുന്നോട്ട് നടക്കാനുണ്ട്. ആഴം കൂടിയ ഭാഗത്തു നിന്ന് വെള്ളം റോഡ് വരെ ഒഴുകുന്നുണ്ടായിരുന്നു. കുളിക്കാൻ ഉള്ള വസ്ത്രങ്ങളെല്ലാം എടുത്താണ് പോയത്. പക്ഷേ നീന്താൻ ഇറങ്ങാൻ പറ്റിയ ഒരു സ്ഥിതി ആയിരുന്നില്ല അവിടെ. കുറച്ച് ആഴത്തിലേക്കു ഇറങ്ങണം. വേറെ ആരും അവിടെ നീന്തുന്നത് കണ്ടുമില്ലാത്തത്തിനാൽ ആ പരിപാടി ഉപേക്ഷിച്ചു. ഏറ്റവും പറ്റിയ സ്ഥലത്ത് ഇറങ്ങാത്തത്തിൽ അൽപ്പം നിരാശയും തോന്നി. ഇനി എന്തായാലും നാളത്തെ ഐൻ ഖോർ ട്രിപ്പിൽ കുളിക്കാൻ ഇറങ്ങാം എന്ന് തീരുമാനിച്ചു. കുറച്ച് നേരം അവിടെ ചിലവിട്ടു.. പല ടൂറിസ്റ്റ് സ്പോട്ടുകളിലും ടോയ്‌ലെറ്റുകളും നമസ്കരിക്കാൻ ഉള്ള സ്ഥലങ്ങളും ഉണ്ട്. അവയെല്ലാം വൃത്തിയായി maintain ചെയ്തിട്ടുമുണ്ട്. ഹൂദ് നബിയുടെ ഖബറിടം കൂടി സന്ദർശിക്കാൻ സമയം ബാക്കിയുണ്ടായിരുന്നതിനാൽ ഞങ്ങൾ അവിടം ലക്ഷ്യമാക്കി നീങ്ങി.

 

പോകുന്ന വഴി ചിലയിടങ്ങളിൽ ആതിരപ്പള്ളി, വാൽപ്പാറ റൂട്ട് ഓർമ്മിപ്പിച്ചു. പിന്നീടങ്ങോട്ട് മരങ്ങൾ കുറഞ്ഞു പച്ച കുന്നുകളും താഴ്‌വാരയും മാത്രമായി. സലാലയിൽ യാത്ര ചെയ്ത വഴികളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഈ റൂട്ട് ആയിരുന്നു. ഇടയ്ക്ക് ഗൂഗിൾ മാപ്പ് ചാണകം മണക്കുന്ന ചില ഫാമുകളിലേക്ക് ഞങ്ങളെ വഴി തിരിച്ചു വിട്ടെങ്കിലും waze രക്ഷയ്‌ക്കെത്തി. ചെറിയ കുറേ കുന്നുകൾ കയറിയിറങ്ങി ഞങ്ങൾ യാത്ര തുടർന്നു. കുന്നുകളിൽ കൂടി കയറിയിറങ്ങി പോകുന്ന റോഡുകൾ അകലെ നിന്ന് കാണാൻ നല്ല ഭംഗി. തിരിച്ചു വരുമ്പോൾ എവിടെയെങ്കിലും കുറച്ച് നേരം വിശ്രമിക്കാം എന്ന് തീരുമാനിച്ചു. ചെറിയ ഒരു കുന്നിൻപുറത്താണ് ഹൂദ് നബി അന്ത്യവിശ്രമം കൊള്ളുന്ന പള്ളി സ്ഥിതി ചെയ്യുന്നത്. ഞങ്ങൾ ചെല്ലുന്ന സമയത്ത് അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല. അന്ത്യവിശ്രമത്തിനു ഏറ്റവും അനുയോജ്യമായ സ്ഥലം എന്ന് തോന്നിപ്പോകും അവിടെ ചെന്നാൽ.. അത്രയും ശാന്തം, സുന്ദരം..

 

തിരിച്ചു പോകുമ്പോൾ താഴത്തെ താഴ്‌വര നന്നായി കാണാൻ കഴിയുന്ന ഒരു ഭാഗത്ത് കാർ പുൽത്തകിടിയിലേക്ക് ഇറക്കി ഞങ്ങൾ പുറത്തിറങ്ങി. അവിടെ നിന്ന് കുറേ ഫോട്ടോകൾ എടുത്തു.

 

താഴെ ദൂരെ കാണുന്ന പുൽത്തകിടിയിലേക്ക് വാഹനം ഇറക്കി കുറേ മുന്നോട്ടു പോയതിന്റെ പാടുകൾ മുകളിൽ നിന്ന് കാണാൻ കഴിയുന്നുണ്ടായിരുന്നു. ആ ഭാഗത്തേക്ക് പോയി കുറച്ച് നേരം അവിടെയും ഇരിക്കാം എന്ന് മുകളിൽ നിന്ന് തീരുമാനം എടുത്തു. താഴെ ചെന്നപ്പോൾ 2 ടയർ മാർക്ക് നല്ലവണ്ണം കാണുന്നുണ്ട്. വേറെ ഇല്ല താനും.. അതിൽ കൂടി കാർ മുന്നോട്ടെടുത്തു.. വിചാരിച്ച പോലെ ഉറച്ച മണ്ണായിരുന്നില്ല.... ചെളിയിലൂടെ കുറച്ച് തെന്നിയാണ് കാർ നീങ്ങിയത്.. പണി കിട്ടുമോ എന്നൊരു ശങ്ക അപ്പോഴേ തോന്നി.. ഏതായാലും വന്നതല്ലേ... നല്ല ഭംഗിയുള്ള സ്ഥലമാണ്.. പൂക്കളൊക്കെ വിരിഞ്ഞു നിൽക്കുന്നുണ്ട്.. കുറച്ച് ഫോട്ടോകളൊക്കെ എടുത്തു.. നേരത്തെ ചളിയിൽ തെന്നിയ ഭാഗം ഒഴിവാക്കി കുറച്ച് അപ്പുറത്ത് കൂടി കാർ കയറ്റി കൊണ്ടുവരാം എന്ന് തീരുമാനിച്ചു. എല്ലാവരോടും അപ്പുറത്ത് പോയി നിൽക്കൂ, ഞാൻ കാർ എടുത്തു വരാം എന്ന് പറഞ്ഞു.. കാർ സഹസികമായി കയറി വരുന്ന ഒരു വീഡിയോ എടുക്കാനും ഏർപ്പാടാക്കി..

 

ചിലതു ശരിയാകും ചിലതു ശരിയാകില്ല എന്ന മട്ടിലായി കാര്യങ്ങൾ.. വിചാരിച്ച പോലെയല്ല കാർ നീങ്ങിയത്. കൂടുതൽ സുരക്ഷിതം എന്ന് ഞാൻ വിചാരിച്ച സ്ഥലം എന്നെ ചെളിയിൽ വീഴ്ത്തി.. കാറിന്റെ പിൻഭാഗം 45 ഡിഗ്രി തിരിഞ്ഞു.. കര കയറാൻ ശ്രമിക്കുമ്പോൾ കുറച്ച് മുന്നോട്ട് നീങ്ങിയെങ്കിലും 45 വിട്ടുള്ള കളിയില്ല.. സാഹസിക വീഡിയോ അതോടെ വൻ ഫ്ലോപ്പായി അവസാനിച്ചു. കുറച്ച് റിവേഴ്‌സും ഫ്രണ്ടും ഒക്കെ എടുത്തു ഒരു വിധം പരസഹായം ഇല്ലാതെ കര കയറി.. മണലിനെക്കാൾ ഭീകരനാണ് ചെളി എന്ന വലിയൊരു തിരിച്ചറിവായിരുന്നു അവിടെ നിന്നും നേടിയത് 😊.

 

പിന്നെ അധികം കറങ്ങാൻ നിൽക്കാതെ നേരെ അപ്പാർട്മെന്റിലേക്ക്.. സലാലയിൽ ഞങ്ങൾ പോയതിൽ toughest off road ട്രിപ്പായ ഐൻ ഖോറിന്റെ വിശേഷങ്ങൾ അടുത്ത പോസ്റ്റിൽ വായിക്കാം.

Read More

സലാല - Day 5 (ഇമ്രാൻ നബി, ചേരമാൻ പെരുമാള്‍

സലാലയിൽ കാണാനുള്ളതിൽ വെച്ചു ബുദ്ധിമുട്ടേറിയ off road റൂട്ടുകളിൽ ഒന്നാണ് ഐൻ ഖോർ എന്ന വെള്ളച്ചാട്ടവും അതിൽ നിന്ന് ഉത്ഭവിക്കുന്ന അരുവിയും. അവിടേക്കുള്ള റോഡ് ട്രിപ്പിന്റെ ഒരു വീഡിയോ നേരത്തെ കണ്ടിരുന്നു. അത്ര എളുപ്പമല്ലാത്ത യാത്രയാണ് എന്ന് മനസ്സിലായതോടെയാണ് ആദ്യം ഒരു മിത്സുബിഷി outlander അല്ലെങ്കിൽ ഹ്യുണ്ടായ് tucson വാടകയ്ക്ക് എടുക്കാൻ തീരുമാനിച്ചിരുന്ന ഞങ്ങളെ മാറ്റി ചിന്തിപ്പിച്ചത്. ഒരു മീഡിയം ലെവൽ വാടകയിൽ എല്ലായിടത്തും കൊണ്ടുപോകാവുന്ന വാഹനം എന്ന നിലയ്ക്കാണ് pajero തിരഞ്ഞെടുത്തത്. അത് വളരെ നന്നായി എന്ന് പിന്നീട് മനസ്സിലാവുകയും ചെയ്തു.

സലാലയിൽ സഞ്ചാരികളെ ആകർഷിക്കുന്ന മറ്റു രണ്ട് ഖബറിടങ്ങളാണ് ഇമ്രാൻ നബിയുടെ ഖബറിടവും ചേരമാൻ പെരുമാളിന്റേതു എന്ന പേരിൽ അറിയപ്പെടുന്ന മറ്റൊരു ഖബറിടവും. ഇമ്രാൻ നബി ടോമ്പ്അ യ്യൂബ് നബിയുടേത്പോ ലെ തന്നെ സന്ദർശകർക്ക് ഇപ്പോൾ തുറന്നു കൊടുക്കുന്നില്ല.

 

മലയാളികൾ കൂടുതലായി സന്ദർശിക്കുന്ന ഇടങ്ങളിലൊന്നാണ് ചേരമാൻ പെരുമാൾ ടോമ്പ് എന്നറിയപ്പെടുന്ന ഖബറിടം.  ചേരമാൻ പെരുമാൾ എങ്ങനെ അവിടെയെത്തിപ്പെട്ടു എന്ന ചരിത്രം ഒന്ന് ചികഞ്ഞു നോക്കിയപ്പോളാണ് ഒരുപാട് അവ്യക്തതകൾ ഉള്ള ഒരു മേഖലയാണ് അതെന്നു മനസ്സിലായത്. ചേരമാൻ രാജാവ് മുസ്ലിമാവുകയും മക്കയിൽ പോയി ഹജ്ജ് ചെയ്തു തിരിച്ചു വരുന്ന വഴിക്കു സലാലയിൽ വെച്ച് രോഗബാധിതനായി മരണപ്പെട്ടു എന്നായിരുന്നു ഞാൻ കേട്ട ചരിത്രം. ആലോചിച്ചപ്പോൾ ശരിയായിരിക്കാം എന്നും തോന്നി. പ്രവാചകന്റെ കാലഘട്ടത്തിനു മുൻപ് തന്നെ അറേബ്യൻ രാജ്യങ്ങളുമായി ഇന്ത്യയുടെ പടിഞ്ഞാറൻ തീരങ്ങളിൽ ജീവിച്ചിരുന്നവർക്ക് കച്ചവടബന്ധം ഉണ്ടായിരുന്നു എന്നത് ഉറപ്പാണ്.  അപ്പോൾ കടൽ കടന്നു യാത്ര ചെയ്യുക എന്നത് വളരെ സാധ്യമാണ്.  പിന്നെ ആ കാലത്ത് അറബി രാജ്യങ്ങളിൽ നിന്നും ഇവിടെയെത്തിയ ആളുകൾ തന്നെയാണ് ഇസ്ലാം മതം പ്രചരിപ്പിച്ചതും ആളുകൾ കൂട്ടമായി ഇസ്ലാം മതം സ്വീകരിക്കുന്നതും. അപ്പോൾ രാജാവ് മുസ്ലിം ആയി എന്നതും സംഭവിക്കാവുന്നതാണ്. കടൽ മാർഗ്ഗം പോയി വരാൻ മാത്രമേ അന്ന് വഴിയുള്ളൂ. കടൽ വഴി സൗദിയുടെ പടിഞ്ഞാറൻ തീരത്തെ മക്കയിൽ എത്തിപ്പെടാൻ  പടിഞ്ഞാറ് ഭാഗത്തേക്ക് യാത്ര ചെയ്തു യെമനിന്റെയും സോമാലിയയുടെയും ഇടയിലൂടെ ഏദൻ കടലിടുക്ക് കടന്നു ചെങ്കടൽ വഴി ജിദ്ദയിലെത്തണം. അന്നത്തെ കാലത്തു വളരെ വലിയൊരു യാത്ര.  വഴിയിലെ ഒരു പ്രമുഖ തുറമുഖം എന്ന നിലയിൽ കപ്പൽ സലാലയിൽ അടുപ്പിച്ചിരിക്കാം.

 

ചരിത്രം ഇങ്ങനെ തന്നെയല്ലേ എന്ന് ഒന്ന് ഉറപ്പിക്കാൻ വേണ്ടി പരതി നോക്കിയപ്പോൾ സത്യത്തിൽ അമ്പരന്നു പോയി. ഇത് മുഴുവമായും കെട്ടുകഥയാണെന്നും അതല്ല ഭാഗികമായി ശരിയാണെന്നും ഉറച്ചു വിശ്വസിക്കുന്നവരുണ്ട്. ചേരമാൻ പെരുമാൾ അല്ല, എന്നാൽ വേറെ രാജാക്കന്മാർ അങ്ങനെ പോയിട്ടുണ്ടെന്നു തെളിവുകളോടെ വിശ്വസിക്കുന്നവരും ഉണ്ട്. സലാലയിലെ ഈ ഖബറിടം ഇന്ത്യയിൽ നിന്നുള്ള ഒരു രാജാവ് / പ്രമുഖ വ്യക്തി എന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട് താനും.. ഈ വിഷയത്തിൽ ഗവേഷണം നടത്തിയ പലരുമായും ഒരു ആകാംക്ഷ കാരണം വിഷയം ചർച്ച ചെയ്തപ്പോൾ സത്യം ഇതിന്റെ ഇടയിൽ എവിടെയോ ആണെന്നാണ് വ്യക്തിപരമായി എനിക്ക് തോന്നിയത്. ഈ വിഷയത്തിൽ കൂടുതൽ ഗവേഷണം നടത്തിയ ഒരു വ്യക്തി പറഞ്ഞത് ചേരമാൻ രാജാക്കന്മാരിൽ രണ്ടോ അതിലേറെയോ പേർ മുസ്ലിമായിട്ടുണ്ടെന്നും സൗദിയിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്നുമാണ്. ആദ്യത്തെയാൾ പ്രവാചകന്റെ കാലത്ത് പോവുകയും താജുദീനുൽ ഹിന്ദ് എന്ന പേര് സ്വീകരിച്ചു തിരിച്ച് വരുന്ന സമയത്ത് യമനിലെ ശഹർ മുഹല്ല എന്ന സ്ഥലത്ത് വെച്ചു മരണപ്പെട്ടു അവിടെ തന്നെ മറവു ചെയ്യപ്പെട്ടു. പിന്നീട് പ്രവാചകന്റെ കാല ശേഷം കോഴിക്കോട് നിന്ന് പോയ മറ്റൊരു രാജാവാണ് ഹജ്ജ് കഴിഞ്ഞു വരുന്ന വഴി സലാലയിൽ വെച്ച് മരണപ്പെട്ടു അവിടെ മറവു ചെയ്യപ്പെട്ടത്.. എന്തായാലും, ഈ ഖബറിടത്തിൽ കിടക്കുന്നതു ആര് തന്നെയാലും ഈ തർക്കങ്ങൾ തുടർന്നുകൊണ്ടേയിരിക്കാനാണ് സാധ്യത. സംശയലേശമന്യേ അത് ഇനി തെളിയിക്കപ്പെടാൻ സാധ്യത കുറവാണ്. സന്ദർശകർ തുടർന്നും ഇത് ചേരമാൻ പെരുമാൾ ടോമ്പ് എന്ന നിലയിൽ തന്നെ കണ്ടുപോകും..

 

ഇവിടം സന്ദർശിക്കാൻ പോകുമ്പോൾ ഇക്കാര്യമൊന്നും അറിയാത്ത കാരണം സംശയമോ ശങ്കയോ ഒന്നും ഉണ്ടായില്ല. ഞങ്ങൾ താമസിക്കുന്ന ഏരിയയിൽ നിന്നും വെറും 14 km ദൂരമേ അങ്ങോട്ട്‌ ഉണ്ടായിരുന്നുള്ളൂ. ടൗണിൽ നിന്നും അധികം ദൂരമില്ല. തെങ്ങിൻ തോപ്പുകളും വാഴത്തോട്ടങ്ങളും നിറഞ്ഞ ഒരു ഏരിയയിലൂടെ ചെന്നു പിന്നെ ഒരു മണ്ണ് റോഡിലേക്കാണ് ഗൂഗിൾ മാപ്പ് വഴി കാണിച്ചത്. വഴി തെറ്റിയോ എന്ന് ആദ്യം ഒന്നു സംശയിച്ചങ്കിലും ഇങ്ങനെ ഒരു ഏരിയയിൽ തന്നെയാണ് ഫോട്ടോകളിൽ കണ്ടിട്ടുള്ളത് എന്നതിനാൽ മുന്നോട്ട് തന്നെ പോയി. കുറച്ച് മുന്നോട്ട് ചെന്നപ്പോൾ തന്നെ പച്ച പുതപ്പിച്ച രണ്ട് ഖബറുകൾ കണ്ടു. മുൻപ് അത് ഒരു ചെറിയ പള്ളിയുടെ അകത്തായിരുന്നു. പിന്നീട് പള്ളി പൊളിഞ്ഞു / പൊളിച്ചു എന്ന് പറയുന്നു. എന്തായാലും ഇപ്പോൾ കെട്ടിപ്പൊക്കിയ, പച്ച വിരിപ്പ് കൊണ്ട് മൂടിയ ഒരു വലിയ ഖബറും ഒരു ചെറിയ ഖബറുമാണ് അവിടെയുള്ളത്. ഒരു വാഹനത്തിനു അതിന്റെ പരിസരത്തു നിന്ന് തിരിക്കാനുള്ള സ്ഥലം മാത്രമേയുള്ളു ഇതിനോട് അനുബന്ധിച്ചു ഉള്ളൂ. ചുറ്റിലും നല്ല കൃഷിഭൂമിയാണ്. തെങ്ങും വാഴയുമാണ് പ്രധാനം.

 

തൊട്ടപ്പുറത്തു കണ്ട വലിയ തോട്ടത്തിൽ 2 പേരെ കണ്ടു. മലയാളികളാണ്. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവർ. തേങ്ങ ഇട്ടു കൊണ്ടിരിക്കെയാണ് ഞങ്ങൾ ചെല്ലുന്നത്. തെങ്ങ്, വാഴ, പാഷൻ ഫ്രൂട്ട് തുടങ്ങി നിരവധി പച്ചക്കറികളും കൃഷി ചെയ്യുന്ന ഒന്നൊന്നര തോട്ടം തന്നെയായിരുന്നു അത്. പരിചയപ്പെട്ടതിന്റെ സന്തോഷത്തിൽ എല്ലാവർക്കും ഫ്രഷ് ഇളനീർ കിട്ടി. എങ്ങനെ ദേഹത്തു ആവാതെ ഇളനീർ കുടിക്കും എന്ന് ശങ്കിച്ച് നിൽക്കുമ്പോൾ പപ്പായ തണ്ട് വെട്ടിയുണ്ടാക്കിയ നാച്ചുറൽ സ്ട്രോയുമായി അവർ തന്നെ അതിന് പരിഹാരമുണ്ടാക്കി. തോട്ടത്തിൽ കുറച്ച് നേരം ചിലവഴിച്ച ശേഷമാണ് ഞങ്ങൾ ഐൻ ഖോറിലേക്കുള്ള യാത്ര തുടങ്ങിയത്.

 

ഐൻ ഖോർ ഒരു ഒറ്റപ്പെട്ട ഏരിയയാണ്. അടുത്തൊന്നും മറ്റു ടൂറിസ്റ്റ് സ്പോട്ടുകൾ ഇല്ല. മറ്റു ദിവസങ്ങളെ അപേക്ഷിച്ചു വെയിലും ചൂടും കൂടുതലായിരുന്നു അന്ന്. മഴക്കാർ ഒട്ടും ഉണ്ടായിരുന്നില്ല. അൽപ്പം സ്വൽപ്പം ചാറ്റൽ മഴ കൂടി ഉണ്ടായിരുന്നേൽ നന്നായിരുന്നേനെ എന്ന് തോന്നി. നല്ല റോഡിൽ നിന്നും ഉരുളൻ കല്ലുകൾ നിറഞ്ഞ ഒരു മണ്ണ് റോഡിലൂടെ കുറേ ദൂരം പോയ ശേഷം വീണ്ടും നല്ല റോഡിലെത്തി. ഇടയ്ക്ക് ഗൂഗിൾ map വീണ്ടും ചെറുതായി വഴി തെറ്റിക്കുകയും ചെയ്തു.

 

കുറേ ദൂരം കൂടി മുന്നോട്ടു ചെന്നപ്പോൾ കുത്തനെ ഇറക്കം ഇറങ്ങി വാദിയിൽ റോഡ് അവസാനിച്ചു. വാദിയിലൂടെ കുറച്ച് കൂടി മുന്നോട്ട് നീങ്ങിയതോടെ വെള്ളം ഒഴുകുന്ന സ്ഥലത്തെത്തി. നേരത്തെ നോക്കി വെച്ച വീഡിയോയിൽ കണ്ടു പരിചയമുള്ള സ്ഥലങ്ങൾ.. കൂടുതൽ മുന്നോട്ടു പോകും തോറും വെള്ളത്തിന്റെ ഒഴുക്ക് ശക്തമായി.. ആഴവും കൂടുതൽ.. കര ഭാഗം കുറവായിത്തുടങ്ങി. വെള്ളത്തിൽ നിന്ന് ഉയരം കൂടിയ കരയിലേക്ക് കുത്തനെ കാർ കയറ്റി വീണ്ടും താഴെ വെള്ളത്തിലിറക്കിയൊക്കെയാണ് പിന്നീടുള്ള യാത്ര. കുത്തിക്കുലുങ്ങി അങ്ങനെയുള്ള പോക്ക് അൽപ്പം പേടിയുളവാക്കി. പോയി പരിചയമുള്ള മറ്റു വാഹനങ്ങൾ മുന്നോട്ടു പോകുന്ന അതേ വഴിയിലൂടെ ഞങ്ങളും മുന്നോട്ട് നീങ്ങി. സെഡാൻ, ചെറുകിട suv യിൽ വന്നവരെല്ലാം വഴിയിൽ കാർ നിർത്തി മുന്നോട്ടു നടക്കുകയാണ് ചെയ്യുന്നത്. വഴി അവസാനിക്കുന്നതിന്റെ ഏതാണ്ട് 300 മീറ്റർ അപ്പുറം ഞങ്ങൾ കാർ നിർത്തി. വന്നതിലും tough ഏരിയയിലൂടെ ഇനിയും കാർ ചാടിച്ചു സർക്കസ്സു കാണിക്കണോ എന്ന ശങ്ക. 300 മീറ്റർ നടന്നു അവസാനം വരെ ചെന്നപ്പോൾ അത് വരെ വന്നതിൽ കൂടുതൽ പ്രശ്നമുള്ള ഭാഗങ്ങളൊന്നും കണ്ടില്ല. പോകേണ്ട ട്രാക്ക് നോക്കി വെച്ചു തിരിച്ചു പോയി കാർ അറ്റം വരെ കൊണ്ട് വന്നു

 

വെള്ളച്ചാട്ടത്തിന്റെ അടുത്തു വരെ കാർ പോകില്ല. ഒരു 6-7 മിനിറ്റ് കല്ലുകൾക്കിടയിലൂടെ സൂക്ഷിച്ചു നടന്നു പോകണം. കാർ പാർക്കിംഗ് ഭാഗത്ത് തന്നെ വെള്ളം സമൃദമായി ഒഴുകുന്നു. വലുതും ചെറുതുമായ പാറകൾക്കിടയിലൂടെ ഒഴുകുന്ന തെളിഞ്ഞ വെള്ളം. ഇരു വശത്തും ചെടികളും മരങ്ങളും ചേർന്നു ഒരു കാട്ടരുവിയുടെ ഫീലാണ്. അത്യാവശ്യം ആഴമുള്ള ഒരു ഭാഗം കണ്ടു വെച്ചു. വെള്ളം ചാട്ടം കണ്ട ശേഷം അവിടെ ഇറങ്ങാം എന്ന് തീരുമാനിച്ചു. വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങരുതെന്നു പോലീസ് മുന്നറിയിപ്പ് വെച്ചിട്ടുണ്ട്. മുകളിലൂടെ ആർമി ഹെലികോപ്റ്റർ തുടർച്ചയായി നിരീക്ഷണ പറക്കൽ നടത്തുന്നുണ്ടായിരുന്നു.

 

കാർ നിർത്തി പതുക്കെ മുന്നോട്ടു നടന്നു വെള്ളച്ചാട്ടത്തിനു അരികിലെത്തി. ഫോട്ടോയിൽ കാണുന്നതിൽ നിന്ന് വ്യത്യസ്തമായി വളരെ ഉയരത്തിൽ നിന്നാണ് വെള്ളം താഴേക്കു പതിക്കുന്നത്. പച്ച നിറത്തിൽ വെള്ളം കെട്ടി നിൽക്കുന്ന വലിയൊരു ഏരിയ തന്നെ അവിടെയുണ്ട്. ഇരിക്കാനും ഫോട്ടോ എടുക്കാനുമൊക്കെ പറ്റിയ മനോഹരമായ ഒരു സ്ഥലം.

 

കുറച്ച് നേരം വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിച്ചു തിരിച്ചു കാർ പാർക്ക്‌ ചെയ്തിടത്തേക്കു തന്നെ തിരിച്ചു വന്നു. ഒറ്റപ്പെട്ട ഏരിയ ആണെന്ന് നേരത്തെ അറിയുന്നതിനാൽ ഉച്ച ഭക്ഷണം കൈയിൽ കരുതിയിരുന്നു. ഭക്ഷണം കഴിക്കാൻ അനങ്ങാതെ ഇരിക്കുന്ന സമയം കൊണ്ട് കൊതുകിനെ പോലെ കടിക്കുന്ന ഒരു പ്രാണി കേറി മേഞ്ഞു.. ഒറ്റ നോട്ടത്തിൽ കണ്ണിൽ പെടില്ല.. വളരെ ചെറുത്‌.. ഏതാണ്ട് രണ്ടാഴ്ച കഴിഞ്ഞു ഇത് എഴുതുന്ന സമയത്ത് പോലും ആ കടിയുടെ പാടും ചൊറിച്ചിലും പൂർണ്ണമായി മാറിയിട്ടില്ല.

 

ഭക്ഷണ ശേഷം ഡ്രസ്സ്‌ മാറി നേരത്തെ കണ്ട ആഴ്ചമുള ഭാഗത്ത് ഇറങ്ങി.. കുട്ടികൾക്ക് അത് നല്ലൊരു എൻജോയ്മെന്റ്ആയിരുന്നു.

 

സമയം ചെല്ലും തോറും പാർക്ക്‌ ചെയ്ത കാറുകളുടെ എണ്ണം കുറഞ്ഞു. പുതുതായി അധികം വാഹനങ്ങൾ വരാതായി. അതോടെ ഞങ്ങളും തിരിച്ചു പോന്നു. അങ്ങോട്ട്‌ പോയതിലും അനായാസകരമായി തോന്നി തിരിച്ചു വാദിയിലൂടെയുള്ള ഡ്രൈവിംഗ്. pajero നിരാശപ്പെടുത്തിയില്ല. ഒരിടത്തു പോലും ഒട്ടും പതറാതെ സുഖമായി തിരിച്ചു റോഡിലെത്തി.

 

ഒരു സ്പോട്ട് കൂടി കവർ ചെയ്യാനുള്ള സമയം ബാക്കിയുണ്ടായിരുന്നതിനാൽ ഇമ്രാൻ നബിയുടെ ഖബറിടം കൂടി കാണാം എന്ന് തീരുമാനിച്ചു. പബ്ലിക്കിന് ഓപ്പൺ അല്ലാത്ത കാരണം സന്ദർശകർ കുറവായിരുന്നു. മറ്റു ടോമ്പുകളെ അപേക്ഷിച്ചു ഇത് കൂടുതൽ മനോഹരമാണ്. പരിസരം വളരെ ഭംഗിയായി maintain ചെയ്തിട്ടുണ്ട്. ചെറിയ പുൽത്തകിടിയും മരങ്ങളുമൊക്കെയായി നല്ല ഭംഗി. ഒരു പള്ളിയോട് ചേർന്നാണ് ടോമ്പ് സ്ഥിതി ചെയ്യുന്നത്. അടച്ചിട്ട വാതിലിന്റെ ഗ്ലാസ്സിലൂടെ ഉള്ളിലെ ടോമ്പ് കാണാം. ടോമ്പിനു ഒരു 15-20 മീറ്റർ നീളമുണ്ട്. മറവ് ചെയ്ത സ്ഥലം വളരെ കൃത്യമായി അറിയാത്ത കാരണം ആ ഏരിയ ഒന്നാകെ അങ്ങനെ ആക്കി മാറ്റിയതാണെന്നാണ് അവിടത്തെ കാര്യക്കാരൻ ബംഗ്ലാദേശി പറഞ്ഞത്.

 

പിന്നെ നേരെ അപ്പാർട്മെന്റിലേക്ക്.. സലാലയിൽ ഒരു ദിവസം കൂടിയേ ഞങ്ങൾക്ക് ബാക്കിയുള്ളൂ. വെസ്റ്റേൺ സലാലയിലെ ഓഫ് റോഡ് beach ആയ ഫസായ ബീച്ചും യമൻ ബോർഡറിനോട് ചേർന്നു കിടക്കുന്ന ശാത്ത്‌ എന്ന സ്ഥലത്തെ beach view പോയിന്റ്റുമാണ് അവസാന ദിവസം ഞങ്ങൾക്ക് പോകാനുള്ളത്. അത് അടുത്ത പോസ്റ്റിൽ വായിക്കാം.

Read More

സലാല - Day 6 (ഫസായ ബീച്ചും, ശാത്തിലെ ഒരു വ്യൂ പോയിന്റുO )

ഇത്തവണത്തെ സലാല ട്രിപ്പിലെ ഞങ്ങളുടെ അവസാന ദിവസമാണ് ഇന്ന്.. വെസ്റ്റേൺ സലാലയിൽ നേരത്തെ ബാക്കി വെച്ച രണ്ട് destinations ആണ് ഞങ്ങൾക്ക് പോവാനുള്ളത്. സലാലയിലെ ഏറ്റവും മികച്ച off road ബീച്ചുകളിലൊന്നായ ഫസായ ബീച്ചും യമൻ അതിർത്തിയോട് ചേർന്നു കിടക്കുന്ന ശാത്തിലെ ഒരു വ്യൂ പോയിന്റുമാണവ. ഇതേ റൂട്ടിൽ വരുന്ന എഫ്‌താൽകൂട്ടും മുഗ്‌സൈൽ ബീച്ചും നേരത്തെ ഒഴിവു കിട്ടിയ സമയത്ത് കണ്ടു തീർത്തത്തിനാൽ ഇന്നത്തെ യാത്ര അയാസരഹിതമായി അവസാനിപ്പിക്കാൻ കഴിയും എന്ന് പ്രതീക്ഷയുണ്ടായിരുന്നു. അല്ലെങ്കിൽ 4 സ്പോട്ടുകൾ ഒറ്റ ദിവസം കൊണ്ട് ശരിക്ക് ആസ്വദിച്ചു കാണാൻ കഴിയില്ല.

ഉച്ച ഭക്ഷണം കൈയിൽ കരുതി 9 മണിയോടെ ഞങ്ങൾ പുറപ്പെട്ടു. ഫസായ ബീച്ചിലേക്കാണ് ആദ്യം പോകുന്നത്. ഒരു മലയുടെ താഴ്‌വരയിലാണ് ഫസായ ബീച്ച് സ്ഥിതി ചെയ്യുന്നത്. മലയിൽ നിന്നു താഴേക്കുള്ള മണ്ണ് റോഡ് വഴി ഇറങ്ങി വേണം ബീച്ചിലെത്താൻ. കുത്തനെയുള്ള ഇറക്കവും വളവുകളുമാണ്. ഒട്ടകങ്ങളാണ് ഫസായ ബീച്ചിന്റെ മുഖമുദ്ര. എഫ്‌താൽകൂട്ട് ഏരിയ എത്തുമ്പോഴേക്കും റോഡരികിൽ ഒട്ടകങ്ങളെ കാണാം. ഒട്ടകങ്ങളാണ് റോഡിലെ VIP കൾ. റോഡിന്റെ ഇരു വശങ്ങളിലും കൂട്ടമായും ഒറ്റയ്ക്കും കാണാം. വലിയ കൂട്ടങ്ങളുടെ കൂടെ ഒരു നോട്ടക്കാരനോ കാറിൽ അനുഗമിക്കുന്ന ഉടമയെയോ കാണാം. റോഡ് മുറിച്ചു കടക്കുന്ന ഒട്ടകങ്ങൾക്ക് വേണ്ടി വാഹനങ്ങൾ ബഹുമാനപുരസ്‌കരം ഒതുക്കി നിർത്തുന്നു. മുഗ്‌സൈൽ ബീച്ച് എത്തിയപ്പോഴേക്കും റോഡിനു ഇരു വശവും ചിലപ്പോൾ റോഡിലും നിരവധി വലിയ ഒട്ടകക്കൂട്ടങ്ങളെ കണ്ടു. ബീച്ചിലും മലയടിവാരത്തിലും മേയുന്ന ഒട്ടകക്കൂട്ടങ്ങൾ നല്ലൊരു കാഴ്ചയാണ്. ഒട്ടകങ്ങളുടെ ഫോട്ടോ എടുക്കാൻ വേണ്ടി മാത്രം മുഗ്‌സൈൽ ബീച്ചിൽ ഞങ്ങൾ കാർ നിർത്തി.

 

മുഗ്‌സൈൽ, മർനീഫ് ഏരിയ കഴിഞ്ഞാൽ പിന്നീട് വലിയൊരു ചുരം കയറി വേണം ഫസായ ബീച്ചിലെത്താൻ. സൂക്ഷിച്ചു കയറാനും low ഗിയറിൽ ഇറങ്ങാനുമുള്ള മുന്നറിയിപ്പ് തുടക്കത്തിലെ കണ്ടു. ചുരം road മുഴുവനായും കാണുന്ന ഒരു ഭാഗത്ത് നിന്ന് ഫോട്ടോയെടുക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും കാർ ഒതുക്കി നിർത്താൻ പറ്റിയ ഒരു സ്ഥലം കണ്ടില്ല.

 

വളഞ്ഞു പുളഞ്ഞു പോകുന്ന road ഏതാണ്ട് ആ വലിയ മലയുടെ നെറുകയിൽ എത്തുന്ന തൊട്ടു മുൻപാണ് ഫസായ ബീച്ചിലേക്കുള്ള വഴി. കയറി വന്ന മലയുടെ ഇടതു വശത്ത് ഒരുപാട് താഴെയാണ് ബീച്ച്. മലയുടെ സൈഡിലൂടെ നിർമ്മിച്ച വീതി കുറഞ്ഞ മണ്ണ് റോഡിലൂടെ കുത്തനെ ഇറങ്ങി വേണം ബീച്ചിലേക്ക് പോകാൻ. വളഞ്ഞും തിരിഞ്ഞും ഇറക്കത്തിന്റെ അഘാതം കുറയ്ക്കാൻ പാകത്തിലാണ് റോഡ് എങ്കിലും മുകളിൽ നിന്ന് കാണുമ്പോൾ ആ ഇറക്കമൊക്കെ ഇറങ്ങിയാണോ പോകേണ്ടത് എന്ന് തോന്നി പോകും. പോകുന്ന വഴിക്കു കാർ ഒതുക്കി നിർത്താൻ പറ്റുന്ന വ്യൂ പോയിന്റുകൾ ഉണ്ട്. പോകാനുള്ള വഴി അങ്ങനെ നീണ്ടു നീണ്ടു ചെന്നു ക്രമേണ താഴെ ബീച്ചിലേക്ക് ചെന്നു ചേരുന്ന കാഴ്ച അതിമനോഹരമായിരുന്നു. ഒന്ന് രണ്ട് സ്ഥലങ്ങളിൽ ഞങ്ങൾ കാർ നിർത്തി. ഏതാണ്ട് ഉച്ചയായതുകൊണ്ടാകണം ബീച്ചിൽ സന്ദർശകർ വളരെ കുറവായിരുന്നു.

 

ബീച്ചിലേക്കുള്ള വഴിയിൽ പലയിടത്തും ഒട്ടകങ്ങൾ മേയുന്നുണ്ടായിരുന്നു. ചിലപ്പോഴൊക്കെ അവയ്ക്ക് റോഡ് മുറിച്ചു കടക്കാൻ കാർ നിർത്തിക്കൊടുക്കേണ്ടി വന്നു. കാറിനെ തൊട്ടുരുമ്മിക്കൊണ്ടാണ് പലപ്പോഴും അവയുടെ യാത്ര. ഫസായ ബീച്ചിലേക്കുള്ള വഴി പരിചയപ്പെടാൻ നേരത്തെ ഒരു വീഡിയോ കണ്ടിരുന്നു. അതിൽ കണ്ടതിലും ദുർഘടമായി തോന്നിച്ചു താഴേക്കുള്ള ഡ്രൈവ്. ഖരീഫ് അല്ലാത്ത മറ്റേതോ സീസണിൽ എടുത്ത ഒരു വീഡിയോ ആയിരുന്നു അത്. വരണ്ടുണണങ്ങിയ മലകൾക്കിടയിലൂടെ പോകുന്നു സാധാ മണ്ണ് റോഡ്.. ആ വഴിക്കു തന്നെയാണോ ഞങ്ങളീ പോകുന്നത് എന്ന് അത്ഭുതം തോന്നിക്കുമാറ് ഭൂപ്രകൃതി മാറിയിരിക്കുന്നു. മലയും ചുറ്റുപാടും താഴ്‌വരയും പച്ച പുതച്ചതും മലമുകളിൽ നിന്നും താഴേക്കു പതുക്കെ താഴ്ന്നു വന്നു താഴെ നീല കടലിൽ അലിയുന്ന കോട കോട മഞ്ഞുമാണ് ആ മാറ്റത്തിനു കാരണം. ഏതോ ഒരു യൂറോപ്യൻ രാജ്യത്താണോ ഞങ്ങൾ എന്ന തോന്നൽ വരുമ്പോഴേക്കും റോഡരികിൽ കാണുന്ന ഒട്ടകങ്ങൾ ഞങ്ങൾക്ക് സ്ഥലകാല ബോധം വീണ്ടെടുത്തു തന്നു.

 

മലയിറങ്ങി നിരപ്പായ താഴ്‌വരയിലൂടെ വീണ്ടും കുറച്ച് മുന്നോട്ടു പോയി വേണം ബീച്ചിലെത്താൻ. അങ്ങിങ്ങായി ഒട്ടക ഫാമുകൾ കാണാം. ആടുകളും യഥേഷ്ടം മേഞ്ഞു നടക്കുന്നുണ്ട്. വലിയ പാറക്കൂട്ടങ്ങൾ നിറഞ്ഞതും അല്ലാത്തതുമായ ഏരിയകളുണ്ട് ബീച്ചിൽ. ചെറുതും വലുതുമായ കുറേ ബീച്ചുകൾ.. കുറേ കൂടി അകലെ മത്സ്യബന്ധന ബോട്ടുകൾ നിർത്തിയിട്ട സ്ഥലത്ത് മാത്രം കുറച്ച് വാഹനങ്ങൾ കണ്ടു. മറ്റു സ്ഥലങ്ങളെല്ലാം വിജനമായിരുന്നു. അധികം പാറക്കൂട്ടങ്ങൾ ഇല്ലാത്ത, കുട്ടികൾക്ക് എളുപ്പം ഇറങ്ങാൻ പറ്റുന്ന ഒരു ഭാഗത്തു ഞങ്ങൾ കാർ നിർത്തി.

 

വെയിലും ചൂടും അധികം ഇല്ലായിരുന്നതിനാൽ ഉച്ച സമയത്തായിട്ട് പോലും ബീച്ചിൽ ശരിക്കും ആസ്വദിക്കാൻ കഴിഞ്ഞു. കുട്ടികൾക്ക് മതിമറന്നു ആഘോഷിക്കാൻ പറ്റിയ ഒരു ബീച്ച്.. പാറക്കെട്ടുകളിൽ നിന്നും ഞണ്ടുകൾ മണലിലെ കുഴിയിലേക്ക് ഊർന്നിറങ്ങുന്നത് അവർക്ക് കൗതുകകരമായ കാഴ്ചയായിരുന്നു. ബീച്ചിന്റെ എതിർവശം ഞങ്ങൾ ഇറങ്ങി വന്ന മല കാണാം. അതിന്റെ മുകളിൽ നിന്ന് കോടമഞ്ഞു താഴേക്കു ഇറങ്ങിക്കൊണ്ടിരുന്നു. മണലിൽ പായ് വിരിച്ചാണ് ഉച്ചഭക്ഷണം കഴിച്ചത്.. കടലും കോടയിറങ്ങുന്ന മലയും പച്ച പുതച്ച താഴ്‌വരയും ആസ്വദിച്ചുകൊണ്ടുള്ള ലഞ്ച്...

 

ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ ഫസായ ബീച്ചിനോട് യാത്ര പറഞ്ഞു ശാത്തിലെ sea വ്യൂ പോയിന്റിലേക്കു യാത്ര തിരിച്ചു. ബീച്ചിലേക്കുള്ള ചെങ്കുത്തായ ഇറക്കം ഇറങ്ങുമ്പോൾ ഇത് തിരിച്ചു അനായാസം കയറിപ്പോകാൻ പറ്റുമോ എന്നായിരുന്നു എന്റെ പേടി. പക്ഷേ അനുസരണയുള്ള ഒരു പൂച്ചകുഞ്ഞിനെ പോലെ പജീറോ സുഖകരമായി തിരിച്ചു കയറി.

 

നേരത്തെ ഞങ്ങൾ കയറിവന്ന മലമ്പാതയിലൂടെ തന്നെയാണ് വീണ്ടും ഞങ്ങൾക്ക് മുന്നോട്ട് പോവാനുള്ളത്. അപ്പോഴേക്കും മഞ്ഞ് കൂടുതൽ കനത്തിരുന്നു. നേരത്തെ ജബൽ സംഹാൻ വ്യൂ പോയിന്റിൽ പോയ പോലെ തന്നെയായിരിക്കും അവിടെയും അവസ്ഥ എന്ന് ആദ്യമേ ഊഹിച്ചു.

 

യമൻ അതിർത്തിപ്രദേശമാണ് ശാത്ത്‌. പോകുന്ന വഴിക്കു പോലീസ് ചെക്ക് പോയിന്റ് ഉണ്ട്. resident കാർഡും ലൈസെൻസും ചെക്ക് ചെയ്ത ശേഷം കാറിന്റെ മുൽകിയ എടുക്കാൻ ആവശ്യപ്പെട്ടു. rent കാർ ആയതിനാൽ മുൽകിയയ്ക്ക് പകരം കാർ hand over ചെയ്യുമ്പോൾ details എഴുതിയ ഒരു പേപ്പറിന്റെ കാർബൺ കോപ്പിയാണ് എനിക്ക് തന്നിരുന്നത്. ഡാഷ് ബോർഡിൽ നിന്ന് ഞാൻ അതെടുത്തു നിവർത്തിക്കാണിച്ചു.. കഷ്ടകാലം.. അതിൽ നേരത്തെ ഉണ്ടായിരുന്ന കാർബൺ കോപി അക്ഷരങ്ങളെല്ലാം മാഞ്ഞു പോയിരിക്കുന്നു . ചെക്ക് പോസ്റ്റിലെ പട്ടാളക്കാരൻ അതിലേക്കും എന്റെ മുഖത്തേക്കും മാറി മാറി നോക്കി... മിന്നാരം സിനിമയിൽ വെടി കൊണ്ട് കത്തിപ്പോയ വിവാഹ സർട്ടിഫിക്കറ്റ് പൊക്കിക്കാണിക്കുന്ന മോഹൻലാലിനെ പോലെയായി എന്റെ അവസ്ഥ. എന്റെ മുഖഭാവം കണ്ടിട്ടാവണം അയാൾ പിന്നെ ഒന്നും പറയാതെ പൊയ്ക്കോളാൻ പറഞ്ഞു Pin on Pinterest .

 

കാർ ശാത്തിനോടടുക്കും തോറും കോട മഞ്ഞ് കനത്തു. വ്യൂ പോയിന്റ് എത്തിയപ്പോഴേക്കും മുന്നിലെ റോഡ് പോലും ശരിക്ക് കാണാൻ കഴിയാത്തത്ര മഞ്ഞ്. ജബൽ സംഹാൻ പോലെത്തന്നെ. താഴേക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല. ശാത്ത് വ്യൂ പോയിന്റിൽ നിന്നും എടുത്തിട്ടുള്ള ചില ഫോട്ടോകൾ പിന്നീട് കണ്ടപ്പോഴാണ് ശരിക്കും ഞങ്ങളുടെ നഷ്ടം എത്രത്തോളം വലുതായിരുന്നു എന്ന് മനസ്സിലായത്.

 

എന്തായാലും കാണാത്തതിനെക്കുറിച്ച് ഓർത്തു സങ്കടപ്പെടാതെ കാണുന്നത് ആസ്വദിക്കുക എന്നതാണ് ചെയ്യാവുന്ന കാര്യം. Sea view പോയിന്റിന്റെ എതിർവശത്ത് കോട മൂടിയ മലകൾ ആസ്വദിക്കാം. പല തരത്തിലുള്ള ചെടികൾ നിറഞ്ഞ മല നിരകളാണ്. ചെറുതും വലുതുമായ ചെടികൾ. ഇടയ്ക്കിടെ പൂകളുമുണ്ട്. കറുത്ത പാറക്കൂട്ടങ്ങൾക്കിടയിൽ മഞ്ഞിൽ കുതിർന്നു അവ നിൽക്കുന്നത് സുഖകരമായ കാഴ്ചയായിരുന്നു. ആ പ്രദേശത്ത് ആകെ ഒരു ചെറിയ തട്ടുകടയാണുള്ളത്. പല തരം ചായയും ഇളനീരും കിട്ടും. ആൽക്കൂട്ടത്തിൽ നിന്നും അകന്നു മഞ്ഞ് ആസ്വദിച്ചുകൊണ്ട് ഒരു ചായ കുടിക്കാം.... നല്ലൊരു ഫീലാണ്.

 

ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ച് ഞങ്ങൾ മടങ്ങി. ശാത്തിലെ ഒരു ഹിഡൺ ബീച്ച് കൂടി കാണാൻ പ്ലാൻ ഉണ്ടായിരുന്നെങ്കിലും എല്ലാവരും ക്ഷീണിച്ചതോടെ അത് ഉപേക്ഷിച്ചു ഞങ്ങൾ മടങ്ങി.. അങ്ങനെ ഈ ട്രിപ്പിൽ പ്ലാൻ ചെയ്ത സ്ഥലങ്ങളിൽ ഈ ഒരു ഹിഡൺ beach ഒഴികെയുള്ള എല്ലാം വളരെ ഭംഗിയായി കണ്ടുത്തീർത്തു. നേരത്തെ പ്ലാനിൽ ഇല്ലാതിരുന്ന ചില destinations കാണാനും കഴിഞ്ഞു. ചെറിയ കുട്ടികൾ കൂടെയുള്ളതിനാൽ ചെറിയ ഉത്കണ്ഠയോടെ പ്ലാൻ ചെയ്ത ട്രിപ്പ്‌ വളരെ സുഖകരമായി അവസാനിച്ചു. അടുത്ത ദിവസം ഉച്ചയ്ക്കാണ് തിരിച്ചുള്ള flight. ഇടയ്ക്ക് വെച്ചു കുടുംബക്കാരും സുഹൃത്തുക്കളും ഉൾപ്പെടെ ചിലരെയൊക്കെ കാണാനും കഴിഞ്ഞു.

 

ഇനിയും മറ്റൊരു ഖരീഫ് സീസണിൽ സലാല കാണണം എന്ന് തന്നെയാണ് ആഗ്രഹം. ഇബ്രിയിൽ നിന്നും കാർ ഓടിച്ചു പോകണം. കാത്തിരിക്കാം മറ്റൊരു ഖരീഫ് സീസണിനായി...

Read More