സഞ്ചാരികൾക്കായി ഇവിടെ സൗകര്യങ്ങൾ ഒരുക്കിത്തരുന്നത് എന്നതിന്റെ തെളിവാണ്.
ക്യാമ്പിങ്ങിന് വേണ്ട അത്യാവശ്യം സാധനങ്ങളെല്ലാം ബ്രദർ ഇൻ ലോ നേരത്തെ തന്നെ വാങ്ങി വെച്ചിരുന്നു. ഞങ്ങൾക്ക് വേണ്ട ഒരു ടെന്റ്, ചിക്കനും മറ്റും വെക്കാനുള്ള cool ബോക്സ്, ക്യാമ്പിങ് ലൈറ്റുകൾ തുടങ്ങി നിരവധി സാധനങ്ങൾ അന്ന് രാവിലെ മുതൽ പല സ്ഥലങ്ങളിൽ നിന്നായി വാങ്ങിച്ചു. രണ്ടു കാറുകളിൽ നിറയെ സാധനങ്ങൾ കുത്തി നിറച്ചു ഉച്ചയ്ക്ക് 3മണിയോടെ ഞങ്ങൾ അബുദാബിയിൽ നിന്നും പുറപ്പെട്ടു. ഏതാണ്ട് 5 മണിയോടെ ഞങ്ങൾ ലൗ ലേക്കിൽ എത്തി. കാറിൽ നിന്നും ക്യാമ്പിങ് സ്പോട്ടിലേക്കു സാധനങ്ങൾ ചുമന്നു കൊണ്ട് പോകണം. ഞങ്ങൾ ചെല്ലുന്ന സമയത്ത് ശക്തമായ കാറ്റുണ്ടായിരുന്നു. രണ്ടു ടെന്റുകളിൽ ചെറുത് ഉറപ്പിക്കാനായിരുന്നു ആദ്യ ശ്രമം.. ടെന്റിന്റെ കൂടെ അത് നിലത്തു ഉറപ്പിക്കാൻ തന്ന ആണികൾ വളരെ ചെറുതായിരുന്നു. ലൂസ് മണലിൽ ആണിക്ക് പിടുത്തം കിട്ടിയില്ല. കാറ്റത്തു ടെന്റ് പറന്നു. ആദ്യത്തെ ക്യാമ്പിങ് അങ്ങനെ ഫ്ലോപ്പാകുമോ എന്ന് ഞങ്ങൾ നിരാശരായി. രണ്ടാമത്തെ ടെന്റ് കുറച്ചു കൂടി വലുതും നിലവാരം കൂടിയതുമായിരുന്നു. അത് കാറ്റിൽ പറക്കാതെ നിലത്തു ഉറപ്പിക്കാൻ കഴിഞ്ഞു. 6 പേരുടെ ടെന്റിൽ തൽക്കാലം 8 പേർക്ക് അഡ്ജസ്റ്റ് ചെയ്യാം എന്ന് കരുതി. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ കാറ്റ് ശമിച്ചു. അതോടെ രണ്ടാമത്തെ ടെന്റും അടിച്ചു.
അപ്പോഴേക്കും പത്തോളം കുടുംബങ്ങൾ അങ്ങിങ്ങായി ടെന്റുകൾ സ്ഥാപിച്ചിരുന്നു. വാഷ്റൂമിൽ നിന്നും അധികം ദൂരെയല്ലാതെയാണ് എല്ലാവരും ടെന്റുകൾ അടിച്ചത്. കുറേകൂടി ഏകാന്തതയും സ്വസ്ഥതയും ആഗ്രഹിക്കുന്നവർക്ക് കുറച്ചു ദൂരെ മാറി ടെന്റുകൾ അടിക്കാനും സൗകര്യമുണ്ട്. ഒരു ചെറിയ birthday cake cutting കൂടി കഴിഞ്ഞപ്പോഴേക്കും ഇരുട്ട് വീണു തുടങ്ങി. പതിയെ തണുപ്പും കൂടി വന്നു. സോളാറിലും കറന്റിലും ചാർജ് ചെയ്യാവുന്ന മൂന്ന് ലൈറ്റുകൾ ഞങ്ങൾ വാങ്ങിച്ചിരുന്നു..പക്ഷേ രണ്ടു വിധത്തിലും വേണ്ടവിധം ചാർജ് ചെയ്യാൻ ഞങ്ങൾക്ക് സമയം കിട്ടിയിരുന്നില്ല. രാത്രി 12 മണിവരെയെങ്കിലും ബാക്കപ്പ് ഉണ്ടാകും എന്ന് പ്രതീക്ഷിച്ചതു വെറുതെയായി. 10 മണിയായപ്പോഴേക്കും ഞങ്ങളുടെ മൂന്ന് ലൈറ്റും ഏതാണ്ട് തീർന്നു. തൊട്ടപ്പുറത്തു വേറെ ടെന്റുകളും വലിയ ലൈറ്റുകളും ഉണ്ടായിരുന്നതിനാൽ ബുദ്ധിമുട്ടേണ്ടി വന്നില്ല. മാത്രമല്ല, സാമാന്യം നല്ല നിലാവെളിച്ചവുമുണ്ടായിരുന്നു. തടാകക്കരയിലെ മണലിൽ കുട്ടികൾ മതിവരുവോളം ഓടിക്കളിച്ചു. ഞങ്ങൾ ഭക്ഷണമുണ്ടാകുന്ന തിരക്കിലേക്ക് കടന്നു. ബാർബക്യൂവാണല്ലോ ക്യാംപിങ്ങിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകം. രാത്രി 1 മണിക്ക് ഞങ്ങൾ ടെന്റിൽ കയറുമ്പോഴും പാട്ടും തമാശകളും തീറ്റയുമായി അപ്പുറത്തെ ടെന്റുകൾ സജീവമായിരുന്നു.
ഉറക്കം വരാതെ കുറേ നേരം തിരിഞ്ഞും മറിഞ്ഞും കിടക്കവേ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് മഴ ചാറാൻ തുടങ്ങി. ടെന്റും പറിച്ചു രാത്രിക്കു രാത്രി ഓടേണ്ടി വരുമോ എന്ന് ശരിക്കും ഭയന്നു. കുറച്ചു കഴിഞ്ഞപ്പോൾ മഴ ഒതുങ്ങി. എങ്കിലും ഇടയ്ക്ക് പേടിപ്പിക്കാനായി മഴ വന്നും പോയുമിരുന്നു. ഏതാണ്ട് പുലരാറായപ്പോഴാണ് ഉറങ്ങാനായത്. പല തരത്തിലുള്ള പക്ഷികളുടെ കള കള ശബ്ദം കേട്ടാണ് രാവിലെ ഉണർന്നത്. ടെന്റ് തുറന്നു പുറത്തേക്കു നോക്കിയപ്പോൾ കണ്ട കാഴ്ച വളരെ മനോഹരമായിരുന്നു. സൂര്യൻ ഉദിച്ചിട്ടില്ലായിരുന്നു. നീലാകാശത്ത് ഓറഞ്ചു നിറത്തിലുള്ള മേഘകങ്ങൾ പാറി നടക്കുന്നു. പല ടെൻറ്റുകളിൽ നിന്നായി ഓരോരുത്തരായി പുറത്തു വന്നു തുടങ്ങിയിരുന്നു. 16 ഡിഗ്രിയായിരുന്നു രാവിലത്തെ തണുപ്പ്. രാവിലെ ചായയും ഓംലെറ്റും ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ തന്നെ കറുത്ത മഴ മേഖങ്ങൾ പതിയെ അടുത്തു വരുന്നത് കണ്ടു. പ്രതീക്ഷിച്ചതിലും നേരത്തെ അവ അടിത്തെത്തി. ചായ, ഓംലറ്റ് പരിപാടികൾ കഴിഞ്ഞു കുറച്ചു ഫോട്ടോകൾ എടുത്തപ്പോഴേക്കും മഴയെത്തി. ചെറിയ തോതിൽ എല്ലാവരും നനഞ്ഞു. കഴിയുന്നത്ര വേഗത്തിൽ ടെന്റും മറ്റു സാധനങ്ങളും പാക്ക് ചെയ്തു ഞങ്ങൾ കാറിൽ കയറി. അവിടന്ന് നേരെ റാസ് അൽ ഖൈമയിലേക്ക് വെച്ചുപിടിച്ചു.