Effects ഇല്ലെങ്കിലും വേണ്ടില്ല side effects ഇല്ലാതിരുന്നാല്‍ മതി !!

ഇതൊരു ഔദ്യോഗിക മുദ്രവാക്യം ആയി സ്വീകരിച്ചവരാണ് നമ്മുടെ നാട്ടുകാര്‍..Modern medicine പ്രാക്ടീസ് ചെയ്യുന്നവര്‍ ദിവസവും കേള്‍ക്കുന്ന മുദ്രാവാക്യം ! രണ്ടാഴ്ച മുന്നേ തലവേദനയും കാഴ്ച മങ്ങലുമായി വന്ന ചെറുപ്പക്കാരന്‍.. പണ്ടെങ്ങോ ബ്ലഡ്‌ പ്രഷര്‍ കൂടുതലാണെന്ന് കണ്ടു ഡോക്ടര്‍ പരിശോധനകളൊക്കെ നടത്തി മരുന്ന് എഴുതി കൊടുത്തിട്ടുണ്ട്‌.. ഒരു മാസം കഴിച്ചു സ്വമേധയാ മരുന്ന് നിര്‍ത്തി.. കഴിച്ചു തുടങ്ങിയാല്‍ സ്ഥിരമായി കഴിക്കേണ്ടി വരും എന്ന സ്ഥിരം പല്ലവി.. പിന്നെ ഒരിക്കല്‍ പോലും പ്രഷര്‍ പരിശോധിക്കുകയോ ഡോക്ടറെ കാണുകയോ ചെയ്തിട്ടില്ല. 

ബിപി നോക്കിയപ്പോള്‍ 210/130 mm Hg ഉണ്ട്.. വളരെ കൂടുതല്‍. ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്റെ പ്രത്യഘാതങ്ങള്‍ വല്ലതും ഇതിനോടകം വന്നിട്ടുണ്ടോ എന്ന് നോക്കിയ കൂട്ടത്തില്‍ കണ്ണിനു അകം പരിശോധിച്ചപ്പോള്‍ കാഴ്ച്ചയുടെ കേന്ദ്രമായ Retina യില്‍ കാര്യമായ തകരാര്‍ വന്നിട്ടുണ്ട്. അതാണ്‌ കാഴ്ച മങ്ങാന്‍ കാരണം. അസുഖത്തിന്റെ ഗൌരവവും മരുന്ന് മുടങ്ങാതെ കഴിക്കാതിരുന്നാല്‍ ഭാവിയില്‍ വരാന്‍ പോകുന്ന പ്രശ്നങ്ങളും പറഞ്ഞു മനസിലാകി.. കാഴ്ച മങ്ങല്‍ ബിപി കൂടിയത് മൂലമാണെന്ന് മനസിലായതോടെ അത് അത്ര നിസ്സാരമായ അസുഖം അല്ല എന്ന് അയാള്‍ക്ക്‌ ബോധ്യപ്പെട്ടു. മരുന്ന് കഴിച്ചു 2 ആഴ്ച കഴിഞ്ഞു വരാന്‍ പറഞ്ഞു..

 

അടുത്ത തവണ വന്നപ്പോള്‍ ബിപി കാര്യമായി കുറഞ്ഞിട്ടുണ്ട്.. 130/100 ആണ് അന്നത്തെ ബിപി. ഇനിയും കുറയാനുണ്ട്. കാഴ്ച കുറെ കൂടി മെച്ചപ്പെടുകയും ബിപി കുറയുകയും ചെയ്തതിനാല്‍ ആള്‍ വലിയ സന്തോഷത്തിലാണ്. മരുന്ന് തുടരാന്‍ പറഞ്ഞപ്പോള്‍ ദാ കിടക്കുന്നു ആ ചോദ്യം... ഡോക്ടര്‍ ഈ മരുന്നിന് എന്തെങ്കിലും സൈഡ് എഫക്റ്റ് ഉണ്ടോ ? !!! "ദീര്‍ഘ കാലം ബിപി കൂടി നിന്നതിന്റെ സൈഡ് എഫെക്റ്റ് ആണ് നിങ്ങളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.. അതിലും ഭീകരമായ ഒന്നും മരുന്ന് കൊണ്ട് വരാനില്ല .. സൈഡ് എഫെക്റ്റ് നെ കുറിച്ചുള്ള ഈ അനാവശ്യ ഭീതി ഇല്ലാതെ കൃത്യമായി മരുന്നു കഴിച്ചിരുന്നെങ്കില്‍ ഈ അവസ്ഥ വരില്ലായിരുന്നു." അപ്പുറത്ത് നേര്‍ത്ത ചിരി, മൌനം...

 

Interstitial lung disease എന്ന ഗുരുതരമായ രോഗം ബാധിച്ച ഒരാളുടെ ബന്ധുവും അടുത്തിടെ ഇങ്ങനെ ഒരു ചോദ്യം ഉന്നയിക്കുകയുണ്ടായി. ഈ മരുന്നിനു എന്തെങ്കിലും സൈഡ് എഫെക്റ്റ് ഉണ്ടോ ?? Interstitial lung disease ചികിത്സിക്കുമ്പോള്‍ ഡോക്ടറുടെ ആശങ്ക മരുന്ന് എത്രത്തോളം ഗുണം ചെയ്യും, എത്ര കാലം രോഗിയെ വലിയ പ്രയാസങ്ങള്‍ ഇല്ലാതെ മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയും എന്നെല്ലാമാണ്. പക്ഷെ രോഗിയും ബന്ധുക്കളും ആലോചിക്കുന്നത് ഇത് കഴിച്ചാല്‍ എന്തെങ്കിലും കുഴപ്പം വരുമോ എന്നാണ് !! മരുന്നിന്റെ എഫെക്റ്റ്നെ കുറിച്ച് നമുക്ക് ആദ്യം ആലോചിക്കാം.. സൈഡ് എഫെക്റ്റ് നെ കുറിച്ചുള്ള ആലോചന പിന്നീടാവാം എന്നാണ് ഞാന്‍ മറുപടി കൊടുത്തത് .. Anxiety, depression, അതുമായി ബന്ധപ്പെട്ട മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്ക് മരുന്ന് എഴുതുമ്പോള്‍ സ്ഥിരമായി കേള്‍ക്കാറുള്ള ചോദ്യമാണ് ഇത് മാനസിക രോഗത്തിനുള്ള മരുന്നാണോ എന്ന്... രോഗം മനസിനാവുമ്പോള്‍ പിന്നെ അതിനു തന്നെയല്ലേ മരുന്ന് വേണ്ടത് എന്ന് ചോദിച്ചാല്‍ ഉടനെ വരും സൈഡ് എഫെക്ട്നെ കുറിച്ചുള്ള ചോദ്യം.. ഇപ്പോഴത്തെ മോശം അവസ്ഥ മാറി കുറച്ചു സന്തോഷത്തിലും സമാധാനത്തിലും ജീവിക്കാം എന്ന ഒരു സൈഡ് എഫെക്റ്റ് മാത്രമേ ഉള്ളൂ എന്ന് പറയുമ്പോള്‍ ചിലപ്പോള്‍ ഒരു പൊട്ടിച്ചിരി കേള്‍ക്കാം മോഡേണ്‍ മെഡിസിന്‍ മരുന്നുകള്‍ നിര്‍മ്മിക്കുന്നത് തന്നെ സൈഡ് എഫെക്റ്റ് ഉണ്ടാവാന്‍ വേണ്ടിയാണ് എന്നാണ് ജനങ്ങള്‍ ധരിച്ചു വെച്ചിരിക്കുന്നത്.

 

എന്തായിരിക്കും ഈ മിഥ്യാ ധാരണയുടെ പുറകില്‍ ? അനുഭവജ്ഞാനം ഇല്ലാത്ത വെറും അറിവുകളാണ് ഇതിനു പിന്നിലെ ഒരു പ്രധാന കാരണം.. കണ്ടിട്ടില്ലേ ജേക്കബ്‌ വടക്കാഞ്ചേരി Davidson's principles and practices of medicine എന്ന പുസ്തകം ഉയര്‍ത്തിക്കാണിച്ചു അതിലെ വരികള്‍ ഒക്കെ ഉദ്ധരിച്ചു വിളിച്ചു കൂവുന്ന മണ്ടത്തരങ്ങള്‍? ഏതൊരു മരുന്നിനെ കുറിച്ചും മെഡിക്കല്‍ പുസ്തകങ്ങളില്‍ വായിച്ചാല്‍ സൈഡ് എഫെക്ട്സ് എന്ന ഒരു തലക്കെട്ട്‌ കാണാം.. അതില്‍ തന്നെ ഗുരുതരമായ സൈഡ് എഫെക്ട്സ്, കാര്യമാക്കാനില്ലാത്ത ചെറിയ സൈഡ് എഫെക്ട്സ് എന്നെല്ലാം തരം തിരിച്ചു കൊടുത്തിട്ടുണ്ടാവും.. മരുന്ന് കഴിക്കുന്ന പത്തു ലക്ഷം പേരില്‍ ഒരാള്‍ക്ക്‌ ഉണ്ടാവാന്‍ സാധ്യതയുള്ള സൈഡ് എഫെക്ട്സ് പോലും അതില്‍ എടുത്തു പറഞ്ഞിരിക്കും....

 

എന്തിനാണ് അങ്ങനെ പ്രത്യേകം പറയുന്നത് എന്നല്ലേ? രണ്ടു കാര്യങ്ങള്‍ ഉണ്ട് അതില്‍.. ഒന്നാമത്തെത് ഈ മരുന്നുകളെല്ലാം അത്രമേല്‍ ആഴത്തില്‍ പഠന വിധേയമാക്കിയ ശേഷമാണ് രോഗികളില്‍ പ്രയോഗിച്ചു തുടങ്ങുന്നത്. അത് മോഡേണ്‍ മെഡിസിന്‍ രോഗികളുടെ കാര്യത്തില്‍ എത്രമാത്രം സൂക്ഷ്മത പുലര്‍ത്തുന്നു എന്നതിന്റെ തെളിവാണ്. ഒരു മരുന്ന് രോഗിക്ക് കൊടുക്കുമ്പോള്‍ അത് കൊണ്ട് പരമാവധി എന്തെല്ലാം സംഭവിക്കാം/ സംഭവിക്കാതിരിക്കാം എന്ന് കൃത്യമായി എഴുതിയ ഡോക്ടര്‍ക്ക് അറിയാം എന്ന് സാരം. അടുത്തിടെ വയറിളക്കത്തിന് ചികിത്സ തേടി പോയ ഒരാള്‍ രണ്ടു ദിവസം കഴിഞ്ഞു ഒരു വശം തളര്‍ന്നു വീണ്ടും ആശുപത്രിയില്‍ വന്നു. സ്ട്രോക്ക് ആയിരുന്നു.. രോഗിയുടെ ഭാര്യ എന്നോട് പറഞ്ഞു ഡോക്ടറുടെ മരുന്ന് കഴിച്ച ശേഷമാണ് ഇങ്ങനെ വന്നത് എന്ന് .. അത് കേള്‍ക്കുമ്പോള്‍ ആ മരുന്ന് കൊണ്ട് ഒരു കാരണവശാലും ഇങ്ങനെ ഉണ്ടാവില്ല എന്ന് പറയാനുള്ള അറിവ് കിട്ടുന്നത് ഇത്ര വിശദമായി മരുന്നുകളെ കുറിച്ച് പഠിക്കുന്നത് കൊണ്ടുതന്നെയാണ്. രണ്ടാമത്തെ കാര്യം നിര്‍ഭാഗ്യവശാല്‍ ചെറുതോ വലുതോ ആയ എന്തെകിലും സൈഡ് എഫെക്റ്റ് വന്നാല്‍ അത് മരുന്ന് കൊണ്ടാണ് എന്ന് മനസിലാക്കി വേണ്ട മുന്‍കരുതല്‍ എടുക്കാന്‍ ഡോക്ടറെ പ്രാപ്തനാക്കുക എന്നതാണ്. അതുകൊണ്ട് തെറ്റിദ്ധരിക്കണ്ട..

 

മരുന്ന് കഴിക്കുമ്പോള്‍ പുസ്തകത്തില്‍ എഴുതിയ എല്ലാ പ്രശ്നങ്ങളും നിങ്ങള്‍ അനുഭവിക്കേണ്ടി വരും എന്നല്ല അതിന്റെ അര്‍ത്ഥം.. അപ്പോള്‍ മരുന്നിനു സൈഡ് എഫെക്ട്സ് ഇല്ലേ? ഉണ്ട്... എന്നാല്‍ സാധാരണ ദൈനംദിന ജീവിതത്തില്‍ എഴുതപ്പെടുന്ന മരുന്നുകള്‍ക്കൊന്നും എടുത്തു പറയത്തക്ക പ്രധാന പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ല. എന്തെങ്കിലും ഉള്ള മരുന്നുകള്‍ ആണെങ്കില്‍ അതിനെ കുറിച്ച് സൂചന കൊടുക്കുകയും മുന്‍കരുതല്‍ എടുക്കുകയും ചെയ്തെ രോഗികള്‍ക്ക് കൊടുക്കൂ.. പിന്നീടുള്ള സന്ദര്‍ശനങ്ങളില്‍ അത്തരം പ്രശ്നങ്ങള്‍ ഒന്നും വരുന്നില്ല എന്ന് ഉറപ്പു വരുത്തുകയും ചെയ്യാറുണ്ട്. കാന്‍സര്‍ കീമോതെറാപ്പി പോലെയുള്ള മരുന്നുകള്‍ താരതമ്യേനെ സൈഡ് എഫെക്റ്റ് കൂടിയ മരുന്നുകളാണ്. എന്നിട്ടും എന്തുകൊണ്ട് അവ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു? ഉത്തരം വളരെ വ്യക്തമാണ്..കാന്‍സര്‍ മൂലം നഷ്ടപെടെണ്ടിയിരുന്ന ഒരു ജീവന്‍ തിരിച്ചു പിടിക്കാന്‍ ചില വിട്ടു വീഴ്ചകള്‍ നാം ചെയ്യേണ്ടി വരുന്നു എന്ന് മാത്രം.. മോഡേണ്‍ മെഡിസിനില്‍ തുടര്‍ച്ചയായി ഗവേഷണങ്ങള്‍ നടക്കുന്നത് ഇന്ന് കാണപ്പെടുന്ന സൈഡ് എഫെക്ട്സ് നാളെ വരുന്ന പുതിയ മരുന്നുകളില്‍ ഇല്ലാതാക്കാന്‍ വേണ്ടികൂടിയാണ്. സ്വാര്‍ത്ഥ താല്പര്യക്കാരുടെ മുതലെടുപ്പ് ശ്രമങ്ങളാണ് ഈ സൈഡ് എഫെക്റ്റ് പേടിയുടെ മറ്റൊരു കാരണം.. മോഡേണ്‍ മെഡിസിന്‍ മരുന്നുകള്‍ മൂലമുണ്ടാവുന്ന സൈഡ് എഫെക്റ്റ് പെരുപ്പിച്ചു കാണിച്ചിട്ട് വേണം അവര്‍ക്ക് ജീവിക്കാന്‍.. വളരെ ഉയര്‍ന്ന പ്രമേഹം ഉണ്ടായിരുന്ന എന്റെ രോഗി, ചികിത്സ കൊണ്ട് ഏതാനും ആഴ്ചകള്‍ കൊണ്ട് നോര്‍മല്‍ ആയ ശേഷം അക്യൂ പങ്ക്ച്ചര്‍ ചികിത്സക്ക് പോയി വീണ്ടും മരണത്തിന്റെ വക്ക് വരെ എത്തിയത് മോഡേണ്‍ മെഡിസിന്‍ മരുന്നുകളെ കുറിച്ച് അവര്‍ പരത്തിയ ഭീതിയും അക്യൂ ചികിത്സയെ കുറിച്ച് നല്‍കിയ കപട വാഗ്ദാനങ്ങളും കൊണ്ടായിരുന്നു .

ജേക്കബ്‌ വടക്കാഞ്ചേരി ആവശ്യപ്പെട്ട പ്രകാരം ഇന്‍സുലിന്‍ നിര്‍ത്തി പഴ ചികിത്സ നടത്തി ഗുരുതരാവസ്ഥയിലായ ഒരു Type 1 പ്രമേഹ രോഗിയുടെ ഡിസ്ചാര്‍ജ് കാര്‍ഡ്‌ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത് ഇതിന്റെ മറ്റൊരു ഉദാഹരണം .. ഗൂഗിളില്‍ നിന്ന് കിട്ടുന്ന അര്‍ദ്ധ സത്യങ്ങളും വളച്ചൊടിക്കപ്പെട്ട സത്യങ്ങളും നുണകളും രോഗികളിലുണ്ടാക്കുന്ന ആശങ്കകള്‍ ചില്ലറയല്ല.. മെഡിക്കല്‍ വിവരവും മെഡിക്കല്‍ വിവേകവും ഒത്തു ചേരുമ്പോള്‍ ആണ് ഒരാള്‍ ഡോക്ടര്‍ ആയിതീരുന്നത്. ഗൂഗിള്‍ ഒരു ഡോക്ടര്‍ ആവാതിരിക്കാന്‍ കാരണം മെഡിക്കല്‍ വിവേകം ഇല്ലായ്മയാണ് . മനുഷ്യ ശരീരത്തിന് അത്യാവശ്യമായ Steroid നിര്‍മ്മിക്കപ്പെടുന്നത് Adrenal ഗ്രന്ഥിയില്‍ നിന്നാണ്. ഈ ഗ്രന്ഥി പ്രവര്‍ത്തനക്ഷമമാല്ലാത്ത രോഗികള്‍ ജീവിത കാലം മുഴുവന്‍ Steroid ഗുളിക കഴിക്കെണ്ടതായുണ്ട്. അത്തരം ഒരു രോഗിക്ക് മരുന്ന് കൊടുക്കുമ്പോള്‍ തന്നെ ഞാന്‍ ഓര്‍മ്മിപ്പിച്ചിരുന്നു.. ഒരു ദിവസം പോലും മുടങ്ങാതെ കഴിക്കണം.. മറ്റു എന്ത് അസുഖം വന്നാലും അത് മാറിയിട്ട് ഇത് കഴിക്കാം എന്ന് വിചാരിക്കരുത്, മറ്റു അസുഖങ്ങള്‍ വരുന്ന സമയത്ത് മരുന്ന് നിര്‍ത്തിയാല്‍ വലിയ അപകടമാണ് എന്നെല്ലാം പറഞ്ഞു കൊടുത്താണ് ഡിസ്ചാര്‍ജ് ചെയ്തത്.. ഒരു മാസം തികഞ്ഞില്ല.. അതിനു മുന്നേ അത്യാഹിത വിഭാഗത്തില്‍ അതീവ ഗുരുതര നിലയില്‍ ആളെ വീണ്ടും കണ്ടു.. ചോദിച്ചു വന്നപ്പോള്‍ കക്ഷി മരുന്ന് നിര്‍ത്തി.. വീടിനടുത്തുള്ള ഒരു Pharmacist പറഞ്ഞത്രേ ഈ കഴിക്കുന്ന മരുന്ന് Steroid ആണ്, ഇതിനൊക്കെ വലിയ സൈഡ് എഫെക്ട്സ് ഉണ്ട് എന്ന് ! യന്ത്രങ്ങളുടെ പ്രവര്‍ത്തനം ഒക്കെ എനിക്കും അറിയാം എന്നാ മട്ടില്‍ Pharmacist തള്ളിയത് വേദവാക്യം ആയി എടുത്തപ്പോള്‍ സംഭവിച്ചതാണ്! Steroid മരുന്നുകള്‍ക്ക് ചില സൈഡ് എഫെക്ട്സ് ഉണ്ട്. അത് അറിയാതെ അല്ല ഡോക്ടര്‍മാര്‍ എഴുതുന്നത്‌. എന്നാല്‍ steroid ഇല്ലാതെ ജീവിതം മുന്നോട്ട് പോവാത്ത അവസ്ഥയില്‍ കഴിക്കുകയല്ലാതെ വേറെ വഴിയില്ല.

 

ഗുണപാഠം : അസുഖം വന്നത് കൊണ്ടാണ് മരുന്ന് കഴിക്കേണ്ടി വരുന്നത്. അസുഖം മാറുക/ നിയന്ത്രണത്തില്‍ ആവുക എന്നതായിരിക്കണം ആദ്യ ചിന്ത.. ഒരിക്കലും ഉണ്ടാവാത്ത അല്ലെങ്കില്‍ വളരെ അപൂര്‍വ്വമായി ഉണ്ടാവുന്ന സൈഡ് എഫെക്റ്റ് ആലോചിച്ചു ജീവിതം അസുഖത്തിന് അടിയറ വെക്കാതിരിക്കുക. ചികിത്സക്ക് സൈഡ് എഫെക്റ്റ് ഇല്ല, എഫെക്റ്റ് ഒട്ടുമില്ല എന്ന രസകരമായ അവസ്ഥയിലേക്ക് എടുത്തു ചാടാതിരിക്കുക.. വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ ആധികാരികമായ ഉറവിടങ്ങളില്‍ നിന്ന് മാത്രം ശേഖരിക്കുക. സൈഡ് എഫ്ഫക്റ്റ്നെ കുറിച്ചുള്ള അനാവശ്യ ഭീതി വിട്ടൊഴിഞ്ഞാല്‍ നമ്മുടെ ആരോഗ്യ രംഗം മെച്ചപ്പെടും എന്നതില്‍ സംശയമില്ല. NB: ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടുന്നത് കൊണ്ട് ചില സൈഡ് എഫെക്റ്റുകള്‍ ഉണ്ടെന്നു അറിയാം. Comment box ല്‍ കാണാം

Read More